2013 നവംബർ 6, ബുധനാഴ്‌ച

വിഷയങ്ങള്‍ മനസ്സിനെ ആകര്‍ഷിക്കുന്നില്ല


വിഷയങ്ങള്‍ മനസ്സിനെ ആകര്‍ഷിയ്ക്കുന്നു എന്നാണ്‌ നാം സാധാരണ പറയാറുള്ളത്‌. അല്ലെങ്കില്‍ മനസ്സ്‍ വിഷയങ്ങളില്‍ ആക്ര്‌ഷ്ടമാകുന്നു എന്നും പറയും.

ഏതെങ്കിലും ഒരു വിഷയത്തെ എടുത്ത്‍ അതിനെ അതിന്റെ സ്ഥാനത്തുതന്നെ നിര്‍ത്തി, ആ വിഷയത്തെ നിരീക്ഷിച്ചാല്‍, അത്‍  മനസ്സിനെ ആകര്‍ഷിയ്ക്കുന്നില്ല എന്ന്‍ പെട്ടെന്ന്‍ ബോധ്യമാകും.  ഏതെങ്കിലും ഒരു വിഷയത്തിന്‌  മനസ്സിനെ ആകര്‍ഷിയ്ക്കാനുള്ള കഴിവോ ശക്തിയോ ഇല്ല.  എല്ലാ വിഷയങ്ങളും എല്ലാവരേയും ഒരേപോലെയോ ഭിന്നഭിന്ന ഭാവത്തിലോ ആകര്‍ഷിയ്ക്കുന്നില്ല. ഏതെങ്കിലും ഒരു വിഷയം എന്നെ ആകര്‍ഷിയ്ക്കുന്നതായാല്‍ ആ വിഷയം മറ്റെല്ലാവരേയും അതേ തോതില്‍ ആകര്‍ഷിയ്ക്കണം. അത്‌ ഉണ്ടാകുന്നില്ല. കാരണം വിഷയങ്ങള്‍ക്ക്‍ ആകര്‍ഷണശേഷി ഇല്ല. അപ്പൊള്‍ വിഷയങ്ങള്‍ മനസ്സിനെ ആകര്‍ഷിയ്ക്കുന്നില്ല എന്ന്‍ വരുന്നു.

അങ്ങിനെയെങ്കില്‍, മനസ്സ്‍ വിഷയങ്ങളെ ആകര്‍ഷിയ്ക്കുന്നൂ എന്ന്‍ വരുമോ..? സൂക്ഷ്മമായി സംശോധനം ചെയ്താല്‍ ബോധ്യമാകുന്നു, മനസ്സ്‍ വിഷയത്തിനെ ആകര്‍ഷിയ്ക്കുന്നില്ല എന്ന്‍. എന്റെ മനസ്സ്‍ ഒരു വിഷയത്തെ ആകര്‍ഷിയ്ക്കുന്നുവെങ്കില്‍, എല്ലാവരുടേയും മനസ്സ്‍,  ആ വിഷയത്തിലേയ്ക്ക്‍ ആക്ര്‌ഷ്ടമാകണം. അതും സംഭവിയ്ക്കുന്നില്ല. കാരണം മനസ്സിനും ആകര്‍ഷണശേഷി ഇല്ല എന്ന്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാകും. 

വിഷയങ്ങള്‍ മനസ്സിനെ ആകര്‍ഷിയ്ക്കുന്നില്ല, മനസ്സ്‍ വിഷയങ്ങളേയും ആകര്‍ഷിയ്ക്കുന്നില്ല.  എന്നിട്ടും ആകര്‍ഷിയ്ക്കപ്പെടുന്നുണ്ടല്ലോ എന്ന സംശയം ബാക്കിയാകുന്നു. ഇതെന്താണ്‌ എന്ന്‍ നോക്കാം.

അഞ്ച്‌ ജ്ഞാനേന്ദ്രിയങ്ങളും, മനസ്സും,  ബാഹ്യപ്രപഞ്ചത്തിലേയ്ക്ക്‍ സദാ ആക്ര്‌ഷ്ടമായിക്കൊണ്ടിരിയ്ക്കുന്നു എന്ന്‍ തോന്നുന്നുവെങ്കിലും,  വാസ്തവത്തില്‍ അത്‌ പുറത്തേയ്ക്ക്‍ ആകര്‍ഷിയ്ക്കപ്പെടുകയല്ല ചെയ്യുന്നത്‌. ഇന്ദ്രിയങ്ങളടക്കം മനസ്സ്‍ സദാ ആത്മാവിലാണ്‌ ആക്ര്‌ഷ്ടമായിക്കൊണ്ടിരിയ്ക്കുന്നത്‌. ആത്മാവാണ്‌ എല്ലാ ഇന്ദ്രിയങ്ങളേയും ആകര്‍ഷിച്ചുകൊണ്ടിരിയ്ക്കുന്നത്‌.  എല്ലാ ഇന്ദ്രിയങ്ങളും മനസ്സും ആത്മാവില്‍ എപ്പോഴും ആക്ര്‌ഷ്ടമായിരിയ്ക്കണം എന്ന സിദ്ധാന്തമാണ്‌ ഇതില്‍ നിന്നും ഗ്രഹിയ്ക്കേണ്ടത്‌. എന്നാല്‍ ആത്മാവിലേയ്ക്ക്‍ ആക്ര്‌ഷ്ടമാകേണ്ടതിന്‌ പകരം, ഇന്ദ്രിയങ്ങളും മനസ്സും ആത്മാവില്‍നിന്ന്‍ വികര്‍ഷിയ്ക്കുകയാണ്‌  ചെയ്യുന്നത്‌.  ആത്മാവില്‍നിന്ന്‍ വികര്‍ഷിയ്ക്കുമ്പോള്‍, മറ്റുള്ള എന്തിലെങ്കിലും ആകര്‍ഷിതമാകുന്നു എന്ന പ്രതീതി ഉളവാകുന്നു.  വാസ്തവത്തില്‍ ആകര്‍ഷണമല്ല, മറിച്ച്‍, വികര്‍ഷണമാണ്‌ സംഭവിയ്ക്കുന്നത്‌. 

അഭിപ്രായങ്ങളൊന്നുമില്ല: