05. മൂലാധാരചക്രം - ദേവത സാകിനി - അസ്ഥി ധാതു
മൂലാധാരാംബുജാരൂഢാ പഞ്ചവക്‍ത്രാ അസ്ഥിസംസ്ഥിതാ
അങ്കുശാദിപ്രഹരണാ വരദാദി നിഷേവിതാ 105
മുദ്‍ഗൗദനാസക്തചിത്താ സാകിന്യംബാ സ്വരൂപിണി 106
മൂലാധാരത്തില്‍ നാല് ദളങ്ങളുള്ള താമരയില്‍ ഇരിക്കുന്നവളും അഞ്ച്‍ മുഖങ്ങളുള്ളവളും ത്രിനയനയും നാലുകൈകളോടുകൂടിയവളും വേദപുസ്തകധാരിണിയും ജ്ഞാനമുദ്രയോടുകൂടിയവളും അങ്കുശം ആയുധമാക്കിയവളും വരദ തുടങ്ങിയ നാല് ദേവതകളാല്‍ അനുപ്രയാതയായവളും മുദ്‍ഗം -ചെറുപയറ്‍- അന്നം പ്രിയമുള്ളവളും അസ്ഥിധാതുവിന്റെ അധിഷ്ഠാധ്ര് ദേവതയുമായ സാകിനി നിലകൊള്ളുന്നു.
മൂലാധാരത്തിലെ സാകിനി അമ്ര്‌ത തുടങ്ങിയ നാല് ദേവതകളാലാണ് ചുറ്റപ്പെട്ടിരിക്കുന്നത്‍. ഒരു കയ്യില്‍ വേദപുസ്തകവും ജ്ഞാനമുദ്രയോടുകൂടിയവളും അങ്കുശം ആയുധമാക്കിയവളുമായി സ്ഥിതിചെയ്യുന്നു. വേദശാസ്ത്രങ്ങളെല്ലാം മൂലാധാരത്തില്‍ അടുക്കടുക്കായി സംയമിച്ചിരിക്കുന്നു എന്ന്‍ ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്‍. ശരീരത്തിലെ അസ്ഥിധാതു ഈ ദേവിയുടെ കയ്യിലാണ്. അസ്ഥിക്ക്‍ ക്ഷയം വരുമ്പോള്‍ ഏറ്റവും ഉത്തമമാണ് ചെറുപയറ്‍ ചേര്‍ത്ത അന്നം. അരിയുടെകൂടെ വേവിച്ചോ അതുചേര്‍ത്ത് മറ്റ്‍ എന്തെങ്കിലും അന്നമോ കഴിക്കണം. ഏതുകാലത്തും ഏത്‍പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഒരു പദാര്‍ത്ഥമാണ് മുദ്‍ഗം. മുദ്‍ഗംചേര്‍ത്ത അന്നം സാകിനീദേവിക്ക്‍ ഏറ്റവും പ്രിയമുള്ളതാണ്. സാകിനീദേവി ശ്രുതിദളലസിതയാണ്. ശ്രുതി എന്നാല്‍ വേദം. അറിവുകൊണ്ടാണ് സദാ ആനന്ദത്തില്‍ രമിച്ചുകൊണ്ടിരിക്കുന്നത്. അറിവുണ്ടാകുമ്പോഴാണ് ആനന്ദമുണ്ടാകുന്നത്‍. അറിവ്‍ എന്നത്‍ അവനവനെ അറിയുക എന്നതാണ്. ലോകത്തിലെ ദ്ര്‌ശ്യങ്ങള്‍ പഠിച്ച്‍ ഉണ്ടാകുന്ന അറിവിനെ അറിവില്ലായ്‍മ എന്നാണ് ഭാരതീയദര്‍ശനങ്ങള്‍ പറയുന്നത്‍. എല്ലിന് ബലംവരാന്‍ ചെറുപയറ്‍ കഴിക്കുക.
സാകിനീശ്വരിയുടെ ധ്യാനമന്ത്രം -
മൂലാധാരസ്ഥപത്മേ ശ്രുതിദളലസിതേ പഞ്ചവക്‍ത്രം ത്രിനേത്രം
ധൂമാപാമസ്ഥിസംസ്ഥം ശ്രിണിമപികമലം പുസ്തകം ജ്ഞാനമുദ്രാം
ബിഭ്രാണാം ബാഹുദണ്ഡൈസുലളിതവരദാം പൂര്‍വ്വശക്ത്യാവ്ര്‌താന്തം
മുദ്‍ഗൗദനാസക്തചിത്തം മധുമദമുദിതം സാകിനിം ഭാവയാമി
മൂലാധാരത്തില്‍ സ്ഥിതയായ സാകിനിയെ ഉപാസനചെയ്താല്‍ ഈ പ്രപഞ്ചത്തിലെ എല്ലാ അറിവുകളും കരഗതമാകുന്നു. പിന്നീട്‍ അറിയാനായി ഒന്നും അവശേഷിക്കുന്നില്ല എന്ന തലത്തിലെത്തിയാല്‍ അവന്‍ സര്‍വ്വശക്തനുമായിത്തീരുന്നു. അറിവാണ് ബലം, അറിവാണ് ധനം, അറിവാണ് ശക്തി, അറിവിലൂടെ മാത്രമേ മോക്ഷത്തിലെത്താനും പറ്റു. സ്വന്തം സ്വരൂപത്തെ അറിയുന്നവന് "ഓരോരോ വിദ്യകളോതിപ്പഠിക്കേണ്ട, താനെയുദിക്കും മനസ്സുതന്നില്‍," എന്ന്‍ ഗുരുദേവവചനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ