2015 ജൂൺ 18, വ്യാഴാഴ്‌ച


06. ആജ്ഞാചക്രം, ദേവത ഹാകിനി, മജ്ജ ധാതു

ആജ്ഞാചക്രാബ്‍ജ നിലയാ ശുക്ലവര്‍ണ്ണാ ഷഡാനനാ
മജ്ജാസംസ്ഥാ ഹംസവതീ മുഖ്യശക്തി സമന്വിത
ഹരിദ്രാന്നൈകരസികാ ഹാകിനീ രൂപധാരിണീ

രണ്ട്‍ പുരികങ്ങളുടെയും മധ്യത്തിലായിട്ടാണ്‌ ആജ്ഞാചക്രം. രണ്ട്‍ ദളങ്ങളോടുകൂടിയ പത്മത്തില്‍ സ്ഥിതിചെയ്യുന്നവളും, ശുക്ലവര്‍ണ്ണത്തോടുകൂടിയവളും ഷഡാനനയും -ആറ്‍ മുഖങ്ങളുള്ളവളും- ത്രിനേത്രയും ഹംസവതി,മുഖ്യശക്തി എന്നീ രണ്ട്‍ ദേവതകളാല്‍ അനുപ്രയാതയായിട്ടുള്ളവളും മജ്ജയാകുന്ന ധാതുവിന്‌ അധിഷ്ഠാനവുമായയും ഹരിദ്രാന്നൈകരസികയും, മഞ്ഞള്‍ചേര്‍ത്ത അന്നം പ്രിയമായിട്ടുള്ളവളുമായ ഹാകിനീശ്വരി ആ ഭ്രൂമധ്യത്തില്‍ നിലകൊള്ളുന്നു.

ശരീരത്തിലെ മജ്ജക്ക്‍ വരുന്ന വികാരങ്ങള്‍ക്ക്‍ മഞ്ഞളാണ്‌ ഔഷധം. എല്ലാ ധാതുക്കളിലെ വികാരങ്ങള്‍ക്കും മജ്ജ പങ്കുവഹിക്കുന്നു.  ഈഷദ്‍ ജ്ഞാനമുള്ളതുകൊണ്ടാണ്‌ ആജ്ഞ എന്ന പേരുവന്നത്‍. ആജ്ഞാചക്രം ശുദ്ധമായിരിക്കുമ്പോഴാണ്‌ മറ്റുള്ള എല്ലാറ്റിനേയും അംഗീകരിക്കാന്‍ പറ്റുന്നത്‍. ഏതൊന്ന്‍ കണ്ടാലും, കേട്ടാലും ആജ്ഞാചക്രത്തിലാണ്‌ ഭാവസ്‍ഫുരണ ഉണ്ടാകുന്നത്‍. അത്‍ ശുദ്ധമാകുന്നതോടെ ശുക്ലവര്‍ണ്ണയായ ദേവി പ്രകടമാകുന്നു.

ഹരിദ്രാന്നൈകരസികയായ ദേവി സകലശുഭകാരിയാണ്‌. എന്തെല്ലാം ശുഭം വേണമെന്ന്‍ ആഗ്രഹിക്കുന്നുവോ, അവിടെയൊക്കെ ബാഹ്യമായും ആന്തരികമായും മഞ്ഞള്‍ വേണം. മഞ്ഞളില്ലാത്ത ഒരു പൂജയുമില്ല. മഞ്ഞള്‌ ചേര്‍ത്ത ദ്രവ്യങ്ങളോ മഞ്ഞള്‍പൊടിയോ ആണ്‌ പ്രസാദം. മഞ്ഞളിന്റെ ഗുണം ഏറ്റവും സൂക്ഷ്മമാണ്‌. ഓരോ ദ്രവ്യത്തോട്‍ ചേരുമ്പോഴും മഞ്ഞള്‍ പ്രതികരിക്കുന്നത്‍ വ്യത്യസ്ത രീതിയിലാണ്‌. നാളികേരം മഞ്ഞള്‍ചേര്‍ത്ത്‍ അരച്ച്‍ അന്നമുണ്ടാക്കുമ്പോള്‍ മഞ്ഞളിന്റെ ഗുണം ആയിരം ഇരട്ടിയായി വര്‍ദ്ധിക്കുന്നു. മഞ്ഞള്‍ ചുണ്ണാമ്പുമായി ചേരുമ്പോള്‍ ഗുരുതിയായി -രക്തവര്‍ണ്ണമുള്ളതായി- തീരുന്നു. ഇത്‍ പലരോഗങ്ങള്‍ക്കും ഔഷധമാണ്‌. ചെറുനാരങ്ങാനീര്‌ മഞ്ഞളുമായി ചേര്‍ത്തിട്ടാണ്‌ സിന്ദൂരം ഉണ്ടാക്കുന്നത്‍. സിന്ദൂരം നെറ്റിയില്‍ അണിയുന്നത്‍ മഞ്ഞളിന്റെ ഔഷധഗുണത്തെ കണക്കിലെടുത്തിട്ടാണ്‌. (കടകളില്‍നിന്ന്‍ കിട്ടുന്ന സിന്ദൂരം അതായിക്കൊള്ളണമെന്നില്ല).. ഏറ്റവും സൂക്ഷ്മമായതുകൊണ്ടാണ്‌ മന്ത്രവര്‍ണാത്മികയായിരിക്കുന്ന ദേവിക്ക്‍ മഞ്ഞള്‍ ഏറ്റവും പ്രിയമായിരിക്കുന്നത്‍. ഹംസവതിയെന്നും ക്ഷമാവതി (മുഖ്യശക്തി) എന്നും രണ്ട്‍ ദേവതകളാല്‍ ചുറ്റപ്പെട്ടവളാണ്‌ ഹാകിനീശ്വരി എന്ന മജ്ജയുടെ ദേവത.  ശരീരത്തിലെ മുറിവുകളില്‍ മഞ്ഞള്‍ അരച്ച്‍തേച്ച്‍ കെട്ടിയാല്‍ രക്തസ്രാവം പെട്ടെന്ന്‍ നില്‍ക്കുകയും മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുകയും ചെയ്യും. ഏതൊരു അന്നമുണ്ടാക്കുമ്പോഴും മഞ്ഞള്‍ ചേര്‍ക്കുന്നത്‍ അത്‍ ഒരു ഉത്തമ അണുനാശിനികൂടി ആയതുകൊണ്ടാണ്‌. 

ആജ്ഞാചക്രാബ്‍ജനിലയയായ ഹാകിനീശ്വരിയുടെ ധ്യാനശ്ലോകം -

ഭ്രൂമധ്യേ ബുന്ദുപത്മേ ദളയുഗകലിതേ ശുക്ലവര്‍ണ്ണാ കരാബ്‍ജൈഹി
ബിഭ്രാണാം ജ്ഞാനമുദ്രാം ഡമരുകമമലാമക്ഷമാലാം കപാലം
ഷഡ്‍ചക്രാധാരമധ്യം ത്രിനയനസലിതാം ഹംസവത്യാദിയുക്തം
ഹരിദ്രാന്നെഐകസക്തം സകലശുഭകരിം ഹാകിനിം ഭാവയാമി.

ആജ്ഞാചക്രത്തില്‍ ഉപാസന ചെയ്യുന്ന സാധകന്‍ ഭൂതഭാവിവര്‍ത്തമാനങ്ങളെ മുഴുവന്‍ അറിയുന്നു. കഴിഞ്ഞുപോയ എത്രയോ ജന്മങ്ങള്‍ അയാള്‍ അറിയുന്നു. അയാളുടെയും മറ്റുള്ളവരുടെയും അറിയാന്‍ കഴിയുന്നു. ആജ്ഞാചക്രത്തിലാണ്‌ പരമാത്മാവ്‍ എന്ന്‍ പണ്ഡിതമതം. ഉപാസകന്റെ സ്വ-ആത്മാവും പരമാത്മാവും ഏകമായി ഉപാസകന്‍ പരമാനന്ദപദവിയെ നുകരുന്നു, ജീവന്‍മരണചക്രത്തില്‍നിന്ന്‍ നിവ്ര്‌ത്തനാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: