2017 ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

ശ്രീരാമാവതാരത്തിന്റെ മൂന്നാമത്തെ കാരണം - 3


ശ്രീരാമാവതാരത്തിന്റെ മൂന്നാമത്തെ കാരണം - 3

ശ്രീ രാമാവതാരത്തിന്റെ മൂന്നാമത്തെ കാരണം പ്രയാഗയിലെ ഭരദ്വാജ മഹര്‍ഷിയുടെ  ആശ്രമത്തില്‍ യാജ്ഞവല്‍ക്യമുനി ഭരദ്വാജ മഹര്‍ഷിക്ക്‍ വിവരിച്ചു കൊടുക്കുന്നു, ഹേ മഹര്‍ഷേ അങ്ങ്‍ കേട്ടാലും. 

കൈലാസത്തില്‍ പരമശിവന്‍ പാര്‍വ്വതിയോട്‍ പറഞ്ഞു,  ഹേ ദേവീ ഒരിക്കല്‍ മഹര്‍ഷി നാരദന്‍ ഭഗവാന്‍ വിഷ്ണുവിനെ ശപിച്ചു. നാരദന്റെ ശാപഫലമായി വിഷ്ണുവിന്‌ മനുഷ്യദേഹം ധരിച്ച്‍ പ്ര്‌ഥ്വിയില്‍ അവതരിക്കേണ്ടി വന്നു.

നാരദന്‍ വിഷ്ണുവിനെ ശപിച്ചു, എന്ന്‍ പരമശിവന്‍ പറഞ്ഞപ്പോള്‍, പാര്‍വ്വതി ഞെട്ടിപ്പോയി. ആകെ ഒരു വെപ്രാളത്തിലായി. ഇരുന്നിടത്തുനിന്ന്‍ എണീറ്റു. ഒരു പ്രതിഷേധ ഭാവത്തോടെ എണീറ്റു. പരമശിവനോട്‍ പറഞ്ഞു, എന്ത്‌, ശ്രീ നാരദന്‍ വിഷ്ണുവിനെ ശപിച്ചു എന്നോ. ഏയ്‌, അതുണ്ടാവില്ല, ഒരിക്കലും ഉണ്ടാവില്ല. അഥവാ അങ്ങിനെ ഉണ്ടായിട്ടുണ്ടെങ്കില്‍ത്തന്നെ വിഷ്ണു എന്തെങ്കിലും തെറ്റ്‍ ചെയ്തിട്ടുണ്ടാവും, അല്ലാതെ മഹര്‍ഷി വിഷ്ണുവിനെ ശപിക്കില്ല.  നാരദന്‍ വിഷ്ണുഭക്തനുമാണ്‌, ജ്ഞാനിയാണ്‌, ദേവര്‍ഷിയാണ്‌. അദ്ദേഹം തെറ്റ്‍ ചെയ്യില്ല.

യാജ്ഞവല്‍ക്യന്‍ ഭരദ്വാജനോട്‍ പറയുന്നു, ഹേ മഹര്‍ഷേ, കണ്ടുവോ, പാര്‍വ്വതിക്ക്‍ നാരദനോടുള്ള സ്നേഹം. നാരദന്‍ പാര്‍വ്വതിയുടെ ഗുരുവാണ്‌. ഗുരുവിനെകുറിച്ച്‍ ആര്‌തന്നെ, എന്ത്‍ തന്നെ ദോഷം പറഞ്ഞാലും, അത്‌ ശിഷ്യന്‌ ഉള്‍ക്കൊള്ളാന്‍ പറ്റില്ല, അത്‍ സമ്മതിച്ച്‍ കൊടുക്കാന്‍ സാധ്യമല്ല. കാരണം ശിഷ്യന്‍ തന്റെ അനുഭവത്തിന്റെ ഉടമയാണ്‌. താന്‍ എന്തെല്ലാം നേടിയോ അതിനൊക്കെ കാരണം ഗുരുവാണ്‌.  ഇവിടെയും പാര്‍വ്വതിക്ക്‍ അത്‍ തന്നെ സംഭവിച്ചു, തന്റെ ഗുരുവിനെകുറിച്ച്‌ തന്റെ ഭര്‍ത്താവ്‌ പറഞ്ഞത്‍ പാര്‍വ്വതിക്ക്‍ അസ്വീകാര്യമായിരിക്കുന്നു.  എന്നിട്ട്‍ പാര്‍വ്വതി പറയുന്നു, ഹേ ഭഗവന്‍, എന്റെ ഗുരുദേവന്‍ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല, തെറ്റ്‍ വല്ലതും വന്നിട്ടുണ്ടെങ്കില്‍ അത്‍ വിഷ്ണുവിന്റെ ഭാഗത്തുനിന്ന്‌ ആവാനേ തരമുള്ളു..   ഹേ ഭഗവാനേ, എന്റെ ഗുരുനാഥന്‍ വിഷ്ണുവിനെ ശപിയ്ക്കാനുണ്ടായ കാരണം എന്താണ്‌, അത്‍ വിശദമായിത്തന്നെ എനിക്ക്‍ പറഞ്ഞുതന്നാലും. 

പാര്‍വ്വതിയുടെ സംശയത്തിന്‌ പരമശിവന്‍ നാരദന്റെ കഥ വിസ്തരിച്ച്‍ പറയാന്‍ തയ്യാറായി.  ദേവീ, കേട്ടുകൊള്ളൂ, ദേവിയുടെ ഗുരു പരമഭക്തനും ജ്ഞാനിയും ഋഷിയുമൊക്കെയാണെന്നല്ലേ പറഞ്ഞത്‍, എങ്കില്‍ ഭക്തന്‍ ആരാണ്‌, ജ്ഞാനി ആരാണ്‌, എന്നൊക്കെ അറിഞ്ഞുകൊള്ളുക.   ദേവീ, ലോകത്ത്‍ ഭക്തനായി ആരുമില്ല,  ജ്ഞാനിയായി ആരുംതന്നെ ഇല്ല. മൂഢരായും ആരുമില്ല.  ഭക്തരായും മൂഢരായും ജ്ഞാനിയായുമൊക്കെ നാം കാണുന്നതെല്ലാം ഭഗവാന്‍ ആരെയെല്ലാമോ ഏതേത്‍ വിധത്തില്‍ ആക്കിത്തീര്‍ക്കണമെന്ന്‍ തീരുമാനിക്കുന്നുവോ, ജീവാത്മാക്കള്‍ ആ വിധത്തിലായിത്തീരുന്നു. ലോകത്ത്‍ മൂഢരായും ആരുമില്ല, ജ്ഞാനിയായും ആരുമില്ല എന്ന സങ്കല്‍പ്പമാണ്‌ ശ്രീ പരമേശ്വരന്‍ അഭിപ്രായപ്പെടുന്നത്‍. ജഗത്ത്‍ മിഥ്യയാണെന്നാണ്‌, സ്വപ്നസദ്ര്‌ശമാണെന്നാണ്‌, പരമേശ്വര സിദ്ധാന്തം. 

ലോകം മിഥ്യയാണെങ്കില്‍, ലോകം ഒരു സ്വപ്നമാണെങ്കില്‍ പിന്നെ, സ്വപ്നത്തില്‍ അല്ലാം മിഥ്യതന്നെ. സ്വപ്നത്തില്‍ വലിയ വലിയ രാജാക്കന്മാരോ മന്ത്രിമാരോ പണക്കാരോ ദരിദ്രനോ ഒക്കെ ആവാറുള്ള നമുക്കൊക്കെ, സ്വപ്നത്തില്‍ അതെല്ലാം പരമാര്‍ത്ഥമാണെന്ന്‍ തോന്നാറുണ്ട്‍. ഉണര്‍ന്നശേഷം അതൊന്നുമല്ലാതായിത്തീരുകയും ചെയ്യുന്നു.  പരമ വിവേകികളാണെന്ന്‍ ലോകര്‍ ധരിച്ചിരിക്കുന്ന വ്യക്തികള്‍ വിഡ്ഢിത്തങ്ങള്‍ വിളിച്ചുപറയുമ്പോള്‍, വിഡ്ഢിത്തങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവനൊരു പമ്പര വിഡ്ഢിതന്നെ എന്ന്‍ നാം പറയും. അതേപോലെ മഹാ വിഡ്ഢികളായവര്‍ മഹാജ്ഞാനികളായിത്തീര്‍ന്ന ചരിത്രവും ധാരാളം നമുക്ക്‍ മുന്നിലുണ്ട്‍. മഹാ വിഡ്ഢിയായിരുന്നു കാളിദാസന്‍, ഇരിക്കുന്ന കൊമ്പ്‍ മുറിക്കുന്നപോലത്തെ വിഡ്ഢിത്തം കാട്ടുമായിരുന്നു. അദ്ദേഹം മഹാകവി കാളിദാസനായി, മഹാ ജ്ഞാനിയായി, മഹാ ഭക്തനുമായി. ഭഗവാന്‍ ആരെ എപ്പൊ എങ്ങിനെയാക്കണമെന്ന്‍ തീരുമാനിയ്ക്കുന്നുവോ അപ്പോള്‍ അതുപോലെയായിത്തീരുന്നു. ഇവിടെ ജ്ഞാനിയെന്നോ മൂഢനെന്നോ എന്ന ആരും തന്നെയില്ല. 

പരമശിവന്‍ പറയുന്നു, ദേവീ,  ദേവിയുടെ ഗുരുനാഥനായ നാരദന്‍ ചെയ്ത കാര്യം എന്താണെന്ന്‍ അറിയണ്ടേ. ശ്രദ്ധയോടെ ശ്രവിച്ചുകൊള്ളു.

നാരദന്‍ ഒരിക്കല്‍ ഹിമാലയത്തിലൂടെ സഞ്ചരിച്ച്‍ കൊണ്ടിരിക്കുമ്പോള്‍, അത്യധികം പാവനവും പവിത്രവുമായ ഒരു ഗുഹ ശ്രദ്ധയില്‍ പെട്ടു. ഗംഗാനദിയുടെ കരയില്‍ ഉള്ള ആ ഗുഹയില്‍ പവിത്രമായ ഒരു ആശ്രമ അന്തരീക്ഷം നാരദന്‌ ദ്ര്‌ശ്യമായി.  ഹിമാലയത്തിലെ അന്തരീക്ഷം, ഗംഗാതരംഗങ്ങളുടെ കളകളാ ശബ്ദം പവിത്രത നിറഞ്ഞ ആശ്രമാന്തരീക്ഷം, തന്നിലെ വിഷ്ണുസ്മരണ, എല്ലാം കൂടി ഒത്തുചേര്‍ന്നപ്പോള്‍ നാരദന്‌ തോന്നി ; കുറെകാലമായി പരിഭ്രമണം തുടങ്ങിയിട്ട്, ഇനി കുറച്ച്‍ ധ്യാനത്തില്‍ ഇരിയ്ക്കട്ടെ എന്ന്‍. ബാഹ്യ സാഹചര്യങ്ങള്‍ ആത്മചിന്തനം ചെയ്യാന്‍ പലപ്പോഴും അത്യധികം സഹായകമായിത്തീരുന്നു. അങ്ങനെ നാരദന്‍ അവിടെ ഇരുന്ന്‍ ഹരിസ്മരണയില്‍  മുഴുകി, നാരദന്‍ തപോനിരതനായി. നാരദന്‌ കിട്ടിയിരുന്ന ശാപം ശക്തിയില്ലാതായി. ദക്ഷപ്രജാപതിയുടെ രാജധാനിയില്‍ ചെന്നപ്പോള്‍ ദക്ഷകുമാരന്മാര്‍ക്ക്‍ മന്ത്രദീക്ഷ നല്‍കി അവരെ ഭൗതിക ജീവിതത്തിലേക്ക്‍ പ്രവേശിയ്ക്കാതെ, മുക്തിയുടെ മാര്‍ഗ്ഗത്തിലേക്ക്‍ തിരിച്ചുവിട്ടു. ഇത്‍ അറിഞ്ഞ  ദക്ഷന്‍ കോപിയ്ക്കുകയും  നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ഒരിടത്ത്‍ അധികം നില്‍ക്കില്ല, പരിഭ്രമണം ചെയ്തുകൊണ്ടേ ഇരിക്കും എന്ന്‍ നാരദനെ ശപിക്കുകയും ചെയ്തിരുന്നു. ഹരിസ്മരണയും ആശ്രമാന്തരീക്ഷവും എല്ലാംകൂടി നാരദനെ ആ ശാപത്തില്‍നിന്ന്‍ മോചിപ്പിച്ചു. നാരദന്‍ ഹരി സ്മരണയില്‍ സമാധിസ്ഥനായി.

നാരദന്‍ ധ്യാനസ്ഥനായതോടെ,  അങ്ങ്‍ ദൂരെ, ദേവലോകത്ത്‍, ദേവേന്ദ്രന്‌ പേടി തോന്നാന്‍ തുടങ്ങി. ഇതെന്താ ഈ കാണുന്നത്‍. നാരദന്‍ തപസ്സിലോ..  എന്തിനായിരിക്കും നാരദന്‍ തപസ്സ്‍ ചെയ്യണത്‍, വിഷ്ണുവിന്റെ ഏറ്റവും വേണ്ടപ്പെട്ട ആളാണ്‌, തീര്‍ച്ചയായും നാരദന്‍ എന്റെ ദേവേന്ദ്ര പദം കൈക്കലാക്കാന്‍തന്നെയാണ്‌ തപസ്സ്‍ ചെയ്യുന്നത്‍. ഇത്‍ അനുവദിച്ചുകൂടാ, എന്തെങ്കിലും ഉപായം ചെയ്തേ പറ്റൂ...

പ്ര്‌ഥ്വിയില്‍ ഒരു വ്യക്തി ധ്യാന നിരതനായി, താപസികനായി, ഇരുന്നാല്‍, അതിന്റെ അനുരണങ്ങള്‍ ഇഹലോകത്ത്‍ പരന്നുകൊണ്ടിരിക്കും എന്ന്‍ മാത്രമല്ല, ദേവലോകത്ത്‍ വരെ അതിന്റെ ആന്ദോളനങ്ങള്‍, അതിന്റെ സ്പന്ദാത്മകത ത്രസിക്കുന്നു, തുടിക്കുന്നു. സ്വാമി വിവേകാനന്ദന്‍ ഒരിടത്ത്‍ പറയുന്നു, ഹിമാലയത്തിലെ ഗുഹയില്‍ ഏതെങ്കിലും മഹാത്മാവ്‍ ആ ഗുഹയുടെ ദ്വാരം നല്ല വലിയ കരിങ്കല്ലുകൊണ്ട്‍ അടച്ച്‍ അതിനകത്തിരുന്ന്‍ തപസ്സനുഷ്ഠിച്ചാലും, ആ വ്യക്തിയുടെ തപോബലം ആ കരിങ്കല്ലുകളെ മുഴുവനും തകര്‍ത്ത്‍ പുറത്ത്‍വന്ന്‍ ബാഹ്യലോകത്തിന്‌ മംഗളം പ്രദാനം ചെയ്യുന്നു, എന്ന്‍.  മൗനത്തിന്റെ, തപസ്സിന്റെ, ധ്യാനത്തിന്റെ ശക്തി ഒന്ന്‍ നോക്കൂ. ഇവിടെ ദേവേന്ദ്രന്‍വരെ ഭയചകിതനായി തീരുന്നു. തന്റെ സിംഹാസനത്തിന്‌ കോട്ടം തട്ടുമോ എന്ന ഭയം.  വീട്ടില്‍ ആരെങ്കിലും പണവും പ്രതാപവും ദ്രവ്യസമ്പത്തിയുമൊക്കെ ഉള്ളവര്‍ക്കാണ്‌ കൂടുതല്‍ മനപ്രയാസം. സത്യം അഹിംസ യമം നിയമം ബ്രഹ്മചര്യം ജപം ധ്യാനം ഇത്യാദി ശബ്ദങ്ങള്‍ കേള്‍ക്കുന്നതുതന്നെ പൊതുവേ ഇഷ്ടമില്ലാത്ത വാക്കുകളാണ്‌. ഈശ്വരോപാസനയിലേക്ക്‍ തിരിഞ്ഞാല്‍ ബാക്കിയുള്ളവരെല്ലാംകൂടി അയാളെ പിന്തിരിപ്പിക്കും. 

നാരദനെ തപസ്സില്‍നിന്ന്‍ പിന്തിരിപ്പിക്കാനുള്ള പോംവഴി അന്വേഷിച്ചുകൊണ്ട്‍ ഇന്ദ്രന്‍ വിചാരിച്ചു, ദേവേന്മാരുടെ ഏറ്റവും വലിയ ശക്തിയാണ്‌ കാമദേവന്‍. കാമദേവനെ വിളിച്ച്‍ ഇന്ദ്രന്‍ പറഞ്ഞു, ഹിമാലയത്തില്‍ നാരദന്‍ തപസ്സുചെയ്യുന്നുണ്ട്‍, ആ തപസ്സ്‍ ഇളക്കണം, തപസ്സില്‍നിന്ന്‍ അകറ്റണം, എന്ന്‍.   കാമദേവന്‍ പറഞ്ഞു, എന്നെക്കൊണ്ട്‍ പറ്റില്ല, ഹിമാലയത്തില്‍ വെച്ച്‍ എനിക്ക്‍ ഇതിനുമുമ്പ്‍ ഒരു അനുഭവം ഉണ്ടായതാണ്‌. അന്ന്‍ പരമശിവനായിരുന്നു. എനിക്ക്‍ വേണ്ടുവോളം കിട്ടി. എന്റെ ശരീരംതന്നെ എനിക്ക്‍ നഷ്ടമായി. ദേവേന്ദ്രന്‍ പറഞ്ഞു, അങ്ങനെ ഒഴിയാനൊന്നും പറ്റില്ല, ഇത്‍ ജഗത്‍ മംഗളത്തിനുവേണ്ടിയിട്ടാണ്‌, ദേവ ഇച്ഛയാണ്‌.  ഇന്ദ്രന്റെ ആജ്ഞപ്രകാരം നാരദന്‍ പരിവാര സമേതം ഹിമാലയ പ്രാന്തത്തിലെത്തി. ആരുടെയും തപസ്സിളക്കാന്‍ കഴിവുള്ള ഉര്‍വ്വശി രംഭാദികള്‍ സഹിതം കാമദേവന്‍ നിര്‍ദ്ദിഷ്ഠകാര്യത്തിന്‌ തയ്യാറായി.

നാരദന്‍ ഇരിക്കുന്ന ആശ്രമാന്തരീക്ഷത്തിലെത്തി. കാമദേവന്‍ ഒരു തപോപുഞ്ജം പോലെയാണ്‌ നാരദനെ കാണുന്നത്‍. തപസ്സ്‍ സ്വയം രൂപം ധരിച്ച്‍ വന്നപോലെ. തപസ്സ്‍ ഇളക്കാന്‍ പലതും ചെയ്തുനോക്കി. സുന്ദരാംഗനമാര്‍ ന്ര്‌ത്തന്ര്‌ത്യങ്ങള്‍ തുടങ്ങി, വാദ്യഘോഷങ്ങള്‍ മുഴങ്ങി. ഒന്നും നാരദനെ ഏല്‍ക്കുന്നില്ല. കാമദേവന്റെ സകല അടവുകളും പരാജയപ്പെട്ടു. പദ്ധതി തുടരാനും പറ്റുന്നില്ല, ഉപേക്ഷിയ്ക്കാനും പറ്റില്ല... ആകപ്പാടെ അങ്കലാപ്പിലായി. 

കാമദേവന്‍ നാരദനെ പ്രശംസിയ്ക്കാന്‍ തുടങ്ങി. അല്ലയോ നാരദരേ, അങ്ങ്‍ മഹാന്‍തന്നെ. അങ്ങയുടെ തപശ്ശക്തിക്കുമുന്നില്‍ ഇതാ ഈ കാമദേവന്‍ തോറ്റുപോകുന്നു. സാക്ഷാല്‍ പരമശിവന്റെ തപസ്സ്‍ ഇളക്കുക എന്നത്‍ വളരെ എളുപ്പമായിരുന്നു എന്ന്‍ എനിക്ക്‍ ഇപ്പോള്‍ മനസ്സിലാകുന്നു. അങ്ങയുടെ തപസ്സ്‍ ആരെക്കൊണ്ടും ഇളക്കാന്‍ പറ്റില്ല. ഭക്തന്മാരെ ധാരാളം കണ്ടിട്ടുണ്ട്‍, പക്ഷെ അവരുടെ ഭക്തിയൊന്നും എന്നെ അതിശയിപ്പിച്ചിട്ടില്ല. അങ്ങയുടെ സംയമത്തിനുമുന്നില്‍ ഞാന്‍ ശിരസ്സ്‍ നമിക്കുന്നു, ഇത്യാദി കുറെ പ്രശംസകള്‍കൊണ്ട്‍ നാരദനെ കാമദേവന്‍ മൂടി. 

കാമദേവന്റെ ഈ കാഴ്ചപ്പാട്‍ നമ്മുടെ ജീവിതത്തിലും ധാരാളം കാണാം. നമുക്ക്‍ ആരെക്കൊണ്ടെങ്കിലും എന്തെങ്കിലും ഒരു കാര്യം നിറവേറ്റി കിട്ടണമെങ്കില്‍ അയാളുടെ വീട്ടില്‍പോയിട്ട്‍ ആയാളെയും വീട്ടുകാരെയും പറ്റി ആവോളം പ്രശംസിക്കുക. നിങ്ങള്‍ എത്ര കേമനാണ്‌, എന്തൊരു ബുദ്ധിയാണ്‌ നിങ്ങളുടേത്‍, മറ്റാരെക്കൊണ്ടും കഴിയാത്ത കാര്യങ്ങളല്ലേ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്‍. നിങ്ങള്‍ സ്നേഹത്തിന്റെ നിധിയാണ്‌, കാരുണ്യം എന്താണെന്ന്‍ നിങ്ങളില്‍നിന്ന്‍ പഠിക്കണം. പരോപകാരപ്രിയനായ നിങ്ങള്‍ ഈശ്വരക്ര്‌പക്ക്‍ പാത്രമാണ്‌, ഞാന്‍ സകുടുംബം അങ്ങയെ നമിക്കുന്നു, ഇങ്ങനെയൊക്കെ അയാളെ പ്രശംസിച്ചു നോക്കുക. കാര്യം നടക്കും.

എന്നാല്‍ കാമദേവന്റെ പ്രശംസകൊണ്ടൊന്നും നാരദന്‌ ഒരിളക്കവും സംഭവിച്ചില്ല. അടുത്തതായി നാരദന്‍ കാമദേവനോട്‍ പ്രാര്‍ത്ഥിച്ചു, അല്ലയോ മഹാമുനിയേ, ശ്രീ നാരദരേ, അങ്ങ്‍ ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഹ്ര്‌ദയത്തിലാണ്‌ എപ്പോഴും വസിക്കുന്നത്‍. മഹാവിഷ്ണുവിന്‌ ഏറ്റവും പ്രിയം അങ്ങുതന്നെയാണ്‌, ലക്ഷ്മിയോടുംകൂടി വിഷ്ണുവിന്‌ അത്ര പ്രിയമില്ല, അത്രക്കും അങ്ങയോട്‍  മഹാവിഷ്ണു കടപ്പെട്ടിരിക്കുന്നു. ഹേ മഹാമഹര്‍ഷേ, ഈ അഗതിയോട്‍ ക്ര്‌പയുണ്ടാവണേ, ഇവനെ കഷ്ടപ്പെടുത്തല്ലേ, ഞാന്‍ അങ്ങയുടെ ദാസനാണ്‌, എന്നെ കൈവിടരുതേ...  ഇങ്ങനെ കാമദേവന്‍ നാരദനോട്‍ കുറെ പ്രാര്‍ത്ഥിച്ചു. എന്നിട്ടും നാരദന്റെ തപസ്സിന്‌ കോട്ടം സംഭവിച്ചില്ല. 

പ്രാര്‍ത്ഥനകളൊന്നും ഫലിക്കുന്നില്ലെന്ന്‍ കണ്ട കാമദേവന്‍ നാരദനെ സാഷ്ടാംഗം പ്രണാമം ചെയ്തുകൊണ്ട്‍ തന്റെ വിവശതകള്‍ ഒന്നൊന്നായി നാരദനോട്‍ പറഞ്ഞു. ഭഗവാനേ, എനിക്ക്‍ ശരണമേകണേ, എന്നെ ദേവന്മാര്‍ ഇനി ദേവലോകത്തേക്ക്‍ കയറ്റില്ല. ഞാന്‍ അനാഥനായിത്തീരും. അങ്ങയുടെ സേവനം എയ്ത്‍ ഇവിടെ എവിടെയെങ്കിലുമൊക്കെ ജീവിച്ചുകൊള്ളാം. അങ്ങ്‍ എന്നില്‍ കനിയണേ.. 

പ്രണാമംകൊണ്ടും തന്റെ വിദ്യകളെക്കൊണ്ടൊന്നും നാരദനില്‍ യാതൊന്നും ഏശുന്നില്ലെന്ന്‍ മനസ്സിലാക്കിയ കാമദേവന്‍ അടുത്തുള്ള വള്ളിക്കുടിലില്‍ കയറി കുറെ പൂക്കള്‍ പറിച്ച്‍ ഒരു മാലയാക്കി നാരദന്റെ കഴുത്തിലണിയിച്ചുകൊണ്ട്‍ പറഞ്ഞു, ഹേ മഹാമഹര്‍ഷേ, അല്ലയോ മഹാമുനേ, സാക്ഷാല്‍ പരമശിവന്റെ തപസ്സുപോലും ഇളക്കിയ ഞാന്‍ അങ്ങയുടെ തപസ്സിനുമുന്നില്‍ തോറ്റിരിക്കുന്നു. അങ്ങയുടെ കഴുത്തില്‍ ഇതാ ഞാന്‍ ഈ പുഷ്പമാല അര്‍പ്പിക്കുന്നു. അങ്ങ്‍ സാക്ഷാല്‍ നാരായണസ്വരൂപം തന്നെ. ഞാന്‍ എന്റെ ക്ര്‌ത്യനിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടിരിക്കുന്നു.  അങ്ങ്‍ കാമനെ വിജയിച്ചിരിക്കുന്നു, അങ്ങേക്ക്‍ ജയ്‍ ഹോ, അങ്ങേക്ക്‍ ജയ്‍ ഹോ, നാരദന്‍ ജയിക്കട്ടെ, ജയിക്കട്ടെ. കാമത്തെ ജയിച്ച അങ്ങയെ സകലലോകങ്ങളിമുള്ള സകല ജീവികളും അങ്ങയുടെ കീര്‍ത്തി പാടിക്കൊണ്ടേ ഇരിയ്ക്കട്ടെ,  എന്നൊക്കെ പറഞ്ഞ്‍, പുഷ്പമാലയൊക്കെ കഴുത്തിലിട്ട്‍, പുഷ്പങ്ങള്‍ അര്‍പ്പിച്ച്‍,  നാരദനെ പൂജിച്ച്‍, കീര്‍ത്തനങ്ങളൊക്കെ ചെയ്തപ്പോള്‍ നാരദന്‍ മെല്ലെമെല്ലെ കണ്ണ്‍ തുറന്നു.

പ്രശംസ, പ്രാര്‍ത്ഥന, പ്രണാമം, പുഷ്പഹാരം എന്ന ഈ നാല്‌ പ്രക്രിയകളില്‍ വീഴാത്ത ആരുംതന്നെ ഈ ഭൂമാവില്‍ ഉണ്ടാവില്ല എന്ന്‍ ഈ ഒരു ഉദാഹരണത്തില്‍ നിന്ന്‍ അറിയാം. കാമദേവന്റെ ഈ അനുഷ്ഠാനും നമുക്കും ആവശ്യത്തിന്‌ സ്വീകരിക്കാമെന്ന്‍ തോന്നുന്നു.

നാരദന്‍ തപസ്സില്‍നിന്ന്‍ ഉണര്‍ന്നു, ആരാണ്‌ എന്നെ തപസ്സില്‍നിന്നും ഉണര്‍ത്തിയത്‍ എന്ന്‍ ചിന്തിച്ചുകൊണ്ട്‍ ചുറ്റുപാടും നോക്കി. അപ്പോള്‍ പരിവാരസമേതം വിലസുന്ന കാമദേവനെ കണ്ടു. കാമദേവന്‍ നാരദന്റെ കാല്‍ക്കല്‍ വീണുകൊണ്ട്‍ പറഞ്ഞു, അല്ലയോ മഹാമുനേ, ദേവദേവനായ പരമശിവന്റെ തപസ്സ്‍ എത്രയോ തുച്ഛം. അങ്ങയുടെ തപസ്സ്‍ അത്യന്തം ഗാഢംതന്നെ. അതിന്‌ തുല്യമായി ആരുടെയും തപസ്സില്ല. എന്റെ അനുഭവമാണ്‌ ഞാന്‍ പറയുന്നത്‍, അങ്ങാണ്‌ ശരിയായ അര്‍ത്ഥത്തില്‍ കാമത്തെ ജയിച്ചവന്‍, ജിതേന്ദ്രിയന്‍ അങ്ങുതന്നെ, വിഷ്ണുഭഗവാന്‍ അങ്ങയില്‍ സംപ്രീതനായിരിക്കുന്നപോലെ മറ്റ്‍ ആരിലും ഉണ്ടാവില്ല. അങ്ങയുടെ തപസ്സിനുമുന്നില്‍ പാവപ്പെട്ട ഈ കാമദേവന്റെ പ്രണാമങ്ങള്‍!!

നാരദന്‍ പറഞ്ഞു, ഓ.. ശരി ശരി, സാരമില്ല. ഞാന്‍ താങ്കളില്‍ പ്രസന്നനാണ്‌.  താങ്കള്‍ക്ക്‍ പോകാം. കാമദേവന്‍ തിരിച്ച്‍ ദേവലോകത്തെത്തി ഇന്ദ്രനെ വിവരങ്ങള്‍ ധരിപ്പിച്ചു. ഇന്ദ്രന്‌ സന്തോഷമായി. നാരദന്റെ ജീവിതത്തിലെ തെറ്റ്‍ ഇവിടെ നമുക്ക്‍ കാണാം. കാമനെ നാരദന്‍ സന്തോഷിപ്പിക്കുന്നു, പ്രശംസിക്കുന്നു, പ്രേരണാത്മകമായി കാമദേവനെ ശ്ലാഘിക്കുന്നു. കാമത്തിനെ ശ്ലാഘിക്കാന്‍ പാടില്ല, അതിനെ അതിന്റെ മുളയില്‍ത്തന്നെ നശിപ്പിക്കണം. അതാണ്‌ വിജയം, അതാണ്‌ വിവേകം. നാരദന്‍ ഇവിടെ തെറ്റിപ്പോയി. 

തപസ്സില്‍നിന്നുണര്‍ന്ന നാരദന്‍ വീണ്ടും പരിഭമണം തുടങ്ങി. മനസ്സില്‍ ഒരു ചിന്ത ഉണര്‍ന്നു. ഞാന്‍ ജിതേന്ദ്രിയനാണ്‌, കാമദേവനെ ജയിച്ചവനാണ്‌. കാമദേവന്‍ മുന്നില്‍ വന്നിട്ടും എന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.  പരമ ശിവന്റെ തപസ്സിളക്കിയ കാമദേവന്‍ എന്റെ മുന്നില്‍ തോറ്റുപോയി. എന്നെ ഇളക്കാന്‍ പറ്റിയില്ല. കാമനെ ജയിച്ചവരില്‍ പരമശിവനേക്കാള്‍ ഒരു പടി ഞാനാണ്‌ മുന്നില്‍. ഈ ഒരു ചിന്ത നാരദനില്‍ ഉടലെടുത്തു, ദിനംപ്രതി അത്‍ ബലപ്പെട്ടു വന്നു, നാരദന്‌ അഹംകാരം വര്‍ദ്ധിച്ച്‍ വര്‍ദ്ധിച്ച്‍ വന്നു. കൈലാസനാഥനായ പരമശിവനാണ്‌ കാമത്തെ ദഹിപ്പിച്ച്‍ കളഞ്ഞവന്‍ എന്നാണ്‌ എല്ലാവരും പറയുന്നത്‍, എന്നാല്‍ പരമശിവനല്ല ഞാനാണ്‌ ശരിയ്ക്കും കാമദേവനെ, കാമത്തെ നശിപ്പിച്ചവന്‍. നാരദന്റെ അഹംകാരം ദ്ര്‌ഢമായി.

ലൗകിക കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന അഹങ്കാരം മറ്റുള്ളവര്‍ക്ക്‍ ഏറെക്കുറെ ദ്ര്‌ഷ്ടമാകും. അയാള്‍ക്ക്‍ ധനമുള്ളതിന്റെ അഹങ്കാരമാണ്‌, സാധനങ്ങളുള്ളതിന്റെ അഹങ്കാരമാണ്‌, രൂപത്തിന്റെ അഹങ്കാരമാണ്‌, പദവിയുടെ അഹങ്കാരമാണ്‌ എന്നൊക്കെ മറ്റുള്ളവര്‍ക്ക്‍ അറിയാന്‍ കഴിയും. അതെല്ലാം സ്ഥൂലമാണ്‌, ദ്ര്‌ഷ്ടമാകുന്നതാണ്‌. എന്നാല്‍  ഇതിനേക്കാളൊക്കെ അപകടമുള്ളതാണ്‌ സത്‍കാര്യങ്ങളുടെ അഹങ്കാരം. ഇത്‍ സൂക്ഷ്മരൂപത്തിലാണ്‌ ഒരുവനില്‍ പ്രവര്‍ത്തിക്കുന്നത്‍. ദാനധര്‍മ്മാദികള്‍ ചെയ്യുക, ഈശ്വരോപാസന ചെയ്യുക, ഭക്തി അനുഷ്ഠിക്കുക, ഇത്യാദികള്‍ വ്യക്തിയില്‍ അഗാധമായ അഹങ്കാരത്തെ ജനിപ്പിക്കുന്നു. ഇവിടെ സാധകന്‍ അത്യന്തം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

നാട്‍ മുഴുവനും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നാരദന്‍ വീട്‍വീടാന്തരം സന്ദര്‍ശിക്കാന്‍ തുടങ്ങി. ആദ്യംതന്നെ ദേവലോകത്ത്‍ ചെന്നു. അവിടെ പ്രൗഢഗംഭീരമായ ഒരു വരവേല്‍പ്പുതന്നെ ഇന്ദ്രന്‍ ഒരുക്കി. സഭകൂടി നാരദനെ ആദരിച്ചു.  പ്രശംസകള്‍കൊണ്ട്‍ നാരദനെ വീര്‍പ്പുമുട്ടിച്ചു. സന്തോഷത്തോടെ നാരദന്‍ യാത്ര പറഞ്ഞു, വീണ്ടും ഭൂമിയിലെത്തി.  ഓരോ വീട്ടിലും നാരദന്‍ കയറിയിറങ്ങി.  അവിടെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഉത്തമ ഉപദേശങ്ങള്‍ കൊടുക്കും. എന്നാല്‍ ഈയിടെയായി നാരദന്റെ ഉപദേശങ്ങളില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. താന്‍ ഹിമാലയത്തില്‍ തപസ്സിരുന്നതും, കാമദേവന്‍ സപരിവാരം തന്റെ തപസ്സിളക്കാന്‍ വന്നതും, കാമദേവന്‍ അതില്‍ പരാജയപ്പെട്ടതുമൊക്കെ നാടുമുഴുവന്‍ നടന്ന്‍ പാടാന്‍ തുടങ്ങി. മാത്രമല്ല, ഇപ്പൊ പരമശിവനല്ല കാമനെ നശിപ്പിച്ചത്‍, ഞാനാണ്‌ കാമനെ നശിപ്പിച്ചത്‍, അതുകൊണ്ട്‍ എന്റെ നമ്പറാണ്‌ മുന്നില്‍.  രാമനാമം ജപിയ്ക്കേണ്ടുന്ന നാവ്‍ കാമനാമജപം തുടങ്ങി.   അങ്ങിനെ നടക്കുമ്പോളാണ്‌ ഓര്‍മ്മ വന്നത്‍, അല്ലാ... ഞാന്‍ കാമനെ ജയിച്ച വിവരം കൈലാസത്തില്‍ പരമശിവന്‍ അറിഞ്ഞുകാണുമോ ഇല്ലയോ..  അദ്ദേഹം അത്‍ തീര്‍ച്ചയായും അറിയണം. ഒരുപക്ഷെ ആരും അദ്ദേഹത്തെ അത് ധരിപ്പിച്ചിട്ടില്ലെങ്കിലോ....  ഉണ്ടെങ്കിലും ഇല്ലെങ്കിലും വേണ്ടില്ല, ഒന്ന്‍ പോവുകതന്നെ. അങ്ങിനെ അഹങ്കാരത്താല്‍ തലക്ക്‍ മത്ത്‍ പിടിച്ച്‍ പതനത്തിലേക്ക്‍ നീങ്ങിക്കൊണ്ടിരുന്ന നാരദന്‍ ഒരു ദിവസം കൈലാസത്തിലെത്തി.  കൈലാസത്തിന്റെ ഉയരവും തലയുടെ ഘനവും, രണ്ടും കൂടി ചേര്‍ന്നപ്പോള്‍ നാരദന്‍ കുറെകൂടി അഹങ്കാരത്തിലേക്ക്‍ ഉയര്‍ന്നപോലെയായി.  പരമശിവന്‍ ഒരു വടവ്ര്‌ക്ഷത്തിന്റെ ചുവട്ടില്‍ ഇരിക്കുന്നു. വളരെ ദൂരെനിന്നുതന്നെ നാരദന്‍ വരുന്നത്‍ പരമശിവന്‍ കണ്ടു. ഭഗവാന്‍ വേഗം എഴുന്നേറ്റ്‍ നാരദനെ സ്വീകരിക്കാന്‍ പോയി. അരികിലെത്തിയ ഉടനെ, പരമശിവന്‍ നാരദന്റെ കൈ പിടിച്ചുകൊണ്ട്‍ സ്വാഗതം ചെയ്തു, തന്റെ സങ്കേതത്തിലേക്ക്‍ കൂട്ടിക്കൊണ്ടുപോന്നു.  പരമശിവന്‍ ചോദിച്ചു, അല്ലയോ മഹര്‍ഷീശ്വരാ, അങ്ങയ്ക്ക്‍ സുഖംതന്നെയല്ലേ, കുറെകാലമായി അങ്ങയുടെ ദര്‍ശനമൊന്നും കിട്ടുന്നില്ലല്ലൊ, എന്തെല്ലാമുണ്ട്‍ വിശേഷങ്ങള്‍ !  

പരമശിവന്റെ കുശലാന്വേഷണം കേട്ടമാത്രയില്‍ നാരദന്‍ പറഞ്ഞു, ആഹാ.. വളരെ സൗഖ്യംതന്നെ. വിശേഷങ്ങളൊക്കെ കുറെയുണ്ട്‍. എന്റെ വിശേഷങ്ങളൊന്നും അങ്ങയോട്‍  ഇത്രകാലമായി ആരും ഒന്നും  പറഞ്ഞില്ലേ..  പരമശിവന്‍ പറഞ്ഞു, നാരദരേ, കൈലാസം എത്ര ദൂരെയാണ്‌, എത്ര ഉയരത്തിലാണ്‌, ഇവിടേക്കൊന്നും ആരും പെട്ടെന്ന്‍ കയറിവരില്ലല്ലൊ, അതുകൊണ്ട്‍ ലോക വര്‍ത്തമാനങ്ങളൊന്നും അറിയാറില്ല.  എന്തേ, എന്തെങ്കിലും വിശിഷ്ഠമായി സംഭവിച്ചുവോ..?

പരമശിവന്റെ ഈ ചോദ്യത്തിന്‌ മറുപടിയായി, തനിക്ക്‍ ഉണ്ടായ അനുഭവങ്ങളെല്ലാം നാരദന്‍ വിശദമായി, കുറെ ഉപ്പും മുളകും ചേര്‍ത്ത്‌, പറഞ്ഞു.  ഹരിനാമം പാടിക്കൊണ്ടിരിക്കുന്ന, രാമനാമം ജപിച്ചുകൊണ്ടിരിക്കേണ്ട നാവില്‍ നിന്ന്‍, ഇന്ന്‍, കാമനാമം ഒഴുകിക്കൊണ്ടേ ഇരുന്നു. എല്ലാം പറഞ്ഞ്‍ കഴിഞ്ഞ്‍ നാരദന്‍ പോകാനായി എണീറ്റു.  ആ സമയം പരമശിവന്‍ പറഞ്ഞു, 
നാരദരേ അങ്ങയെ കാമദേവനു ഒന്നും ചെയ്യാന്‍ സാധിക്കില്ല. അങ്ങ്‍ പരമഭക്തനാണ്‌. ഹിമാലയത്തില്‍ എവിടെയെങ്കിലും ആരെങ്കിലും ഇരുന്ന്‍ വെറുതെ ഹരിനാമം ഉച്ചരിച്ചാല്‍തന്നെ അവന്‍ കാമനെ ജയിക്കും. എന്നിട്ടാണോ ജിതേന്ദ്രിയനായ അങ്ങയുടെ കാര്യം.  നാരദന്‍ പറഞ്ഞു, ഭഗവാനേ, എല്ലാം അങ്ങയുടെ ക്ര്‌പ.

നാരദന്റെ കണ്ണാടിയില്‍ നമ്മുടെ മുഖം നാം നോക്കണം. നാരദന്‍ പറഞ്ഞ അതേ ഭാഷതന്നെയാണ്‌ നാമൊക്കെ പ്രയോഗിക്കാറ്‌. എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്ത്‍ അത്‍ നാടൊക്കെ അറിഞ്ഞുകഴിഞ്ഞു എന്ന്‍ നമുക്ക്‍ ബോധ്യപ്പെട്ട്‍, അതിനുശേഷം ആരെങ്കിലും നമ്മെ ശ്ലാഘിച്ചാല്‍, പുകഴ്‍ത്തിയാല്‍, നമ്മള്‍ പറയും, അയ്യയ്യോ... ഞാനൊന്നും ചെയ്തിട്ടില്ലേ... നമ്മളെക്കൊണ്ടൊക്കെ എന്ത്‍ കഴിവാണുള്ളത്‍, അതൊക്കെ ഭഗവത്‍ക്ര്‌പ, എല്ലാം ഈശ്വരന്‍ ചെയ്യിക്കുന്നു, ഈശ്വരക്ര്‌പ.. ഇത്‍ നമ്മുടെ വാക്കുകള്‍. നാരദനെ നിമിത്തമാക്കി നമുക്ക്‍ നമ്മെത്തന്നെ ആ കണ്ണാടിയില്‍ കാണാനുള്ള ഒരു അവസരം.  കഥകളൊക്കെ ഇതിനാണല്ലൊ.

പരമശിവന്‍ പറഞ്ഞു, എന്തായാലും,  നാരദരേ, ഇവിടെ വന്ന്‍ താങ്കള്‍ ഈ സംഭവം എന്നോട്‍ പറഞ്ഞത്‍ പറഞ്ഞു, ദയവുചെയ്ത്‍ ഭഗവാന്‍ വിഷ്ണുവിനോട്‍ ഇതൊന്നും പറയരുതേ...!!    അതും കേട്ട്‍ നാരദന്‍ ശിവസന്നിധിയില്‍ നിന്ന്‍ പോന്നു.   വഴിയില്‍ നാരദന്‍ ചിന്തിക്കുന്നു, എന്ത്‍ കൊണ്ട്‍ പാലാഴിയില്‍ പോയി ഈ സംഭവം‍  വിഷ്ണുവിനോട്‍ പറഞ്ഞുകൂടാ, ഞാന്‍ കാമനെ ജയിച്ച കാര്യമല്ലേ പറയുന്നത്‍, മറ്റൊന്നുമല്ലല്ലൊ. കാമനെ ജയിച്ചതില്‍ ഇപ്പൊ എന്റെ പേരാണ്‌ മുന്നില്‍, അത്‍ വിഷ്ണു അറിയുന്നത്‍ ശിവഭഗവാന്‌ ഇഷ്ടമല്ല, അതാണ്‌ കാരണം. എന്തുകൊണ്ട്‍ വിഷ്ണുവിനോട്‍ പറഞ്ഞുകൂടാ, ഞാന്‍ തീര്‍ച്ചയായും വൈകുണ്ഠത്തില്‍ പോകും.  നാരദന്‍ വിഷ്ണുസവിധത്തിലേക്ക്‍ യാത്രയായി. 

കൈലാസത്തിലേക്ക്‍ കയറിവന്ന നാരദരെ സ്വീകരിക്കാന്‍ പരമശിവന്‍ പോയി, നാരദന്റെ കൈകള്‍ പിടിച്ച്‍, ആനയിച്ച്‍ കൊണ്ടുവന്നു.  എന്തുകൊണ്ടായിരിക്കും ഭഗവാന്‍ സ്വയം സ്വീകരിക്കാന്‍ പോയത്‍, എന്ന്‍ സംശയം ജനിക്കാം.  ഭഗവാന്റെ ഭക്തനാണ്‌ വരുന്നത്‍. ഹരിനാമ മഹിമ ലോകം മുഴുവന്‍ പരത്തുന്ന പരമഭക്തനാണ്‌ നാരദന്‍. ഭഗവാന്‍ എപ്പോഴും ഭക്തന്റെ അടിമയാണ്‌. അതുകൊണ്ട്‍ തന്റെ ഭക്തനെ സ്വീകരിക്കേണ്ടത്‍ തന്റെ കടമയാണ്‌, അതുകൊണ്ട്‍ പോയതാവാം.  ശിരസ്സിന്റെ ഭാരം താങ്ങാനാവാതെ വരുന്ന നാരദന്‍ കൈലാസത്തിന്റെ കൊടുമുടിയില്‍ കയറിതോടെ അദ്ദേഹം താഴെ വിഴുമെന്ന്‍ ഉറപ്പായി, അതിനായി ഭഗവാന്‍ കൈ പിടിച്ചു എന്നാവാം.  ഏതായാലും നാരദന്‍ പാലാഴിയിലേക്ക്‍ പുറപ്പെട്ടു.

ഒരു ദിവസം കയ്യില്‍ വീണയുമായി, ശ്രീഹരിയുടെ ഗുണഗണങ്ങള്‍ കീര്‍ത്തിച്ചുകൊണ്ട്‍ നാരദന്‍  ക്ഷീരസാഗരത്തില്‍ ശ്രീനിവാസ സന്നിധിയിലെത്തി. തന്റെ പ്രിയഭക്തനെ ശ്രീഹരി യഥോചിതം ആദരിച്ചിരുത്തി കുശലം അന്വേഷിച്ചു. എന്തൊക്കേ നാരദരേ സുഖംതന്നെയല്ലേ, എന്ന്‍ ചോദിച്ചപ്പോഴേക്കും ശ്രീ നാരദന്‍ തന്റെ വീരകഥകള്‍ മുഴുവനും വര്‍ണ്ണിച്ചു. ഹിമാലയത്തിലെ ഗുഹയില്‍ തപസ്സുചെയ്തുകൊണ്ടിരിക്കുകയായിരുന്നു, കാമദേവന്‍ വന്നു, എല്ലാ അടവും പയറ്റി, എന്നെ സമാധിയില്‍നിന്ന്‍ ഉണര്‍ത്താന്‍ കഴിഞ്ഞില്ല, പരമശിവനെ ഉണര്‍ത്തിയ കാമദേവന്‍ എന്റെ മുന്നില്‍ തോറ്റുപോയി, ഇപ്പോള്‍ ഞാനാണ്‌ ജിതേന്ദ്രിയന്‍, എന്നിങ്ങനെ കാമകഥ മുഴുവന്‍ നാരദന്‍ ശ്രീഹരിക്ക്‍ വിവരിച്ചു കൊടുത്തു. നാരദന്റെ ഹിതത്തിനായുള്ള ഉപദേശങ്ങള്‍ വിഷ്ണുഭഗവാന്‍ കൊടുത്തു. തനിക്ക്‍ അല്പം തിടുക്കമുണ്ട്‍, പിന്നീട്‍ വരാമെന്ന്‍ പറഞ്ഞ്‍ നാരദന്‍ ഹിമാലയസാനുക്കളിലേക്ക്‍ തിരിച്ചു. ഭക്തന്‌ അഹംങ്കാരം വളരെ വര്‍ദ്ധിച്ചിരിക്കുന്നു എന്ന്‍ മനസ്സിലാക്കിയ വിഷ്ണു, ഈ അഹങ്കാരത്തിന്റെ കുരു എത്രയും വേഗം  പൊട്ടിച്ചുകളയണമെന്ന്‍ തീരുമാനിച്ചു.

നാരദന്‍ പോകുന്ന വഴിയില്‍, ഹിമാലയത്തില്‍ ഒരിടത്ത്‍ തന്റെ മായകൊണ്ട്‍ വിഷ്ണു നൂറ്‍ യോജന വിസ്താരമുള്ള വിശാലമായ നഗരം സ്ര്‌ഷ്ടിച്ചു. അവിടെ കുറെ നഗരവാസികളും രാജവീഥികളും എല്ലാ സൗകര്യങ്ങളും മായയാല്‍ നിര്‍മ്മിച്ചു. ശീലനിധി എന്ന ഒരു രാജാവും പരിവാരവും മന്ത്രിപ്രവരരും പ്രജകളും എല്ലാം സര്‍ജ്ജിതമായി. നാരദന്‍ ചിന്തിച്ചു, ഈ നഗരം ഏതാണ്‌, ഇതിനെകുറിച്ച്‍ ഇന്നേവരെ കേട്ടിട്ടില്ലല്ലൊ. വൈഭവപ്രഭവമായതും വൈകുണ്ഠത്തേക്കാള്‍ ഐശ്വര്യം തോന്നിക്കുന്നതുമായ ഈ നഗരം ഏതാണെന്ന്‍ 
അന്വേഷിച്ചപ്പോള്‍ ശീലനിധി എന്ന രാജാവിന്റെ നഗരമാണെന്നും അദ്ദേഹത്തിന്റെ പുത്രി വിശ്വമോഹിനിയുടെ സ്വയംവരം നടക്കാന്‍ പോവുകയാണെന്നുമൊക്കെ വാര്‍ത്തകള്‍ കിട്ടി. കൂടുതല്‍ അറിയാനായി നാരദന്‍ രാജധാനിയിലേക്ക്‍ ചെന്നു. രാജാവ്‌ നാരദനെ ഭക്ത്യാദരവോടെ സ്വീകരിച്ചു, സുഖാദികള്‍ അന്വേഷിച്ചു. തന്റെ പുത്രിയെ അരികില്‍ വിളിച്ച്‍ നാരദര്‍ക്ക്‍ കാണിച്ചുകൊടുത്തുകൊണ്ട്‍ രാജാവ്‍ പറഞ്ഞു, ഹേ മഹാമുനേ ഇത്‍ എന്റെ പുത്രി വിശ്വമോഹിനി. നാളെ  ഇവളുടെ സ്വയംവരം നടത്താന്‍ പോവുകയാണ്‌. അങ്ങ്‍ ത്രികാലജ്ഞാനിയാണെന്ന്‍ ഞാന്‍ കേട്ടിട്ടുണ്ട്‍, എന്റെ പുത്രിയുടെ കൈരേഖനോക്കി അവളുടെ ഭാവിജീവിതം എങ്ങിനെയൊക്കെയായിരിക്കുമെന്ന്‍ ലക്ഷണം പറഞ്ഞാല്‍ നന്നായിരുന്നു. ശീലനിധി തന്റെ പുത്രി വിശ്വമോഹിനിയെ വിളിച്ച്‍ നാരദന്‌ പരിചയപ്പെടുത്തുന്നു. നാരദന്റെ ചരണസ്പര്‍ശം ചെയ്യാനോ വന്ദിയ്ക്കാനോ ഒന്നും പറയുന്നില്ല. നാരദരെ പ്രണമിച്ചാല്‍, നാരദന്റെ മനോകാംമനകളെല്ലാം തകരും. നാരദന്‌ കന്യകയില്‍ മോഹം ജനിയ്ക്കാന്‍ അത്‍  വിഘ്നമായി മാറും. അതായിരിക്കണം കാരണം.  

ഇത്‍ വരെയും ഞാന്‍ വിഷ്ണുഭക്തന്‍, ഞാന്‍ ക്രോധത്തെ ജയിച്ചവന്‍, ഞാന്‍ കാമത്തെ ജയിച്ചവന്‍, ഞാന്‍ ജിതേന്ദ്രിയന്‍ എന്നൊക്കെ പാടി നടന്നിരുന്ന നാരദന്‍ വിശ്വമോഹിനിയെ കണ്ടതോടെ, തന്നെത്തന്നെ മറന്നു. വിശ്വമോഹിനിയുടെ മുഖത്തേക്ക്‍തന്നെ നോക്കിയിരുന്നുപോയി. കുറച്ച്‍ കഴിഞ്ഞപ്പോള്‍ ശീലനിധിക്കുതന്നെ പറയേണ്ടി വന്നു, ഹേ നാരദരേ, മുഖം നോക്കാനല്ല, കൈ നോക്കാനാണ്‌ പറഞ്ഞത്‍ എന്ന്‍. നാരദന്‍ വിശ്വമോഹിനിയുടെ കൈ തന്റെ കയ്യിലേക്ക്‍ വെച്ചു. കൈകള്‍ തമ്മില്‍ സ്പര്‍ശിക്കുകകൂടി ചെയ്തതോടെ നാരദന്‌ വിശ്വമോഹിനിയില്‍ മോഹമുദിച്ചു. കന്യകയുടെ കൈരേഖകള്‍ നോക്കി ലക്ഷണം പറഞ്ഞു, ഹേ രാജാവേ, ഇവള്‍ സുശീലയാണ്‌, സര്‍വ്വഗുണസമ്പന്നയാണ്‌, സുലക്ഷിണിയാണ്‌, ഇവളെ വിവാഹം ചെയ്യുന്ന വ്യക്തി പതിനാലു ലോകങ്ങളുടെയും, ബ്രഹ്മാണ്ഡത്തിന്റെ തന്നെയും അധിപനായിത്തീരും. ഇത്രയൊക്കെ എങ്ങിനെയോ പറഞ്ഞൊപ്പിച്ച്‍ നാരദന്‍ പോകാനായി എഴുന്നേറ്റു.  ശീലനിധി പറഞ്ഞു, മഹാത്മാവേ, അങ്ങ്‍ ഇവിടെ താമസിച്ചാലും, നാളെ സ്വയംവരത്തില്‍ പങ്കുകൊണ്ട്‍ നവദമ്പതികള്‍ക്ക്‍ ആശീര്‍വാദം കൊടുത്തിട്ട്‍ അങ്ങേക്ക്‍ പോകാം. എനിക്ക്‍ അത്യാവശ്യമായ ചില കാര്യങ്ങളുണ്ട്‍, വേഗം പോയേ പറ്റു എന്ന്‍ പറഞ്ഞ്‍ നാരദന്‍ വിടവാങ്ങി.

വഴിയില്‍ നാരദന്‍ ചിന്തിക്കുന്നു, ഈ കന്യകയെ എനിക്ക്‍ കിട്ടണം. കാമത്തെ ജയിച്ചതുകൊണ്ട്‍ പരമശിവനേക്കാള്‍ മുന്നിലെത്തി എന്നാണ്‌ നാരദന്‍ സങ്കല്‍പ്പിക്കുന്നത്‍. പരമശിവ പദം ഇപ്പോള്‍ എനിയ്ക്കാണ്‌ ഉള്ളത്‍. വിശ്വമോഹിനിയെ വിവാഹം ചെയ്താല്‍ ബ്രഹ്മാണ്ഡത്തിന്റെ അധിപതിയാവാം, മഹാവിഷ്ണുവിന്റെ പദവികൂടി എനിക്ക്‍ കിട്ടും, എന്ന തോന്നല്‍ നാരദനില്‍ ഉദിച്ചു. വാസ്തവത്തില്‍ കൈരേഖ അങ്ങിനെയല്ല. ബ്രഹ്മാണ്ഡത്തിന്റെ അധിപതി ആരാണോ, അയാളെ വിശ്വമോഹിനി വരിക്കും എന്നാണ്‌. പക്ഷെ അഹങ്കാരത്താല്‍ ഗര്‍വ്വിതനായ നാരദന്‍ കൈരേഖാ ലക്ഷണം വിപരീതമായി മനസ്സിലാക്കി. വിശ്വമോഹിനിയെ എനിക്ക്‍ കിട്ടണം, അതിനുള്ള ഉപായമെന്താണ്‌. കുറെ ചിന്തിച്ച്‍ ഒരു പോംവഴിയും കണ്ടില്ല. ഒരു കാര്യം നാരദന്‍ ശരിക്കും അറിയാം, വിശ്വമോഹിനി തന്നെ വരണമാല്യം ചാര്‍ത്തണമെങ്കില്‍ ഈ വേഷവും രൂപവും പറ്റില്ല. സൗന്ദര്യം വേണം. ഏതൊരു കന്യകയും ഇച്ഛിക്കുന്നത്‍ രൂപവാനെയാണ്‌. കന്യക രൂപവാനെ ഇച്ഛിക്കുന്നു, മാതാവ്‍ ധനവാനെ ഇച്ഛിക്കുന്നു, പിതാവ്‍ വിദ്യാവാനെ ഇച്ഛിക്കുന്നു എന്നാണല്ലൊ പ്രമാണം. നാരദന്‍ ചിന്തിക്കുന്നു, എന്നെ ഈ വേഷത്തില്‍ കണ്ടാല്‍ പാണിഗ്രഹണത്തിന്‌ പകരം പാദപൂജയാവും ഉണ്ടാവുക. അതുകൊണ്ട്‍ രൂപം വേണം. രൂപസൗന്ദര്യം വേണം. കഴിഞ്ഞ ദിവസം വരെ നാരായണ നാരായണ എന്ന്‍ പാടി ശ്രീഹരിയുടെ നാമ മാഹാത്മ്യം ലോകം മുഴുവനും പ്രചരിപ്പിച്ച്‍കൊണ്ട്‍ നടന്നിരുന്ന വ്യക്തി, ഞാന്‍ കാമത്തിനെ ജയിച്ചവന്‍ ജിതേന്ദ്രിയന്‍ എന്നൊക്കെ പറഞ്ഞിരുന്ന വ്യക്തി വിശ്വമോഹിനിയെ കണ്ടതോടെ എല്ലാം തകര്‍ന്നു. പരമശിവന്‍ പാര്‍വ്വതിയോട്‍ പറയുന്നു, ദേവീ, ആര്‌ ജ്ഞാനി, ആര്‌ മൂഢന്‍. വിശ്വമോഹിനിയെ കിട്ടണമെങ്കില്‍ തന്റെ ഇപ്പോഴത്തെ രൂപം പോരാ.. ഹിമാലയത്തിലൂടെ നടക്കുന്ന നാരദന്‌ സമാധാനമില്ലാതായി. വൈകുണ്ഠവാസനെ ധ്യാനിച്ച്‍ പ്രത്യക്ഷീകരിയ്ക്കാനൊന്നും സമയമെവിടെ, നാളെയല്ലേ സ്വയംവരം. എന്ത്‍ ചെയ്യും. ഒരു കാര്യം നാരദന്‌ അറിയാമായിരുന്നു, തന്റെ മംഗളം കാംക്ഷിക്കുന്നതില്‍ ശ്രീഹരിയെ കവിഞ്ഞ്‍ ആരുംതന്നെ ഇല്ല. അതുകൊണ്ട്‍ ശ്രീമന്‍ നാരായണനെ വിളിക്കുക തന്നെ. നാരദന്‍ ശ്രീഹരിയെ സ്മരിച്ചുകൊണ്ട്‍ നാരായണ നാരായണ എന്ന്‍ രണ്ട്‍നാല്‌ പ്രാവശ്യം വിളിച്ചു. ഭഗവാന്‍ പെട്ടെന്ന്‍ പ്രത്യക്ഷമായി. ഹേ നാരദമഹര്‍ഷേ ഞാന്‍ അങ്ങയില്‍ പ്രസന്നനാണ്‌, അങ്ങയ്ക്ക്‌ എന്ത്‍ വേണം, ശക്തി, ബുദ്ധി, ഭക്തി, വിശ്വാസം, വൈരാഗ്യം, എന്ത്‍ വേണമെങ്കിലും ചോദിച്ചോളൂ.. നാരദന്‍ പറഞ്ഞു, അയ്യയ്യോ ഭഗവാനേ ഇതൊക്കെ ഇപ്പൊത്തന്നെ ധാരാളമായിട്ടുണ്ട്‍, ഇതൊന്നും വേണ്ട, എനിക്ക്‍ "നിന്‍രൂപം തരികെന്ന്‍ പ്രാര്‍ത്ഥിച്ചൂ നാരദനും".. അങ്ങയുടെ ഈ ദിവ്യകോമളമായ രൂപമുണ്ടല്ലോ, അത്‍ തരണം, അതാണെനിക്ക്‍ ആവശ്യം, അങ്ങയുടെ ഈ രൂപം എനിക്ക്‍ തന്ന്‍ എന്നെ അനുഗ്രഹിക്കണം. ആസക്തിക്ക്‍ അടിമപ്പെട്ടിട്ടുള്ള വ്യക്തി എന്തെല്ലാം കാര്യങ്ങള്‍ക്ക്‍ വേണ്ടിയിട്ടാണ്‌ മറ്റുള്ളവരോട്‍ ഇരക്കുന്നത്‍ എന്ന്‍ ചിന്തിക്കുക. ഒരിക്കലും നടക്കാത്ത കാര്യമാണെന്ന ബോധംകൂടി ഇല്ലാതെയാണ്‌ ആവശ്യങ്ങള്‍ നിരത്തുന്നത്‍. പ്രക്ര്‌തിവിരുദ്ധമായിട്ടുള്ളതും അസംഭവ്യമായിട്ടുള്ളതും ഒക്കെ ആവശ്യപ്പെടുന്നതില്‍ ഇത്തരക്കാര്‍ക്ക്‍ ഒരു സങ്കോചവും തോന്നില്ല, കാമത്തിന്റെ പ്രഭാവം ശ്രദ്ധിക്കുക. നാരദന്‍ പറഞ്ഞു, ഹേ പ്രഭോ, എന്റെ നന്മ അങ്ങയ്ക്കല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ സാധിക്കില്ല, അതുകൊണ്ട്‍ എന്റെ പ്രാര്‍ത്ഥന സ്വീകരിച്ച്‍ എന്നെ അനുഗ്രഹിച്ചാലും. ഭഗവാന്‍ പറഞ്ഞു, ഹേ നാരദരേ, രൂപം കൈമാറ്റം ചെയ്യാന്‍ പറ്റില്ല, അത്‍ മാറ്റിവെയ്ക്കാന്‍ സാധ്യമല്ല. നിങ്ങളുടെ ഹിതത്തിന്‌, നിങ്ങളുടെ നന്മക്ക്‍ വേണ്ടുന്നത്‍ ചെയ്യണമെന്ന്‍ പ്രാര്‍ത്ഥിച്ചതുകൊണ്ട്‍ ഹേ മഹര്‍ഷേ, അങ്ങയുടെ ഹിതം ഭവിക്കട്ടെ, എന്ന്‍ പറഞ്ഞ്‍ ഭഗവാന്‍ അന്തര്‍ധാനം ചെയ്തു.  നാരദന്‌ സമാധാനമായി. താന്‍ ശ്യാമളകോമളനായി എന്ന്‍ നാരദന്‍ ധരിച്ചു. നേരം ഇരുട്ടി. രാത്രി മുഴുവനും കഴിച്ചുകൂട്ടണമല്ലോ എന്ന്‍ തോന്നിയ നാരദന്‌ സ്വബോധംതന്നെ നശിച്ചപോലെയായി. നാരദന്റെ സ്വാധ്യായാദികളും ജപതപാദികളും എല്ലാം മുടങ്ങി. ഒരു മഹര്‍ഷിയുടെ പരാധീനതയൊന്ന്‍ ശ്രദ്ധിക്കൂ. ആത്മീയ സാധനകള്‍ മുടങ്ങി, ഉപാസനകളും നിത്യപൂജ, ജപം കീര്‍ത്തനം ഒക്കെ മുടങ്ങി. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു, നാരദന്‍ തയ്യാറായി സ്വയംവര മണ്ഡപത്തിലേക്ക്‍ പുറപ്പെട്ടു.

അനേകം രാജ-മഹാരാജാക്കന്മാര്‍ വന്നുചേര്‍ന്നിട്ടുണ്ട്‍, സ്വയംവര സന്നാഹങ്ങള്‍, ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സ്വയംവര മണ്ഡപം അതിസുന്ദരമായി വിതാനിച്ചിരിക്കുന്നു. നാനാവിധ അലങ്കാരങ്ങളാല്‍ മോടിപിടിപ്പിച്ചിരിക്കുന്നു. മണ്ഡപത്തിന്റെ രചന അതി വിശിഷ്ടമായിരിക്കുന്നു.  സാക്ഷാല്‍ ജഗദംബ, സാക്ഷാല്‍ മായ, വിശ്വമോഹിനിയായി, വധൂവേഷത്തില്‍ വിരാചിക്കുന്ന മണ്ഡപത്തിന്റെ വര്‍ണ്ണന എങ്ങിനെ ചെയ്യും, ആരെക്കൊണ്ട്‍ വര്‍ണ്ണിക്കാന്‍ കഴിയും. സ്വയംവര മണ്ഡപത്തില്‍ അനേകം രാജകുമാരന്മാര്‍ എത്തിയിട്ടുണ്ട്‍. ശ്രീനാരദന്‍ മണ്ഡപത്തിലേക്ക്‍ പ്രവേശിച്ചു. മണ്ഡപത്തിലേക്ക്‍ പ്രവേശിച്ചപ്പോള്‍ അവിടെ ഇരുന്നിരുന്നവരെല്ലാം എണീറ്റ്‍ നാരദനെ വണങ്ങി. താന്‍ നരനില്‍ നിന്ന്‍ നാരായണനായി എന്ന്‍ നാരദന്‍ വിചാരിക്കുന്നു. മണ്ഡപത്തിലുള്ളവരെല്ലാം നാരദനെ ഒരു മഹര്‍ഷിയായി കാണുന്നു, അതുകൊണ്ട്‍ വന്ദനാസൂചകമായി എണീറ്റു. മണ്ഡപത്തില്‍  ഉടനെ കാണുന്ന ആദ്യത്തെ നിരയില്‍ത്തന്നെ നാരദന്‍ ഇരുന്നു. വിശ്വമോഹിനി വരണമാലയുമേന്തി വരുമ്പോള്‍ ആദ്യം എന്നെ കാണും, എന്റെ കഴുത്തില്‍ മാല ഇടും. കന്യകയ്ക്ക്‍ ആരെ വരിക്കണം എന്നൊക്കെ ചിന്തിച്ച്‍ വെറുതെ നേരം കളയണ്ടല്ലൊ, എന്നാണ്‌ നാരദന്റെ മനോഗതം.  അങ്ങനെ നല്ല ഗമയില്‍ത്തന്നെ നാരദന്‍ ഇരുന്നു. നാരദന്റെ ഇരുഭാഗത്തുമായി പരമശിവന്റെ രണ്ട്‍ ഗണങ്ങളും രാജകുമാരന്മാരുടെ വേഷത്തില്‍ ഇരുന്നിരുന്നു. രണ്ടു ഗണങ്ങളും ഇരുപുറവും ഇരുന്നുകൊണ്ട് നാരദനെ പുകഴ്ത്താന്‍ തുടങ്ങി. എന്തൊരു രൂപവാനാണ്‌ ഈ വ്യക്തി. സാക്ഷാല്‍ നാരായണസ്വരൂപം തന്നെ. ഇദ്ദേഹത്തിന്റെ വ്യക്തിസൗന്ദര്യം അലൗകികം തന്നെ, ഇയാളുടെ മാതാപിതാക്കള്‍ ആരായിരിക്കും, അവര്‍ എത്ര ഭാഗ്യശാലികളായിരിക്കും.... ഇത്തരത്തിലൊക്കെ നാരദന്‍ കേള്‍ക്കത്തക്ക വിധത്തില്‍ പുകഴ്ത്തി. ഇതുകേട്ടപ്പോള്‍ നാരദന്‌ തോന്നി, ഇപ്പൊ എല്ലാം ശരിയായിരിക്കുന്നു. ഇനി ഒന്നും ഭയക്കാനില്ല, വരണമാല്യം എന്റെ കഴുത്തില്‍ത്തന്നെ. ശിവഗണങ്ങളുടെ സംഭാഷണത്തിന്റെ ഗൂഢാര്‍ത്ഥം നാരദന്‌ മനസ്സിലാക്കാന്‍ സാധിച്ചില്ല.  വിശ്വമോഹിനി എന്റെ സ്വന്തം തന്നെ എന്ന്‍ ആശ്വസിച്ച് നാരദന്‍ ഇരുന്നു.  നാരായണന്‍ എന്നെ സ്വന്തം രൂപത്താല്‍ അനുഗ്രഹിച്ചിരിക്കുന്നു. എന്നെയല്ലാതെ ആരെയും വിശ്വമോഹിനി വരണമാല്യം അണിയിക്കില്ല... എന്നൊക്കെ നാരദന്‍ ഉറപ്പിച്ച്‍, ഗമയില്‍ത്തന്നെ ഇരുന്നു. 

വിശ്വമോഹിനി സഖികളുമൊത്ത്‍ വരണമാല്യവുമേന്തി സ്വയംവര മണ്ഡപത്തിലേക്ക്‍ പ്രവേശിച്ചു. വിശ്വമോഹിനിയെ കുറിച്ച്‍ കൂടുതല്‍ വര്‍ണ്ണനകളൊന്നും കാണുന്നില്ല. പരമശിവന്‌ തോന്നിയിട്ടുണ്ടാവും, വിശ്വമോഹിനി എന്നത്‍ സാക്ഷാല്‍ ജഗദംബയാണ്‌, സ്വന്തം അമ്മയാണ്‌. അമ്മയുടെ സൗന്ദര്യത്തെ  പുത്രന്‍ വര്‍ണ്ണിക്കുന്നത്‍ മരിയാദയുടെ ലംഘനമാണ്‌, അമ്മയുടെ അംഗപ്രത്യംഗ വര്‍ണ്ണന പുത്രന്‍ ചെയ്യരുത്‍, അത്‍ നിഷേധമാണ്‌, മാത്ര്‌ദേവോ ഭവ: എന്ന  ഈശ്വരവാണിയുടെ ഉല്ലംഘനമായി പരമശിവന്‍ അതിനെ കണ്ടിരിക്കണം. നമുക്കൊക്കെ അതൊരു നീതിപാഠമാവട്ടെ... സ്വന്തം അമ്മയുടെ രൂപസൗന്ദര്യ വര്‍ണ്ണന മക്കള്‍ ചെയ്യാന്‍ പാടില്ല എന്ന ഗുണപാഠം ഇതില്‍നിന്ന്‍ പഠിക്കണം. പരമശിവന്‍ ഒന്നുകൂടി ചിന്തിച്ചിരിക്കണം. വിശ്വമോഹിനി മായയാണ്‌. മായ ഇന്ദ്രിയങ്ങള്‍ക്ക്‍ അതീതമാണ്‌. അതുകൊണ്ടുതന്നെ മായയെ വാണിയാല്‍ വര്‍ണ്ണിക്കാന്‍ സാധ്യമല്ല. കാണുന്നത്‍ കണ്ണുകൊണ്ടാണ്‌, കണ്ണ്‍ ഒരു ഇന്ദ്രിയമാണ്‌. കണ്ടതിനെ കണ്ടതുപോലെ പറയാന്‍ കണ്ണിന്‌ നാവില്ല. അതുകൊണ്ട്‍ പറയാന്‍ പറ്റില്ല. നാവുകൊണ്ടാണ്‌ കാര്യങ്ങള്‍ പറയുക, നാവ്‍ മായയെ കണ്ടിട്ടില്ല, നാവിനു കണ്ണ്‍ ഇല്ലാത്തതുകൊണ്ട്‍ നാവ്‍ കണ്ടിട്ടുമില്ല. അപ്പൊ വാണികൊണ്ടും വര്‍ണ്ണിക്കാന്‍ സാധ്യമല്ല.  അതുകൊണ്ട്‍ വിശ്വമോഹിനിയുടെ വര്‍ണ്ണന കൂടുതലൊന്നും ഇല്ല. മായ എന്നത്‍ ഇന്ദ്രിയങ്കള്‍ക്ക്‍ അതീതമാണ്‌ എന്ന്‍ വ്യംഗ്യാര്‍ത്ഥം. 

മായ ഭഗവാന്റേതാണ്‌, അതിന്റെ ഉപഭോഗം ഭഗവാനുള്ളതാണ്‌. മറ്റുള്ളവര്‍ക്ക്‍ അതിനെ വിവേകത്തോടെ ഉപയോഗിക്കാമെന്ന്‍ മാത്രം.  മമ മായ എന്ന്‍ ഗീതയില്‍ ഭഗവാന്‍ പറയുന്നത്‍ സ്മരണീയം.

വിശ്വമോഹിനി മണ്ഡപത്തിലേക്ക്‍ പ്രവേശിച്ചപ്പോള്‍ ആദ്യം കണ്ടത്‍ നാരദനെയാണ്‌. നാരദന്‍ തന്നെപ്പറ്റി സ്വയം നാരായണനാണ്‌ എന്ന്‍ കല്പിച്ചിട്ടാണ്‌ ഇരിക്കുന്നത്‍. മറ്റുള്ള രാജകുമാരന്മാരൊക്കെ ഇത്‍ നാരദമഹര്‍ഷിയാണ്‌ എന്നാണ്‌ അറിയുന്നത്‍. ശിവഗണങ്ങള്‍ നാരദന്റെ ഉള്ളുകള്ളികള്‍ മുഴുവനും അറിഞ്ഞുകൊണ്ടാണ്‌ ഇരിക്കുന്നത്‍. വിശ്വമോഹിനി നാരദനെ എങ്ങിനെയാണ്‌ കണ്ടത്‍..  മര്‍ക്കടവദന ഭയങ്കര ദേഹി...  കുരങ്ങന്റെ മുഖത്തോട്‍ കൂടിയ ഭയങ്കരമായ ഒരു ശരീരത്തോടുകൂടിയവനായി കണ്ടു. പെട്ടെന്ന്‍ മുഖം തിരിച്ച്‍ മാറി നടന്നു. തന്റെ സഖികളോട്‍ പറഞ്ഞു, ഇത്‍ ഏതാണ്‌ ഇങ്ങനെത്തെ ഒരു രൂപം ഈ സ്വയംവര മണ്ഡപത്തില്‍, അതും ഈ ശുഭമുഹൂര്‍ത്തത്തില്‍..!! പോരാത്തതിന്‌ ആദ്യത്തെ വരിയില്‍ത്തന്നെ !!  ഇവിടുത്തെ പരിചാരകരൊക്കെ എവിടെപ്പോയി, ആര്‍ക്കും കാണുന്നില്ലെ ഈ മുതുക്കുരങ്ങിനെ, അതിനെ ആട്ടി പുറത്താക്കാന്‍ പറയൂ, എന്ന്‍ പറഞ്ഞ്‍ സഭാമണ്ഡപത്തിന്റെ മറ്റേ ഭാഗത്തേക്ക്‍ നീങ്ങി. 

ഈ അപശകുനം കാരണം വിശ്വമോഹിനി നാരദനെ നോക്കിയില്ല എന്ന്‍ മാത്രമല്ല, നാരദന്‍ ഇരുന്നിരുന്ന ആ വരിയില്‍ ആരെല്ലാം ഉണ്ടായിരുന്നുവോ അവരെ ആരെയും വിശ്വമോഹിനി നോക്കിയില്ല. നാരദന്‌  ആകെക്കൂടി ഇരിപ്പ്‍ ഉറയ്ക്കുന്നില്ല. ഭയങ്കര ബുദ്ധിമുട്ട്‍, ചെറുതായി ഒന്ന്‍ പൊങ്ങി നാലുപുറവും നോക്കും, ഒന്ന്‍ ഇളകി ഇരിക്കും, ചെരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കിക്കൊണ്ടിരുന്നു.  എന്താ! വിശ്വമോഹിനി എന്നെ കണ്ടിട്ട്‍ കാണാതെ പോയോ, അതോ തീരെ കണ്ടതുതന്നെയില്ലെന്നുണ്ടോ, ആരുടെയെങ്കിലും തല തടഞ്ഞു എന്നെ കണ്ടില്ലായിരിക്കുമോ.. ഇങ്ങനെ പലപല ചിന്തകളും നാരദനില്‍ മിന്നി മറഞ്ഞു. സഭാമണ്ഡപത്തിന്റെ മധ്യഭാഗത്ത്‍ സന്നിഹിതനായിരുന്ന അതിസുന്ദരനായ ഒരു രാജകുമാരന്റെ വേഷത്തില്‍, ഭഗവാന്‍ ലക്ഷ്മീനിവാസന്റെ കഴുത്തില്‍ വരണമാല്യം അര്‍പ്പിച്ചു, വിശ്വമോഹിനി ശ്രീഹരിയെ വരിച്ചു. നാരദന്റെ വിഷമാവസ്ഥ കണ്ട്‍ ശിവഗണങ്ങള്‍ പരിഹസിച്ച്‍ ചിരിയ്ക്കാന്‍ തുടങ്ങി. 

മായ ഭഗവാന്റേയാണ്‌, അത്‍ ഭഗവാനെയേ മാലയണിയിക്കൂ. മുനുഷ്യന്‍ അവന്റെ കഴുത്തില്‍ മായ മാലയിടണം എന്ന്‍ കരുതുന്നത്‍ അവിവേകമാണ്‌.  നാരദന്‍ അതീവ ദു:ഖിതനായി. ശിവഗണങ്ങള്‍ കളിയാക്കിക്കൊണ്ട്‍ നാരദനോട്‍ പറഞ്ഞു, അല്ലയോ മഹാത്മാവേ, നിങ്ങളുടെ കയ്യില്‍ കണ്ണാടിയൊന്നും ഇല്ലെന്ന്‍ ഞങ്ങള്‍ക്കറിയാം ; എന്നാല്‍ ഇവിടെ കുറച്ച്‍ അപ്പുറത്ത്‍ ഒരു ജലാശയമുണ്ട്‍, നിങ്ങള്‍ പോയി അതില്‍ നിങ്ങളുടെ മുഖം ഒന്ന്‍ നോക്കൂ.. ശിവഗണങ്ങളുടെ പരിഹാസവും ഈ ഉപദേശവുംകൂടി കേട്ടതോടെ നാരദന്‌ അതിയായ ക്രോധമുണ്ടായി. ക്രോധത്തിന്‌ വശംവദനായ നാരദന്‍ ശിവഗണങ്ങളെ ശപിച്ചു. മറ്റുള്ളവരെ കളിയാക്കുന്നോ?!! നിങ്ങള്‍ രണ്ടുപേരും ഭയങ്കര രാക്ഷസന്മാരായി തീരട്ടെ എന്ന്‍ ശപിച്ചു.

വിശ്വമോഹിനി സ്വയംവര മണ്ഡപത്തിലേക്ക്‍ പ്രവേശിച്ചപ്പോള്‍ നാരദനെ മര്‍ക്കടമുഖത്തോടുകൂടിയതായാണ്‌ കണ്ടത്‍. അതുകൊണ്ട്‍ നാരദന്റെ നേരെ നോക്കിയില്ലെന്ന്‍ മാത്രമല്ല ആ വരിയില്‍ ഇരുന്നിരുന്ന മറ്റ്‍ രാജകുമാരന്മാരെ ആരെയും നോക്കിയില്ല, ആ ഒരു നിര മുഴുവനും വിട്ടു കളഞ്ഞു.. നമ്മളൊക്കെ സാധാരണ ഉപയോഗിക്കാറുള്ളതാണ്‌: ഒരു നല്ല കാര്യത്തിന്‌ പുറപ്പെടുമ്പോള്‍, ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെകുറിച്ച്‍, അവന്റെ കൂടെ പോയാല്‍ അന്ന്‍ മുഴുവനും പട്ടിണിയാവും, അല്ലെങ്കില്‍ പറയും, അവന്റെ കൂടെ പോയാല്‍, പോയകാര്യംതന്നെ മുടങ്ങും... ഇത്യാദികളൊക്കെ നാം നമ്മുടെ അനുഭവത്തില്‍ നിന്ന്‍ പറയാറുണ്ട്‍. ചില വ്യക്തികളുടെ കൂടെയോ അവര്‍ ഇരിക്കുന്നിടത്തോ, അവര്‍ പോകുന്നിടത്തോ, നമ്മള്‍ ഇരിക്കരുത്‍, പോകരുത്‍, അത്‍ ശകുനക്കേടായി വരും എന്നൊക്കെ കേവലം ലൗകികമായി നാം പറയാറുണ്ട്‍. ഇവിടെയും അതേപോലത്തെ ഒരു കാര്യമാണ്‌ നടന്നത്‍.  
നാരദ-വിശ്വമോഹിനി കഥ ലൗകികമല്ല അലൗകികമാണ്‌. അലൗകികമായ കാര്യങ്ങള്‍ വ്യാഖ്യാനിക്കുന്നത്‍  ഋഷീശ്വരന്മാരാണ്‌. മഹാത്മാക്കളാണ്‌ അതിന്റെയൊക്കെ അര്‍ത്ഥഘടന തീരുമാനിക്കുന്നത്‍. അങ്ങിനെയെങ്കില്‍, ഋഷിവ്യാഖ്യാനമെന്തായിരിക്കും. നാരദന്‍ എന്ന വ്യക്തി എത്രതന്നെ പ്രലോഭനങ്ങള്‍ക്ക്‍ അടിമപ്പെട്ടാലും ആത്യന്തികമായി അദ്ദേഹം മഹര്‍ഷിതന്നെയാണ്‌, ഭഗവത്‍ഭക്തനാണ്‌. അതുകൊണ്ട്‍ മായക്ക്‍ മഹര്‍ഷിയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്താന്‍ സാധിക്കില്ല എന്ന്‍ മാത്രമല്ല മഹര്‍ഷിയുടെ അരികിലേക്ക്‍ വരാനുംകൂടി പറ്റില്ല. അത്രയുമല്ല, ഭഗവല്‍ഭക്തനെ തലയുയര്‍ത്തി ഒന്ന്‍ നോക്കാനുംകൂടി പറ്റില്ല. മഹര്‍ഷിയെ വിശ്വമോഹിനി നോക്കിയില്ല എന്ന്‍ മാത്രമല്ല ആ വരിയില്‍ ഇരുന്നിരുന്ന ആരെയും മായക്ക്‍ നോക്കാന്‍കൂടി പറ്റിയില്ല, ഒരു മഹര്‍ഷിയുടെ സംഗമത്തില്‍ ആണ്‌ അവരൊക്കെ ഇരിക്കുന്നത്‍. സത്സംഗത്തിന്റെ മഹിമയാണത്‍, സത്സംഗത്തിലാകുമ്പോള്‍ വ്യക്തി മായയില്‍നിന്ന്‍ മുക്തനാകുന്നു. നാരദനും നാരദന്റെ വരിയില്‍ ഇരുന്നിരുന്നവരും മായയുടെ പിടിയില്‍നിന്ന്‍ രക്ഷപ്പെട്ടു. ഭക്തരെ മായ ഭയക്കുന്നു. സത്സഗത്തിന്‌ അത്രക്കും ശക്തിയുണ്ട്‍. 

സ്വയംവരം കഴിഞ്ഞു, ഭഗവാന്‍ ലക്ഷ്മീനാരായണന്‍ വിശ്വമോഹിനിയെയും കൂട്ടി രഥത്തില്‍ യാത്രയായി. ശിവഗണങ്ങളുടെ പരിഹാസം നാരദന്‌ സഹിക്കാന്‍ കഴിഞ്ഞില്ല, അവര്‍ രാക്ഷസരായി പോകട്ടെ എന്ന്‍ ശപിച്ച്‍ നാരദന്‍ യാത്രയായി.  

ശിവഗണങ്ങള്‍ നാരദനോട്‍ പറഞ്ഞതാണ്‌ ജലാശയത്തില്‍ തന്റെ മുഖം നോക്കാന്‍. ഈ സമീപനം രാക്ഷസീയതയാണ്‌. മറ്റുള്ളവരോട്‍ കണ്ണാടി നോക്കാന്‍ പറയുക. സ്വയം കണ്ണാടിയില്‍ നോക്കാതെയാണ്‌ വേറൊരുത്തനോട്‍ കണ്ണാടിയില്‍ മുഖം നോക്കാന്‍ പറയുന്നത്‍. നമ്മളോട് ആരെങ്കിലും പറയുകയാണ്‌, എടോ പോയിട്ട്‍ നിന്റെ മുഖം ആ കണ്ണാടിയിലൊന്ന്‍ നോക്കീട്ട്‍ വാ... എന്ന്‍ പറഞ്ഞാല്‍ എന്താവും..!! നമുക്ക്‍ അതിയായ ദേഷ്യം വരും. ഇതുതന്നെയാണ്‌ രാവണീയ ചിന്താഗതി, ആസുരീയത. രാജ്യസഭയില്‍ ഒരു ദിവസം ദശരഥന്‍ കണ്ണാടി നോക്കി. തലയിലെ കുറച്ച്‍ മുടി നരച്ചിരിക്കുന്നതായി കണ്ടു. തനിക്ക്‍ വാര്‍ദ്ധക്യം വന്നു, ഇനി രാജ്യഭാരമൊക്കെ മക്കള്‍ക്ക്‍ കൊടുക്കണം എന്ന്‍ തോന്നി. അത്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നു. രാമനെ രാജ്യഭാരം ഏല്‍പ്പിക്കാനുള്ള വിളംബരം ഇങ്ങനെയാണ്‌ ഉണ്ടായത്‍. തന്റെ കുറവുകള്‍ കാണുക എന്നതാണ്‌ കണ്ണാടിയില്‍ മുഖം നോക്കുക എന്നതിന്റെ താല്പര്യം. ദശരഥനും ദശാനനനും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ.

നാരദന്‍ പോകുന്ന വഴിയില്‍ ഒരു ജലാശയം കണ്ടു, അതില്‍ തന്റെ രൂപം നോക്കി. ഒരു ഭയങ്കര വാനരരൂപമായിട്ടാണ്‌ നാരദന്‍ തന്നെ കണ്ടത്‍. നാരദന്റെ കോപം ഇരട്ടിയായി. വിഷ്ണു എന്നെ  ചതിച്ചു. അഹോരാത്രം വിഷ്ണുവിനെ സ്തുതിച്ചുകൊണ്ട്‍ നടന്നിട്ട്‍, ലോകം മുഴുവന്‍ വിഷ്ണുവിന്റെ മഹിമ പരത്തിയിട്ട്‍ കിട്ടിയത്‍ ഇതാണ്‌. നരനില്‍നിന്ന്‍ നാരായണനാവാന്‍ പോയിട്ട്‍ കിട്ടിയതോ നരനില്‍നിന്ന്‍ വാനരനായിട്ട്‍. എന്നെ അവഹേളിച്ചു.  ഇവിടെ നാരദനാണ്‌ തെറ്റ്‍ പറ്റിയത്‍, ശ്രീഹരിയ്ക്കല്ല. 

ഇവിടെ നമ്മുടെ മനസ്സിനെ നമുക്ക്‍ വായിക്കാം. ഞാന്‍ എത്ര കാലമായി എന്നും ക്ഷേത്രത്തില്‍ പോകുന്നു, ഭഗവാനെ തൊഴുന്നു, വഴിപാടുകള്‍ ചെയ്യുന്നു, രാമായണം വായിക്കുന്നു, ഭാഗവതം വായിക്കുന്നു, ഭഗവത്‍ഗീത വായിക്കുന്നു, സപ്താഹത്തിന്‌ പോകുന്നു, എന്നിട്ടും എന്തേ എനിക്ക്‍ ഈ ഗതി വരാന്‍ !! ഭഗവാന്‍ എന്നെ ദുരിതത്തിലാക്കി. നാരദന്റെ അതേ മനോഭാവംതന്നെ നമ്മിലും. 

നാരദന്‍  തീരുമാനിച്ചു, ഇതിന്‌ വിഷ്ണുവിനോട്‍ പകരംചോദിച്ചേ പറ്റു. ആ ഗണങ്ങളെയും ഞാന്‍ ശരിയാക്കി കൊടുക്കാം... ഇങ്ങനെ കല്‍പ്പിച്ച്‍ നടക്കുമ്പോള്‍ അതാ ഒരു ദിവ്യരഥം വരുന്നു, നാരദന്‍ സൂക്ഷിച്ചുനോക്കി. മഹാവിഷ്ണുതന്നെ. രഥം അരികിലെത്തി. രഥത്തില്‍ ഇരുന്നുകൊണ്ട്‍ വിഷ്ണു നാരദനോട്‍ പറഞ്ഞു, അല്ലയോ നാരദരേ, താങ്കള്‍ക്ക്‍ എവിടെയാണ്‌ പോകേണ്ടത്‍, രഥത്തില്‍ സ്ഥലമുണ്ട്‍, കയറിക്കോളൂ. രഥത്തിലേക്ക്‍ നാരദന്‍ നോക്കിയപ്പോള്‍, വിശ്വമോഹിനിയേയും കൂട്ടി, ലക്ഷ്മീസഹിതം വിഷ്ണു പോകുന്നു. നാരദന്‌ കോപം അടക്കാനായില്ല. രഥത്തിന്റെ മുന്‍ഭാഗത്ത്‍ ചെന്ന്‍ കുതിരയുടെ കടിഞ്ഞാണും പിടിച്ചുകൊണ്ട്‍ വിഷ്ണുവിനെ തനിയ്ക്ക്‍ അറിയാവുന്ന ഭാഷയിലൊക്കെ പുലഭ്യം, അസഭ്യം പറയാന്‍ തുടങ്ങി. നീ എന്താണ്‌ വിചാരിക്കുന്നത്‍. നിനക്ക്‍ ആരെയും ഭയമില്ലാത്തതുകൊണ്ട്‍ എന്തും ചെയ്യാമെന്നാണോ. തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവനാണ്‌ നീ,  നീ മഹാ ചതിയനാണ്‌. ലക്ഷ്മി കൂടെ ഉണ്ടായിട്ടുകൂടി നീ വിശ്വമോഹിനിയെ എന്നില്‍നിന്ന്‍ തട്ടിയെടുത്തു. പണ്ട്‍ പാലാഴി മഥനത്തില്‍ പലപല ദിവ്യവസ്തുക്കളും പൊങ്ങി വന്നപ്പോള്‍ നല്ലതൊക്കെ നീ എടുത്തു, ബാക്കി കുറെ ദേവന്മാര്‍ക്കും കൊടുത്തു. വിഷം പൊങ്ങി വന്നപ്പോള്‍ അത്‍ നീ പരമേശ്വരനെ കുടിപ്പിച്ചു. ഇന്ന്‍ വിശ്വമോഹിനിയെ എന്നില്‍നിന്ന്‍ നീ പൊക്കി. നിന്നെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ല. പരമേശ്വരന്‍ വിവാഹം വേണ്ടെന്ന്‍ പറഞ്ഞപ്പോള്‍ നിര്‍ബ്ബന്ധിച്ച്‍ നീ വിവാഹം കഴിപ്പിച്ചു. ഞാന്‍ വിവാഹം വേണമെന്ന്‍ വെച്ചപ്പോള്‍ എന്നെ നീ വഞ്ചിച്ചു. നിന്നെക്കാള്‍ വലിയ ഒരു വഞ്ചകന്‍ ഈ പ്രപഞ്ചത്തില്‍ ഇല്ല.  ശകാരവര്‍ഷത്താല്‍ നാരദന്‍ വിഷ്ണുവിനെ പൊതിഞ്ഞു. രഥത്തിലിരുന്നുകൊണ്ട്‍ ലക്ഷ്മീദേവി ചെവിരണ്ടും പൊത്തി. വിഷ്ണുവിനോട്‍ പറഞ്ഞു, നിങ്ങളുടെ ഭക്തനല്ലേ, എന്തെങ്കിലും നാരദനോട്‍ പറയൂ, എത്രയെത്ര അസഭ്യമാണ്‌ അദ്ദേഹം വിളിച്ചുപറയുന്നത്‍. ഒരു ഭാര്യയ്ക്ക്‍ ഇതൊക്കെ കേള്‍ക്കാന്‍ കഴിയുമോ, എന്തെങ്കിലും പരിഹാരമുണ്ടാക്കൂ... ഭഗവാന്‍ പറഞ്ഞു, ദേവീ, അല്പം ക്ഷമിക്കൂ, അല്പം മൗനം പാലിക്കൂ.. ഇതെന്റെ ഭക്തനാണ്‌, ഇവന്റെ വായില്‍നിന്ന്‍ എത്രയോ സ്തുതികള്‍ ഞാന്‍ കേട്ടതാണ്‌. ഇവിടെ ഇപ്പൊ കുറച്ചൊക്കെ അസഭ്യം പറയുന്നുവെങ്കില്‍ അതും കേള്‍ക്കാം, ഭക്തന്റെ അസഭ്യവും എനിക്ക്‍ ഇഷ്ടമാണ്‌ എന്ന്‍ ഭഗവാന്‍ പറയുന്നു.  കൊടുങ്ങല്ലൂര്‍ ദേവിയെ അസഭ്യംകൊണ്ട്‍ സ്തുതിക്കുന്നതിന്റെയും പൊരുള്‌ ഇതാണോ എന്ന്‍ ഊഹിക്കാമോ... അറിയില്ല.

നാരദന്‍ പറഞ്ഞു,  വിഷ്ണോ, നമ്മള്‍ തമ്മിലുള്ള കണക്ക്‍ ഇന്ന്‍ ഇവിടെ വെച്ചുതന്നെ തീര്‍ക്കണം, ഒന്നുകില്‍ നീ അല്ലെങ്കില്‍ ഞാന്‍ എന്ന്‍ പറഞ്ഞ്‍ നാരദന്‍ വിഷ്ണുവിനെ ശപിച്ചു. എന്നില്‍നിന്ന്‍ വിശ്വമോഹിനിയെ തട്ടിയെടുത്തതില്‍ എനിക്ക്‍ അതിയായ ദു:ഖമുണ്ട്‍. നിനക്ക്‍ ആദു:ഖം അറിയില്ല, നീ കേവലനാണ്‌, സ്വതന്ത്രനാണ്‌, എല്ലാത്തിനും മീതെയാണ്‌ എന്നൊന്നും കരുതണ്ട. നിന്നെ ഞാനിതാ ശപിക്കുന്നു. എന്റെ ദു:ഖത്തിന്റെ ആഴം മനസ്സിലാവാന്‍ നീ മ്ര്‌ത്യുലോകത്ത്‍ മനുഷ്യനായി അവതരിയ്ക്കും, നിനക്ക്‍ മനുഷ്യദേഹം ധരിക്കേണ്ടി വരും. ആ സമയത്ത്‍ നിന്റെ ഭാര്യയെ രാക്ഷസന്മാര്‍ അപഹരിക്കും. 

മഹാവിഷ്ണു നാരദശാപത്തെ സ്വീകരിച്ചു. താന്‍ സ്ര്‌ഷ്ടിച്ച മായയെ ഉപസംഹരിച്ചു, നാരദന്‍ മായയില്‍ മുക്തനായി. അപ്പോള്‍ അവിടെ രഥവുമില്ല, ലക്ഷ്മിയുമില്ല, വിശ്വമോഹിനിയുമില്ല, ഭക്തനും ഭഗവാനും മാത്രം. നാരദന്‌ വല്ലാത്ത സങ്കടം തോന്നി. സാഷ്ടാംഗം വിഷ്ണുവിനെ നമസ്കരിച്ചു, കരഞ്ഞുകൊണ്ട്‍ മാപ്പ്‍ ചോദിച്ചു, തന്റെ അവിവേകത്തിന്‌ മാപ്പ്‍ തരണേ, എന്റെ ശാപങ്ങളെല്ലാം നിഷ്‍ഫലമായിത്തീരണേ എന്നൊക്കെ പ്രാര്‍ത്ഥിച്ചു.  അപ്പോള്‍ ഭഗവാന്‍ പറഞ്ഞു, നാരദരേ!! താങ്കളെക്കൊണ്ട്‍ എന്ത്‍ ചെയ്യാന്‍ പറ്റും, എല്ലാം എന്റെ ഇച്ഛയ്ക്കനുസരിച്ചാണ്‌ നടക്കുന്നത്‍, എല്ലാറ്റിനും കാരണക്കാരന്‍ ഞാന്‍തന്നെയാണ്‌. വിഷ്ണു അന്തര്‍ധാനം ചെയ്തു.

 ഇത്രയും പറഞ്ഞുകൊണ്ട്‍ നിന്നപ്പോള്‍, ശിവഗണങ്ങള്‍ ആ വഴിയിലൂടെ വന്നു. അവര്‍ നാരദനോട്‍ ശാപമോക്ഷത്തിനായി പ്രാര്‍ത്ഥിച്ചു. നാരദന്‍ പറഞ്ഞു, നിങ്ങള്‍ക്ക്‍ രാക്ഷസരായി ജനിക്കേണ്ടി വരുമെന്നത്‍ മാറ്റാനാവാത്തതാണ്‌. എന്നാല്‍ നിങ്ങള്‍ അത്യന്തം ശക്തിശാലികളും പ്രഭവമുള്ളവരുമായി തീരും. നിങ്ങളെ വധിക്കുവാനായി സാക്ഷാല്‍ മഹാവിഷ്ണുവിനുതന്നെ മനുഷ്യനായി ജനിക്കേണ്ടി വരും. അപ്പോള്‍ നിങ്ങളും ഈ ശാപത്തില്‍നിന്ന്‍ മോചിതരാവും. 

പരമശിവന്‍ പാര്‍വ്വതിയോട്‍ പറയുന്നു, ദേവീ, അങ്ങിനെ ശിവഗണങ്ങളുടെ അടുത്ത ജന്മം രാവണകുംഭകര്‍ണ്ണന്മാര്‍. വിഷ്ണു ശ്രീരാമനായി അവതരിച്ചു. ഇത്‍ രാമജന്മത്തിന്റെ മൂന്നാമത്തെ കാരണം.
------------------

അഭിപ്രായങ്ങളൊന്നുമില്ല: