2015 ജൂൺ 18, വ്യാഴാഴ്‌ച


07. സഹസ്രാരചക്രം . ദേവത യാകിനി - ശുക്ലധാതു

സഹസ്രദളപത്മസ്ഥാ സര്‍വവര്‍ണോപശോഭിതാ
സര്‍വ്വായുധധരാ ശുക്ലസംസ്ഥിതാ സര്‍വതോമുഖി
സര്‍വൗദനപ്രീതചിത്താ യാകിന്യംബാ സ്വരൂപിണി

ശിരസ്സില്‍ മൂര്‍ധാവിലാണ്‌ സഹസ്രദളപഥം. ആയിരം ഇദളുകളുള്ള പത്മം. ആ പത്മത്തില്‍ ഇരുന്നരുളുന്നവളും സകലവര്‍ണ്ണങ്ങളോടുംകൂടി ശോഭിക്കുന്നവളും എല്ലാത്തരം ആയുധങ്ങളും ധരിച്ചവളും ശുക്ലധാതുവിന്റെ അധിഷ്ഠാധ്ര്‌ദേവതയും എല്ലാദിക്കുകളിലേക്കും മുഖങ്ങളുള്ളതും സകലദേവതകളാല്‍ ചുറ്റപ്പെട്ടവളും എല്ലാവിധ അന്നങ്ങളും പ്രിയമുള്ളവളും പരമശിവതത്ത്വാത്മികയു്മായ യാകിനീശ്വരി അവിടെ ഇരിക്കുന്നു. ആദ്യത്തെ ആറ്‍ധാതു സംബന്ധമായ എത്രയെത്ര ദേവതകളുണ്ടോ എന്തെല്ലാം വര്‍ണ്ണങ്ങളുണ്ടോ എന്തെല്ലാം ആയുധങ്ങളുണ്ടോ, ഏതെല്ലാം അന്നങ്ങളുണ്ടോ അതെല്ലാം ഒന്നിച്ച്‍ ചേര്‍ന്നുനില്‍ക്കുന്നവളും പരമശിവരസികയുമായി വിലസുന്നവളുമാണ്‌ യാകിനി എന്ന ശുക്രധാത്വധിഷ്ഠാതയായ ദേവത.  എല്ലാ വിചാരങ്ങളുടെയും എല്ലാ അറിവുകളുടെയും സകലവിധ അന്നങ്ങളുടെയും അതിസൂക്ഷ്മമായ സത്ത്‍ ചേര്‍ന്നാണ്‌ ശുക്ലധാതു/രേതസ്സ്‍ ശരീരത്തില്‍ ഉണ്ടാകുന്നത്‍. ശരീരം എല്ലായിപ്പോഴും രോഗമുക്തമായിരിക്കുന്നതിന്‌ ശുക്ലധാതുവാണ്‌ മുഖ്യകാരണം. 

ശുക്ര/രേതോ ധാതുവിന്റെ മഹത്വം പറയാന്‍ പറ്റില്ല. സമസ്തായുധധര, സര്‍വശക്തി പരിവ്ര്‌ത, സര്‍വവര്‍ണ്ണ, ഇത്യാദിയുള്ള വിശേഷങ്ങളൊക്കെ അതിന്റെ പ്രാധാന്യം പറയാന്‍ പറ്റാത്തതുകൊണ്ടാണ്‌ ഇങ്ങനെ വര്‍ണ്ണിക്കുന്നത്‍. ശരീരത്തിനെ തേജസ്സുള്ളതാക്കുന്നതും നിത്യയൗവ്വനയുക്തമാക്കുന്നതും എല്ലാവിധ ബലവും ധൈര്യവും ശക്തിയും ബുദ്ധിയും മേധയും ധ്ര്‌തിയും സ്മ്ര്‌തിയും ഒക്കെ പ്രദാനം ചെയ്യുന്നതും എല്ലാം ഈ ധാതുതന്നെ. ഉത്സാഹം ഉന്മേഷം ആനന്ദം ശാന്തി സമാധാനം എന്നുതുടങ്ങി സത്തായിട്ടുള്ളതെന്തുംതന്നെ യാകിനീവരദമാണ്‌, ശുക്ല/രേതോ പ്രദായകമാണ്‌.  ആ ദേവിയുടെ ധ്യാനശ്ലോകം -

മുണ്ഢവ്യോമസ്ഥപത്മൈ ദശ-ശതദളകേ കര്‍ണികാ ചന്ദ്രസംസ്ഥം
രേതോനിഷ്ഠം സമസ്തായുധകലിതകരം സര്‍വതോ വക്‍ത്രപത്മം
ആദിക്ഷാന്താര്‍ണശക്തിപ്രകരപരിവ്ര്‌താം സര്‍വവര്‍ണാം ഭവാനിം
സര്‍വ്വാന്നാസക്തചിത്തം പരശിവരസികം യാകിനിം ഭാവയാമി

സര്‍വ്വൗദനപ്രീത എന്നും സര്‍വ്വാന്നാസക്തചിത്ത എന്നുമുള്ള പ്രയോഗത്തില്‍, സര്‍വ്വൗദനമെന്ന ശബ്ദത്തിന്‌ കുറുന്തോട്ടി എന്ന്‍ അര്‍ഥമുണ്ട്‍. കുറുന്തോട്ടി ഒരു മഹാ ഔഷധമാണെന്ന്‍ സുവിദിതമാണല്ലൊ. ശരീരത്തിന്‌ ഏറ്റവും നല്ലൊരു ഔഷധംതന്നെയാണ്‌ കുരുന്തോട്ടി. ഔഷധങ്ങളുടെ ഔഷധമെന്നൊക്കെ ഇതിനെ പറയാറുണ്ട്‍.  ശരീരത്തിലെ പേശികള്‍ക്കും എല്ലിനും ഞെരമ്പിനും എന്നുമാത്രമല്ല മനസ്സിനെയും ബുദ്ധിയെയുമൊക്കെ കുറുന്തോട്ടികൊണ്ട്‍ ചികിത്സിക്കുന്നുണ്ട്‍, കുറുന്തോട്ടി പോഷിപ്പിക്കുന്നുണ്ട്‍. കുറുന്തോട്ടി പാലില്‍ വേവിച്ച്‍ കഴിക്കുന്നത്‍ അത്യന്തം മഹത്തായ അന്നമാണ്‌. അതിന്റെ ഔഷധഗുണം വിവരിക്കാന്‍ സാധ്യമല്ല. അതുകൊണ്ട്‍ ദേവി സര്‍വൗദനപ്രീതയെന്ന്‍ പറയുമ്പോള്‍ അതില്‍ ആദ്യം സൂചിപ്പിച്ച എല്ലാ അന്നവും പ്രിയമെന്നിരിക്കെ, കുറുന്തോട്ടിയോട്‍ കൂടുതല്‍ പ്രീയതയുള്ളവളാണെന്നുകൂടി ധരിക്കുന്നത്‍ ഉചിതമായിരിക്കും.


06. ആജ്ഞാചക്രം, ദേവത ഹാകിനി, മജ്ജ ധാതു

ആജ്ഞാചക്രാബ്‍ജ നിലയാ ശുക്ലവര്‍ണ്ണാ ഷഡാനനാ
മജ്ജാസംസ്ഥാ ഹംസവതീ മുഖ്യശക്തി സമന്വിത
ഹരിദ്രാന്നൈകരസികാ ഹാകിനീ രൂപധാരിണീ

രണ്ട്‍ പുരികങ്ങളുടെയും മധ്യത്തിലായിട്ടാണ്‌ ആജ്ഞാചക്രം. രണ്ട്‍ ദളങ്ങളോടുകൂടിയ പത്മത്തില്‍ സ്ഥിതിചെയ്യുന്നവളും, ശുക്ലവര്‍ണ്ണത്തോടുകൂടിയവളും ഷഡാനനയും -ആറ്‍ മുഖങ്ങളുള്ളവളും- ത്രിനേത്രയും ഹംസവതി,മുഖ്യശക്തി എന്നീ രണ്ട്‍ ദേവതകളാല്‍ അനുപ്രയാതയായിട്ടുള്ളവളും മജ്ജയാകുന്ന ധാതുവിന്‌ അധിഷ്ഠാനവുമായയും ഹരിദ്രാന്നൈകരസികയും, മഞ്ഞള്‍ചേര്‍ത്ത അന്നം പ്രിയമായിട്ടുള്ളവളുമായ ഹാകിനീശ്വരി ആ ഭ്രൂമധ്യത്തില്‍ നിലകൊള്ളുന്നു.

ശരീരത്തിലെ മജ്ജക്ക്‍ വരുന്ന വികാരങ്ങള്‍ക്ക്‍ മഞ്ഞളാണ്‌ ഔഷധം. എല്ലാ ധാതുക്കളിലെ വികാരങ്ങള്‍ക്കും മജ്ജ പങ്കുവഹിക്കുന്നു.  ഈഷദ്‍ ജ്ഞാനമുള്ളതുകൊണ്ടാണ്‌ ആജ്ഞ എന്ന പേരുവന്നത്‍. ആജ്ഞാചക്രം ശുദ്ധമായിരിക്കുമ്പോഴാണ്‌ മറ്റുള്ള എല്ലാറ്റിനേയും അംഗീകരിക്കാന്‍ പറ്റുന്നത്‍. ഏതൊന്ന്‍ കണ്ടാലും, കേട്ടാലും ആജ്ഞാചക്രത്തിലാണ്‌ ഭാവസ്‍ഫുരണ ഉണ്ടാകുന്നത്‍. അത്‍ ശുദ്ധമാകുന്നതോടെ ശുക്ലവര്‍ണ്ണയായ ദേവി പ്രകടമാകുന്നു.

ഹരിദ്രാന്നൈകരസികയായ ദേവി സകലശുഭകാരിയാണ്‌. എന്തെല്ലാം ശുഭം വേണമെന്ന്‍ ആഗ്രഹിക്കുന്നുവോ, അവിടെയൊക്കെ ബാഹ്യമായും ആന്തരികമായും മഞ്ഞള്‍ വേണം. മഞ്ഞളില്ലാത്ത ഒരു പൂജയുമില്ല. മഞ്ഞള്‌ ചേര്‍ത്ത ദ്രവ്യങ്ങളോ മഞ്ഞള്‍പൊടിയോ ആണ്‌ പ്രസാദം. മഞ്ഞളിന്റെ ഗുണം ഏറ്റവും സൂക്ഷ്മമാണ്‌. ഓരോ ദ്രവ്യത്തോട്‍ ചേരുമ്പോഴും മഞ്ഞള്‍ പ്രതികരിക്കുന്നത്‍ വ്യത്യസ്ത രീതിയിലാണ്‌. നാളികേരം മഞ്ഞള്‍ചേര്‍ത്ത്‍ അരച്ച്‍ അന്നമുണ്ടാക്കുമ്പോള്‍ മഞ്ഞളിന്റെ ഗുണം ആയിരം ഇരട്ടിയായി വര്‍ദ്ധിക്കുന്നു. മഞ്ഞള്‍ ചുണ്ണാമ്പുമായി ചേരുമ്പോള്‍ ഗുരുതിയായി -രക്തവര്‍ണ്ണമുള്ളതായി- തീരുന്നു. ഇത്‍ പലരോഗങ്ങള്‍ക്കും ഔഷധമാണ്‌. ചെറുനാരങ്ങാനീര്‌ മഞ്ഞളുമായി ചേര്‍ത്തിട്ടാണ്‌ സിന്ദൂരം ഉണ്ടാക്കുന്നത്‍. സിന്ദൂരം നെറ്റിയില്‍ അണിയുന്നത്‍ മഞ്ഞളിന്റെ ഔഷധഗുണത്തെ കണക്കിലെടുത്തിട്ടാണ്‌. (കടകളില്‍നിന്ന്‍ കിട്ടുന്ന സിന്ദൂരം അതായിക്കൊള്ളണമെന്നില്ല).. ഏറ്റവും സൂക്ഷ്മമായതുകൊണ്ടാണ്‌ മന്ത്രവര്‍ണാത്മികയായിരിക്കുന്ന ദേവിക്ക്‍ മഞ്ഞള്‍ ഏറ്റവും പ്രിയമായിരിക്കുന്നത്‍. ഹംസവതിയെന്നും ക്ഷമാവതി (മുഖ്യശക്തി) എന്നും രണ്ട്‍ ദേവതകളാല്‍ ചുറ്റപ്പെട്ടവളാണ്‌ ഹാകിനീശ്വരി എന്ന മജ്ജയുടെ ദേവത.  ശരീരത്തിലെ മുറിവുകളില്‍ മഞ്ഞള്‍ അരച്ച്‍തേച്ച്‍ കെട്ടിയാല്‍ രക്തസ്രാവം പെട്ടെന്ന്‍ നില്‍ക്കുകയും മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുകയും ചെയ്യും. ഏതൊരു അന്നമുണ്ടാക്കുമ്പോഴും മഞ്ഞള്‍ ചേര്‍ക്കുന്നത്‍ അത്‍ ഒരു ഉത്തമ അണുനാശിനികൂടി ആയതുകൊണ്ടാണ്‌. 

ആജ്ഞാചക്രാബ്‍ജനിലയയായ ഹാകിനീശ്വരിയുടെ ധ്യാനശ്ലോകം -

ഭ്രൂമധ്യേ ബുന്ദുപത്മേ ദളയുഗകലിതേ ശുക്ലവര്‍ണ്ണാ കരാബ്‍ജൈഹി
ബിഭ്രാണാം ജ്ഞാനമുദ്രാം ഡമരുകമമലാമക്ഷമാലാം കപാലം
ഷഡ്‍ചക്രാധാരമധ്യം ത്രിനയനസലിതാം ഹംസവത്യാദിയുക്തം
ഹരിദ്രാന്നെഐകസക്തം സകലശുഭകരിം ഹാകിനിം ഭാവയാമി.

ആജ്ഞാചക്രത്തില്‍ ഉപാസന ചെയ്യുന്ന സാധകന്‍ ഭൂതഭാവിവര്‍ത്തമാനങ്ങളെ മുഴുവന്‍ അറിയുന്നു. കഴിഞ്ഞുപോയ എത്രയോ ജന്മങ്ങള്‍ അയാള്‍ അറിയുന്നു. അയാളുടെയും മറ്റുള്ളവരുടെയും അറിയാന്‍ കഴിയുന്നു. ആജ്ഞാചക്രത്തിലാണ്‌ പരമാത്മാവ്‍ എന്ന്‍ പണ്ഡിതമതം. ഉപാസകന്റെ സ്വ-ആത്മാവും പരമാത്മാവും ഏകമായി ഉപാസകന്‍ പരമാനന്ദപദവിയെ നുകരുന്നു, ജീവന്‍മരണചക്രത്തില്‍നിന്ന്‍ നിവ്ര്‌ത്തനാകുന്നു.

സ്വാധിഷ്ഠാനചക്രം


04. സ്വാധിഷ്ഠാനചക്രം, ദേവത കാകിനി, ധാതു മേദസ്സ്‍

സ്വാധിഷ്ഠാനാംബുജഗതാ ചതുര്‍വക്‍ത്ര മനോഹരാ
ശൂലാദ്യായുധ സമ്പന്നാ പീതവര്‍ണ്ണാഽതിഗര്‍വിതാ  104

മേദോനിഷ്ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ
ദധ്യാന്നാസക്തഹ്ര്‌ദയാ കാകിനീ രൂപധാരിണീ   105

സ്വാധിഷ്ഠാനചക്രത്തിലെ ആറ്‍ ദളങ്ങളോടുകൂടിയ പത്മത്തില്‍ നിലകൊള്ളുന്നവളും മനോഹരങ്ങളായ നാല്‌ മുഖങ്ങളോടുകൂടിയവളും ശൂലം മുതലായ ആയുധങ്ങളേന്തിയവളും ത്രിനയനങ്ങളുള്ളവളും മേദസ്സ്‍ എന്ന ധാതുവിന്റെ അധിഷ്ഠാധ്ര്‌ദേവതയും മധു അല്ലെങ്കില്‍ മദ്യം പ്രിയമായിട്ടുള്ളവളും ബന്ദിനി തുടങ്ങിയ ആറ്‌ ദേവതകളാല്‍ പരിവ്രതയായവളും ദധി - തൈര്‌ പ്രസാദമായിടുള്ള കാകിനീശ്വരി ഇരിക്കുന്നു.

പേശികള്‍ക്ക്‍ ബലം കുറയാന്‍ തുടങ്ങിയാല്‍ തൈര്‌ കഴിച്ചാല്‍ ശമനമുണ്ടാകും. മദ്യം പേശികളുടെ ബലം കൂട്ടുന്നു. കഠിനമായ ജോലികള്‍ ചെയ്യണമെങ്കില്‍ അല്പം മദ്യം കഴിച്ചാല്‍ ക്ഷീണമേതുമില്ലാതെ പണിചെയ്ത്‍ തീര്‍ക്കാം. പകല്‍ മുഴുവനും ജോലിചെയ്ത്‌ ഇനി ഇന്ന്‍ ഒന്നിനും വയ്യാ എന്ന്‍ കരുതിയിരിക്കുമ്പോള്‍ അല്പമൊന്ന്‍ വീശിയാല്‍ സമയമൊന്നും നോക്കാതെ മണിക്കൂറുകളോളം വീണ്ടും പണിയെടുക്കാനുള്ള കഴിവ്‍ ഉണ്ടാകുന്നത്‍ അനുഭവമുള്ളതാണല്ലൊ. അവിടെ പേശികള്‍ക്കാണ്‌ ബലമുണ്ടാകുന്നത്‍. കാകിനീശ്വരി പ്രസാദിക്കുന്നതാണത്‍.

അതിഗര്‍വ്വിതാ എന്ന ശബ്ദം സൂചിപ്പിക്കുന്നതുതന്നെ ഗര്‍വ്വിനെയാണ്‌, അഹങ്കാരത്തെയാണ്‌. അഹങ്കാരമുക്തി ആഗ്രഹിക്കുന്നവര്‍ ബന്ദിനി തുടങ്ങിയ ആറ്‍ ദേവതകളാല്‍ അനുപ്രയാതയായ മേദസ്സിന്റെ ദേവതയായ കാകിനീശ്വരിയെ ഉപാസിക്കണം.  കാകിനിയുടെ ധ്യാനമന്ത്രം -

സ്വാധിഷ്ഠാനാഖ്യപത്മേ രസദളലസിതേ വേദപത്രം ത്രിനേത്രം, ഹസ്താഭ്യാം
ധാരയന്തിം ത്രിശിഖഗുണ കപാലാത്‍ഭയാന്യാപ്ത ഗര്‍വ്വാം, മേദോനിഷ്ഠാം 
പ്രതിഷ്ഠാമളിമദമുദിതാം ബന്ദിനീമുഖ്യയുക്താം മൂലാധാരാംബുജാരൂഢാം 
പീതാം ദധ്യോതനേഽഷ്ഠാമാത്മികാ ഫലതാം കാകിനിം ഭാവയാമി

സ്വാധിഷ്ഠാനപത്മത്തിലെ ആറ്‍ ദളങ്ങള്‍ കാമം ക്രോധം ലോഭം മോഹം മദം മത്സരം എന്നീ ആറ്‍ ബിന്ദുക്കളാണ്‌. അവയെ സംഹ്ര്‌ദീബിന്ദുക്കളെന്ന്‍ തന്ത്രശാസ്ത്രത്തില്‍ പറയുന്നു. സ്വാധിഷ്ഠാനേ സംഹാര:ശഡ്‍ബിന്ദുക്ര്‌ത: എന്ന്‍ യോഗസൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി സൂചിപ്പിച്ചിരിക്കുന്നു.   ഈശ്വരാനുഗ്രഹത്താല്‍ മാത്രമേ അഹങ്കാരം നശിക്കുകയുള്ളു. അതിന്റെ ദേവതയായ കാകിനിയുടെ മന്ത്രോച്‍ഛാരണം അഹങ്കാരനാശത്തിന്‌ ഏവര്‍ക്കും സഹായമാകട്ടെ. 


05. മൂലാധാരചക്രം - ദേവത സാകിനി - അസ്ഥി ധാതു

മൂലാധാരാംബുജാരൂഢാ പഞ്ചവക്‍ത്രാ അസ്ഥിസംസ്ഥിതാ
അങ്കുശാദിപ്രഹരണാ വരദാദി നിഷേവിതാ                   105
മുദ്‍ഗൗദനാസക്തചിത്താ സാകിന്യംബാ സ്വരൂപിണി       106

മൂലാധാരത്തില്‍ നാല്‌ ദളങ്ങളുള്ള താമരയില്‍ ഇരിക്കുന്നവളും അഞ്ച്‍ മുഖങ്ങളുള്ളവളും ത്രിനയനയും നാലുകൈകളോടുകൂടിയവളും വേദപുസ്തകധാരിണിയും ജ്ഞാനമുദ്രയോടുകൂടിയവളും അങ്കുശം ആയുധമാക്കിയവളും വരദ തുടങ്ങിയ നാല്‌ ദേവതകളാല്‍ അനുപ്രയാതയായവളും മുദ്‍ഗം -ചെറുപയറ്‍- അന്നം പ്രിയമുള്ളവളും അസ്ഥിധാതുവിന്റെ അധിഷ്ഠാധ്ര്‌ ദേവതയുമായ സാകിനി നിലകൊള്ളുന്നു.

മൂലാധാരത്തിലെ സാകിനി അമ്ര്‌ത തുടങ്ങിയ നാല്‌ ദേവതകളാലാണ്‌ ചുറ്റപ്പെട്ടിരിക്കുന്നത്‍. ഒരു കയ്യില്‍ വേദപുസ്തകവും ജ്ഞാനമുദ്രയോടുകൂടിയവളും അങ്കുശം ആയുധമാക്കിയവളുമായി സ്ഥിതിചെയ്യുന്നു. വേദശാസ്ത്രങ്ങളെല്ലാം മൂലാധാരത്തില്‍ അടുക്കടുക്കായി സംയമിച്ചിരിക്കുന്നു എന്ന്‍ ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്‍. ശരീരത്തിലെ അസ്ഥിധാതു ഈ ദേവിയുടെ കയ്യിലാണ്‌. അസ്ഥിക്ക്‍ ക്ഷയം വരുമ്പോള്‍ ഏറ്റവും ഉത്തമമാണ്‌ ചെറുപയറ്‍ ചേര്‍ത്ത അന്നം. അരിയുടെകൂടെ വേവിച്ചോ അതുചേര്‍ത്ത് മറ്റ്‍ എന്തെങ്കിലും അന്നമോ കഴിക്കണം. ഏതുകാലത്തും ഏത്‍പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഒരു പദാര്‍ത്ഥമാണ്‌ മുദ്‍ഗം. മുദ്‍ഗംചേര്‍ത്ത അന്നം സാകിനീദേവിക്ക്‍ ഏറ്റവും പ്രിയമുള്ളതാണ്‌. സാകിനീദേവി ശ്രുതിദളലസിതയാണ്‌. ശ്രുതി എന്നാല്‍ വേദം. അറിവുകൊണ്ടാണ്‌ സദാ ആനന്ദത്തില്‍ രമിച്ചുകൊണ്ടിരിക്കുന്നത്. അറിവുണ്ടാകുമ്പോഴാണ്‌ ആനന്ദമുണ്ടാകുന്നത്‍. അറിവ്‍ എന്നത്‍ അവനവനെ അറിയുക എന്നതാണ്‌. ലോകത്തിലെ ദ്ര്‌ശ്യങ്ങള്‍ പഠിച്ച്‍ ഉണ്ടാകുന്ന അറിവിനെ അറിവില്ലായ്‍മ എന്നാണ്‌ ഭാരതീയദര്‍ശനങ്ങള്‍ പറയുന്നത്‍. എല്ലിന്‌ ബലംവരാന്‍ ചെറുപയറ്‍ കഴിക്കുക. 

സാകിനീശ്വരിയുടെ ധ്യാനമന്ത്രം -

മൂലാധാരസ്ഥപത്മേ ശ്രുതിദളലസിതേ പഞ്ചവക്‍ത്രം ത്രിനേത്രം
ധൂമാപാമസ്ഥിസംസ്ഥം ശ്രിണിമപികമലം പുസ്തകം ജ്ഞാനമുദ്രാം
ബിഭ്രാണാം ബാഹുദണ്ഡൈസുലളിതവരദാം പൂര്‍വ്വശക്ത്യാവ്ര്‌താന്തം
മുദ്‍ഗൗദനാസക്തചിത്തം മധുമദമുദിതം സാകിനിം ഭാവയാമി

മൂലാധാരത്തില്‍ സ്ഥിതയായ സാകിനിയെ ഉപാസനചെയ്താല്‍ ഈ പ്രപഞ്ചത്തിലെ എല്ലാ അറിവുകളും കരഗതമാകുന്നു. പിന്നീട്‍ അറിയാനായി ഒന്നും അവശേഷിക്കുന്നില്ല എന്ന തലത്തിലെത്തിയാല്‍ അവന്‍ സര്‍വ്വശക്തനുമായിത്തീരുന്നു. അറിവാണ്‌ ബലം, അറിവാണ്‌ ധനം, അറിവാണ്‌ ശക്തി, അറിവിലൂടെ മാത്രമേ മോക്ഷത്തിലെത്താനും പറ്റു. സ്വന്തം സ്വരൂപത്തെ അറിയുന്നവന്‌ "ഓരോരോ വിദ്യകളോതിപ്പഠിക്കേണ്ട, താനെയുദിക്കും മനസ്സുതന്നില്‍," എന്ന്‍ ഗുരുദേവവചനം.


03.  മണിപൂരകചക്രം, ദേവത ലാകിനി, മാംസധാതു 

മണിപൂരാബ്‍ജനിലയാ വദനത്രയസംയുതാ
വജ്ജ്രാദികായുധോപേതാ ഡാമര്യാദിഭിരാവ്ര്‌താ  102

രക്തവര്‍ണ്ണാ മാംസനിഷ്ഠാ ഗുഡാന്നപ്രീതമാനസാ
സമസ്തഭക്തസുഖദാ ലാകിന്യംബാ സ്വരൂപിണീ     103

മണിപൂരചക്രനിലയും മൂന്ന്‍ മുഖങ്ങളോടുകൂടിയവളും വജ്ജ്രാദി ആയുധങ്ങളേന്തിയവളും രക്തവര്‍ണ്ണയും വജ്ജ്രസമാനമായ ദംഷ്‍ട്രങ്ങളോടുകൂടിയവളും മാംസധാതുവിന്റെ അധിഷ്ഠാധ്ര്‌ദേവതയും ശര്‍ക്കരയുക്തമായ അന്നം പ്രിയമുള്ളവളും സാധകന്റെ സകലസുഖങ്ങള്‍ക്കും ദാതാവായവളും മാത്ര്‌സ്വരൂപിണിയുമായ ലാകിനി നിലകൊള്ളുന്നു. പത്ത്‍ ദളങ്ങളോടുകൂടിയ പത്മം പണിപൂരത്തിലാണിരിക്കുന്നത്‍. പത്ത്‍ വര്‍ണ്ണങ്ങളായി ഇതിനെ പരാമര്‍ശിക്കുന്നു. മൂന്നു മുഖങ്ങളോടുകൂടിയതും ഡാമരി തുടങ്ങിയ അതിശക്തമായ പത്ത്‍ ദേവതകളാല്‍ അനുപ്രയാതയായുമാണ്‌  ലാകിനി നിലകൊള്ളുന്നത്‍. മാംസധാതുവിന്‌ പ്രശ്നമുണ്ടായാല്‍ ആ ധാതുവിന്റെ അധിഷ്ഠാനദേവതയായ ലാകിനീമന്ത്രം ഉരുവിട്ട്‍ ശര്‍ക്കരചേര്‍ത്ത അന്നം, ശര്‍ക്കരവെള്ളം, ഔഷധമായി ഉപയോഗിക്കണം.  ആസവരസായനാദികളെല്ലാം ശര്‍ക്കര ചേര്‍ത്ത്‍ നിര്‍മ്മിക്കുന്നത്‍ മാംസധാതുവിനെ കണ്ടുകൊണ്ടാണ്‌. ശര്‍ക്കര ചേര്‍ത്ത അന്നം കഴിച്ചാല്‍ മാംസധാതു ഉന്മേഷമാവുകയും ക്ഷീണം മാറുകയും ഉത്സാഹം തോന്നുകയും ഒക്കെ ചെയ്യുന്നു. ദേവീക്ഷേത്രങ്ങളില്‍ ദേവിക്ക്‍ കഠിനപായസം നിവേദിക്കുന്നതും ഈ സങ്കല്‍പ്പത്തിലാണ്‌.  

ലാകിനീശ്വരിയുടെ ധ്യാനം താഴെ കൊടുത്ത മന്ത്രത്താല്‍ സ്മരിക്കണം -

ദിക്‍പത്രേ നാഭിപത്മേ ത്രിവദനവിലസദ്‍ ദംഷ്‍ട്രിണിം രക്തവര്‍ണ്ണം
ശക്തിം ദംഭോളിദണ്ഡാ ഉഭയമപി ഭുജൈര്‍ധാരയന്തിം മഹോഗ്രം
ഡാമര്യാദ്യൈപരീതാം പശുജനഭയദാ മാംസധാത്വേക നിഷ്ഠാം
ഗൗഢാന്നാസക്തചിത്തം സകലസുഖകരിം ലാകിനിം ഭാവയാമി

പശുജനഭയദാ എന്ന ശബ്ദത്തിന്‌, ഒന്നും നോക്കാതെ കിട്ടിയതൊക്കെ ഭക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. അങ്ങിനെ ഭക്ഷിക്കാന്‍ തോന്നുന്നത്‍ ഇന്ദ്രിയങ്ങള്‍ തോന്നിയപോലെ പ്രതികരിക്കുന്നതുകൊണ്ടും അതുകൊണ്ടുതന്നെ അത്‍ പാപമാണെന്ന്‍ പറയുകയും ചെയ്യുന്നു. പാപം ചെയ്യുന്നവരില്‍ ഭയം ജനിപ്പിക്കുന്ന ദേവത എന്ന അര്‍ത്ഥത്തിലും പശുജനഭയദാ എന്ന ശബ്ദം സൂചിപ്പിക്കുന്നു. പശു ശബ്ദത്തിന്‌ "അവിശേഷേണ സര്‍വ്വം പശ്യതി ഇതി പശു"  എന്ന്‍ അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നു. വിശേഷബുദ്ധിയില്ലാതെ എല്ലാം പശിക്കുക എന്ന്‍ അര്‍ത്ഥം.  പശു എന്നാല്‍ ബാഹ്യേന്ദ്രിയങ്ങള്‍കൊണ്ട്‍ പ്രപഞ്ചത്തെ ദര്‍ശിക്കുന്ന ജീവന്‍ എന്നും അര്‍ത്ഥം. "പാശ ബന്ധനേ" എന്ന ധാത്വര്‍ത്ഥ നിര്‍ദ്ദേശപ്രകാരം അവിദ്യാബന്ധനായ ജീവന്‍ എന്നും അര്‍ത്ഥം. അജ്ഞാനമാണ്‌ സകല ബന്ധനങ്ങള്‍ക്കും കാരണം. അതുകൊണ്ട്‍ സാധകന്റെ അജ്ഞാനത്തെ നശിപ്പിക്കുന്നവള്‍ എന്നും ഇവിടെ അര്‍ത്ഥം പറയും. 



02. അനാഹതം - ഋദയചക്രം- ദേവത രാകിണി  - രക്തധാതു

അനാഹതാബ്‍ജ നിലയാ ശ്യാമാഭാ വദനദ്വയ 
ദംഷ്‍ട്രോജ്ജ്വലാ അക്ഷമാലാദിധരാ രുധിരസംസ്ഥിതാ  (100)

കാളരാത്ര്യാദിശക്ത്യൗഘവ്ര്‌താ സ്‍നിഗ്‍ദ്ധൗദനപ്രിയാ 
മഹാവീരേന്ദ്രവരദാ രാകിണ്യംബാ സ്വരൂപിണീ (101)

അനാഹതചക്രനിലയയും ശ്യാമവര്‍ണ്ണത്താല്‍ ഭാസിക്കുന്നവളും രണ്ട്‍ മുഖങ്ങളുള്ളവളും അത്യുജ്ജ്വലമായ ദംഷ്‍ട്രങ്ങളുള്ളവളും അക്ഷമാലാദികള്‍ ധരിച്ചവളും രുധിര - രക്ത- സംസ്ഥിതയും കാളരാത്രി തുടങ്ങിയ ദേവതകളാല്‍ അനുപ്രയാതയായിട്ടുള്ളവളും -ചുറ്റപ്പെട്ടവളും- മഹാവീര്യത്തെ വരദാനം ചെയ്യുന്നവളും അംബാസ്വരൂപിണിയുമായ രാകിണി അവിടെ സ്ഥിതിചെയ്യുന്നു.  അനാഹതചക്രനിലയായ രാകിണി രക്തത്തിന്റെ അധിഷ്ഠാധ്ര്‌ ദേവതയാണ്‌. കാളരാത്രി തുടങ്ങിയ അതിശക്തിയുള്ള ദേവതകളാല്‍ അനുപ്രയാതയാണവള്‍. സ്‍നിഗ്‍ദ്ധൗദനമായിട്ടുള്ള അന്നമാണ്‌ ആ ദേവിക്ക്‍ പ്രിയമായിട്ടുള്ളത്‍. സ്‍നിഗ്‍ദ്ധൗദനപ്രിയമെന്ന്‍ പറഞ്ഞാല്‍ നെയ്യ്‍ ചേര്‍ത്ത അന്നം. നെയ്യ്‍ സകലവീര്യങ്ങള്‍ക്കും അടിസ്ഥാനമാണ്‌.  രസം കഴിഞ്ഞാല്‍ അടുത്ത ധാതു രക്തമാണ്‌. രക്തത്തിന്‌ വികാരമുണ്ടാവുകയും രോഗമുണ്ടാവുകയുമൊക്കെ ചെയ്താല്‍ ഋദയസ്ഥയും രവിപ്രഖ്യയുമായ സൂര്യഖണ്ഡസ്ഥിതയായ രാകിണിയെ ഉപാസിച്ച്‍ സകലവീര്യപ്രദായകമായ ഘ്ര്‌തം -നെയ്യ്- സേവിച്ചാല്‍ രുധിരദോഷങ്ങളെല്ലാം മാറിക്കിട്ടും.

ഋദയപത്മത്തിന്‌ പന്ത്രണ്ട്‍ ദളങ്ങളാണ്‌. ഇവിടെ ഇരിക്കുന്ന രാകിണീശ്വരി, ചക്രം ശൂലം കപാലം ഡമരു തുടങ്ങിയ  ആയുധങ്ങള്‍ ധരിക്കുന്ന ചതുര്‍ബ്ബാഹുവും ത്രിനേത്രയും സൂര്യകിരണാഭയും എല്ലാ അഭിമതങ്ങളും പ്രദാനം ചെയ്യുന്നവളുമായി വിരാജിക്കുന്നു.

അനാഹതചക്രത്തില്‍ ഉപാസന ചെയ്യുന്നതിനെ ഉദരമുപാസന എന്നും വ്യവഹരിച്ചുപോരുന്നു. ഇങ്ങനെ ഉദരമുപാസിച്ച്‍ സത്യദര്‍ശനം നേടിയ ഒരു മഹാത്മാവാണ്‌ കാഠക ഋഷി. ക മുതല്‍ ഠ വരെയുള്ള പന്ത്രണ്ട്‍ അക്ഷരങ്ങളായിട്ടാണ്‌, പന്ത്രണ്ട്‍ വര്‍ണ്ണങ്ങളായിട്ടാണ്‌ ദേവിയെ ഉപാസിക്കുന്നത്‍.  ഋദയോപാസനയാല്‍ ആത്മചൈതന്യം തെളിഞ്ഞ ഋഷി അദ്ദേഹത്തിന്റെ ദര്‍ശനസവിശേഷതയെ ശിഷ്യന്‌ പ്രകാശിപ്പിച്ചുകൊടുത്തതാണ്‌ കഠോപനിഷത്ത്‍ കഠസംഹിതയുടെ കാഠകബ്രാഹ്മണാന്തര്‍ഗ്ഗതമാണ്‌ കഠോപനിഷത്ത്‍. വേദാന്തശാസ്ത്രത്തില്‍, ഉപനിഷത്‍ രംഗങ്ങളില്‍, കഠോപനിഷത്ത്‍ പരമപ്രാധാന്യമുള്ളതാണ്‌. മ്ര്‌ത്യുവിനെ മുഖാമുഖം കണ്ട്‍ അതിനെ ജയിച്ച്‍ വീണ്ടും ജീവിതരംഗത്തേക്ക്‍ എത്തുന്ന തരത്തിലാണ്‌ അതിന്റെ ചിത്രീകരണം. 

അനാഹതാബ്‍ജനിലയയായ രാകിണീദേവതയുടെ ധ്യാനശ്ലോകം -

ഋദ്‍പത്മേ ഭാനുപത്രേ ദ്വിവദനലസിതം ദംഷ്ട്രിണിം ശ്യാമവര്‍ണ്ണാം
ചക്രം ശൂലം കപാലം ഡമരുകമപിഭുജൈര്‍ധാരയന്തിം ത്രിനേത്രം
രക്തസ്ഥം കാളരാത്രിം പ്രഭ്ര്‌തപരിവ്ര്‌താം സ്നിഗ്ദ്ധപത്മൈകസക്താം
ശ്രീമദ്‍ വീരേന്ദ്രവന്ദ്യാമപിമതഫലദാം രാകിണിം ഭാവയാമി

ഋദ്‍രോഗമുള്ളവരും രക്തദോഷമുള്ളവരും, ബ്ലഡ്‍പ്രഷര്‍ ഉള്ളവരുമൊക്കെ ഈ മന്ത്രശ്ലോകം ഉദയസൂര്യന്‌ അഭിമുഖമായിരുന്നുകൊണ്ട്‍ ഭയഭക്ത്യാദരവോടെ കഴിയാവുന്നത്ര തവണ രാവിലെയും അസ്തമയസൂര്യന്‌ അഭിമുഖമായി വൈകുന്നേരവും അത്രയും തവണ ഉരുവിടുകയും നല്ല പശുവിന്‍നെയ്യ്‍ ഒരു ടേബ്‍ള്‍ സ്‍പൂണ്‍ പാകത്തില്‍ ഉച്ചക്ക്‍ ആഹാരത്തില്‍ചേര്‍ത്ത്‍ കഴിക്കുകയും നെയ്യ്‍ ചേര്‍ത്ത മറ്റ്‍ അന്നം കഴിക്കുകയും ചെയ്യുന്നത്‍ അത്തരം ദോഷങ്ങള്‍ ശമിക്കും.
--end of this--

2015 ജൂൺ 10, ബുധനാഴ്‌ച

01. വിശുദ്ധിചക്രം - ദേവത ഡാകിനീശ്വരി- ത്വക്‌ ധാതു


01. വിശുദ്ധിചക്രം - ദേവത ഡാകിനീശ്വരി- ത്വക്‌ ധാതു (രസധാതു)
=================================
രസം രക്തം മാംസം മേദസ്സ്‍ അസ്ഥി മജ്ജ ശുക്രം/രേതസ്സ്‍ ഇവയാണ്‌ സപ്തധാതുക്കള്‍. ധാതുക്കള്‍ക്ക്‍ സംഭവിക്കുന്ന വികാരമാണ്‌ രോഗകാരണം. ധാതുവികാരത്താല്‍ വാതപിത്തകഫാദികള്‍ കോപിക്കുന്നു. എല്ലാ രോഗങ്ങളും ഇതുകൊണ്ടുണ്ടാകുന്നു എന്ന്‍ ആയുര്‍വേദസംഹിതകള്‍ പറയുന്നു.  ഈ സപ്തധാതുക്കള്‍ക്കും പ്രമാണമായി എടുത്തിട്ടുള്ളത്‍ ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങളാണ്‌.
========================================================================



വിശുദ്ധിചക്രനിലയാഽഽരക്തവര്‍ണാ ത്രിലോചനാ
ഖട്വാംഗാദി പ്രഹരണാ വദനൈക സമാന്വിതാ  (98)
പായസാന്നപ്രിയാ ത്വക്‍സ്ഥാ പശുലോകഭയങ്കരീ
അമ്ര്‌താദി മഹാശക്തിസംവ്ര്‌താ ഡാകിനീശ്വരീ  (99)

വിശുദ്ധിചക്രനിലയയും അരക്തവര്‍ണ്ണയും ത്രിലോചനങ്ങളുള്ളവളും ഖട്വാംഗത്താല്‍ പ്രഹരിക്കുന്നവളും ഏകവദനൈകയും -ഒരു മുഖമുള്ളവളും, പായസമാകുന്ന അന്നം പ്രിയമായിട്ടുള്ളവളും ഇന്ദ്രിയലോകങ്ങള്‍ക്ക്‍ ഭയത്തെ ജനിപ്പിക്കുന്നവളും -പാപികള്‍ക്ക്‍ ഭയത്തെ ജനിപ്പിക്കുന്നവളും- അമ്ര്‌താഖ്യ തുടങ്ങിയ മഹാശക്തികളോടുകൂടിയ ദേവതകളാല്‍ ചുറ്റപ്പെട്ട ഡാകിനി എന്ന ദേവത നിലകൊള്ളുന്നു.

കണ്ഠസ്ഥിതയായ ഡാകിനി എന്ന ദേവത അമ്ര്‌താഖ്യ തുടങ്ങിയ പതിനാറ്‌ ദേവതകളാല്‍ അനുപ്രയാതയായിട്ടാണ്‌ നിലകൊള്ളുന്നത്‍. ആ ദേവതക്ക്‍ പ്രിയമായിട്ടുള്ള അന്നം പായസമാണ്‌.  പയോവികാരമുള്ള [പാല്‌ചേര്‍ത്ത] അന്നമാണ്‌ ഡാകിനിക്ക്‍ പ്രിയം. കണ്ഠസ്ഥിതയും ത്വക്കിന്റെ അധിഷ്ഠാധ്ര്‌ ദേവതയുമായ ഡാകിനിക്ക്‍ അരി ഗോതമ്പ്‍ തുടങ്ങിയ ധാന്യങ്ങള്‍ പാല്‌ചേര്‍ത്ത്‍ അന്നമുണ്ടാക്കി കൊടുക്കുന്നത്‍ ഉത്തമം. കണ്ഠഗോളകത്തെയും ത്വക്കിനേയും (കണ്ഠവും ത്വക്കുതന്നെ) ബാധിക്കുന്ന സകല രോഗങ്ങള്‍ക്കും പയോവികാരമുള്ള അന്നംതന്നെ ഔഷധം.  പശുവില്‍പാല്‌ ആട്ടിന്‍പാല്‌ തേങ്ങാപ്പാല്‌ എള്ളിന്‍പാല്‌ തുടങ്ങിയ എല്ലാപാലും ആവാം.    അന്നത്താലാണ്‌ സ്ര്‌ഷ്ടിചക്രം നിലനില്‍ക്കുന്നത്‍. സകല ഭൂതങ്ങളും, സകല ജീവജാലങ്ങളും എല്ലാ വ്ര്‌ക്ഷങ്ങളും സസ്യലതാദികളും ക്ര്‌മികീടാദികളും എല്ലാം അന്നത്തില്‍നിന്നാണ്‌ ഉണ്ടാകുന്നത്‍. അന്നാദ്‍ഭവന്തി ഭൂതാനി, പര്‍ജ്ജന്ന്യാദന്നസംഭവ: എന്ന്‍ ശ്രുതി പറയും ആ അന്നമാണെങ്കിലോ, പര്‍ജ്ജന്ന്യനില്‍നിന്ന്‍ - മേഘത്തില്‍നിന്ന്‍, ജലത്തില്‍നിന്ന്‍ - ഉണ്ടാകുന്നു. അന്നമാണ്‌ ജീവനെ സ്ര്‌ഷ്ടിക്കുന്നത്‍. ലോകത്ത്‍ കാണുന്നതൊക്കെ ഒരു ജീവിയുടെ അല്ലെങ്കില്‍ മറ്റൊരു ജീവിയുടെ/സസ്യത്തിന്റെ അന്നമാണ്‌. അന്നമല്ലാതെ യാതൊന്നും ഈ ലോകത്തില്ല.

കണ്ഠസ്ഥിതയായ ഡാകിനീശ്വരീ പയോവികാരാദി ഗുണങ്ങളുള്ള അന്നത്തെ ഉപയോഗിച്ച്‍ കണ്ഠത്തിനുവേണ്ടുന്ന തലങ്ങളെ രൂപപ്പെടുത്തുന്നത്‍ ത്വക്‍ധാതുവിനുള്ളതാണ്‌. ത്വക്കിന്റെ ദേവതയായതുകൊണ്ട്‍ ഡാകിനി മഹാശക്തിസംവ്ര്‌ത എന്ന്‍ വിശേഷിപ്പിക്കപെടുന്നു. അതിന്റെ അര്‍ത്ഥം സപ്തധാതുക്കളിലെ ഒരു ധാതുവായ ത്വക്ക്‍ മഹാധാതു എന്ന വിശേഷണത്തിന്‌ പാത്രമാകുന്നു. ത്വക്കിനെ മഹാധാതുവായിട്ടാണ്‌ ആരോഗ്യശാസ്ത്രം കണക്കാക്കുന്നത്‍. 

തന്ത്രശാസ്ത്രത്തില്‍ വിശുദ്ധിചക്രനിലയമായ പത്മത്തിന്‌ പതിനാറ്‍ ദളങ്ങളുണ്ടെന്ന്‍ പറയും. പതിനാറ്‍ കലകളെന്നും പതിനാറ്‍ തത്ത്വങ്ങളെന്നും പതിനാറ്‍ വര്‍ണ്ണങ്ങളെന്നും പതിനാറ്‍ ദളങ്ങളെന്നും പതിനാറ്‍ ദേവതകളെന്നും ഈ ചക്രത്തെപ്പറ്റി പറയും.   വിശുദ്ധിചക്രത്തില്‍ ഉപാസനചെയ്യുന്ന യോഗി ഷോഡശാക്ഷരീവിദ്യയെയാണ്‌ ഉപാസിക്കുന്നതും കൈവരിക്കുന്നതും. ഉപാസനചെയ്യുന്നവന്റെ താലുവില്‍നിന്ന്‍ അമ്ര്‌തദ്രവം സമുദ്‍ഭവമാവുകയും -അമ്ര്‌ത്‍ ഒഴുകുകയും - സാധകന്‍ അത്‍ പാനംചെയ്യുകയും ചെയ്യുമ്പോള്‍ അമ്ര്‌തത്ത്വത്തെ കൈവരിക്കുകയും ചെയ്യുന്നു. മ്ര്‌ത്യോര്‍മുക്ഷീയമാമ്ര്‌ത എന്ന ശ്രുതിവാക്യം സ്മരണീയം.

അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും അഞ്ച്‍ കര്‍മ്മേന്ദ്രിയങ്ങള്‍ക്കും പഞ്ചപ്രാണനുകള്‍ക്കും മനസ്സാകുന്ന ഇന്ദ്രിയത്തിനും, അങ്ങിനെ പതിനാറ്‍ തത്ത്വങ്ങള്‍ക്കും ഭയത്തെ ജനിപ്പിക്കുന്നവളാണ്‌ ഡാകിനീശ്വരി. ത്വക്കിന്റെ അധിഷ്ഠാധ്ര്‌ദേവതയായ ഡാകിനിയുടെ ധ്യാനശ്ലോകം ഭയഭക്തിയോടെ ജപിച്ച്‍, പയോവികാരാദി ഗുണങ്ങളുള്ള അന്നം കൊടുത്താല്‍, അന്നം കഴിച്ചാല്‍, ആ ദേവതാപ്രസാദത്താല്‍ കണ്ഠത്തിലെ രോഗങ്ങളും, ത്വക്കാകുന്ന ഇന്ദ്രിയത്തിന്റെ എല്ലാ രോഗങ്ങളും ഭേദമാവുകയും ചെയും. കണ്ഠഗോളത്തിന്റെ പതിനാറ്‍ ദേവതകളില്‍ ഒരു ദേവത പിണങ്ങിയാല്‍ പുറത്തേക്ക്‍വരുന്ന ശബ്ദാദികളില്‍ ഇടര്‍ച്ചയുണ്ടാവും, കഫത്തിന്റെ വികാരത്താല്‍ ശബ്ദങ്ങള്‍തമ്മില്‍ ചേര്‍ത്ത്‍ ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും, അനാവശ്യമായി ചുമ ഉണ്ടാവും, തുമ്മല്‍, ഇത്യാദിയൊക്കെ ഉണ്ടാവും.  ആ ദേവതകളെ ത്ര്‌പ്തരാക്കിവെക്കാന്‍ ഹിതമല്ലാത്തതും സത്യമല്ലാത്തതുമായ വാക്കുകള്‍ പറയുമ്പോള്‍, ഓരോ ശബ്ദവും വൈഖരിയായി വരുമ്പോള്‍, അതിന്റെ പിന്നില്‍ മധ്യമയും പശ്യന്തിയും അതിനെല്ലാം കാരണമായ പരയും ഉണ്ടെന്നും പരാശ്രിതമായാണ്‌ ഓരോ ശബ്ദവും വരുന്നത്‍ എന്നും അറിയണം. ഒരു ശബ്ദംപോലും അഹിതപരമോ അസത്യപരമോ ഒരു ജീവിയുടെപോലും നിലനില്‍പ്പിനെ ഖണ്ഡിക്കുന്നതോ ആവരുത്‍ എന്നുമൊക്കെ ഭാരതീയ ഋഷീശ്വരന്മാര്‍ നിര്‍ബ്ബന്ധിക്കുന്നു. 

മറ്റ്‍ ദേവതകളാല്‍ ചുറ്റപ്പെട്ട ഡാകിനീശ്വരി നിലകൊള്ളുന്നത്‍ ഒറ്റക്കല്ല. ആ ദേവതകളെ ഉപാസിക്കാനും അതിനനുഗുണമായി ജീവിക്കാനും പഠിച്ചില്ലെങ്കില്‍ ആരോഗ്യം വാര്‍ദ്ധക്യംവരെ നിലനില്‍ക്കില്ല. ഡാകിനീശ്വരിയുടെ ധ്യാനമന്ത്രം/ധ്യാനശ്ലോകം -

ഗ്രീവാധൂപേതിശുദ്ധൗ ന്ര്‌പദളകമലേ ശ്വേതവക്‍ത്രം ത്രിനേത്രം,  ഹസ്തൈ ഖട്വാംഗഖട്വാംഗൗ ത്രിശിഖമപി മഹാചര്‍മ്മസന്ധാരയന്തിം, വക്‍ത്രേണൈതേകയുക്തം പശുജനഭയദാം പായസാന്നൈകസക്താം,  ത്വക്‍സ്ഥം വന്ദേഽമ്ര്‌താഖൈഹി പരിവ്ര്‌തവപുഷാം ഡാകിനിം വീരവന്ദ്യം

ത്വക്ക്‍ മഹാധാതുവാണെന്ന്‍ (മഹാചര്‍മ്മസന്ധാരയന്തിം) സൂചിപ്പിച്ചു.  രക്തമാസാംദികളിലെ ജലാംശം കൂടുതലായാല്‍ രക്തത്തിന്‌ വികാരമുണ്ടാവുകയും ചെയ്യുമ്പോള്‍ ആ അധികരിച്ച ജലാംശത്തെ വിയര്‍പ്പായി പുറത്തേക്ക്‍ കളയുന്നു. ബാഹ്യമായ താപനില കുറയുമ്പോള്‍ രക്തത്തിനെ കട്ടപിടിക്കാന്‍ അനുവദിക്കാതെയും അതിന്‌ മറ്റ്‍ വികാരങ്ങളൊന്നും വരാതെ സംരക്ഷിക്കുകയും ചെയ്ത്‍ തണുപ്പിനെ തടഞ്ഞുനിര്‍ത്തുന്നു. കണ്ഠത്തിലൂടെ അന്നം കഴിക്കാന്‍ പറ്റാതെ രോഗി വിഷമിക്കുമ്പോള്‍ നല്ല നവരനെല്ലിന്റെ അരി പാലില്‍ വേവിച്ച്‍ നല്ലപോലെ അരച്ച്‍ ത്വക്കില്‍ തേച്ചുകൊടുത്താല്‍ ആ അന്നത്തിന്റെ സൂക്ഷ്മാംശങ്ങള്‍ മുഴുവനും ത്വക്ക്‍ ശരീരത്തിലേക്ക്‍ ആഗിരണം ചെയ്ത്‍ ജീവന്‍ നിലനിര്‍ത്തും. കണ്ഠത്തിലെ രോഗംകാരണം ശ്വാസോച്‍ഛ്വാസം അപകടത്തിലാവുമ്പോള്‍ നൂറ്റി എണ്‍പതില്‍ ഒരു ഭാഗം [1/180] പ്രാണവായുവിനെ -ഓക്‍സിജന്‍- അകത്തേക്ക്‍ കടത്തിവിടുകയും തൊണ്ണൂറില്‍ ഒരു ഭാഗം കാര്‍ബണ്‍ഡയോക്‍സൈഡിനെ പുറത്തേക്ക്‍ വിടുകയും ചെയ്ത്‍ ജീവനെ നിലനിര്‍ത്തുകയും ചെയ്യുന്നു.  ഇത്യാദികളെല്ലാം ത്വക്കിനെ മഹാധാതുവായി കാണാന്‍ കാരണമാകുന്നു.

ഓരോ നിമിഷം കഴിയുംതോറും ഈ ദേവതാരൂപങ്ങള്‍ പാരസ്പര്യത്തോടെ  ഇരുന്നാല്‍ വാര്‍ദ്ധക്യം ആനന്ദപ്രദമാകും. കുട്ടിക്കാലവും മധ്യകാലവുമൊക്കെ മറ്റുള്ളവരുടെ സഹായം വേണ്ടതാണ്‌. അതൊക്കെ കഴിഞ്ഞാല്‍ പിന്നത്തെ യാത്ര ഒറ്റക്കാണ്‌. അതിന്‌ ഉപാസനയുടെ അന്ത്രരിന്ദ്രിയദ്ര്‌ഷ്ടി ചെറുപ്പത്തില്‍ത്തന്നെ പഠിക്കുകയും ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും അനുഭവിക്കുകയും വേണം. വരാനിരിക്കുന്ന ജീവിതത്തില്‍ തനിച്ചേ ഉണ്ടാകൂ എന്ന്‍ മുമ്പില്‍കണ്ട്‍ ഉപാസിച്ചാല്‍ ആ ലോകത്തേക്ക്‍ പ്രവേശിക്കാനുള്ള സമയത്ത്‍ ഭയമേതുമില്ലാതെത്തന്നെ പ്രവേശിക്കാം.

രക്തധാതു...  അടുത്ത പോസ്റ്റില്‍...

2015 ജൂൺ 4, വ്യാഴാഴ്‌ച

ദ്ര്‌ശ്യങ്ങളുടെ പഠനം ദു:ഖപൂരിതം

ദ്ര്‌ശ്യങ്ങളെ കുറിച്ച്‍ പഠിക്കുമ്പോള്‍ അതിന്റെ സത്തതന്നെ ഇല്ലാതാകുന്നു. ത്രിവിധ ദു:ഖങ്ങള്‍ക്ക്‍ അറുതിവരുന്നില്ല, കൂടുതലാവുകയും ചെയ്യുന്നു. പഠിപ്പുള്ളവര്‍ക്ക്‍ കൂടുതലുമാണ്‌ ദു:ഖങ്ങള്‍. 

ഒരദ്ധ്യാപകന്‍ (അത്‍ സ്വന്തം വീട്ടിലെ അംഗങ്ങളോ, കുടുംബക്കാരോ, മറ്റ്‍ ആരെങ്കിലുമാവട്ടെ) അയാളുടെ വൈകല്യങ്ങളില്‍നിന്നുകൊണ്ട്‍ പഠിപ്പിക്കുമ്പോള്‍ ആ വൈകല്യങ്ങളെയൊക്കെ സാധൂകരിച്ചുകൊണ്ടാണ്‌ മുന്നേറുന്നത്‍. അത്‍ പഠിതാവില്‍ സംഘര്‍ഷങ്ങള്‍ക്ക്‍ കാരണമാകുന്നു.  ഒരദ്ധ്യാപകന്‌ ഒട്ടനവധി വൈകല്യങ്ങള്‍ ഉണ്ടാവും. മാനസികം ശാരീരികം കൗടുംബികം സാമുദായികം സാംസ്കാരികം ഇത്യാദികളിലെല്ലാം പെടുന്ന വൈകല്യങ്ങള്‍ ഉണ്ടാവും. അയാളുടെ ചില അവയവങ്ങള്‍ക്ക്‍ വൈകല്യമുണ്ടാകാം. കയ്യിനോ കാലിനോ ശേഷിക്കുറവുണ്ടാവും,  കേള്‍വി കുറവ്‍ ഉണ്ടാവും, ശബ്ദ ഉച്ഛാരണശേഷിയില്ലായ്മ ഉണ്ടാവും, കുടുംബത്തിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഉണ്ടാവും. അയാളുടെ സമുദായം മറ്റൊരു സമുദായത്തോട്‍ യോജിച്ച്‍ പോകാത്തതായിരിക്കും, സാംസ്കാരികമായി അയാള്‍ക്ക്‍ മറ്റൊരു സംസ്കാരത്തെ സ്വാംശീകരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും..  ഇത്തരത്തില്‍ ഒട്ടേറെ വൈകല്യങ്ങളില്‍ നിന്നുകൊണ്ടാണ്‌ ഒരദ്ധ്യാപകന്‍ പഠിപ്പിക്കുന്നത്‍.  ഇത്തരത്തിലുള്ള വൈകല്യങ്ങളില്‍ നിന്നുകൊണ്ട്‍ ഒരദ്ധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍, ആ വൈകല്യങ്ങളെ അയാള്‍ക്ക്‍ വൈകല്യങ്ങളായി കാണാന്‍ പറ്റുമോ..  ആ വൈകല്യങ്ങളെ ന്യായീകരിച്ചുകൊണ്ടല്ലേ അയാള്‍ക്ക്‍ പഠിപ്പിക്കാന്‍ പറ്റൂ...  ആ വ്യക്തി ഓരോന്നിനേയും എടുത്ത്‍ കാണുമ്പോള്‍ ആ കാഴ്ചയില്‍ അയാളില്‍ നിഹിതമായ വൈകല്യങ്ങള്‍ പങ്കുവഹിക്കുമോ... തീര്‍ച്ചയായും.  ആ കാണുന്നവന്‍ അയാള്‍ കാണുന്ന തലത്തില്‍ അതിനെ മറ്റൊരാള്‍ക്ക്‍ പഠിപ്പിച്ച് കൊടുത്താല്‍, പഠിപ്പിന്‌ വിധേയമാകുന്നവന്‍ അസ്വതന്ത്രമായ ഒരു കാഴ്ചയിലേക്കാണ്‌ മാറുന്നത്‍. സ്വതന്ത്രതയിലേക്കല്ല.  ഇത്‍ പുരോഗതിയോ അധോഗതിയോ..   തീര്‍ച്ചയായും അധോഗതിതന്നെ. ഞാന്‍ കാണുന്നപോലെ നീ കാണണമെന്ന ഒരു സങ്കേതം അതിലുണ്ട്‌. പുരോഗമിക്കുംതോറും മതങ്ങള്‍, ജാതികള്‍, വര്‍ഗ്ഗങ്ങള്‍, വര്‍ണ്ണങ്ങള്‍, സംഘങ്ങള്‍, വിവിധ ശാസ്ത്രമാത്ര്‌കകള്‍, വിവിധ രാഷ്ട്രങ്ങള്‍, വിവിധ ദേശീയ സംസ്കാരങ്ങള്‍, വിവിധ ഭാഷകള്‍, ഇവിടെയെല്ലാം അസ്വതന്ത്രനായി, ആപേക്ഷികനായി നിന്നുകൊണ്ടാണ്‌ ഓരോരുത്തനും തന്റെ ദ്ര്‌ശ്യത്തെ കാണുന്നത്‍. അങ്ങിനെ പഠിക്കുമ്പോള്‍ ഞാന്‍ എത്തിപ്പെടുന്ന നിഗമനങ്ങളിലെ ഗുണങ്ങളും അവഗുണങ്ങളും ആ വസ്തുവിന്റെതായിരിക്കുമോ, എന്റെ മമതയുടേതായിരിക്കുമോ... തീര്‍ച്ചയായും എന്റെ മമതയുടേതായിരിക്കും. ഒരു വസ്തുവിനെ കുറിച്ച്‍ പഠിക്കുമ്പോള്‍,   എത്ര ഇസങ്ങളുണ്ടോ, അതില്‍ എത്ര വ്യക്തികളുണ്ടോ, അത്രയും വിത്യസ്തങ്ങളായ കാഴ്ചകളുണ്ടാവും . കാഴ്ച സ്വതന്ത്രമല്ല. ദ്ര്‌ശ്യങ്ങളെ പഠിക്കാന്‍പോയാല്‍ സ്വാതന്ത്ര്യത്തിലേക്ക്‍ ജനം എത്തില്ല,  ആനന്ദത്തിലേക്കും എത്തില്ല. ദു:ഖനിവ്ര്‌ത്തി വെറുമൊരു സിദ്ധാന്തമായി ഗ്രന്ഥങ്ങളിലെ അക്ഷരക്കൂട്ടങ്ങളില്‍ ഇരിക്കുകയും ചെയ്യും.   

ബാഹ്യലോകത്തെ കാണുന്നതിനുമുമ്പ്‍ ജന്മജന്മാന്തരങ്ങളായി എന്നെ ബന്ധിച്ചുനിര്‍ത്തിയിരിക്കുന്ന രാഗദ്വേഷാദികളെ കളഞ്ഞിട്ട്‍ കാണണം എന്ന്‍ ഭാരതീയ ഋഷീശ്വരന്മാര്‍ ഘോഷിച്ചു. അതൊന്നും നമ്മളാരും കാണാറില്ല, കണ്ടാലും ശ്രദ്ധിക്കാറില്ല. 

ഉപനിഷദ്‍ പഠനം കഴിഞ്ഞ്‍ ഒരു ഉയര്‍ന്ന തലത്തിലെത്തിയവര്‍ക്കുള്ളതാണ്‌ പുരാണങ്ങളും ഇതിഹാസങ്ങളുമെന്ന്‍ ആധുനികര്‍ വിശ്വസിക്കുന്നില്ല. വേദങ്ങള്‍ ബാല്യത്തിലാണ്‌ പഠിച്ചിരുന്നത്‍. പുരാണങ്ങള്‍ ആ സമയത്ത്‍ പഠിപ്പിച്ചിരുന്നുമില്ല. ശ്രുതി പഠിച്ചവരാണ്‌ ഇതിഹാസങ്ങളെയും പുരാണങ്ങളെയും കൈകാര്യം ചെയ്തിരുന്നത്‍. വേദങ്ങളെ പകുത്ത്‍ നാലായി തിരിച്ച്‍, ഉപവേദങ്ങളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും കഴിഞ്ഞ്‍ ഉപനിഷത്ത്യാദികളുടെ സംഗ്രഹങ്ങളും കഴിഞ്ഞിട്ടാന്‌ വ്യാസാദികള്‍ പുരാണങ്ങള്‍ രചിച്ചത്‍. അതിനുംശേഷമാണ്‌ ഇതിഹാസങ്ങളുടെ രചന.   വേദനിര്‍ദ്ധിഷ്ടമായ ഔന്നത്യത്തിലെത്തിക്കഴിഞ്ഞ്‍ ഭാവനാരൂപത്തില്‍ കണ്ടെത്തിയിട്ടുള്ളതാണ്‌ കഥകളെല്ലാം. അതിന്റെ സൂത്രവാക്യങ്ങള്‍ പഠിക്കാതെ അവയിലെ കഥകളില്‍ താല്‍പര്യംതോന്നി അതിലൂടെ സഞ്ചരിച്ചാല്‍ സത്യം വിദൂരസ്തമാകാനിടയുണ്ട്‍. 

ഒരു വ്യക്തി, അല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍, ഒരു ദ്ര്‌ശ്യത്തെ കുറിച്ച്‍ പഠിക്കുമ്പോള്‍, പഠിക്കുന്ന ദ്ര്‌ശ്യങ്ങള്‍ക്ക്‍ മാറ്റം വരുന്നില്ല.  പഠനവിധേയമാകുന്ന ദ്ര്‌ശ്യങ്ങള്‍ക്ക്‍ മാറ്റം വരുന്നില്ലെങ്കില്‍ പിന്നെ എങ്ങിനെയാണ്‌ പഠിക്കുന്നവനില്‍ മാറ്റമുണ്ടാവുക.  ദ്ര്‌ശ്യത്തിന്‌ മാറ്റമില്ലെങ്കില്‍ ദ്ര്‌ക്കിന്‌ എങ്ങിനെ മാറ്റമുണ്ടാകും.
അതുകൊണ്ട്‍ ഋഷീശ്വരന്മാര്‍ ദ്ര്‌ശ്യങ്ങള്‍ക്ക്‍ അപ്രധാനമായ സ്ഥാനമേ നല്‍കിയിരുന്നുള്ളു. അദ്ര്‌ഷ്ടമായ ചൈതന്യവിശേഷത്തിനെയാണ്‌ പഠിക്കേണ്ടത്‍. എന്നിലിരിക്കുന്ന അദ്ര്‌ഷ്ടശക്തിയെകുറിച്ച്‍ പഠിക്കാനിറങ്ങുന്നതോടെ എല്ലാ ദ്ര്‌ശ്യങ്ങളും എന്നില്‍ത്തന്നെ വിലയം പ്രാപിക്കുന്നു, വിലീനമാകുന്നു.  നിന്നിടും ദ്ര്‌ക്കുപോലുള്ളം നിന്നിലസ്പന്ദമായിടും..   പിന്നെ എനിക്ക്‍ പഠിക്കാനായി ഒന്നും ഇല്ലാത്താകുന്നു.