2015 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

പരോക്ഷവാദോ വേദോഽയം


രോഗത്തിനാണ്‌ ഔഷധവും ചികിത്സയും. ഔഷധം ആഹാരമല്ല. അത്‍ എന്നും കഴിക്കാനുള്ളതുമല്ല. രോഗം ശമിച്ചാല്‍ ഔഷധവും ഉപേക്ഷിക്കണം. അത്‍ കഴിച്ചുകൊണ്ടേയിരുന്നാല്‍ ഇല്ലാത്ത രോഗങ്ങളൊക്കെ ഊണ്ടാവും.  നല്ലതും നല്ലതല്ലാത്തതും വേര്‍തിരിച്ചറിയാന്‍ കഴിവില്ലാത്ത അവസ്ഥയാണ്‌ ബാല്യം. ഒരു ബാലന്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ അത്‍ അവന്റെ അറിവില്ലായ്മകൊണ്ടാണെന്ന്‍ മനസ്സിലാക്കി അവനെ തിരുത്തേണ്ട കടമ രക്ഷിതാക്കളുടേതാണ്‌. ലക്ഷോപലക്ഷം ക്ഷുദ്രയോനികളില്‍ ജനിച്ച്‍ മരിച്ചതിനുശേഷം കിട്ടുന്നതാണ്‌ വിശിഷ്ഠമായ മനുഷ്യജന്മം. അതുകൊണ്ടുതന്നെ ആത്യന്തിക ദു:ഖ നിവ്ര്‌ത്തിയാണ്‌ മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യവും.  **വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്മൂലനം** താപത്രയങ്ങളുടെ ഉന്മൂലനം. മൂന്നുവിധത്തിലുള്ള ദു:ഖങ്ങളില്‍നിന്നുമുള്ള ആത്യന്തിക നിവ്ര്‌ത്തി. ബാഹ്യമായ കാരണങ്ങളാല്‍ ഉണ്ടാകുന്ന ദു:ഖം, ശരീരത്തിനുണ്ടാകുന്ന ദു:ഖം, മാനസിക ദു:ഖം എന്നിങ്ങനെ ദു:ഖം മൂന്നുവിധത്തില്‍.  ഈ ദു:ഖങ്ങളില്‍ നിന്നെല്ലാം വിടുതല്‍ നേടാനായിക്കൊണ്ടാണ്‌ വേദങ്ങളില്‍ കര്‍മ്മത്തെ പരാമര്‍ശിക്കുന്നത്‍. കുട്ടി ജനിച്ച്‍ ബാല്യത്തിലെത്തുമ്പോള്‍ വേദ നിര്‍ദ്ദിഷ്ടമായ കര്‍മ്മങ്ങള്‍ ചെയ്യിപ്പിക്കുന്നു. അതിലൂടെ മുന്നേറുമ്പോള്‍ വേദ ശബ്ദങ്ങളുടെ ലക്ഷ്യാര്‍ത്ഥം സ്‍ഫുരിക്കും. ലക്ഷ്യാര്‍ത്ഥത്തിലേക്ക്‍ നീങ്ങണമെങ്കില്‍ കര്‍മ്മങ്ങളെല്ലാം അസ്തമിക്കണമെന്ന്‍ ബോധ്യപ്പെടുകയും ചെയ്യും.  ഇതെങ്ങനെ സിദ്ധമാകും എന്ന്‍ ചിന്തിക്കുകയും അതിനായിട്ടുള്ള അന്വേഷണം തുടരുകയും ചെയ്യുന്നു. കര്‍മ്മങ്ങളില്‍നിന്ന്‍ മുക്തിനേടാനായിക്കൊണ്ടാണ്‌ കര്‍മ്മകാണ്ഡമെന്ന്‍ മനസ്സിലാകുന്നത്‍ വേദവാണികള്‍ പരോക്ഷവാദീയമാണെന്ന്‍ അറിയുമ്പോഴാണ്‌. ഇതറിയുന്നതുവരെ അറിവിന്റെ കാര്യത്തില്‍ അവന്‍ കുട്ടിതന്നെയാണ്‌, ബാലനാണ്‌.  ബന്ധങ്ങളെന്ന ബന്ധനമാണ്‌ രോഗം. ആ ബന്ധനങ്ങളാകുന്ന രോഗത്തില്‍നിന്ന്‍ മുക്തിനേടാനായിക്കൊണ്ട്‍ കര്‍മ്മങ്ങളെന്ന ഔഷധം കുറിച്ചിരിക്കുന്നു.  സകല കര്‍മ്മങ്ങളില്‍നിന്നുമുള്ള മുക്തിയാണ് കര്‍മ്മമെന്ന ഔഷധംകൊണ്ട്‍ ധരിക്കേണ്ടത്‍. 

പരോക്ഷവാദോ വേദോഽയം ബാലാനാമനുശാസനം
കര്‍മ്മ മോക്ഷായ കര്‍മ്മാണി വിധത്തേ ഹ്ര്‌ഗദം യഥാ

ഈ വേദം പരോക്ഷവാദമാകുന്നു. അറിവില്ലാത്തവരെ അനുശാസിക്കാനായിട്ടാണത്‍. കര്‍മ്മങ്ങളെ മോചിപ്പിക്കുവാനായി കര്‍മ്മങ്ങളെ വിധിച്ചിരിക്കുന്നു, (രോഗത്തിന്‌) ഔഷധമെന്നപോലെ. 

രോഗമില്ലാത്ത അവസ്ഥ സുഖാവസ്ഥയാണ്‌.  ഇന്ന്‍ സുഖത്തിന്‌ രോഗം വന്നിരിക്കുന്നു. സുഖത്തിനുംകൂടി ചികിത്സിക്കുന്ന ഒരു കാലത്താണ്‌ നാമൊക്കെ ജീവിക്കുന്നത്‍. സുഖചികിത്സ.. എത്ര വിരോധാഭാസമുള്ളൊരു പദപ്രയോഗമാണ്‌... സുഖത്തിനെ ആരെങ്കിലും ചികിത്സിക്കുമോ.. സുഖചികിത്സ..  ഹ ഹ, എന്തൊരു പ്രയോഗം!!  മനസ്സമാധാനം എന്ന്‍ പറയുന്നപോലെ.  മനസ്സുള്ളിടത്തോളം സമാധാനമുണ്ടാവില്ല. ചിന്തകളുടെ കൂമ്പാരത്തെയാണ്‌ മനസ്സെന്ന്‍ പറയുന്നത്‍. മനസ്സ്‍ ഉള്ളിടത്ത്‍ സമാധാനാമുണ്ടാകുമോ.. ഒരിക്കലുമില്ല. സമാധാനമുള്ളിടത്ത്‍ മനസ്സില്ല. മനസ്സിന്റെ ലയനമാണ്‌ സമാധാനം, ശാന്തി എല്ലാം. ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവുന്നില്ലല്ലോ ആര്‍ക്കും...  പിന്നെയും പറയും ഒരു മനസ്സമാധാനോം ഇല്ലാ എന്ന്‍...


അഭിപ്രായങ്ങളൊന്നുമില്ല: