2015 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

തത്‍ ത്വം അസി



ഞാന്‍ ഈശ്വരനാണ്‌/ബ്രഹ്മമാണ്‌ (അഹം ബ്രഹ്മാസ്മി) എന്ന്‍ സങ്കല്‍പ്പിക്കുന്നത്‍ ശരിയായ പഠന-പാഠന രീതിയല്ല. ഒന്നാമത്‍ ബ്രഹ്മം എന്താണെന്ന്‍തന്നെ അറിയില്ല. അറിയാത്ത ബ്രഹ്മത്തിനെ സങ്കല്‍പ്പിക്കുമ്പോള്‍ അത്‍ എന്തോ ആകാശം മുട്ടുവോളം വലിപ്പമുള്ളതോ, എന്തൊക്കെയോ അപാരശക്തികളുള്ളതോ എന്റെ സകല കര്‍മ്മങ്ങള്‍ക്കും എവിടെയോ മറഞ്ഞിരുന്ന്‍, എന്തെല്ലാമോ ഫലം തരുന്നതോ, ഇത്യാദി, ഒക്കെയായ ജീവനുള്ള ഒരു മഹാ ജീവിയെയൊക്കെ സങ്കല്‍പ്പിക്കും. അതാണ്‌ ഞാനെന്നും സങ്കല്‍പ്പിക്കും. അല്ലെങ്കിലേ അഹങ്കാരംകൊണ്ട്‍ കണ്ണുകാണാത്ത മനുഷ്യന്‍ അങ്ങിനെയൊക്കെ ചിന്തിക്കുമ്പോള്‍, അഹങ്കാരംകൊണ്ട്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങും എന്നല്ലാതെ വേറൊന്നും സംഭവിക്കില്ല.   പ്രജ്ഞാനം ബ്രഹ്മ: അല്ലെങ്കില്‍ സര്‍വ്വം ഖല്വിതം ബ്രഹ്മ: എന്നാണ്‌ ആദ്യം ആചാര്യന്‍ പഠിപ്പിക്കുന്നത്‍. ഇത്‍ ശിഷ്യനില്‍ ഇദംവ്ര്‌ത്തിയെ വളര്‍ത്തുന്നു. ഇതെന്ത്‍? എന്ന ചോദ്യം അവനവനില്‍ ഉത്ഭൂതമാകുന്നു. അപ്പോള്‍ ആചാര്യന്‍ പറയും, വത്സാ ബ്രഹ്മത്തിന്റെ സ്വരൂപം പ്രജ്ഞാനമാണ്‌, അതല്ലാതെ എങ്ങും ഏതിലും മറ്റൊന്നുമില്ല, അതുകൊണ്ടുതന്നെ അത്‍ സര്‍വ്വം ഖല്വിതം ബ്രഹ്മ: എന്നും അറിയണം. അപ്പോഴും ശിഷ്യന്‌ തന്റെ മനോവ്ര്‌ത്തികള്‍ നിവര്‍ത്തിക്കുന്നില്ല. അടുത്ത സംശയം വരുന്നു, ആചാര്യാ അങ്ങിനെയാണെങ്കില്‍ അത്‍ എങ്ങിനെ ബോധ്യമാകും, ഞാന്‍ അതിനെ എവിടെയാണ്‌ തിരയേണ്ടത്‍. അന്നേരം ആചാര്യന്‍ പറയുന്നതാണ്‌, ഹേ വത്സ അതുതന്നെയാണ്‌ - തത്‍ ത്വം അസി -  അത്‍ നീതന്നെയാണ്‌, എന്നുവെച്ചാല്‍ നിന്നില്‍ അഹം അഹം എന്ന്‍ സദാ സ്‍ഫുരിച്ചുകൊണ്ടിരിക്കുന്ന ആ ഒരു വസ്തുവുണ്ടല്ലോ, അതിനെ നീ കണ്ടില്ല, അതിനെ നീ ശ്രദ്ധിച്ചില്ല, നീ അറിഞ്ഞില്ല.  ആ അഹമഹമെന്ന്‍ - ഞാന്‍ ഞാന്‍ - എന്ന്‍ - എവിടെനിന്നാണോ സ്‍ഫുരിക്കുന്നത്‍, അതിന്റെ മൂലം ഏതാണോ, അവിടേക്ക്‍ ശ്രദ്ധിക്കൂ. ഉത്തമശിഷ്യന്‌ അധികമൊന്നും കൊടുക്കേണ്ടതില്ല. ശരീരത്തെയും നിഷേധിച്ച്‍ മനസ്സിനെയും നിഷേധിച്ച്‍ കഴിയുമ്പോള്‍ അവിടെ ഒരു ഇരുട്ട്‍ - ഒരു മൂടുപടം - ശിഷ്യന്‌ ബോധ്യപ്പെടുന്നു. അപ്പൊ ശിഷ്യന്‍ വീണ്ടും ജാഗ്രത്തിലേക്ക്‍വന്ന്‍ ആചാര്യനോടായി പറയുന്നു, ആചാര്യാ! അവിടെ വെറും തമസ്സാണല്ലൊ അനുഭൂതമാകുന്നത്‍.  ഹേ വത്സാ, അത്‍ നിന്റെ ചിത്ത്‍ ആണ്‌. ആ തമസ്സിനെ/ഇരുട്ടിനെ ശ്രദ്ധിക്കുക, അതിനെത്തന്നെ ധ്യാനിക്കുക.  വീണ്ടും ആ ഇരുട്ടിനെ -ചിത്തിനെ- ധ്യാനിക്കുന്ന ശിഷ്യന്‍ അതിനുമപ്പുറത്തേക്ക്‍ കടക്കുമ്പോള്‍, അതിനെക്കൂടി നിഷേധിക്കുമ്പോള്‍, ആ ഇരുട്ടും നീങ്ങി ആ അഹമെന്ന വ്യക്തിസത്ത ദ്ര്‌ഷ്ടമാവുകയും, അതില്‍ത്തന്നെ നിന്റെ (സു)ദ്ര്‌ഷ്ടി കേന്ദ്രീകരിക്കുമ്പോള്‍, വ്യക്തിസത്തയാകുന്ന അഹം മറിഞ്ഞ്‍ വ്യഷ്ടിസത്തയാകുന്ന അഹത്തിന്റെ ബോധമുദിക്കുകയും ചെയ്യുന്നു. അപ്പോള്‍ ശിഷ്യന്‍തന്നെ പറയുന്നു, അഹം ബ്രഹ്മാസ്മി എന്ന്‍. 


ഭാഗവതത്തിലെ സന്താനഗോപാലം പ്രകരണത്തില്‍ ഭഗവാന്‍ ക്ര്‌ഷണന്‍ അര്‍ജ്ജുനനെ പാലാഴിയിലേക്ക്‍ കൂട്ടിക്കൊണ്ടുപോകുന്ന രംഗം വര്‍ണ്ണിക്കുന്നുണ്ട്‍. കുറെ ദൂരം യാത്രചെയ്തപ്പോള്‍ അസഹ്യമായ ഇരുട്ടാണ്‌ അനുഭവിക്കുന്നത്‍. അവിടെ ശ്രീക്ര്‌ഷ്ണന്‍ തന്റെ സുദര്‍ശനചക്രത്താല്‍ ആ ഇരുട്ടിനെയെല്ലാം പ്രഭാപൂരിതമായ വെളിച്ചമാക്കി. അതോടെ പാലാഴിയും നാരായണനും എല്ലാം ദ്ര്‌ശ്യമാകുന്നതാണ്‌ കഥ. ഇത്‌ സ്മരണീയം. ഇതിന്റെ തത്ത്വത്തെ മനനംചെയ്ത്‌ ഗ്രഹിക്കാന്‍ ശ്രമിക്കുക.


ഈ ജഗത്തുമുഴുവനും ഈശ്വരമയമാണെന്ന്‍ സങ്കല്‍പ്പിക്കുമ്പോള്‍ സങ്കല്‍പ്പിക്കുന്നവന്റെ അകത്തും പുറത്തും ഈശ്വരന്‍ മാത്രമേ ഉള്ളു എന്ന ബോധം ഉണരും. ഇതാണ്‌ ഉത്തമമെന്ന്‍ പലപല സങ്കേതങ്ങളിലും കാണുന്നു. അതുകൊണ്ട്‍ സൂചിപ്പിച്ചെന്ന്‍ മാത്രം.  (ഈശ്വരനല്ലാതെ ഇവിടെ വേറെ ഒന്നുമില്ലെന്ന്‍ മനസ്സില്‍ തോന്നണമെങ്കില്‍ത്തന്നെ എത്രമുന്നോട്ട്‍ സഞ്ചരിക്കണം എന്ന്‍ ഊഹിക്കുക) ഓരോരുത്തര്‍ക്കും അവരവരുടെ പ്രിയവും വഴിയുമൊക്കെ ഉണ്ടാകുമെന്നത്‍ ശരിതന്നെ. പക്ഷെ അതൊന്നും ഫലപ്രാപ്തിക്ക്‍ ഉതകിക്കൊള്ളണമെന്നില്ല. തീര്‍ത്തും പ്രാഥമികതയിലുള്ളവര്‍ക്ക്‍ അവരവരുടെ പ്രിയവും വഴിയുമൊക്കെ അധ്യാത്മത്തിന്റെ പാതയിലേക്ക്‍ എത്തിപ്പെടാന്‍ സഹായിച്ചേക്കാം. ആചാര്യവചനങ്ങള്‍തന്നെയാണ്‌ ആത്യന്തികമെന്ന്‍ ഉറച്ച്‍ നീങ്ങണം. 

പരോക്ഷവാദോ വേദോഽയം


രോഗത്തിനാണ്‌ ഔഷധവും ചികിത്സയും. ഔഷധം ആഹാരമല്ല. അത്‍ എന്നും കഴിക്കാനുള്ളതുമല്ല. രോഗം ശമിച്ചാല്‍ ഔഷധവും ഉപേക്ഷിക്കണം. അത്‍ കഴിച്ചുകൊണ്ടേയിരുന്നാല്‍ ഇല്ലാത്ത രോഗങ്ങളൊക്കെ ഊണ്ടാവും.  നല്ലതും നല്ലതല്ലാത്തതും വേര്‍തിരിച്ചറിയാന്‍ കഴിവില്ലാത്ത അവസ്ഥയാണ്‌ ബാല്യം. ഒരു ബാലന്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ അത്‍ അവന്റെ അറിവില്ലായ്മകൊണ്ടാണെന്ന്‍ മനസ്സിലാക്കി അവനെ തിരുത്തേണ്ട കടമ രക്ഷിതാക്കളുടേതാണ്‌. ലക്ഷോപലക്ഷം ക്ഷുദ്രയോനികളില്‍ ജനിച്ച്‍ മരിച്ചതിനുശേഷം കിട്ടുന്നതാണ്‌ വിശിഷ്ഠമായ മനുഷ്യജന്മം. അതുകൊണ്ടുതന്നെ ആത്യന്തിക ദു:ഖ നിവ്ര്‌ത്തിയാണ്‌ മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യവും.  **വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്മൂലനം** താപത്രയങ്ങളുടെ ഉന്മൂലനം. മൂന്നുവിധത്തിലുള്ള ദു:ഖങ്ങളില്‍നിന്നുമുള്ള ആത്യന്തിക നിവ്ര്‌ത്തി. ബാഹ്യമായ കാരണങ്ങളാല്‍ ഉണ്ടാകുന്ന ദു:ഖം, ശരീരത്തിനുണ്ടാകുന്ന ദു:ഖം, മാനസിക ദു:ഖം എന്നിങ്ങനെ ദു:ഖം മൂന്നുവിധത്തില്‍.  ഈ ദു:ഖങ്ങളില്‍ നിന്നെല്ലാം വിടുതല്‍ നേടാനായിക്കൊണ്ടാണ്‌ വേദങ്ങളില്‍ കര്‍മ്മത്തെ പരാമര്‍ശിക്കുന്നത്‍. കുട്ടി ജനിച്ച്‍ ബാല്യത്തിലെത്തുമ്പോള്‍ വേദ നിര്‍ദ്ദിഷ്ടമായ കര്‍മ്മങ്ങള്‍ ചെയ്യിപ്പിക്കുന്നു. അതിലൂടെ മുന്നേറുമ്പോള്‍ വേദ ശബ്ദങ്ങളുടെ ലക്ഷ്യാര്‍ത്ഥം സ്‍ഫുരിക്കും. ലക്ഷ്യാര്‍ത്ഥത്തിലേക്ക്‍ നീങ്ങണമെങ്കില്‍ കര്‍മ്മങ്ങളെല്ലാം അസ്തമിക്കണമെന്ന്‍ ബോധ്യപ്പെടുകയും ചെയ്യും.  ഇതെങ്ങനെ സിദ്ധമാകും എന്ന്‍ ചിന്തിക്കുകയും അതിനായിട്ടുള്ള അന്വേഷണം തുടരുകയും ചെയ്യുന്നു. കര്‍മ്മങ്ങളില്‍നിന്ന്‍ മുക്തിനേടാനായിക്കൊണ്ടാണ്‌ കര്‍മ്മകാണ്ഡമെന്ന്‍ മനസ്സിലാകുന്നത്‍ വേദവാണികള്‍ പരോക്ഷവാദീയമാണെന്ന്‍ അറിയുമ്പോഴാണ്‌. ഇതറിയുന്നതുവരെ അറിവിന്റെ കാര്യത്തില്‍ അവന്‍ കുട്ടിതന്നെയാണ്‌, ബാലനാണ്‌.  ബന്ധങ്ങളെന്ന ബന്ധനമാണ്‌ രോഗം. ആ ബന്ധനങ്ങളാകുന്ന രോഗത്തില്‍നിന്ന്‍ മുക്തിനേടാനായിക്കൊണ്ട്‍ കര്‍മ്മങ്ങളെന്ന ഔഷധം കുറിച്ചിരിക്കുന്നു.  സകല കര്‍മ്മങ്ങളില്‍നിന്നുമുള്ള മുക്തിയാണ് കര്‍മ്മമെന്ന ഔഷധംകൊണ്ട്‍ ധരിക്കേണ്ടത്‍. 

പരോക്ഷവാദോ വേദോഽയം ബാലാനാമനുശാസനം
കര്‍മ്മ മോക്ഷായ കര്‍മ്മാണി വിധത്തേ ഹ്ര്‌ഗദം യഥാ

ഈ വേദം പരോക്ഷവാദമാകുന്നു. അറിവില്ലാത്തവരെ അനുശാസിക്കാനായിട്ടാണത്‍. കര്‍മ്മങ്ങളെ മോചിപ്പിക്കുവാനായി കര്‍മ്മങ്ങളെ വിധിച്ചിരിക്കുന്നു, (രോഗത്തിന്‌) ഔഷധമെന്നപോലെ. 

രോഗമില്ലാത്ത അവസ്ഥ സുഖാവസ്ഥയാണ്‌.  ഇന്ന്‍ സുഖത്തിന്‌ രോഗം വന്നിരിക്കുന്നു. സുഖത്തിനുംകൂടി ചികിത്സിക്കുന്ന ഒരു കാലത്താണ്‌ നാമൊക്കെ ജീവിക്കുന്നത്‍. സുഖചികിത്സ.. എത്ര വിരോധാഭാസമുള്ളൊരു പദപ്രയോഗമാണ്‌... സുഖത്തിനെ ആരെങ്കിലും ചികിത്സിക്കുമോ.. സുഖചികിത്സ..  ഹ ഹ, എന്തൊരു പ്രയോഗം!!  മനസ്സമാധാനം എന്ന്‍ പറയുന്നപോലെ.  മനസ്സുള്ളിടത്തോളം സമാധാനമുണ്ടാവില്ല. ചിന്തകളുടെ കൂമ്പാരത്തെയാണ്‌ മനസ്സെന്ന്‍ പറയുന്നത്‍. മനസ്സ്‍ ഉള്ളിടത്ത്‍ സമാധാനാമുണ്ടാകുമോ.. ഒരിക്കലുമില്ല. സമാധാനമുള്ളിടത്ത്‍ മനസ്സില്ല. മനസ്സിന്റെ ലയനമാണ്‌ സമാധാനം, ശാന്തി എല്ലാം. ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവുന്നില്ലല്ലോ ആര്‍ക്കും...  പിന്നെയും പറയും ഒരു മനസ്സമാധാനോം ഇല്ലാ എന്ന്‍...


ആനന്ദം അനുഭവിക്കാന്‍


ജാഗ്രത്‍ സ്വപ്ന സുഷുപ്തി എന്നീ മൂന്ന്‍ അവസ്ഥകള്‍ക്കും പരിണാമമുണ്ട്‍. ഒരു അവസ്ഥയിലേക്ക്‌ എത്തുന്നത്‍തന്നെ മറ്റൊരു അവസ്ഥയില്‍ പരിണാമം സംഭവിയ്ക്കുമ്പോഴാണ്‌. 
 ഒന്നില്‍നിന്ന്‍ മറ്റൊന്നിലേക്ക്‍ ആരോഹണത്തിലും അവരോഹണത്തിലും പരിണാമമുണ്ട്‍. പരിണാമമില്ലാത്തതാണ്‌ തുരീയം. അതുകൊണ്ട്‍ അതിനെ അവസ്ഥ എന്ന്‍ പേരിട്ട്‍ പറയുന്നില്ല. എന്നാല്‍ നാലാമത്തെ അവസ്ഥ എന്നേ പറയാനോക്കൂ. അതുകൊണ്ടാണ്‌ അതിനെകുറിച്ച്‍ പറയുമ്പോള്‍ അവസ്ഥ എന്ന്‍ പറയുന്നത്‍. ബ്രഹ്മവിദ്യാപ്രദായകമായതുകൊണ്ട്‍ നാലാമത്തേതിനെ അവസ്ഥ എന്ന്‍ പറയുന്നത്‍ അര്‍ത്ഥവാദപരമായിട്ടാണെന്ന്‍/ഗ്രഹിക്കാനായിട്ടാണെന്ന്‍ ആചാര്യന്‍ പറഞ്ഞുകൊടുക്കുന്നു.  കാണുന്നവനെ സംബന്ധിച്ചിടത്തോളം തുരീയത്തിലെത്തിയവന്‌ മറ്റേ മൂന്ന്‍ അവസ്ഥകളും ഉള്ളതായി തോന്നുന്നു. എന്നാല്‍ അയാള്‍ ഈ മൂന്നവസ്ഥയിലും അല്ല. മറ്റ്‍ ചില സിദ്ധാന്തങ്ങളില്‍ തുരീയാതീതമായ തലവും ഉണ്ടെന്ന്‍ പറയുന്നു. അതെന്തോ ആവട്ടെ, അവസ്ഥാത്രയത്തിനെത്തന്നെ ശരിക്കൂം ഉള്‍ക്കൊണ്ടാല്‍ത്തന്നെ ധന്യമായിത്തീരും. സുഷുപ്തിയില്‍ അനുഭവിച്ച ആനന്ദത്തിനെ ജാഗ്രത്തില്‍ എങ്ങിനെ നിലനിര്‍ത്താമെന്ന്‍ വിചിന്തനം ചെയ്ത്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, അത്‍ അവസ്ഥാത്രയങ്ങളെ മറികടന്ന്‍ തുരീയാവസ്ഥ കൈവരിക്കാന്‍ ആക്കംകൂട്ടും.

ആത്മാര്‍ത്ഥത


ആത്മാ ശബ്‍ദത്തിന്‌ ആത്മാവ്‍ എന്ന്‍ മാത്രമല്ല അര്‍ഥമുള്ളത്‍. ആത്മാര്‍ത്ഥത എന്ന്‍ പറയുമ്പോള്‍ അതില്‍ ആത്മാവ്‍ ചേരുന്നില്ല. അതിനെ വ്യക്തിസത്തയിലെ "ഞാന്‍" എന്നും വ്യാവഹാരികമായി അര്‍ഥം പറയും. ആത്മകഥ, ആത്മസുഖം ഇത്യാദി ശബ്‍ദങ്ങള്‍ വ്യക്തിസത്തയെ (individuality)യാണ്‌ ബാധിക്കുന്നത്‍. ആത്മാവിനെ അല്ല.   ഈ തലത്തില്‍ വേണം ആത്മാര്‍ത്ഥത എന്ന ശബ്‍ദത്തിന്റെ അര്‍ത്ഥവും നിരൂപിക്കാന്‍. വ്യക്തിസത്തയിലെ ഞാനിന്‌, (എനിക്ക്‍) ഉണ്ടാകുന്ന അര്‍ത്ഥിക്കല്‍, ആഗ്രഹം.  ആ ആഗ്രഹത്തിനോട്‍ ഏറ്റവും അടുത്ത്‍ചേര്‍ന്ന്‍ (ഉപസമീപേ), ഇനി അടുക്കാന്‍ പറ്റാത്തത്രയും അടുത്ത്‍, അത്രയും ഗൗരവത്തോടെ, എന്ന്‍ അര്‍ത്ഥം. ആത്മാര്‍ത്ഥത ശരീരത്തിനെയും ഇന്ദ്രിയങ്ങളെയും മനസ്സിനെയും പരിഗണിച്ചുള്ളതാണ്‌.  ജാഗ്രത്ത്‍, മഹാജാഗ്രത്ത്‍, ബീജജാഗ്രത്ത്‍, ജാഗ്രത്‍-സ്വപ്‍നം തുടങ്ങിയ അവസ്ഥകളെ സമീചീനമായി സമന്വയിപ്പിച്ച്‍ ചെയ്യുന്ന ഏതൊരു കര്‍മ്മത്തിനും ആത്മാര്‍ത്ഥത എന്ന സിദ്ധാന്തം യോജിക്കും.  എന്നാല്‍ അതൊന്നും ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാര്‍ത്ഥതക്ക്‍ സത്യമെന്നോ അസത്യമെന്നോ വഞ്ചനയെന്നോ ധര്‍മ്മമെന്നോ സ്വാര്‍ത്ഥതയെന്നോ ഒന്നും ഇല്ല. സ്വാര്‍ത്ഥതയോടുകൂടി ചെയ്യേണ്ടുന്ന കര്‍മ്മമാണെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്യാം. ശരിയോ ശരിയല്ലാത്തതോ ആയ ഏതൊരു കര്‍മ്മത്തിനും ആത്മാര്‍ത്ഥത ആവാം. 

എപ്രകാരം ശ്രദ്ധ അപ്രകാരം ഫലം


നമുക്ക്‍ ആകെ കിട്ടിയിട്ടുള്ളത്‍ പരമേശ്വരതത്ത്വമൊന്നു മാത്രമാണ്‌. ശരീരം മനസ്സ്‍ ബുദ്ധി അഭിമാനം വ്യക്തിത്വം ഇത്യാദികളൊന്നും നമുക്ക്‍ ലഭ്യമായിട്ടുള്ളതല്ല. ഇതിനെയൊക്കെ ശ്രദ്ധിക്കുന്നതുകൊണ്ടാണ്‌ ഇതൊക്കെ പ്രായോഗികമായി കിട്ടിയിട്ടുള്ളതാണ്‌ എന്ന്‍ തോന്നുന്നത്‍. കിട്ടിയിട്ടില്ലാത്തതായതുകൊണ്ടുതന്നെ ഇതിനെയൊന്നും പരിപൂര്‍ണ്ണമായി ആര്‍ക്കും നിരൂപണം ചെയ്യാനും പറ്റില്ല. ശാസ്ത്രത്തിനും ഒരു പരിധിവരെ മാത്രമേ ഇതിനെയൊക്കെ നിരൂപിക്കാന്‍ പറ്റു. പരിണാമവിധേയമായതുകൊണ്ട്‍ ഇതിനെയൊന്നും ഒരു ക്ലിപ്‍ത സിദ്ധാന്തത്തില്‍ വിശദീകരിക്കാന്‍ സാധ്യമല്ല. കിട്ടിയിട്ടില്ലാത്തത്‍ ആയതുകൊണ്ട്‍ ഇതിനെയൊന്നും നമുക്ക്‍ പിടിച്ചുനിര്‍ത്താനും പറ്റില്ല. എല്ലാ നിരൂപണങ്ങളും അടങ്ങുമ്പോള്‍, നമുക്ക്‍ സിദ്ധിച്ചിട്ടുള്ള, നിരുപാധികമായ ഈശ്വരചൈതന്യം അനുഭവിക്കാം. 

ഈശ്വര സാക്ഷാത്‍ക്കാരം കഴിഞ്ഞുപോയ കാര്യമാണ്‌. അത്‍ കിട്ടിയിട്ടുള്ളതാണ്‌. ഭൂതവസ്തുവിഷയം എന്നാണ്‌ ഭഗവാന്‍ ശങ്കരാചാര്യര്‍ ഇതിനെ പറയുന്നത്‍.  സിദ്ധമായ ഒന്നിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ മതി.  മുകളിലേക്ക്‍ നോക്കുമ്പോള്‍ മേഘം ഉള്ളതുകൊണ്ട്‍ സൂര്യനെ കാണുന്നില്ല, മേഘം സൂര്യനെ മറച്ചിരിക്കുന്നു, എന്ന്‍ പറയും. മേഘത്തെ കാണുന്നതുപോലും സൂര്യന്‍ അവിടെ ഉള്ളതുകൊണ്ടാണ്‌ എന്ന്‍ അറിയാതെ മേഘത്തെ പഴിക്കും. മേഘത്തിന്‌ സൂര്യനെ മറക്കാന്‍ കഴിവില്ല. കുറച്ചുനേരം നോക്കിക്കൊണ്ടിരുന്നാല്‍ മേഘം അകലുകയും സൂര്യന്‍ ദ്ര്‌ഷ്‍ടമാവുകയും ചെയ്യും. ശ്രദ്ധിക്കേണ്ടത്‍ സൂര്യനെയാണ്‌, മേഘത്തെയല്ല. ശരീരം മനസ്സ്‍ ബുദ്ധി ഇവയെയൊക്കെ മേഘംപോലെയാണ്‌. അതിനെ ശ്രദ്ധിക്കുന്നതുകൊണ്ട്‍ ചൈതന്യത്തെ ശ്രദ്ധിക്കുന്നില്ല.  

ശ്രദ്ധ എങ്ങിനെയുണ്ടോ അങ്ങിനെ അതിന്റെ ഫലവും കിട്ടുന്നു. 

യാദ്ര്‌ശീ യാദ്ര്‌ശീ യത്‍ ശ്രദ്ധ, സിദ്ധിര്‍ ഭവതി താ ദ്ര്‌ശി.

ധര്‍മ്മമാണ്‌ അടിസ്ഥാനം

വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ രാവിലെ എഴുന്നേല്‍ക്കുന്നതും, ശരീരശുദ്ധി വരുത്തുന്നതും, ഉണ്ണുന്നതും ഉറങ്ങുന്നതും, കൂട്ടുകെട്ടുകളുണ്ടാക്കുന്നതും, ഇതര കര്‍മ്മങ്ങള്‍ ചെയ്യുന്നതും. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ വിദ്യാഭ്യാസം ചെയ്തത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ വിവാഹം കഴിക്കുന്നത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ ജോലി ചെയ്യുന്നത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ ധനം സമ്പാദിക്കുന്നത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ സന്താനോല്പാദനം നടത്തുന്നത്‍. പ്രസവശേഷം കുട്ടിക്ക്‍ അമ്മ പാലൂട്ടുന്നത്‍ വേദത്തില്‍ പറഞ്ഞതുകൊണ്ടാണോ.. വേദങ്ങളിലോ ഇതര ശാസ്ത്രങ്ങളിലോ ഒന്നും പറഞ്ഞിട്ടെല്ലെങ്കില്‍ ഇതൊന്നും ചെയ്യില്ലാ എന്നുണ്ടോ..   ജപിക്കാനും പ്രാര്‍ത്ഥിക്കാനും ഒക്കെ വേദത്തിലോ ശാസ്ത്രങ്ങളിലോ പറയണ്ട ആവശ്യമുണ്ടോ.  അവിടെയൊന്നും പറഞ്ഞിട്ടില്ലെങ്കില്‍ ഇതൊന്നും ചെയ്യില്ലാ എന്നാണോ..  ഒന്നും വായിക്കാതെയും ഒരു ഉപദേശവും ഇല്ലാതെയുമൊക്കെ വ്യക്തികള്‍, വാചാമഗോചരങ്ങളും,  അവാച്യവും അവര്‍ണ്ണനീയവുമായ ജഗദീശ്വരോല്‍സംഗത്തിലേക്ക്‍ എത്തിയിട്ടുണ്ട്‍.   ബ്രഹ്മജ്ഞാനികള്‍ക്ക്‍ വേദാദികളും ശാസ്ത്രങ്ങളും എല്ലാം ഭാരമാണ്‌. അത്തരക്കാര്‍ പറയുന്നതുതന്നെ, ഇതൊന്നും ആവശ്യമില്ലെന്നാണ്‌. അത്‍ വേദംതന്നെ പറയുന്നുമുണ്ട്‍.  വേദത്തില്‍ കാശ്‌ ഉണ്ടാക്കരുത്‍ എന്ന്‍ പറഞ്ഞിട്ടില്ലെങ്കില്‍ ആരും പണമുണ്ടാക്കില്ലാ എന്ന്‍ ധരിക്കാന്‍ പറ്റ്വോ.. ധര്‍മ്മമാണ്‌ എല്ലാത്തിനും അടിസ്ഥാനം. ധര്‍മ്മമെന്നത്‍ ധരിക്കാനുള്ളതാണ്‌, അത്‍ കൊടുക്കാനുള്ളതല്ല. ധര്‍മ്മം കൊടുക്കരുത്‍, അതിനെ ധരിച്ചുകൊള്ളുക. എന്തൊന്ന്‍ ധരിക്കുന്നുവോ അതുമാത്രമേ നമ്മെ രക്ഷിക്കൂ...

കര്‍മ്മം നിവര്‍ത്തിച്ചേ അടങ്ങു


ഒരു വ്ര്‌ത്ത പരിധി എങ്ങിനെയാണോ അതിന്റെ പ്രാരംഭബിന്ദുവില്‍ പൂര്‍ത്തിയാകുന്നത്‍, അതുപോലെ മനുഷ്യന്‍ ബുദ്ധിപൂര്‍വ്വമായോ ബുദ്ധിഹീനമായോ പ്രവര്‍ത്തിപ്പിക്കുന്ന ഓരോ പ്രാപഞ്ചിക ഊര്‍ജ്ജങ്ങളും - ഓരോ കര്‍മ്മത്തിന്റെ ഫലവും - അവയുടെ പ്രാരംഭബിന്ദു എന്ന നിലയില്‍ അവനിലേക്കുതന്നെ തിരിച്ചെത്തണം. കര്‍മ്മത്തിന്റെ, കര്‍മ്മഫലത്തിന്റെ ഗതി അത്യന്തം സൂക്ഷ്മമാണെന്ന്‍ - ഗഹനാ കര്‍മ്മണോ ഗതി - എന്ന്‍, ബ്രഹ്മത്തിന്റെ പൂര്‍ണ്ണാവതാരമായ ഭഗവാന്‍ ശ്രീക്ര്‌ഷ്ണന്‍തന്നെ നമുക്ക്‍ സുതരാം വ്യക്തമാക്കിത്തന്നിരിക്കുന്നു.  വളരെ ഭംഗിയായി നാം ഒരു കര്‍മ്മം ചെയ്ത്‍ തീര്‍ത്തു എന്ന്‍ സ്വയം ബോധ്യപ്പെട്ടാലും, അത്‍ എത്രതന്നെ നിഷ്കാമമായിട്ടാണെങ്കിലും, ആ കര്‍മ്മത്തിന്റെ ഫലം എന്നിലേക്ക്‍തന്നെ തിരിച്ച്‍ വന്ന്‍ എന്നില്‍ത്തന്നെ നിവര്‍ത്തിക്കുമ്പോള്‍ മാത്രമേ അത്‍ അതിന്റെ പ്രാരംഭബിന്ദുവില്‍ എത്തി പൂര്‍ണ്ണമാകുന്നുള്ളു.  എല്ലാ കര്‍മ്മത്തിനും അതിന്റെ ഫലമുണ്ട്‍ എന്ന ഒരു സാമാന്യ ബോധം മാത്രമേ മനുഷ്യന്‍ ധരിക്കുന്നുള്ളു. എന്നാല്‍ ഓരോ കര്‍മ്മത്തിന്റെ അന്തിമമായ വിലീനത്വം, അത്‍ അവനവനില്‍ത്തന്നെ തിരിച്ചുവന്ന്‍ അതിന്റെ ചാക്രികം പൂര്‍ത്തിയാക്കണം, പൂര്‍ത്തിയാവുകയും ചെയ്യുന്നു. ഈ ജന്മത്തിലല്ലെങ്കില്‍, അതിനുവേണ്ടി മാത്രമായി വേറൊരു ജന്മംതന്നെ വേണ്ടിവരുന്നു. കര്‍മ്മഫലത്തിന്‌ പല ഗഹനഗതികളും ഉണ്ടായിരിക്കാമെങ്കിലും, ഈ ഒരു തലം അല്‍പ്പാല്‍പ്പമായെങ്കിലും ഉള്ളിലേക്ക്‍ കയറിയാല്‍, സാവധാനം മനനംചെയ്ത്‌ സത്തിനെ ഉള്‍ക്കൊണ്ടാല്‍, അതുമാത്രംമതി മാനവനെ ജാഗ്രത്താക്കാന്‍...  ഒരു ജീവിയെ ഉപദ്രവിക്കുവാനോ അതിനെ കൊല്ലാനോ തുടങ്ങുമ്പോള്‍, ഹേ ജഗദീശ്വരാ, ഈ ജീവി എന്റെ നാളെകളില്‍ എന്റെ ജീവിതത്തില്‍ വന്നെത്തുകയും എന്നെ ഈ വിധം ഉപദ്രവിക്കുകയോ കൊല്ലുകയോ ഒക്കെ ചെയ്യില്ലേ... എന്ന ചിന്ത ഉദിച്ചാല്‍, ചെയ്യാന്‍ മുതിര്‍ന്ന ആ പാപകര്‍മ്മത്തില്‍നിന്ന്‍ നാം പിന്‍തിരിയും..


ദേവീ ഭാഗവതത്തിന്റെ നാന്ദി


മാര്‍ക്കണ്ഡേയ പുരാണം തുറന്നാല്‍ അതിന്റെ ആരംഭം തന്നെ അത്യന്ത മനോഹരമാണ്‌. അതീവ നാടകീയതയോടും കാവ്യാത്മകതയോടും കൂടി അവതരിപ്പിക്കുന്ന ഈ പുരാണം അതിന്റെ ഉള്ളടക്കംകൊണ്ട്‍ ദേവീ ഭാഗവതം എന്ന്‌ പ്രചുരപ്രചാരം നേടിയിരിക്കുന്നു. ദേവീഭാഗവതത്തിന്റെ നാന്ദി ഒന്ന്‍ പരിശോധിക്കുന്നത്‍ അത്യാഹ്ലാദകരമായൊരനുഭവമാണെന്ന്‍ ബോധ്യമാവും.

വ്യാസ ശിഷ്യനായ ജൈമിനി മഹര്‍ഷി രംഗപ്രവേശം ചെയ്യുന്നു. പൈലന്‍, ജൈമിനി, വൈശമ്പായനന്‍, ശുകന്‍, സുമന്തു എന്നിവരാണ്‌ വ്യാസന്റെ പ്രധാന ശിഷ്യന്മാര്‍. ഇവരാണ്‌ വേദങ്ങളുടെ പാരമ്പര്യം നിലനിര്‍ത്തിയത്‍. സാമവേദമാണ്‌ ജൈമിനിക്ക്‍ നല്‍കിയത്‍.  വ്യാസന്‍ ഇല്ലാതായിക്കഴിഞ്ഞശേഷം ജൈമിനിക്ക്‍, മഹാഭാരതാന്തര്‍ഗതങ്ങളായ ചില സംശയങ്ങള്‍ തന്നില്‍ ഉടലെടുന്നു. എന്തുകൊണ്ടാണ്‌ സുഭദ്രയ്ക്ക്,പാഞ്ചാലിയ്ക്ക്, അഞ്ച്‍ ഭര്‍ത്താക്കന്മാരുണ്ടായത്‍, ഭഗവാന്‍ വാസുദേവനു മനുഷ്യനായി അവതാരമെടുക്കേണ്ടി വന്നത്‍ എന്തുകൊണ്ടാണ്‌, ബലഭദ്രര്‍ക്ക്‍ ബ്രഹ്മഹത്യാപാപാ ശന്തിയ്ക്കായി തീര്‍ത്ഥയാത്ര നടത്തേണ്ടി വന്നത്‍ എന്തുകൊണ്ടാണ്‌ എന്ന്‍ തുടങ്ങി പല സംശയങ്ങളും ഉണര്‍ന്നു.

സംശയം എത്ര വലിയ ശത്രുവാണ്‌ എന്ന്‍ ചിന്തിച്ചുനോക്കുക. ലോകത്തിലെ എല്ലാ ബന്ധങ്ങളും ഉടലെടുക്കുന്നത്‍ സംശയത്തില്‍ നിന്നാണ്‌. ഓരോ ബന്ധങ്ങളെയും അഴിച്ചപഗ്രഥിച്ചുനോക്കിയാല്‍, ആ ബന്ധം ഒരു സംശയത്തിന്റെ അടിത്തറയിലാണ്‌ കെട്ടിപ്പടുത്തതെന്ന്‍ ബോധ്യപ്പെടും.  മഹാനായ ജൈമിനി മഹര്‍ഷിയ്ക്കുപോലും സംശയത്തിന്റെ രോഗം ബാധിച്ചിരിക്കുന്നു. സാക്ഷാല്‍ ബാദരായണന്റെ ശിഷ്യനായ, വേദവേദാംഗവേദാന്ത പുരാണേതിഹാസങ്ങളുടെ മുഴുവനും കര്‍ത്താവായ വ്യാസപ്രതിഭയുടെ ശിഷ്യനാണ്‌ ജൈമിനി. ഇതെല്ലാം വ്യാസന്‍ ജൈമിനിക്ക്‍ ഉപദേശിച്ചിട്ടുള്ളതും, ജൈമിനി മഹര്‍ഷി ഇതൊക്കെ കരതലാമലകം പോലെ ഋദിസ്ഥമാക്കിയിട്ടുള്ളതുകാണ്‌. എന്നിട്ടും ശാസ്ത്രങ്ങളില്‍, ഗുരുവചനങ്ങളില്‍ സംശയം ജനിച്ചതില്‍ അത്ഭുതം തോന്നാം. കുറച്ചെന്തെങ്കിലും അറിയുമ്പോഴാണല്ലൊ സംശയം ജനിക്കുന്നത്‍. അത്‍ അതിനെക്കുറിച്ച്‍ കൂടുതല്‍ അറിയാന്‍ വേണ്ടിയാണ്‌. എല്ലാം അറിയുന്നവനും ഒന്നും അറിയാത്തവനും യാതൊരു വിധ സംശയവും ഉണ്ടാവില്ലല്ലൊ. ജൈമിനിക്കുണ്ടായത്‍ തീര്‍ത്തും സംശയമാണെന്ന്‍ പറഞ്ഞുകൂടാ, ജിജ്ഞാസയാണെന്ന്‍ വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ജൈമിനിക്ക്‍ ഇത്തരത്തിലൊരു സംശയം ജനിക്കും എന്ന്‍ ഗുരുവായ വ്യാസന്‍ മുമ്പെക്കൂട്ടി അറിഞ്ഞിരുന്നു എന്ന്‍ വേണം ധരിയ്ക്കാന്‍. ജൈമിനിയും ജ്ഞാനത്തിന്റെ കാര്യത്തില്‍ കുറവൊന്നുമല്ല എന്ന്‍ ജൈമിനിയെ പരിചയപ്പെടുത്തുന്ന വേളയില്‍ത്തന്നെ ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്‍.  തന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍, വ്യാസനില്ലാതായിക്കഴിഞ്ഞതുകൊണ്ട്‍, ആരെ സമീപിയ്ക്കുമെന്ന്‍ ചിന്തിച്ച ജൈമിനി, മാര്‍ക്കാണ്ഡേയ മഹര്‍ഷിയുടെ സവിധത്തില്‍ എത്തുന്നതാണ്‌ ഈ വ്ര്‌ത്തത്തിന്റെ ഇതിവ്ര്‌ത്തം.  വ്യാസ ശിഷ്യനാണ്‌ ജൈമിനി. വ്യാസനില്ലാതായി കഴിഞ്ഞ്‍, ഗുരുവിന്റെ ദേഹത്യാഗത്തിനുശേഷം, ഒരു ശിഷ്യന്‌ ഉണ്ടാകാവുന്ന ദു:ഖത്തെയും കൂടി ഇവിടെ ചിത്രീകരിക്കുന്നു എന്ന്‍ വേണം കരുതാന്‍. ആയിരക്കണക്കിന്‌ ശിഷ്യപ്രശിഷ്യ പരമ്പരകളെ സ്ര്‌ഷ്ടിച്ച്‍ വിലാസജീവിതം നയിക്കുന്ന ആധുനിക ഗുരുക്കന്മാര്‍, അവരുടെ ദേഹത്യാഗത്തിനുശേഷം എത്രയെത്ര ജീവാത്മാക്കളെ ദു:ഖക്കയത്തിലേക്ക്‍ തള്ളിവിടുന്നു എന്ന്‌ ചിന്തനീയം.   അതുകൊണ്ട്‍ ആരുടെയും ശിഷ്യത്വം സ്വീകരിക്കുമ്പോള്‍, ഗുരുവിന്റെ സാന്നിധ്യം ഉള്ളപ്പോള്‍ത്തന്നെ മറ്റൊരു ഗുരുവായിത്തീരണമെന്ന്‍ ജൈമിനിയുടെ പ്രകരണത്തില്‍നിന്ന്‍ ചിന്തനീയം. ശിഷ്യത്വം ആര്‍ജ്ജിച്ചവന്‍ മാത്രമേ ആചാര്യന്മാരെ ഗുരുക്കന്മാരായി സ്വീകരിയ്ക്കാന്‍ തയ്യാറാകാവൂ എന്നുകൂടി അറിയുന്നത്‍ ഉചിതം. അനവധി ശിഷ്യ-പ്രശിഷ്യ പരമ്പരകളെ സ്ര്‌ഷ്ടിച്ച ഒരു ആചാര്യന്‍ നാളെ തന്റെ ദേഹം ഉപേക്ഷിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ശിഷ്യഗണത്തെ മുഴുവനും തീരാദു:ഖത്തിലേക്കും നിത്യരോഗത്തിലേക്കുമാണ്‌ തള്ളിവിടുന്നത്‍. സുശക്തമായൊരു സമൂഹത്തെ സുസജ്ജരാക്കുക, വാര്‍ത്തെടുക്കുക എന്ന ബോധത്തോടെയായിരിക്കണം ഒരു ആചാര്യന്‍ ജീവിക്കുന്നത്‌. 

മഹര്‍ഷി ജൈമിനി, ഭഗവാന്‍ വേദവ്യാസ ശിഷ്യനാണ്‌, ഒരു മഹര്‍ഷിയുമാണ്‌. എന്നിരുന്നാലും ശാസ്ത്രത്തില്‍ സംശയം ജനിച്ചു. വിവേകിയായതുകൊണ്ട്‍ തന്നിലുദിച്ച സംശയം അവിടെയുമിവിടെയുമൊന്നും ചര്‍ച്ചചെയ്തില്ല. മറ്റൊരു മാധ്യമങ്ങളിലൂടെയും കൊട്ടിഘോഷിച്ചില്ല. വിവേകിയായതുകൊണ്ട്‍ തന്നേക്കാള്‍ അറിവുള്ളവനെന്ന്‍ സ്വയം ബോധ്യപ്പെട്ട ഒരു ആചാര്യനെ കണ്ടെത്താനാണ്‌ തീരുമാനിച്ചത്‍. സനാതന ധര്‍മ്മത്തിലെ "ദീക്ഷാന്ത പ്രവചനം" ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുന്നത്‍ നന്ന്‍. ഗുരു പറയും, ഹേ വത്സാ!! ഞാന്‍ വ്ര്‌ദ്ധനായിരിക്കുന്നു. നാളെ ഉണ്ടാകുമെന്ന്‍ പറയാന്‍ പറ്റില്ല. നീ ഗ്രഹസ്ഥാശ്രമത്തിലേക്ക്‍, രാഷ്ട്രത്തിന്റെ ഭാവിയെ ഉത്തമോത്തമാക്കാനായി സംസാരത്തിലേക്ക്‍ പോവുകയാണ്‌. ഗംഗാനദിയുടെ ഒഴുക്കുപോലെയുള്ള നിന്റെ ജീവിതത്തില്‍ എത്രയോ സന്ദര്‍ഭങ്ങള്‍ സുഖദു:ഖാദികളുടേതായി വന്നുംപോയുമിരിക്കും. അതിലെല്ലാം നീ അചഞ്ചലനായിരിക്കണം. ധര്‍മ്മമായിരിക്കണം നിന്റെ ആത്യന്തിക ലക്ഷ്യം. ജീവിതത്തില്‍ എപ്പോഴെങ്കിലും ധര്‍മ്മസങ്കടമുളവാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉടലെടുക്കുമ്പോള്‍, എന്റെ ഈ ഭൗതികശരീരമില്ലാതായി കഴിഞ്ഞാല്‍, എന്നേക്കാള്‍ അറിവുള്ള ഒരു ഗുരുവിനെ വിധിയാംവണ്ണം സമീപിച്ച്‍ നിന്റെ സമസ്യകള്‍ക്കുള്ള സമാധാനം ആരായണം, എന്ന്‍ ഗുരുകുലത്തില്‍നിന്ന്‍ വിട്ടുപോകുന്ന ഒരു വടുവിന്‌ ഗുരു കൊടുക്കുന്ന ഉപദേശങ്ങളില്‍ ഒന്നാണിത്‍. അതിന്റെ മര്‍മ്മം എത്ര ഔന്നത്യമുള്ളതാണ്‌. കിട്ടിയവനെയൊക്കെ ശിഷ്യനാക്കുകയോ കണ്ടവരെയൊക്കെ ഗുരുക്കന്മാരാക്കുകയോ ചെയ്യുന്ന പ്രക്രിയ സനാതന ധര്‍മ്മത്തിലില്ല. ശിഷ്യനെ ആത്മസാക്ഷാത്‍കാരത്തിലേക്കെത്തിക്കാന്‍ പറ്റാത്ത ഗുരുവിന്‌ നരകത്തിലാണ്‌ വാസം എന്ന്‍ ശാസ്ത്രങ്ങളില്‍ കാണാം.  ഭാരതത്തിന്റെ  ഗുരുശിഷ്യപാരസ്പര്യം അനുപമേയങ്ങളായ തലങ്ങളിലാണ്‌ വിലസിക്കുന്നത്‍. വ്യാസന്‍ ഇല്ലാതായിക്കഴിഞ്ഞശേഷം വ്യാസോപദേശത്തെ പിന്‍പറ്റിയിട്ടായിരിക്കണം, മഹര്‍ഷി ജൈമിനി മാര്‍ക്കേണ്ഡേയ മഹര്‍ഷിയുടെ സവിധത്തിലെത്തി. ഉപചാരപൂര്‍വ്വം മഹര്‍ഷിയെ നമസ്കരിച്ച്‍ ജൈമിനി തന്റെ സംശയങ്ങള്‍ മാര്‍ക്കാണ്ഡേയനുമുന്നില്‍ അവതരിപ്പിക്കുന്നു.  സംശയം ജനിക്കുന്നത്‍ അതിനെ കുറിച്ചുള്ള അറിവ്‍ എന്തെല്ലാമോ ഉണ്ടാകുമ്പോഴാണ്‌. ഒന്നും അറിയാത്തവനും എല്ലാം അറിയുന്നവനും സംശയം ഉണ്ടാവില്ലല്ലൊ. ജൈമിനിക്ക്‍ ഉണ്ടായ സംശയം കുറെക്കൂടി അറിയാനുള്ള ജിഞ്ജാസയാണ്‌. അപ്പൊ അതിനെ സംശയമെന്ന്‍ പറഞ്ഞുകൂടാ, അതൊരു ജിജ്ഞാസയാണ്‌.  

തന്റെ സംശയങ്ങള്‍ മര്‍ക്കണ്ഡേയ മഹര്‍ഷിയുടെ മുന്നില്‍ അവതരിപ്പിക്കുന്നു. അല്ലയോ ഭഗവാനേ! മഹാത്മാവായ വ്യാസന്‍ നിര്‍മ്മലങ്ങളായ നാനാശാസ്ത്രസംഗ്രഹങ്ങളാല്‍ നിറയപ്പെട്ടതും ജാതിശുദ്ധികള്‍ ഇണങ്ങിയതും നല്ല ശബ്ദങ്ങള്‍കൊണ്ട്‍ പരിശോഭിച്ചതും പൂര്‍വ്വപക്ഷസിദ്ധാന്ത പരിനിഷ്ഠാസനിവിതവുമായ ഭാരതം എന്നൊരിതിഹാസം നിര്‍മ്മിച്ചിട്ടുണ്ടല്ലൊ. ആ മഹാഭാരതാന്തര്‍ഗ്ഗതങ്ങളായ ചില സംശയങ്ങള്‍ തീര്‍ക്കാനാണ്‌ ഞാന്‍ അങ്ങയെ സമീപിച്ചത്‍. എന്തുകൊണ്ടാണ്‌ സുഭദ്രയ്ക്ക്,പാഞ്ചാലിയ്ക്ക്, അഞ്ച്‍ ഭര്‍ത്താക്കന്മാരുണ്ടായത്‍, ഭഗവാന്‍ വാസുദേവനു മനുഷ്യനായി അവതാരമെടുക്കേണ്ടി വന്നത്‍ എന്തുകൊണ്ടാണ്‌, ബലഭദ്രര്‍ക്ക്‍ ബ്രഹ്മഹത്യാപാപാ ശന്തിയ്ക്കായി തീര്‍ത്ഥയാത്ര നടത്തേണ്ടി വന്നത്‍, എങ്ങനെയാണ്‌ മഹാരഥന്മാരും മഹാത്മാക്കളും ആയ പാഞ്ചാലീപുത്രന്മാര്‍ വിവാഹംകൂടി കഴിയുന്നതിനുമുമ്പേ കൊല്ലപ്പെട്ടുപോയത്‍,  എന്ന്‍ തുടങ്ങി പല സംശയങ്ങളും ഉണര്‍ത്തിച്ചു.

ജൈമിനിയുടെ സംശയങ്ങള്‍ കേട്ട മാര്‍ക്കണ്ഡേയ മഹര്‍ഷി പറഞ്ഞു, അല്ലയോ മുനിസത്തമാ, നമുക്ക്‍ അനുഷ്ഠാനങ്ങള്‍ക്കുള്ള സമയമായിരിക്കുന്നു,
മാധ്യാഹ്നത്തിനുള്ള സമയമായിരിക്കുന്നു, അതുകൊണ്ട്‍ വിസ്തരിച്ചു പറയാന്‍ ഇപ്പോള്‍ അസൗകര്യമുണ്ട്‍. പറയാന്‍ കഴിവുള്ളവരെ അങ്ങേക്ക്‍ പറഞ്ഞുതരാം. അല്ലയോ ജൈമിനേ! ശാസ്ത്രവിചാരശീലന്മാരും തത്ത്വജ്ഞന്മാരും വേദശാസ്ത്രങ്ങളുടെ അര്‍ത്ഥം നിഷ്‍പ്രയാസം അറിയാവുന്നവരും ദ്രോണപുത്രരുമായ  പിംഗാക്ഷന്‍, വിബോധന്‍, സുപുത്രന്‍, സുമുഖന്‍ എന്ന നാല്‌ പക്ഷികള്‍ അങ്ങയുടെ സംശയങ്ങള്‍ തീര്‍ത്തുതരും. അവര്‍ ഇപ്പോള്‍  വിന്ധ്യാചലത്തിന്റെ ഗുഹയില്‍ വസിക്കുന്നുണ്ട്‍, അവരെ സമീപിക്കുക. ഇത്രയും കേട്ടപ്പോള്‍ ജൈമിനിയുടെ സംശയങ്ങള്‍ കൂടുതലായി. പക്ഷികള്‍ക്കെങ്ങനെ അതിദുര്‍ലഭമായ അറിവുണ്ടായി. തിര്യക്‌ യോനിയില്‍ ജനിച്ചവര്‍ക്ക്‍ ദ്രോണപുത്രര്‍ എന്ന്‍ എങ്ങിനെ പറയപ്പെടുന്നു. ധര്‍മ്മജ്ഞാനം സിദ്ധിച്ച ഈ നാലുപുത്രന്മാരെ ജനിപ്പിച്ച ഈ ദ്രോണര്‍ ആരാണ്‌, ഇത്യാദി സംശയങ്ങള്‍ വീണ്ടും ഉണ്ടായി. 

ഒരിക്കല്‍ നന്ദനോദ്യാനത്തില്‍ ഇന്ദ്രന്‍ അപ്‍സരസ്ത്രീകളുടെ നടുവില്‍ അവരുടെ മുഖത്തേക്ക്‍നോക്കി ഇരിക്കുമ്പോള്‍ ദേവര്‍ഷി നാരദന്‍ അവിടെ വന്നുചേര്‍ന്നു. ഉടനെ ഇന്ദ്രന്‍ എഴുന്നേറ്റ്‍ മഹര്‍ഷിയെ വന്ദിച്ചു. ദേവസ്ത്രീകളും നാരദനെ വന്ദിച്ചു.  രസകരമായ പല സംഭാഷണങ്ങളും ചെയ്യുന്നതിനിടയില്‍ ഈ ദേവസ്ത്രീകളില്‍ ആരുടെ ന്ര്‌ത്തം കാണാനാണ്‌ അങ്ങയ്ക്ക്‍ ഇഷ്ടം എന്ന്‍ ഇന്ദ്രന്‍ നാരദനോട്‍ ചോദിച്ചു. ഹിമവാങ്കല്‍ തപസ്സുചെയ്യുന്ന ദുര്‍വാസസ്സ്‍ മഹര്‍ഷിയുടെ തപസ്സ്‍ ഇളക്കുവാന്‍ കഴിവുള്ളവള്‍ ന്ര്‌ത്തം ചെയ്യട്ടെ എന്ന്‍ നാരദന്‍ പറഞ്ഞു. അപ്പോള്‍ വപുസ എന്ന അപ്‍സരസ്ത്രീ ദുര്‍വസസ്സിന്റെ തപസ്സിളക്കാമെന്ന്‍ പറയുകയും അവള്‍ ഹിമവല്‍ പ്രാന്തത്തിലെത്തുകയും ചെയ്തു. മഹര്‍ഷി ഇരിക്കുന്നിടത്തുനിന്ന്‍ അല്പം ദൂരെയായി ഒരു ആണ്‍ കുയിലിന്റെ സ്വരമാധുര്യത്തോടെ അവള്‍ പാടാന്‍ തുടങ്ങി. സംഗീതസ്വരം കേട്ട്‍ ആശ്ചര്യപ്പെട്ട മഹര്‍ഷി ചെന്നുനോക്കിയപ്പോള്‍ വപുസയെയാണ്‌ കണ്ടത്‍. തന്റെ തപസ്സിന്‌ ഭംഗം വരുത്താന്‍ വന്നവളാണെന്ന്‍ ബോധ്യപ്പെട്ട ദുര്‍വാസസ്സ്‍ പതിനാറ്‍ വര്‍ഷത്തേക്ക്‍ സ്വന്തം രൂപം വിട്ട്‍, ഒരു പെണ്‍പക്ഷിയുടെ രൂപമെടുത്ത്‍ ഗരുഡവംശത്തില്‍ ജീ ജനിക്കാനിടവരട്ടെ എന്ന്‍ സങ്കല്‍പ്പിക്കുകയും എന്നാല്‍ ആ സമയത്ത്‍ നിനക്ക്‍ നാല്‌ ആണ്‍മക്കളും ഉണ്ടായിവരും, അവരില്‍ പ്രീതിവരാതെ ആയുധമേറ്റ്‍ നീ മരിച്ച്‍ വീണ്ടും സ്വര്‍ഗ്ഗത്തിലെത്തും എന്ന്‍ അനുഗ്രഹിക്കുകയും ചെയ്തു. 

അരിഷ്ടനേമിയുടെ പുത്രനായി ഗരുഡന്‍ ജനിച്ചു. ഗരുഡപുത്രന്‍ സമ്പാതി. സമ്പാതിയുടെ പുത്രന്‍ സൂപാര്‍ശ്വന്‍. സൂപാര്‍ശ്വന്റെ പുത്രി കുന്തി. കുന്തിയുടെ പുത്രനായി പ്രലോലുപന്‍ ജനിച്ചു.  പ്രലോലുപന്‌ കങ്കന്‍, കന്ധരന്‍ എന്ന രണ്ട്‍ പുത്രന്മാര്‍. കങ്കന്‍ കൈലാസത്തിലൂടെ സഞ്ചരിക്കുന്ന സമയം. വൈശ്രവണന്റെ കിങ്കരനായ വിദ്യുദ്രൂപനെന്ന രാക്ഷസന്‍ തന്റെ ഭാര്യയായ മദനികയുമായി കൈലാസത്തിന്റെ കൊടുമുടിയില്‍ വെളുത്ത പാറപ്പുറത്ത്‍ ഇരിക്കുന്ന സമയത്ത്‍ കങ്കന്‍ അവിടെ എത്തി. സ്ത്രീസമീപത്തിരിക്കുന്ന എന്റെ അടുക്കലേക്ക്‍ വരുന്നത്‍ അധര്‍മ്മമാണെന്ന്‍ വിദ്യുദ്രൂപന്‍ കങ്കനോട്‍ ക്രോധത്തോടെ പറഞ്ഞു. ഈ മല നിനക്കും എനിക്കും മറ്റ്‍ ജന്തുക്കള്‍ക്കും ഒരേപോലെയാണ്‌. നിനക്കെന്തിനാ നിന്റേത്‍ എന്ന ഭാവം ? എന്ന്‍ കങ്കന്‍ ചോദിച്ചു. ക്രോധംപൂണ്ട വിദ്യുദ്രൂപന്‍ കങ്കനെ വെട്ടിക്കൊന്നു.

തന്റെ സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ കന്ധരന്‍ പകരം വീട്ടാനായി തീരുമാനിച്ച്‌ വിദ്യുദ്രൂപനുമായി ഘോരമായ യുദ്ധം ചെയ്യുകയും ആ യുദ്ധത്തില്‍ വിദ്യുദ്രൂപന്‍ കൊല്ലപ്പെടുകയും ചെയ്തു. വിദ്യുദ്രൂപന്‍ മരിച്ചപ്പോള്‍, ഭാര്യയായ മദനിക കന്ധരനെ ശരണം പ്രാപിക്കുകയും ഞാന്‍ അങ്ങയുടെ ഭാര്യയായി ജീവിച്ചുകൊള്ളാമെന്ന്‍ സ്വയം പറയുകയും ചെയ്തു. അവളെയും കൂട്ടി കന്ധരന്‍ സ്വഗ്രഹത്തിലെത്തി. മേനകയുടെ മകളായ മദനിക പക്ഷിരൂപം സ്വീകരിച്ച്‍ കന്ധരന്റെ ഭാര്യയായിത്തീര്‍ന്നു. കന്ധരന്‌ മദനിക എന്ന പക്ഷിയില്‍, മുനിശാപദഗ്‍ദ്ധയായ വപുസ എന്ന അപ്സരസ്ത്രീരത്നം മകളായി ജനിച്ചു. അവളുടെ പേരാണ്‌ താര്‍ക്ഷി.

മന്ദപാലന്റെ മക്കളായി നാല്‌ പക്ഷിസത്തമന്മാരുണ്ടായിരുന്നു. അതില്‍ നാലാമത്തവന്‍ ദ്രോണന്‍. മഹാധര്‍മ്മശീലനും വേദവേദാംഗപാരംഗതനുമായിരുന്നു ദ്രോണന്‍. പക്ഷിസത്തമനായ ദ്രോണന്‍ കന്ധരന്റെ അനുവാദത്തോടും അനുഗ്രഹത്തോടുംകൂടി സുശീലയായ താര്‍ക്ഷിയെ വേളികഴിച്ചു.  സമയം ചെന്നപ്പോള്‍ താര്‍ക്ഷി ഗര്‍ഭിണിയായി. കുരുപാണ്ഡവയുദ്ധം നടക്കുന്ന കാലമായിരുന്നു അത്‍.  ഗര്‍ഭം മൂന്നരമാസമായപ്പോള്‍ താര്‍ക്ഷിക്ക്‍ യുദ്ധം കാണണമെന്ന ആഗ്രഹമുണ്ടായി, കുരുക്ഷേത്രത്തിലേക്ക്‍ പുറപ്പെട്ടു. അര്‍ജ്ജുനനും ഭഗദത്തനും തമ്മിലുള്ള ഗംഭീരയുദ്ധം നടക്കുകയായിരുന്നു. യുദ്ധം കാണാനായി താര്‍ക്ഷി തേരിനുമുകളില്‍ ഇരിപ്പുറപ്പിച്ചു. ആ സമയം അര്‍ജ്ജുനന്റെ വില്ലില്‍നിന്ന്‍ അതിശക്തമായി പുറപ്പെട്ട ക്ര്‌ഷ്ണസര്‍പ്പതുല്യമായ ഒരമ്പ്‌ വന്ന്‍ കൊള്ളുകയാല്‍ താര്‍ക്ഷിയുടെ വയറ്റത്തെ തൊലി മുറിഞ്ഞുപോയി. ഗര്‍ഭിണിയായ താര്‍ക്ഷിയുടെ വയറ്‌ പിളര്‍ന്ന്‌ ചന്ദ്രവര്‍ണ്ണസമാനമായ നാല്‌ മുട്ടകള്‍ താഴെവീണു. യുദ്ധഭൂമിയിലെ കോലാഹലങ്ങളില്‍, ഛിന്നഭിന്നമായ ശവശരീരങ്ങളിലെ മ്ര്‌ദുലമായ മാംസത്തിന്റെ വസയില്‍ ആ മുട്ടകള്‍ വീണു. ഘോരയുദ്ധത്തിനിടയില്‍ മുട്ടകള്‍ താഴെ വീണതോടുകൂടി, സുപ്രതീകം എന്ന കൊമ്പനാനയുടെ കഴുത്തിലെ മണി, അമ്പുകൊണ്ട്‍ കയറുപൊട്ടി താഴെവീണു. അത്‍ നാലുവശവും സമമാംവണ്ണം നിലം പിളര്‍ന്നിറങ്ങി മാംസത്തിനുമേലെ കിടക്കുന്ന മുട്ടകളെ പൊതിഞ്ഞു, മുട്ടകള്‍ക്ക്‍ സുരക്ഷിതമായ ഒരു അടപ്പ്‍ രൂപത്തിലാണ്‌ ആ മണി വീണത്‍.   കുരുക്ഷേത്രയുദ്ധം പോലത്തെ ഒരു യുദ്ധം നടക്കുന്ന സമയത്തും ആരെല്ലാം ജീവിക്കണം, ആരെല്ലാം മരിക്കണം എന്നൊക്കെ തീരുമാനിക്കുന്നതും ജഗദീശ്വരിതന്നെയാണെന്ന്‍ ചിന്തനീയം.

യുദ്ധമെല്ലാം കഴിഞ്ഞ്‍ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ ധര്‍മ്മപ്രവചനം കേള്‍ക്കാന്‍ യുധിഷ്ഠിരന്‍ പോയ സമയത്ത്‍ ശമീകന്‍ എന്ന ഋഷി തന്റെ ശിഷ്യന്മാരുമൊത്ത്‍ യുദ്ധഭൂമിയിലൂടെ നടന്നുപോകുമ്പോള്‍ പക്ഷിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നു. ആനമണിയുടെ ചുവട്ടില്‍നിന്നും അച്ഛനുമമ്മയുമില്ലാത്ത, ചിറകുമുളച്ചിട്ടില്ലാത്ത നാല്‌ പക്ഷിക്കുഞ്ഞുങ്ങളെ കാണുന്നു. കോടിക്കണക്കിന്‌ ഭടന്മാര്‍ ചവിട്ടിമെതിച്ചിട്ടും എത്രയോ രഥങ്ങളുടെ ചക്രങ്ങള്‍ നിരങ്ങിയിട്ടും എത്രയോ ആരകളുടെ ചവിട്ട്‍ കൊണ്ടിട്ടും കുതിരകളുടെ കുളമ്പടികള്‍ അമര്‍ന്നിട്ടും ഒന്നുംതന്നെ നശിക്കാതെ നാല്‌ മുട്ടകള്‍ ഒരു യുദ്ധക്കളത്തില്‍ സുരക്ഷിതമായിരിക്കുകയും അവയുടെ സംരക്ഷണത്തിനെന്നപോലെ ആനയുടെ മണി പൊട്ടി അതിന്‌ ഒരു കവചരൂപത്തില്‍ വന്ന്‍ വീഴുകയും മുട്ടകള്‍ അവിടെ കിടന്ന്‍ വിരിയുകയും അവ സുരക്ഷിതമായി ഇരിക്കുകയും ചെയ്യുക..  !!  ശമീകന്‍ ആശ്ചര്യചകിതനായി ശിഷ്യരോട്‌ ഭഗവാന്റെ ലീലകള്‍ പറയുന്നു.  ആ പക്ഷിക്കുഞ്ഞുങ്ങള്‍ വെറും സാധാരണ പക്ഷികളല്ലെന്ന്‌ മനസ്സിലാക്കിയ ശമീകന്‍ അവയെ ആശ്രമത്തിലേക്ക്‍ കൊണ്ടുപോയി ആഹാരവും വെള്ളവും കൊടുത്ത്‍ വളര്‍ത്തി വലുതാക്കുന്നു. വളര്‍ന്നുവലുതായ പക്ഷികള്‍ ശമീകന്റെ അനുഗ്രഹത്തോടും അനുവാദത്തോടുംകൂടി വിന്ധ്യാചലത്തിലേക്ക്‍ പോയി.

ഈ പക്ഷികളോടാണ്‌ തന്റെ സംശയം ചോദിക്കാന്‍ മാര്‍ക്കാണ്ഡേയന്‍ ജൈമിനിയോട്‍ പറയുന്നത്‍. അങ്ങനെ ജൈമിനി വിന്ധ്യാചലത്തിലെത്തി പക്ഷികളോട്‍ തന്റെ സംശയങ്ങള്‍ ചോദിക്കുന്നു.  ജൈമിനിയുടെ സംശയങ്ങള്‍ക്കുള്ള മറുപടിയായി അനേകം കഥകള്‍ പക്ഷികള്‍ പറയുന്നകൂട്ടത്തില്‍ മന്വന്തരാദി വര്‍ണ്ണനകളും അതില്‍ സാവര്‍ണ്ണി മന്വന്തരവര്‍ണ്ണനയും വരുന്നു. സാവര്‍ണ്ണിമന്വന്തര വര്‍ണ്ണനയില്‍, സുരഥ-സമാധിമാരുടെ കഥകളില്‍ നിന്നാണ്‌ ദേവീമാഹാത്മ്യം തുടങ്ങുന്നത്‍. നാലാം അധ്യായം മുതല്‍ എഴുപത്തേഴ്‍ അധ്യായം വരെയുള്ള രസികങ്ങളായ പല കഥകളും ദേവീമാഹാത്മ്യത്തിന്‌ ഒരു ഫ്ളാഷ്‍ബാക്ക്‍ ആയി അത്യന്തം നാടകീയമായി ഭാവനാസമ്പന്നമായി ഹ്ര്‌ദയസ്പര്‍ശിയായി കഥാകാരന്‍ അവതരിപ്പിക്കുന്നത്‍ വായിച്ചാല്‍ വായിക്കുന്നവനില്‍ അവാച്യമായ ഒരു ഈശ്വരീയ അനുഭൂതി ഉണ്ടാകുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാവില്ല.  കഥയിലെ തത്ത്വങ്ങള്‍ക്ക്‍ പ്രാധാന്യം നല്‍കി ഓരോ ശബ്ദവും ശ്രദ്ധിച്ച്‍ വായിച്ചാല്‍ ഒരുപാട്‌ സംശയങ്ങള്‍ ദൂരീകരിക്കും, ആനന്ദാനുഭൂതിയും ഉണ്ടാവും.