2013 ഡിസംബർ 24, ചൊവ്വാഴ്ച

ഇതര ദേവതോപാസന


കാമൈസ്തൈസ്തൈര്‍ഹ്ര്‌തജ്ഞാനാ: പ്രപദ്യന്തേന്യദേവതാ:
തം തം നിയമമാസ്‍ഥായ പ്രക്ര്‌ത്യാ നിയതാ: സ്വയാ   ഗീത : 7.20

സ്വയാ പ്രക്ര്‌ത്യാ = തങ്ങളുടെ സ്വഭാവത്തിനാല്‍
നിയതാ: = വശിക്ര്‌തന്മാരായി
തൈ: തൈ: കാമൈ: = അതാത്‌ ഇച്ഛകളാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടു കൂടിയവരായി (പുത്രകീര്‍ത്തിശത്രുജയാദി വിഷങ്ങള്‍)
ഹ്ര്‌തജ്ഞാനാ: = അപഹരിക്കപ്പെട്ട ജ്ഞാനത്തോടു കൂടിയവരായി
തം തം നിയമം = അതാതു ദേവന്മാരുടെ ഉപാസനയില്‍, അതാതു നിയമത്തെ
ആസ്ഥായ = ആശ്രയിച്ച്‍, സ്വീകരിച്ച്‍
അന്യദേവതാ:     അന്യദേവന്മാരെ
പ്രപദ്യന്തേ : ഭജിയ്ക്കുന്നു

തങ്ങളുടെ സ്വഭാവത്തിനാല്‍, പൂര്‍വ്വജന്മവാസനകളാല്‍, വശീകരിക്കപ്പെട്ടവരും നാനാവിധ ഇച്ഛകളാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടുകൂടിയവരും ആയ ജനങ്ങള്‍ (അതാതു ദേവന്മാരുടെ ഉപാസനയില്‍ ഉപവാസാദി ലക്ഷണമായിരിക്കുന്ന) അനേകം നിയമങ്ങളെ സ്വീകരിച്ച്‍ ഇതരദേവന്മാരെ ഭജിയ്ക്കുന്നു.

പുത്രപശുസ്വര്‍ഗ്ഗാദി വിഷയങ്ങളിലുള്ള ഇച്ഛ ജനങ്ങളുടെ വിവേക വിജ്ഞാനത്തെ അപഹരിക്കുന്നു. തന്നിമിത്തം അവര്‍ ആത്മാവായ വാസുദേവനില്‍നിന്ന്‍ അന്യന്മാരായ ദേവന്മാരെ പ്രാപിയ്ക്കുന്നു. അവര്‍ തങ്ങളുടെ പ്രക്ര്‌തിക്ക്‍ വശന്മാരായിട്ട് ഈ ദേവന്മാര്‍ക്ക്‍ പ്രത്യേകമായി വിധിക്കപ്പെട്ടിട്ടുള്ള അനേകം ആരാധനകളെ ചെയ്യുന്നു. പ്രക്ര്‌തി എന്നു പറഞ്ഞാല്‍ ജന്മജന്മാന്തരങ്ങളില്‍ സമ്പാദിക്കപ്പെട്ടിട്ടുള്ള സംസ്കാരവിശേഷം, അല്ലെങ്കില്‍ സ്വഭാവം എന്നര്‍ത്ഥം. ആസ്ഥായാ = ആശ്രയിച്ചിട്ട്‍, അതില്‍ വിശ്വസിച്ചിട്ട്‍.

ഇവിടെ ഹ്ര്‌തജ്ഞാനാ: എന്ന വാക്ക്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‍. അപഹരിയ്ക്കപ്പെട്ട ജ്ഞാനത്തോട്‍ കൂടിയവരായി, എന്നാണ്‌ പറയുന്നത്‍. അപഹരിയ്ക്കുക എന്നാല്‍ കളവ്‌ ചെയ്യുക എന്ന ഒരു സാമാന്യ അര്‍ഥം സാധാരണ ജനങ്ങള്‍ ആ വാക്ക്‍ കേള്‍ക്കുമ്പോള്‍ നല്‍കുന്നു. അപഹരിയ്ക്കുക എന്ന വാക്കിന്‌ കളവ്‍ എന്ന അര്‍ഥമില്ല. ജനങ്ങളുടെ മധ്യത്തില്‍നിന്ന്‍‍, എല്ലാവരുടേയും മുന്നില്‍വെച്ച്‍, സമൂഹമധ്യത്തില്‍നിന്ന്‍,  ബലംപ്രയോഗിച്ച്‍ കൊണ്ടുപോകുന്നതിനെയാണ്‌ അപഹരിയ്ക്കുക  എന്ന്‍ പറയുന്നത്‍. കളവിനേക്കാള്‍ ഇതിന്‌ പ്രബലത കൂടും. കക്കുന്നവന്‍ പലതിനേയും ഭയക്കുന്നു. ആരെങ്കിലും കണ്ടാലോ എന്ന ഭയം അവനെ സദാ പിന്‍തുടരുന്നു. എന്നാല്‍ അപഹരിയ്ക്കുന്നവന്‍ സമൂഹമധ്യത്തില്‍നിന്നാണ്‌ കൊണ്ടുപോകുന്നത്‍. അവന്‌ ആര്‌ കണ്ടാലും ഒരു ചുക്കുമില്ല. വേണമെങ്കില്‍ അവരെയൊക്കെ വകവരുത്തിക്കൊള്ളാം എന്ന ഭാവത്തിലാണ്‌ അപഹരിയ്ക്കുന്നവന്റെ വരവ്‍. 

എന്റെ പൂര്‍വ്വജന്മാര്‍ജിത വാസനാപ്രേരിതമായി ചെയ്യുന്ന കര്‍മ്മങ്ങള്‍, എന്റെ നൈമിത്തിക കര്‍മ്മത്തേക്കാള്‍ അത്‍ പ്രബലമായിട്ടായിരിയ്ക്കും ചെയ്യുന്നത്‍.  ആ സമയത്ത്‍ എന്റെ ഞാന്‍ എന്ന ബോധം നഷ്ടപ്പെടുന്നു. അതുകൊണ്ട്‍ ഏത്‍ അറ്റം വരെ പോകാനും ഞാന്‍ തയ്യാറാകുന്നു. എന്റെ ബോധത്തെ (അന്ത:സ്ഥിത പരമാര്‍ത്ഥ തത്ത്വത്തെ) ആ വാസനകള്‍ മറയ്ക്കുന്നു.  അപ്പോള്‍ ആ കര്‍മ്മത്തെ സഫലീകരിയ്ക്കാന്‍ എന്നില്‍നിന്നന്യമായ ശക്തികളെ വിശ്വസിയ്ക്കുകയും അവയെ ആശ്രയിയ്ക്കുകയും ചെയ്യുന്നു. ഇത്‌ അന്യദേവതാ ആശ്രയം . കര്‍മ്മത്തിന്റെ വിവിധ തലങ്ങള്‍ പഠന വിധേയമാക്കുമ്പോഴാണ്‌ ഇതിന്റെ അറിവ്‍ ഉണ്ടാവുന്നത്‍.

അഭിപ്രായങ്ങളൊന്നുമില്ല: