ആത്മാ ശബ്‍ദത്തിന് ആത്മാവ്‍ എന്ന്‍ മാത്രമല്ല അര്‍ഥമുള്ളത്‍. ആത്മാര്‍ത്ഥത എന്ന്‍ പറയുമ്പോള്‍ അതില്‍ ആത്മാവ്‍ ചേരുന്നില്ല. അതിനെ വ്യക്തിസത്തയിലെ "ഞാന്‍" എന്നും വ്യാവഹാരികമായി അര്‍ഥം പറയും. ആത്മകഥ, ആത്മസുഖം ഇത്യാദി ശബ്‍ദങ്ങള്‍ വ്യക്തിസത്തയെ (individuality)യാണ് ബാധിക്കുന്നത്‍. ആത്മാവിനെ അല്ല. ഈ തലത്തില്‍ വേണം ആത്മാര്‍ത്ഥത എന്ന ശബ്‍ദത്തിന്റെ അര്‍ത്ഥവും നിരൂപിക്കാന്‍. വ്യക്തിസത്തയിലെ ഞാനിന്, (എനിക്ക്‍) ഉണ്ടാകുന്ന അര്‍ത്ഥിക്കല്‍, ആഗ്രഹം. ആ ആഗ്രഹത്തിനോട്‍ ഏറ്റവും അടുത്ത്‍ചേര്‍ന്ന്‍ (ഉപസമീപേ), ഇനി അടുക്കാന്‍ പറ്റാത്തത്രയും അടുത്ത്‍, അത്രയും ഗൗരവത്തോടെ, എന്ന്‍ അര്‍ത്ഥം. ആത്മാര്‍ത്ഥത ശരീരത്തിനെയും ഇന്ദ്രിയങ്ങളെയും മനസ്സിനെയും പരിഗണിച്ചുള്ളതാണ്. ജാഗ്രത്ത്‍, മഹാജാഗ്രത്ത്‍, ബീജജാഗ്രത്ത്‍, ജാഗ്രത്‍-സ്വപ്‍നം തുടങ്ങിയ അവസ്ഥകളെ സമീചീനമായി സമന്വയിപ്പിച്ച്‍ ചെയ്യുന്ന ഏതൊരു കര്‍മ്മത്തിനും ആത്മാര്‍ത്ഥത എന്ന സിദ്ധാന്തം യോജിക്കും. എന്നാല്‍ അതൊന്നും ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാര്‍ത്ഥതക്ക്‍ സത്യമെന്നോ അസത്യമെന്നോ വഞ്ചനയെന്നോ ധര്‍മ്മമെന്നോ സ്വാര്‍ത്ഥതയെന്നോ ഒന്നും ഇല്ല. സ്വാര്‍ത്ഥതയോടുകൂടി ചെയ്യേണ്ടുന്ന കര്‍മ്മമാണെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്യാം. ശരിയോ ശരിയല്ലാത്തതോ ആയ ഏതൊരു കര്‍മ്മത്തിനും ആത്മാര്‍ത്ഥത ആവാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ