2015 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

തത്‍ ത്വം അസി



ഞാന്‍ ഈശ്വരനാണ്‌/ബ്രഹ്മമാണ്‌ (അഹം ബ്രഹ്മാസ്മി) എന്ന്‍ സങ്കല്‍പ്പിക്കുന്നത്‍ ശരിയായ പഠന-പാഠന രീതിയല്ല. ഒന്നാമത്‍ ബ്രഹ്മം എന്താണെന്ന്‍തന്നെ അറിയില്ല. അറിയാത്ത ബ്രഹ്മത്തിനെ സങ്കല്‍പ്പിക്കുമ്പോള്‍ അത്‍ എന്തോ ആകാശം മുട്ടുവോളം വലിപ്പമുള്ളതോ, എന്തൊക്കെയോ അപാരശക്തികളുള്ളതോ എന്റെ സകല കര്‍മ്മങ്ങള്‍ക്കും എവിടെയോ മറഞ്ഞിരുന്ന്‍, എന്തെല്ലാമോ ഫലം തരുന്നതോ, ഇത്യാദി, ഒക്കെയായ ജീവനുള്ള ഒരു മഹാ ജീവിയെയൊക്കെ സങ്കല്‍പ്പിക്കും. അതാണ്‌ ഞാനെന്നും സങ്കല്‍പ്പിക്കും. അല്ലെങ്കിലേ അഹങ്കാരംകൊണ്ട്‍ കണ്ണുകാണാത്ത മനുഷ്യന്‍ അങ്ങിനെയൊക്കെ ചിന്തിക്കുമ്പോള്‍, അഹങ്കാരംകൊണ്ട്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങും എന്നല്ലാതെ വേറൊന്നും സംഭവിക്കില്ല.   പ്രജ്ഞാനം ബ്രഹ്മ: അല്ലെങ്കില്‍ സര്‍വ്വം ഖല്വിതം ബ്രഹ്മ: എന്നാണ്‌ ആദ്യം ആചാര്യന്‍ പഠിപ്പിക്കുന്നത്‍. ഇത്‍ ശിഷ്യനില്‍ ഇദംവ്ര്‌ത്തിയെ വളര്‍ത്തുന്നു. ഇതെന്ത്‍? എന്ന ചോദ്യം അവനവനില്‍ ഉത്ഭൂതമാകുന്നു. അപ്പോള്‍ ആചാര്യന്‍ പറയും, വത്സാ ബ്രഹ്മത്തിന്റെ സ്വരൂപം പ്രജ്ഞാനമാണ്‌, അതല്ലാതെ എങ്ങും ഏതിലും മറ്റൊന്നുമില്ല, അതുകൊണ്ടുതന്നെ അത്‍ സര്‍വ്വം ഖല്വിതം ബ്രഹ്മ: എന്നും അറിയണം. അപ്പോഴും ശിഷ്യന്‌ തന്റെ മനോവ്ര്‌ത്തികള്‍ നിവര്‍ത്തിക്കുന്നില്ല. അടുത്ത സംശയം വരുന്നു, ആചാര്യാ അങ്ങിനെയാണെങ്കില്‍ അത്‍ എങ്ങിനെ ബോധ്യമാകും, ഞാന്‍ അതിനെ എവിടെയാണ്‌ തിരയേണ്ടത്‍. അന്നേരം ആചാര്യന്‍ പറയുന്നതാണ്‌, ഹേ വത്സ അതുതന്നെയാണ്‌ - തത്‍ ത്വം അസി -  അത്‍ നീതന്നെയാണ്‌, എന്നുവെച്ചാല്‍ നിന്നില്‍ അഹം അഹം എന്ന്‍ സദാ സ്‍ഫുരിച്ചുകൊണ്ടിരിക്കുന്ന ആ ഒരു വസ്തുവുണ്ടല്ലോ, അതിനെ നീ കണ്ടില്ല, അതിനെ നീ ശ്രദ്ധിച്ചില്ല, നീ അറിഞ്ഞില്ല.  ആ അഹമഹമെന്ന്‍ - ഞാന്‍ ഞാന്‍ - എന്ന്‍ - എവിടെനിന്നാണോ സ്‍ഫുരിക്കുന്നത്‍, അതിന്റെ മൂലം ഏതാണോ, അവിടേക്ക്‍ ശ്രദ്ധിക്കൂ. ഉത്തമശിഷ്യന്‌ അധികമൊന്നും കൊടുക്കേണ്ടതില്ല. ശരീരത്തെയും നിഷേധിച്ച്‍ മനസ്സിനെയും നിഷേധിച്ച്‍ കഴിയുമ്പോള്‍ അവിടെ ഒരു ഇരുട്ട്‍ - ഒരു മൂടുപടം - ശിഷ്യന്‌ ബോധ്യപ്പെടുന്നു. അപ്പൊ ശിഷ്യന്‍ വീണ്ടും ജാഗ്രത്തിലേക്ക്‍വന്ന്‍ ആചാര്യനോടായി പറയുന്നു, ആചാര്യാ! അവിടെ വെറും തമസ്സാണല്ലൊ അനുഭൂതമാകുന്നത്‍.  ഹേ വത്സാ, അത്‍ നിന്റെ ചിത്ത്‍ ആണ്‌. ആ തമസ്സിനെ/ഇരുട്ടിനെ ശ്രദ്ധിക്കുക, അതിനെത്തന്നെ ധ്യാനിക്കുക.  വീണ്ടും ആ ഇരുട്ടിനെ -ചിത്തിനെ- ധ്യാനിക്കുന്ന ശിഷ്യന്‍ അതിനുമപ്പുറത്തേക്ക്‍ കടക്കുമ്പോള്‍, അതിനെക്കൂടി നിഷേധിക്കുമ്പോള്‍, ആ ഇരുട്ടും നീങ്ങി ആ അഹമെന്ന വ്യക്തിസത്ത ദ്ര്‌ഷ്ടമാവുകയും, അതില്‍ത്തന്നെ നിന്റെ (സു)ദ്ര്‌ഷ്ടി കേന്ദ്രീകരിക്കുമ്പോള്‍, വ്യക്തിസത്തയാകുന്ന അഹം മറിഞ്ഞ്‍ വ്യഷ്ടിസത്തയാകുന്ന അഹത്തിന്റെ ബോധമുദിക്കുകയും ചെയ്യുന്നു. അപ്പോള്‍ ശിഷ്യന്‍തന്നെ പറയുന്നു, അഹം ബ്രഹ്മാസ്മി എന്ന്‍. 


ഭാഗവതത്തിലെ സന്താനഗോപാലം പ്രകരണത്തില്‍ ഭഗവാന്‍ ക്ര്‌ഷണന്‍ അര്‍ജ്ജുനനെ പാലാഴിയിലേക്ക്‍ കൂട്ടിക്കൊണ്ടുപോകുന്ന രംഗം വര്‍ണ്ണിക്കുന്നുണ്ട്‍. കുറെ ദൂരം യാത്രചെയ്തപ്പോള്‍ അസഹ്യമായ ഇരുട്ടാണ്‌ അനുഭവിക്കുന്നത്‍. അവിടെ ശ്രീക്ര്‌ഷ്ണന്‍ തന്റെ സുദര്‍ശനചക്രത്താല്‍ ആ ഇരുട്ടിനെയെല്ലാം പ്രഭാപൂരിതമായ വെളിച്ചമാക്കി. അതോടെ പാലാഴിയും നാരായണനും എല്ലാം ദ്ര്‌ശ്യമാകുന്നതാണ്‌ കഥ. ഇത്‌ സ്മരണീയം. ഇതിന്റെ തത്ത്വത്തെ മനനംചെയ്ത്‌ ഗ്രഹിക്കാന്‍ ശ്രമിക്കുക.


ഈ ജഗത്തുമുഴുവനും ഈശ്വരമയമാണെന്ന്‍ സങ്കല്‍പ്പിക്കുമ്പോള്‍ സങ്കല്‍പ്പിക്കുന്നവന്റെ അകത്തും പുറത്തും ഈശ്വരന്‍ മാത്രമേ ഉള്ളു എന്ന ബോധം ഉണരും. ഇതാണ്‌ ഉത്തമമെന്ന്‍ പലപല സങ്കേതങ്ങളിലും കാണുന്നു. അതുകൊണ്ട്‍ സൂചിപ്പിച്ചെന്ന്‍ മാത്രം.  (ഈശ്വരനല്ലാതെ ഇവിടെ വേറെ ഒന്നുമില്ലെന്ന്‍ മനസ്സില്‍ തോന്നണമെങ്കില്‍ത്തന്നെ എത്രമുന്നോട്ട്‍ സഞ്ചരിക്കണം എന്ന്‍ ഊഹിക്കുക) ഓരോരുത്തര്‍ക്കും അവരവരുടെ പ്രിയവും വഴിയുമൊക്കെ ഉണ്ടാകുമെന്നത്‍ ശരിതന്നെ. പക്ഷെ അതൊന്നും ഫലപ്രാപ്തിക്ക്‍ ഉതകിക്കൊള്ളണമെന്നില്ല. തീര്‍ത്തും പ്രാഥമികതയിലുള്ളവര്‍ക്ക്‍ അവരവരുടെ പ്രിയവും വഴിയുമൊക്കെ അധ്യാത്മത്തിന്റെ പാതയിലേക്ക്‍ എത്തിപ്പെടാന്‍ സഹായിച്ചേക്കാം. ആചാര്യവചനങ്ങള്‍തന്നെയാണ്‌ ആത്യന്തികമെന്ന്‍ ഉറച്ച്‍ നീങ്ങണം. 

അഭിപ്രായങ്ങളൊന്നുമില്ല: