2015 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

കര്‍മ്മം നിവര്‍ത്തിച്ചേ അടങ്ങു


ഒരു വ്ര്‌ത്ത പരിധി എങ്ങിനെയാണോ അതിന്റെ പ്രാരംഭബിന്ദുവില്‍ പൂര്‍ത്തിയാകുന്നത്‍, അതുപോലെ മനുഷ്യന്‍ ബുദ്ധിപൂര്‍വ്വമായോ ബുദ്ധിഹീനമായോ പ്രവര്‍ത്തിപ്പിക്കുന്ന ഓരോ പ്രാപഞ്ചിക ഊര്‍ജ്ജങ്ങളും - ഓരോ കര്‍മ്മത്തിന്റെ ഫലവും - അവയുടെ പ്രാരംഭബിന്ദു എന്ന നിലയില്‍ അവനിലേക്കുതന്നെ തിരിച്ചെത്തണം. കര്‍മ്മത്തിന്റെ, കര്‍മ്മഫലത്തിന്റെ ഗതി അത്യന്തം സൂക്ഷ്മമാണെന്ന്‍ - ഗഹനാ കര്‍മ്മണോ ഗതി - എന്ന്‍, ബ്രഹ്മത്തിന്റെ പൂര്‍ണ്ണാവതാരമായ ഭഗവാന്‍ ശ്രീക്ര്‌ഷ്ണന്‍തന്നെ നമുക്ക്‍ സുതരാം വ്യക്തമാക്കിത്തന്നിരിക്കുന്നു.  വളരെ ഭംഗിയായി നാം ഒരു കര്‍മ്മം ചെയ്ത്‍ തീര്‍ത്തു എന്ന്‍ സ്വയം ബോധ്യപ്പെട്ടാലും, അത്‍ എത്രതന്നെ നിഷ്കാമമായിട്ടാണെങ്കിലും, ആ കര്‍മ്മത്തിന്റെ ഫലം എന്നിലേക്ക്‍തന്നെ തിരിച്ച്‍ വന്ന്‍ എന്നില്‍ത്തന്നെ നിവര്‍ത്തിക്കുമ്പോള്‍ മാത്രമേ അത്‍ അതിന്റെ പ്രാരംഭബിന്ദുവില്‍ എത്തി പൂര്‍ണ്ണമാകുന്നുള്ളു.  എല്ലാ കര്‍മ്മത്തിനും അതിന്റെ ഫലമുണ്ട്‍ എന്ന ഒരു സാമാന്യ ബോധം മാത്രമേ മനുഷ്യന്‍ ധരിക്കുന്നുള്ളു. എന്നാല്‍ ഓരോ കര്‍മ്മത്തിന്റെ അന്തിമമായ വിലീനത്വം, അത്‍ അവനവനില്‍ത്തന്നെ തിരിച്ചുവന്ന്‍ അതിന്റെ ചാക്രികം പൂര്‍ത്തിയാക്കണം, പൂര്‍ത്തിയാവുകയും ചെയ്യുന്നു. ഈ ജന്മത്തിലല്ലെങ്കില്‍, അതിനുവേണ്ടി മാത്രമായി വേറൊരു ജന്മംതന്നെ വേണ്ടിവരുന്നു. കര്‍മ്മഫലത്തിന്‌ പല ഗഹനഗതികളും ഉണ്ടായിരിക്കാമെങ്കിലും, ഈ ഒരു തലം അല്‍പ്പാല്‍പ്പമായെങ്കിലും ഉള്ളിലേക്ക്‍ കയറിയാല്‍, സാവധാനം മനനംചെയ്ത്‌ സത്തിനെ ഉള്‍ക്കൊണ്ടാല്‍, അതുമാത്രംമതി മാനവനെ ജാഗ്രത്താക്കാന്‍...  ഒരു ജീവിയെ ഉപദ്രവിക്കുവാനോ അതിനെ കൊല്ലാനോ തുടങ്ങുമ്പോള്‍, ഹേ ജഗദീശ്വരാ, ഈ ജീവി എന്റെ നാളെകളില്‍ എന്റെ ജീവിതത്തില്‍ വന്നെത്തുകയും എന്നെ ഈ വിധം ഉപദ്രവിക്കുകയോ കൊല്ലുകയോ ഒക്കെ ചെയ്യില്ലേ... എന്ന ചിന്ത ഉദിച്ചാല്‍, ചെയ്യാന്‍ മുതിര്‍ന്ന ആ പാപകര്‍മ്മത്തില്‍നിന്ന്‍ നാം പിന്‍തിരിയും..


അഭിപ്രായങ്ങളൊന്നുമില്ല: