2015 ജൂൺ 18, വ്യാഴാഴ്‌ച


03.  മണിപൂരകചക്രം, ദേവത ലാകിനി, മാംസധാതു 

മണിപൂരാബ്‍ജനിലയാ വദനത്രയസംയുതാ
വജ്ജ്രാദികായുധോപേതാ ഡാമര്യാദിഭിരാവ്ര്‌താ  102

രക്തവര്‍ണ്ണാ മാംസനിഷ്ഠാ ഗുഡാന്നപ്രീതമാനസാ
സമസ്തഭക്തസുഖദാ ലാകിന്യംബാ സ്വരൂപിണീ     103

മണിപൂരചക്രനിലയും മൂന്ന്‍ മുഖങ്ങളോടുകൂടിയവളും വജ്ജ്രാദി ആയുധങ്ങളേന്തിയവളും രക്തവര്‍ണ്ണയും വജ്ജ്രസമാനമായ ദംഷ്‍ട്രങ്ങളോടുകൂടിയവളും മാംസധാതുവിന്റെ അധിഷ്ഠാധ്ര്‌ദേവതയും ശര്‍ക്കരയുക്തമായ അന്നം പ്രിയമുള്ളവളും സാധകന്റെ സകലസുഖങ്ങള്‍ക്കും ദാതാവായവളും മാത്ര്‌സ്വരൂപിണിയുമായ ലാകിനി നിലകൊള്ളുന്നു. പത്ത്‍ ദളങ്ങളോടുകൂടിയ പത്മം പണിപൂരത്തിലാണിരിക്കുന്നത്‍. പത്ത്‍ വര്‍ണ്ണങ്ങളായി ഇതിനെ പരാമര്‍ശിക്കുന്നു. മൂന്നു മുഖങ്ങളോടുകൂടിയതും ഡാമരി തുടങ്ങിയ അതിശക്തമായ പത്ത്‍ ദേവതകളാല്‍ അനുപ്രയാതയായുമാണ്‌  ലാകിനി നിലകൊള്ളുന്നത്‍. മാംസധാതുവിന്‌ പ്രശ്നമുണ്ടായാല്‍ ആ ധാതുവിന്റെ അധിഷ്ഠാനദേവതയായ ലാകിനീമന്ത്രം ഉരുവിട്ട്‍ ശര്‍ക്കരചേര്‍ത്ത അന്നം, ശര്‍ക്കരവെള്ളം, ഔഷധമായി ഉപയോഗിക്കണം.  ആസവരസായനാദികളെല്ലാം ശര്‍ക്കര ചേര്‍ത്ത്‍ നിര്‍മ്മിക്കുന്നത്‍ മാംസധാതുവിനെ കണ്ടുകൊണ്ടാണ്‌. ശര്‍ക്കര ചേര്‍ത്ത അന്നം കഴിച്ചാല്‍ മാംസധാതു ഉന്മേഷമാവുകയും ക്ഷീണം മാറുകയും ഉത്സാഹം തോന്നുകയും ഒക്കെ ചെയ്യുന്നു. ദേവീക്ഷേത്രങ്ങളില്‍ ദേവിക്ക്‍ കഠിനപായസം നിവേദിക്കുന്നതും ഈ സങ്കല്‍പ്പത്തിലാണ്‌.  

ലാകിനീശ്വരിയുടെ ധ്യാനം താഴെ കൊടുത്ത മന്ത്രത്താല്‍ സ്മരിക്കണം -

ദിക്‍പത്രേ നാഭിപത്മേ ത്രിവദനവിലസദ്‍ ദംഷ്‍ട്രിണിം രക്തവര്‍ണ്ണം
ശക്തിം ദംഭോളിദണ്ഡാ ഉഭയമപി ഭുജൈര്‍ധാരയന്തിം മഹോഗ്രം
ഡാമര്യാദ്യൈപരീതാം പശുജനഭയദാ മാംസധാത്വേക നിഷ്ഠാം
ഗൗഢാന്നാസക്തചിത്തം സകലസുഖകരിം ലാകിനിം ഭാവയാമി

പശുജനഭയദാ എന്ന ശബ്ദത്തിന്‌, ഒന്നും നോക്കാതെ കിട്ടിയതൊക്കെ ഭക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. അങ്ങിനെ ഭക്ഷിക്കാന്‍ തോന്നുന്നത്‍ ഇന്ദ്രിയങ്ങള്‍ തോന്നിയപോലെ പ്രതികരിക്കുന്നതുകൊണ്ടും അതുകൊണ്ടുതന്നെ അത്‍ പാപമാണെന്ന്‍ പറയുകയും ചെയ്യുന്നു. പാപം ചെയ്യുന്നവരില്‍ ഭയം ജനിപ്പിക്കുന്ന ദേവത എന്ന അര്‍ത്ഥത്തിലും പശുജനഭയദാ എന്ന ശബ്ദം സൂചിപ്പിക്കുന്നു. പശു ശബ്ദത്തിന്‌ "അവിശേഷേണ സര്‍വ്വം പശ്യതി ഇതി പശു"  എന്ന്‍ അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നു. വിശേഷബുദ്ധിയില്ലാതെ എല്ലാം പശിക്കുക എന്ന്‍ അര്‍ത്ഥം.  പശു എന്നാല്‍ ബാഹ്യേന്ദ്രിയങ്ങള്‍കൊണ്ട്‍ പ്രപഞ്ചത്തെ ദര്‍ശിക്കുന്ന ജീവന്‍ എന്നും അര്‍ത്ഥം. "പാശ ബന്ധനേ" എന്ന ധാത്വര്‍ത്ഥ നിര്‍ദ്ദേശപ്രകാരം അവിദ്യാബന്ധനായ ജീവന്‍ എന്നും അര്‍ത്ഥം. അജ്ഞാനമാണ്‌ സകല ബന്ധനങ്ങള്‍ക്കും കാരണം. അതുകൊണ്ട്‍ സാധകന്റെ അജ്ഞാനത്തെ നശിപ്പിക്കുന്നവള്‍ എന്നും ഇവിടെ അര്‍ത്ഥം പറയും. 

അഭിപ്രായങ്ങളൊന്നുമില്ല: