രാമായണം ഒരു ഇതിഹാസ കാവ്യമാണ്. രാമായണവും മഹാഭാരതവുമാണ് നമുക്ക്‍ ഇതിഹാസകാവ്യങ്ങളായി കിട്ടിയിട്ടുള്ളത്‍. ഇതിഹാസം എന്ന്‍ പറഞ്ഞാല്‍, നടന്നുകഴിഞ്ഞ സംഭവങ്ങള്‍ കുറിച്ച്‍ വെച്ചിട്ടുള്ള ഗ്രന്ഥം എന്ന്‍ പറയും. അങ്ങിനെയാണെങ്കില്‍ രാമായണത്തിലും മഹാഭാരതത്തിലും പ്രതിപാദിച്ചിട്ടുള്ളതൊക്കെ നടന്നതാണോ, അതൊക്കെ സത്യമാണോ എന്നൊന്നും തോന്നണ്ട ആവശ്യമില്ല. നമ്മുടെ മനസ്സുകൊണ്ട്‍ പിടിക്കാന്‍ പറ്റാത്തതോ ബുദ്ധിക്ക്‍ ഗ്രഹിക്കാന്‍ പറ്റാത്തതോ ഒക്കെയായ പലതിനെയും നമുക്ക്‍ നമ്മുടെ വര്‍ത്തമാനത്തില്‍ത്തന്നെ അറിയാനോ ഗ്രഹിക്കാനോ പറ്റുന്നില്ല. അങ്ങിനെയാണെങ്കില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക്‍ മുമ്പ്‍ നടന്നതൊക്കെ ഇന്ന്‍ എങ്ങനെ സ്വീകരിക്കാന്‍ പറ്റും. പുരാണങ്ങളില്‍ രാമായണ കഥകള്‍ ധാരാളം കാണാം. രാമ അവതാരത്തിന് അഞ്ച്‍ കാരണങ്ങള്‍ കാണുന്നുണ്ട്‍. അതില്‍ ആദ്യത്തെ കാരണം പറയുന്നു.
പ്രയാഗയില്‍ ഭരദ്വാജ മഹര്‍ഷിയുടെ ആശ്രമത്തില്‍ യാജ്ഞവല്‍ക്യ മുനി, ഭരദ്വാജന് രാമകഥ പറഞ്ഞുകൊടുക്കുന്നതാണ് സന്ദര്‍ഭം.
യാജ്ഞവല്‍ക്യന്‍ പറഞ്ഞു, ഹേ മഹര്‍ഷേ, കൈലാസത്തില്‍ ശ്രീ പരമേശ്വരന്‍ തന്റെ പത്നി പാര്‍വ്വതിയോട്‍ പറഞ്ഞു....
സനകന്‍ സനന്ദനന്‍ സനല്‍കുമാര്‍ (സനകാദികള്‍) ഒരിയ്ക്കല്‍ സാക്ഷാല്‍ മഹാവിഷ്ണുവിനെ കാണാനായി വൈകുണ്ഠത്തിലേക്ക്‍ പോകാന്‍ തീരുമാനിക്കുന്നു, അങ്ങിനെ അവര്‍ വൈകുണ്ഠത്തിലെത്തുന്നു. ഭഗവല്‍ സാന്നിധ്യത്തിലേയ്ക്കുള്ള കവാടത്തില്‍ രണ്ട്‍ കാവല്‍ക്കാര്‍ നില്‍ക്കുന്നതായി സനകാദികള്‍ കണ്ടു. ആ കാവല്‍ക്കാരെ ശ്രദ്ധിയ്ക്കാതെ നേരിട്ട്‍ ഭഗവല്‍ സന്നിധിയിലേക്ക്‍ കടക്കാന്‍ ശ്രമിച്ചു. ആ സമയം കാവല്‍ക്കാര്‍ അവരെ തടഞ്ഞു. ഞങ്ങള്‍ ഇവിടെ കാവല്‍ക്കാരായി നില്‍ക്കുന്നത്‍ അല്ലയോ മഹാത്മാക്കളേ, നിങ്ങള്‍ കാണുന്നില്ലേ. ഇവിടെ വരുന്നവരെയെല്ലാം അതേപോലെ അങ്ങ്‍ അകത്ത്‍ കയറ്റിവിടാനാണെങ്കില്‍പിന്നെ ഞങ്ങളെ ഇവിടെ നിയുക്തമാക്കിയിരിക്കുന്നതിന് അര്‍ഥമില്ലല്ലൊ. ഞങ്ങളുടെ അനുമതിയോടെ മാത്രമേ അകത്തേക്ക്‍ കടക്കാന്‍ പാടുള്ളു. ഇതാണ് നിയമം. ആ നിയമം പാലിയ്ക്കാത്ത നിങ്ങള്‍ അകത്ത്‍ പോകാന്‍ അര്‍ഹരല്ല, വന്ന വഴിയ്ക്ക്‍തന്നെ തിരിച്ച്‍ പോകണം. തങ്ങള്‍ സനകാദി മുനികളാണെന്ന്‍ വന്നവര്‍ പറഞ്ഞു. ആയിരിയ്ക്കാം, അങ്ങിനെ വന്നവരെ മുഴുവനും കയറ്റിവിടാന്‍ പറ്റില്ല. ഇവിടെ ഇരിയ്ക്കുക, ഞങ്ങള്‍ നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളെല്ലാം പരിശോധിക്കട്ടെ, എന്നിട്ട്‍ തീരുമാനിയ്ക്കാം.
ഇവിടെ സനകാദികള്‍ക്ക്‍ ക്രോധമുണ്ടായി എന്ന്‍ വേണം കരുതാന്‍. ഇത്രയും ഉയര്‍ന്ന നിലയിലുള്ള മഹാത്മാക്കളാണ് ഞങ്ങള്‍, ഞങ്ങളെ ആര് തടയാനാണ്, ഞങ്ങള്‍ക്ക്‍ ഏത്‍ സമയത്തും ഏത്‍ ലോകത്തും ആരെയും കാണാന്‍ പോകാം, അതിന് ആരുടെയും അനുമതിയൊന്നും ആവശ്യമില്ല... എന്ന ഒരു തോന്നല്‍.
കാവല്‍ക്കാരുടെ പേര് - ജയ വിജയന്മാര്‍. ഇവിടെ ജയവിജയന്മാര്‍ക്ക്‍ അഹങ്കാരം ഉടലെടുക്കുന്നതായി കാണാം. വൈകുണ്ഠനാഥന്റെ കാവല്‍ക്കാരായ ഞങ്ങളെ നിന്ദിച്ചുകൊണ്ട്‍, ഞങ്ങളെ അവഗണിച്ചുകൊണ്ട്‍ അകത്തേക്ക്‍ കയറുകയോ... ഇത്‍ അനുവദിച്ചുകൂടാ.. പിന്നെ ഞങ്ങളെന്തിന് ഇവിടെ നിയുക്തരായി തുടരണം. കണ്ടവര്‍ക്കൊക്കെ ഏത്‍ നേരത്തും അകത്തേക്ക്‍ കയറിപ്പോകാമെങ്കില്‍ പിന്നെ ഞങ്ങളുടെ ആവശ്യം ഇവിടെ ഇല്ലല്ലൊ. ഒരു തവണ ഇത്‍ സമ്മതിച്ചാല്‍ പിന്നീട്‍ അതുതന്നെ മറ്റൊരു നിയമമായി തീരും. പല പ്രശ്നങ്ങളും ഉണ്ടാവും.
സനകാദികള്‍ മുനികളാണ്, മഹാത്മാക്കളാണ്. അവര്‍ എത്തിനില്‍ക്കുന്നതോ, സാക്ഷാല്‍ വൈകുണ്ഠനാഥന്റെ അരികിലും. ഇത്രയും മഹിമകളുടെ ഉടമകളായ സനകാദികളും ക്രോധമെന്ന ദുര്‍ഗ്ഗുണത്തിന് അടിമപ്പെടുന്നു. വൈകുണ്ഠനാഥന്റെ പാദാരവിന്ദങ്ങളില്‍ കഴിയുന്ന, ജീവിതം നയിക്കുന്ന, ജയവിജയന്മാര്‍ അഹങ്കാരമെന്ന ദുര്‍ഗ്ഗുണത്തിനും അടിമപ്പെടുന്നു. രാമായണത്തിന്റെ സന്ദേശവും ഇതുതന്നെയാണെന്ന്‍ നമുക്ക്‍ പറയാം. ഒരു ദുര്‍ഗ്ഗുണത്തില്‍ മറ്റൊരു ദുര്‍ഗ്ഗുണം ചേരുമ്പോള്‍ അതില്‍നിന്ന്‍ രാവണീയത ജനിക്കുന്നു.
കുംഭകര്‍ണ്ണീയത ഉടലെടുക്കുന്നു. മോഹ് ദശമൗലീ, തഥ ഭാത്ര് അഹങ്കാര്‍ എന്ന്‍ കവി വചനം. ദശകണ്ഠനെ മോഹത്തിന്റെ പ്രതീകമായും കുംഭകര്‍ണ്ണനെ അഹങ്കാരത്തിന്റെ പ്രതീകമായും രാമായണത്തില്‍ ചിത്രീകരിക്കുന്നു. മോഹം അഹങ്കാരം, ഇതില്‍ ഏതെങ്കിലും ഒന്നുതന്നെ ധാരാളമാണ് പതനത്തിന്, രണ്ടും കൂടി ചേര്‍ന്നാലത്തെ സ്ഥിതി പറയാനുണ്ടോ. ഒരു ദുര്‍ഗ്ഗുണത്തില്‍ മറ്റൊരു ദുര്‍ഗ്ഗുണം ചേരുമ്പോള്‍, രാവണന്മാരും കുംഭകര്‍ണ്ണന്മാരുമൊക്കെ ജനിക്കുന്നു. മാനവ സമൂഹം നാശത്തിലേക്ക്‍ നീങ്ങുന്നു.
ജയവിജയന്മാര്‍ തടഞ്ഞപ്പോള്‍, സനകാദി മഹാത്മാക്കള്‍ക്ക്‍ ക്രോധം വരികയും അവര്‍ ജയവിജയന്മാരെ ശപിക്കുകയും ചെയ്യുന്നു. എന്താ നിങ്ങള്‍ വിചാരിച്ചത്‍, വൈകുണ്ഠത്തില്‍ എത്തിയാല്‍ പിന്നീടൊരു പതനം ഇല്ലെന്നാണോ, എങ്കില്‍ അങ്ങിനെ വരില്ല.
നിങ്ങള്‍ രണ്ടുപേരും രണ്ട്‍ രാക്ഷസരായി ഭൂമിയില്‍ ജനിക്കട്ടെ. അപ്പഴേ നിങ്ങളുടെ അഹങ്കാരം നശിക്കൂ. കാവല്‍ക്കാരും സനകാദികളും തമ്മിലുള്ള സംഭാഷണം കേട്ട ഭഗവാന്‍ അരികിലേക്ക്‍ വന്നു. സനകാദികളോട്‍ പറഞ്ഞു, അവര്‍ വൈകുണ്ഠത്തിലെ കാവല്‍ക്കാരാണ്, ദ്വാരപാലകരാണ്. അവര്‍ അവരുടെ കര്‍ത്തവ്യം നിറവേറ്റുകയാണല്ലൊ ചെയ്തത്‍, അതിന് ശപിയ്ക്കണ്ട കാര്യമില്ലായിരുന്നല്ലൊ. അവര്‍ക്ക്‍ ശാപമോക്ഷം കൊടുക്കണം. സനകാദികള്‍ പറഞ്ഞു, ഭഗവാനേ അവര്‍ രാക്ഷസരായി ജനിച്ചേ പറ്റൂ, എന്നാല്‍ മൂന്ന്‍ ജന്മം കൊണ്ട്‍ അവര്‍ക്ക്‍ വീണ്ടും വൈകുണ്ഠത്തില്‍ത്തന്നെ ദ്വാരപാലരായി തിരിച്ചു വരാം. അന്നേരം ശ്രീഹരി പറഞ്ഞു, ഹേ മഹാത്മാക്കളേ, ആ സമയത്ത്‍ അതേ രാക്ഷസന്മാര്‍ നിങ്ങള്‍ യാഗ യജ്ഞാദികള്‍ ചെയ്യുമ്പോള്‍ നിങ്ങളെ ഉപദ്രവിക്കും. സനകാദികള്‍ വിഷ്ണുവിനെയും ശപിച്ചു, അങ്ങിനെയെങ്കില്‍, അവരെ വധിയ്ക്കാനായി അങ്ങയ്ക്കുതന്നെ അവതരിയ്ക്കണ്ടിവരും.
ജയവിജയന്മാര്‍ മഹാത്മാക്കളോട്‍ ശാപമോക്ഷത്തിനായി പ്രാര്‍ത്ഥിച്ചതിന് കരുണാമൂര്‍ത്തികളായ മഹാത്മാക്കള്‍ ശാപമോക്ഷമായി പറഞ്ഞു, നിങ്ങള്‍ രണ്ട്‍ പേരും മൂന്ന്‍ ജന്മങ്ങളിലും അത്യന്തം ബലശാലികളായ രാക്ഷസരായിത്തീരും, നിങ്ങളെ മോക്ഷത്തിലേക്ക്‍ നയിയ്ക്കാന്‍ സാക്ഷാല്‍ വൈകുണ്ഠനാഥന്‍തന്നെ അവതാരമെടുത്ത്‍ ഭൂമിയില്‍ അവതരിക്കും, ഭഗവാന്റെ കൈകള്‍കൊണ്ടുതന്നെ നിങ്ങളുടെ അന്ത്യവും ഉണ്ടാവും. ശേഷം നിങ്ങള്‍ക്ക്‍ രണ്ടുപേര്‍ക്കും വൈകുണ്ഠത്തിലെ കാവല്‍ക്കാരായി ഭഗവാനെ സേവിയ്ക്കാം.
സാക്ഷാല്‍ ശ്രീഹരിയുടെ സന്നിധിയിലെത്തിയാലും മനുഷ്യന്‍ ക്രോധത്തില്‍ നിന്ന്‍ മുക്തനാവണമെന്നില്ല, അഹങ്കാരത്തില്‍ നിന്ന്‍ മുക്തനാവണമെന്നില്ല. അത്രയും സൂക്ഷ്മമായി ഈ രണ്ട്‍ ദോഷങ്ങളും നമ്മില്‍ത്തന്നെ കിടക്കും. ക്രോധത്തിന്റെയും അഹങ്കാരത്തിന്റെയും സൂക്ഷ്മബീജങ്ങളെ നശിപ്പിച്ചാല്‍ മാത്രമേ ജ്ഞാനമുദിക്കുകയുള്ളു എന്ന്‍ കഥയുടെ താല്പര്യം.
ജയവിജയന്മാരുടെ അടുത്ത ജന്മമാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അവരെ നിഗ്രഹിക്കുന്നതിനായി വിഷ്ണുഭഗവാന്‍ നരസിംഹമായി അവതരിച്ചു. അവരുടെ രണ്ടാമത്തെ ജന്മമാണ് രാവണനും കുംഭകര്‍ണ്ണനും. അവരെ വധിയ്ക്കാനായി ഭഗവാന്‍ ശ്രീരാമനായി അവതരിച്ചു. ജയവിജയന്മാരുടെ മൂന്നാമത്തെ ജന്മമാണ് ശിശുപാലനും ദന്തവക്ര്‌ത്രനും, അവരെ നിഗ്രഹിക്കാനായി ഭഗവാന്‍ ശ്രീക്ര്‌ഷ്ണനായി അവതരിച്ചു. എപ്പോഴൊക്കെ ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുന്നുവോ, ആസുരീയ ശക്തികള്‍ ഭാരതത്തില്‍ തന്നിഷ്ടപ്രകാരം വിഹരിച്ച്‍ ധര്‍മ്മത്തെ നശിപ്പിക്കുന്നുവോ, അപ്പോഴൊക്കെ ആ ധര്‍മ്മത്തെ രക്ഷിയ്ക്കുന്നതിനായി ഭഗവാന്‍ ഈ ഭൂമിയില്‍ ഭിന്ന ഭിന്ന നാമരൂപങ്ങളില്‍ അവതരിച്ച്‍ സാധുമഹാത്മക്കളെ, ഭഗവത്‍ഭക്തരെ സങ്കടത്തില്‍ നിന്ന്‍ മോചിപ്പിക്കുന്നു.
യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത, അഭ്യുത്ഥാനം അധര്‍മ്മസ്യ തദാത്മാനം സ്ര്‌ജാമ്യഽഹം
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‍ക്ര്‌താം, ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ - എന്ന്‍ ഭഗവാന്‍തന്നെ ഇവിടെ വാക്ക്‍ തന്ന്‍ പോയിട്ടുണ്ട്‍. അതിന്റെ പശ്ചാത്തലത്തിലും ഭഗവാന് അവതാരമെടുത്തേ പറ്റു.
രാക്ഷസകുലത്തിന്റെ അസാന്മാര്‍ഗ്ഗികതയും അവരുടെ ദുഷ്‍ടതകളും കൊണ്ട്‍ പൊറുതിമുട്ടിയ ഋഷീശ്വരന്മാരും ദേവതകളും മാനവ സമൂഹവും ആ സമയത്ത്‍ ഭഗവാനോട് കരുണാര്‍ദ്രവമായി പ്രാര്‍ത്ഥിക്കുകയും, അവരുടെ പ്രാര്‍ത്ഥനയെ പ്രായോഗികമാക്കാനുമായി ഭഗവാന്‍ സമയാസമയത്ത്‍ ഈ മണ്ണില്‍ അവതരിക്കുന്നു. ഭാരതഖണ്ഡത്തിന് ഭഗവാന്റെ വാഗ്ദാനമാണിത്‍. രാവണകുംഭകര്‍ണ്ണാദി രാക്ഷകുലത്തിന്റെ ദ്രോഹം അസഹ്യമായപ്പോള്‍ ഭഗവാന്‍ മഹാവിഷ്ണു അയോധ്യാ ചക്രവര്‍ത്തിയായ ശ്രീ ദശരഥന്റെ പുത്രനായി അവതരിച്ചു. ഇത്‍ രാമാവതാരത്തിന്റെ ഒരു കാരണം.
അടുത്ത കാരണം വേറെതന്നെ പോസ്റ്റ്‍ ചെയ്യുന്നതായിരിക്കും.
ശുഭം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ്‍ ചെയ്യൂ