2013 ഡിസംബർ 2, തിങ്കളാഴ്‌ച

സത്യത്തില്‍ അകലുന്നു ലോകം


അസത്യത്തില്‍ സമ്മേളിയ്ക്കുകയും സത്യത്തില്‍ വിഘടിയ്ക്കുകയും ചെയ്യുക എന്നതാണ്‌ മാനവ ജീവിതം

ഒരു ഗ്രാമത്തില്‍ താമസ്സിച്ചിരുന്ന ജനങ്ങള്‍ ആരും തമ്മില്‍തമ്മില്‍ ഒരു സഹകരണവും ഉണ്ടായിരുന്നില്ല. എല്ലാവരും അവനവന്റെ കാര്യം നോക്കി നടക്കും.  ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്മാരില്‍ ചില വ്യക്തികള്‍ക്ക്‍ തോന്നി, ഇത്‍ ശരിയല്ല, എന്തെങ്കിലും പരിഹാരം കാണേണ്ടിയിരിക്കുന്നു.  ഗ്രാമത്തിലെ എല്ലാ വീട്ടിലും കയറിയിറങ്ങി, ഒരു സ്ഥലത്ത്‍ കൂടാന്‍ തീരുമാനിച്ചു. ഗ്രാമത്തിലെ എല്ലാവരും അന്ന്‍ ഒത്തുകൂടി.

മുതിര്‍ന്നവരില്‍ ചിലര്‍ പറഞ്ഞു, നമ്മുടെ ഗ്രാമത്തിലെ ജനങ്ങളെല്ലാം സ്വന്തം കാര്യം നോക്കി ജീവിക്കുകയാണ്‌. എല്ലാവരുടെയും ജീവിത നിലവാരം മെച്ചമുള്ളതാണെങ്കില്‍ അത്‍ നമുക്ക്‍ സ്വീകരിക്കാം. എന്നാല്‍ എത്രയോ കുടുംബങ്ങള്‍ രോഗത്താലും ദാരിദ്ര്യത്താലും മറ്റും കഷ്ടപ്പെടുന്നു, ആരും സഹായിക്കാനില്ലാതെ വല്ലാതെ ബുദ്ധിമുട്ടുന്നു. നമ്മുടെ ഗ്രാമത്തില്‍ നടക്കാന്‍ നല്ല പാതകളില്ല, രോഗങ്ങള്‍ക്ക്‍ വിദഗ്ധ ചികിത്സയ്ക്ക്‍ നല്ല ഭിഷഗ്വരനില്ല, ആശുപത്രിയില്ല, ശുദ്ധജലം ആവശ്യത്തിന്‌ ഇല്ല, പ്രാര്‍ത്ഥിയ്ക്കാന്‍ ഒരു ക്ഷേത്രം ഇല്ല.  ഇത്തരം പല കുറവുകളും നാം അഭിമുഖീകരിക്കുന്നു. നാമെല്ലാവരും കൂടി ഒത്തുചേര്‍ന്ന്‍, പരസ്പര സഹായ സഹകരണത്തിലൂടെ നീങ്ങിയാല്‍, ഇതൊക്കെ നമുക്ക്‍ പരിഹരിക്കാവുന്നതേ ഉള്ളു. 

എല്ലാവരും ഇത്‍ അംഗീകരിച്ചു. അതിനായി ഒരു കര്‍മ്മസമിതി ഉണ്ടാക്കി, കുറച്ചുപേരടങ്ങുന്ന ഒരു നല്ല കമ്മറ്റിയും രൂപീകരിച്ചു. നാട്ടുകാര്‍ എല്ലാവരും പറഞ്ഞു, ആദ്യം നമുക്ക്‍ ഒരു അമ്പലം പണിയാം. അമ്പലം പണിതാല്‍ എല്ലാവരും അവിടെ വരുമല്ലൊ. അവിടെ ഒത്തു ചേരാനും സൗകര്യമായിരിക്കും. ഗ്രാമക്കാരുടെ ആവശ്യപ്രകാരം ഒരു അമ്പലം പണിയാന്‍ തീരുമാനമായി. ഒരാള്‌ അമ്പലത്തിനുള്ള സ്ഥലം കൊടുത്തു. വേറെ ചിലര്‍ പണിയെടുക്കാന്‍ തയ്യാറായി. അമ്പലത്തിന്റെ പണി കഴിയാറായി. ഇതില്‍ ഏത്‍ ദേവനെ പ്രതിഷ്ഠിക്കണം എന്ന പ്രശ്നം വന്നു. സഭ ചേര്‍ന്നു. ഗ്രാമക്കാര്‍ പറഞ്ഞു, എല്ലാം കൊണ്ടും എന്തുകൊണ്ടും ആദരണീയനും സ്വീകാര്യനുമൊക്കെയാണ്‌ ശ്രീരാമന്‍. അതുകൊണ്ട്‍ സീതാരാമന്മാരുടെ തന്നെയാവട്ടെ അമ്പലം.  അത്‍ തീരുമാനമായി. വളരെ ആര്‍ഭാടപൂര്‍വ്വം സീതാരാമ വിഗ്രഹം പ്രതിഷ്ഠിച്ചു.

വിഗ്രഹത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞതോടെ പല ദിക്കിലും മുറുമുറുപ്പ്‍ തുടങ്ങി. വൈഷ്ണവര്‍ മാത്രം അമ്പലത്തില്‍ വരാന്‍ തുടങ്ങി. ശൈവര്‍ പറഞ്ഞു, അമ്പലത്തിന്‌വേണ്ടി ഞങ്ങളും ധനം കൊടുത്തിട്ടുണ്ട്‍, എന്നാല്‍ ശിവലിംഗം പ്രതിഷ്ഠിച്ചില്ല. പ്രശ്നം സങ്കീര്‍ണ്ണമായി. ഗ്രാമസഭ വിളിച്ചു ചേര്‍ത്തു.  ശൈവര്‍ ശിവലിംഗത്തിനുവേണ്ടി വാദിച്ചു. വൈഷ്ണവര്‍ അവരുടെ വിഗ്രഹത്തിനുവേണ്ടി വാദിച്ചു. ഒടുവില്‍ വൈഷ്ണവരെ അനുനയിപ്പിച്ചു, ശിവലിംഗം പ്രതിഷ്ഠിക്കാന്‍ തീരുമാനമായി. രാമസീതാ വിഗ്രഹങ്ങളെ വിസര്‍ജ്ജനം ചെയ്തു,  ആദ്യത്തേതിനേക്കാള്‍ ഗംഭീരമായി ശിവലിംഗ പ്രതിഷ്ഠ നടത്തി. അതോടെ വൈഷ്ണവര്‍, രാമ ആരാധകര്‍ അതിന്റെ അരികിലൂടെപോലും വരാതായി. മാത്രമല്ല, തങ്ങളുടെ പ്രതിഷ്ഠിച്ച വിഗ്രഹത്തെ വിസര്‍ജ്ജനം ചെയ്തതില്‍ അതീവ ദു:ഖികളുമായി.  പ്രശ്നം മൂര്‍ച്ഛിച്ചു.  വീണ്ടും ഗ്രാമ സഭ ചേര്‍ന്നു. ദേവിയെ പ്രതിഷ്ഠിക്കാമെന്ന്‍ തീരുമാനമായി.  ദേവീ വിഗ്രഹം പ്രതിഷ്ഠിച്ചു. അപ്പോ ശാക്തേയര്‍ മാത്രം അമ്പലത്തില്‍ വരാന്‍ തുടങ്ങി. മറ്റുള്ളവര്‍ എല്ലാം വിട്ടു നിന്നു. ഗ്രാമമുഖ്യന്മാര്‍ ആകെ വിഷമത്തിലായി.  ഈ നാട്ടുകാരെ മുഴുവനും ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ മുമ്പ്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇപ്പോള്‍ പ്രശ്നം സങ്കീര്‍ണ്ണമാവുകയാണ്‌ ചെയ്തത്‍. ഇവരെ ഒന്നിപ്പിക്കാന്‍ കഴിയുന്നില്ലല്ലൊ. നേതാക്കാള്‍ എല്ലാവരും അമ്പലത്തില്‌ ഇരുന്ന്‍ ചര്‍ച്ച ചെയ്യുകയായിരുന്നു, നമുക്ക്‍ എങ്ങിനെ ഈ വിഷമ ഘട്ടത്തെ തരണം ചെയ്യാം എന്ന്‍. തല പുകഞ്ഞ്‍ ആലോചിച്ചിട്ടും യാതൊരു എത്തും പിടിയും കിട്ടിയില്ല, ആര്‍ക്കും ഒന്നും നിര്‍ദ്ദേശിക്കാനും ഇല്ലായിരുന്നു. എല്ലാം പയറ്റിക്കഴിഞ്ഞിട്ടാണ്‌ എല്ലാവരും ഇരിക്കുന്നത്‍. ആ സമയത്താണ്‌ ഒരു മഹാത്മാവ്‍ ആ വഴിയ്ക്ക്‍ വരുന്നത്‍ കണ്ടത്‍.  കമ്മറ്റിക്കാരെല്ലാവരും കൂടി ആ മഹാത്മാവിനെ സമീപിച്ച്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു നമസ്കരിച്ചുകൊണ്ട്‍ പറഞ്ഞു, ഹേ സ്വാമിന്‍, അങ്ങ്‍ ഞങ്ങളുടെ പ്രശ്നത്തിന്‌ ഒരു പരിഹാരം ഉപദേശിക്കണം. കമ്മറ്റിക്കാര്‍ അവരുടെ പ്രശ്നം അവതരിപ്പിച്ചു.  ക്ഷേത്രം ഉണ്ടാക്കിയതും അതില്‍ പ്രതിഷ്ഠ നടത്തിയതും ആദ്യത്തെ പ്രതിഷ്ഠ വേണ്ടെന്ന്‍ വെച്ച്‍ മറ്റൊരു പ്രതിഷ്ഠ നടത്തിയതും, അങ്ങനെ നാല്‌ പ്രതിഷ്ഠ നടത്തിയതും, അമ്പലം ഉണ്ടാക്കാനുള്ള ചെലവിനേക്കാള്‍ എത്രയോ ഇരട്ടി പ്രതിഷ്ഠ നടത്താനും വിസര്‍ജ്ജനം ചെയ്യാനും വീണ്ടും പ്രതിഷ്ഠ നടത്താനുമൊക്കെയായി ചെലവാക്കി. ഞങ്ങളുടെ ഉദ്ദേശ്യം തന്നെ ഗ്രാമവാസികളെ ഒന്നിപ്പിക്കുക എന്നതായിരുന്നു.  ഇത്രയൊക്കെ ചെയ്തിട്ടും  ഗ്രാമവാസികള്‍ ഒന്നിക്കുന്നതിനു പകരം വിഘടിക്കുകയാണ്‌ ചെയ്യുന്നത്‍. ഇതിനൊരു പരിഹാരം അങ്ങ്‍ നിര്‍ദ്ദേശിക്കണം എന്ന്‍ പറഞ്ഞ്‍ ഗ്രാമവാസികള്‍ അദ്ദേഹത്തെ വണങ്ങി.

മഹാത്മാവ്‍ പറഞ്ഞു, ഗ്രാമവാസികളെ എല്ലാവരെയും ഒന്നിപ്പിയ്ക്കുക എന്നതല്ലേ നിങ്ങളുടെ ഇച്ഛ. അതെ. അത്‍ വളരെ ലളിതമാണ്‌. അമ്പലം വേണ്ടെന്ന്‍ വെച്ച്‍ അത്‍ ഒരു ഹോട്ടല്‍ ആക്കുക.  എല്ലാവരും ഒന്നിയ്ക്കും.

സത്യത്തില്‍ വിഘടിക്കുകയും അസത്യത്തില്‍ സമ്മേളിക്കുകയും ചെയ്യുന്നതാണ്‌ മാനവ ജീവിതം.

അഭിപ്രായങ്ങളൊന്നുമില്ല: