ശ്രീ രാമാവതാരത്തിന്റെ നാലാമത്തെ കാരണം - 4
കൈലാസശിഖരത്തില്‍ ശ്രീ പരമേശ്വരന്‍ രാമാവതാരത്തിന്റെ നാലാമത്തെ കാരണം വിശദീകരിച്ചുകൊണ്ട്‍ പാര്‍വ്വതിയോട്‍ പറഞ്ഞു, ദേവീ, സ്ര്‌ഷ്ടിയുടെ ആരംഭത്തില്‍ പ്ര്‌ഥ്വിയിലെ ആദി ദമ്പതികള്‍, മനു ശത്‍രൂപ. സ്വയംഭൂവായ ആദ്യ ദമ്പതികള്‍. ഉത്തമ ധര്‍മ്മാചരണത്തിലൂടെ ജീവിതത്തെ പടുത്തുയര്‍ത്തിയ മനു-ശത്‍രൂപ ദമ്പതികളുടെ മരിയാദകള്‍ വേദങ്ങളില്‍ പ്രസിദ്ധമാണ്. അവരുടെ രണ്ട്‍ പുത്രന്മാരും മൂന്ന്‍ പുത്രികളും. ഉത്താനപാദന്‍ പ്രിയവ്രതന്‍ എന്ന രണ്ട്‍ പുത്രന്മാരും ആകൂതി, ദേവഹൂതി പ്രസൂതി എന്ന മൂന്ന്‍ പുത്രിമാരും. ഉത്താനപാദ രാജാവിന് രണ്ട്‍രാജ്ഞിമാര്‍. സുനീതി, സുരുചി. ഉത്താനപാദന് സുനീതിയില്‍ ജനിച്ച പുത്രനാണ് മഹാനായ വിഷ്ണുഭക്തനായ ധ്രുവന്‍. സുനീതിയുടെ പുത്രന്‍ ഉത്തമന്‍. മനു തന്റെ പുത്രിയായ ആഹുതിയെ രുചി എന്ന പ്രജാപതിക്ക്‍ വിവാഹം ചെയ്ത്‍ കൊടുത്തു. രുചിപ്രജാപതി-ആകൂതി ദമ്പതികള്‍ക്ക്‍ ദക്ഷിണ എന്ന പുത്രിയും യജ്ഞന്‍ എന്ന പുത്രനും ഉണ്ടായി. ദേവഹുതിയെ കര്‍ദ്ദമ മുനിക്ക്‍ വിവാഹം ചെയ്ത്‍ കൊടുത്തു. കര്‍ദ്ദമ-ദേവഹൂതി ദമ്പതികളുടെ പുത്രനാണ് കപിലദേവന്‍, കപില മഹര്‍ഷി, സാംഖ്യദര്‍ശനത്തിന്റെ കര്‍ത്താവ്‍. പ്രസൂതിയെ ദക്ഷ പ്രജാപതിക്ക്‍ വിവാഹം ചെയ്ത്‍ കൊടുത്തു. പ്രസൂതി-ദക്ഷ ദമ്പതികള്‍ക്ക്‍ അറുപത്‍ പുത്രിമാര്‍ ഉണ്ടായി. അതില്‍ പതിമൂന്ന്‍ പേരെ ധര്‍മ്മരാജന് കൊടുത്തു, സ്വാഹയെ അഗ്നിക്ക്‍ കൊടുത്തു, സ്വധയെ പിത്രക്കും ദിതി അദിതി എന്ന രണ്ടുപേരെ കശ്യപനും, രോഹിണി രേവതിമാരെ ചന്ദ്രനും ഖ്യാതിയെ ഭ്ര്‌ഗുവിനും നല്‍കി. മാതാപിതാക്കള്‍ മഹാന്മാരാണെങ്കില്‍ അവരുടെ സന്താനങ്ങളും മഹാന്മാരായിരിക്കും. വളരെ ദീര്‍ഘകാലം മനു ചക്രവര്‍ത്തി സത്യസന്ധമായും നീതിയുക്തമായും രാജ്യം ഭരിച്ചുപോന്നു.
ഒരു ദിവസം മനു തന്റെ കൊട്ടാരത്തില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹം ചിന്തിച്ചു, കുറെകാലമായി രാജ്യം പരിപാലിക്കുന്നു, ഇങ്ങനെ തുടര്‍ന്നാല്‍ ജീവിതത്തില്‍ വിഷയവൈരാഗ്യം ഉണ്ടാവാതെ ജീവിതം തീര്‍ന്നുപോകും. ഹരിഭക്തി ചെയ്യാതെ ഈ ജീവിതം നശിച്ചാല്‍ പിന്നെ ഈ വിശിഷ്ഠമായ മനുഷ്യദേഹം കിട്ടിയിട്ടെന്ത്‍ കാര്യം. രാജാവിന്റെ ഹ്ര്‌ദയത്തില്‍ ദു:ഖസൂചനകള്‍ ഉണ്ടായി. മനു പത്നിയെ വിളിച്ച്‍ തന്റെ ഇംഗിതം അറിയിച്ചു, പറഞ്ഞു, ദേവീ, ഈശ്വരഭജനം ചെയ്യാതെ ഇങ്ങനെ ജീവിച്ച്‍ പോയാല്‍ വിഷയവൈരാഗ്യം ഉണ്ടാവില്ല, ശരീരം നശിച്ചുപോകും, അങ്ങിനെ ആയാല്‍ ഈ മനുഷ്യജന്മത്തിന് എന്തര്‍ത്ഥം. നമുക്ക്‍ ജീവിതത്തിന്റെ അന്ത്യയാമങ്കള്‍ കാട്ടില്‍ കഴിച്ചുകൂട്ടാം. ദേവീ ജീവിതത്തിന്റെ സമ്പൂര്‍ണ്ണതയ്ക്കായി നമുക്ക്‍ കാട്ടിലേക്ക്‍ പോകാം, വനവാസം സ്വീകരിച്ച്‍ ഈശ്വരനെ വരിച്ച്‍ ദേഹം ത്യജിക്കാം. പത്നി ശത്‍രൂപ ഭര്‍ത്താവിന്റെ ആഗ്രഹം അറിഞ്ഞപ്പോള്‍ ഒട്ടുംതന്നെ ചിന്തകള്‍ക്ക്‍ ഇടം കൊടുക്കാതെ ഉടന്‍ സമ്മതം അറിയിച്ചു. ഉത്താനപാദനെയും പ്രിയവ്രതനെയും രാജ്യഭാരങ്ങള്‍ ഏല്‍പ്പിച്ച്‍ മനു-ശതരൂപ വനവാസത്തിന് പോയി.
ഈ ഒരു ചെറിയ ആശയത്തില്‍ എത്ര വലിയ സിദ്ധാന്തമാണ് അടിങ്ങിയിട്ടുള്ളത്‍. ബാല്യം കൗമാരം യൗവ്വനം വാര്‍ദ്ധക്യം എന്നീ നാല് അവസ്ഥകളും ഹരിസ്മരണ ഇല്ലാതെ കടന്നുപോയാല്‍ പിന്നെ നരജന്മം എങ്ങിനെ സഫലാകും. പിന്നെ മനുഷ്യനായി ജനിക്കുന്നതിന്റെ ആവശ്യമെന്ത്‍. മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യംതന്നെ സത്യത്തെ അറിയലാണ്. യാതൊരു കടമകളും കര്‍ത്തവ്യങ്ങളും, യാതൊരു ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാത്ത അവസ്ഥ, അതിലേക്ക്‍ എത്തുക എന്നതാണ് മനുഷ്യജന്മത്തിന്റെ സഫലത. ഓരോ ഗ്രഹസ്ഥനും ഇത്‍ ചിന്തിച്ച്‍ പ്രവര്‍ത്തിയ്ക്കേണ്ടതാന്. മക്കളൊക്കെ വളര്‍ന്ന്‍ വലുതായി, വിവാഹം കഴിച്ച് അവര്‍ക്കും മക്കളൊക്കെ ഉണ്ടായി, മക്കള്‍ വീട്ടുകാര്യങ്ങളൊക്കെ നിവര്‍ത്തിയ്ക്കാന്‍ പ്രാപ്തരായിക്കഴിഞ്ഞാല്‍, ഓരോ ഗ്രഹസ്ഥനും മെല്ലെമെല്ലെ എല്ലാ കാര്യങ്ങളും സന്താനങ്ങളെ ഏല്‍പ്പിച്ച്‍ പ്രവര്‍ത്തിയില്‍നിന്ന്‍ നിവ്ര്‌തി എടുക്കണം. ദിവസത്തില്‍ പത്ത്‍ മണിക്കൂര്‍ ഭൗതിക ആവശ്യങ്ങള്‍ക്ക്‍ പണിയെടുക്കുന്ന വ്യക്തി, അടുത്ത ദിവസംമുതല്‍ ഒമ്പത്‍ മണിക്കൂര്‍ അധ്വാനിക്കുക. മിച്ചം പിടിച്ച ഒരു മണിക്കൂര്‍ ആത്മീയകാര്യങ്ങള്‍ക്കായി ചെലവാക്കുക. അവനവനെ അറിയാനായി ചെലവാക്കുക. രണ്ടാമത്തെ ദിവസം എട്ട്‍ മണിക്കൂര്‍ ഭൗതിക കാര്യത്തിന് ചെലവഴിക്കുക, രണ്ട്‍ മണിക്കൂര്‍ ഈശ്വരീയതക്കായി കരുതുക. ഇങ്ങനെ ഒരു പുറത്ത്‍ സമയം കുറച്ചുകൊണ്ട്‍ വരിക, മറ്റേപുറത്ത്‍ സമയം കൂട്ടിക്കൊണ്ട്‍ വരിക. വീട്ടുകാര്യങ്ങളും വ്യാപാരങ്ങളും എല്ലാം സന്താനങ്ങളെ ഏല്‍പ്പിക്കുക. ഇന്ന്‍ അച്ഛനമ്മമാര്‍ പറയും അങ്ങനെ എല്ലാം മക്കള്‍ക്ക്‍ എഴുതി കൊടുത്താല്‍, അവര്‍ അതും കൊണ്ട്‍ പോകും, ഞങ്ങളെ നോക്കില്ല, അല്ലെങ്കില്‍ ഇറക്കിവിടും എന്നൊക്കെ. ഓരോ അച്ഛനമ്മമാരും സനാതനധര്‍മ്മാധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളിലൂടെയാണ് മക്കളെ വളര്‍ത്തിയിട്ടുള്ളതെങ്കില്‍ ഇത്തരത്തിലുള്ള ഭയങ്ങള്‍ക്ക്‍ സ്ഥാനമില്ല. ഇത്‍ ഋഷിവാണിയാണ്, അതിനെ വിശ്വസിയ്ക്കാം, പിന്‍തുടരാം.
മനു-ശതരൂപ ഗ്രഹസ്ഥാശ്രമം ഉപേക്ഷിച്ച്‍ ഈശ്വരഭജനത്തിനായി വനത്തിലേക്ക്‍ പോയി. മനുവിന്റെ ചിന്തകള്‍ക്ക്‍, മനുവിന്റെ ആഗ്രഹങ്ങള്‍ക്ക്‍ സാഫല്യം നല്‍കുന്നതിനായി പത്നി ശതരൂപ യാതൊന്നും ചിന്തിക്കാതെ സമ്മതിച്ചു. തന്റെ ഭര്‍ത്താവിന്റെ
ആഗ്രഹം തന്നെയാണ് തന്റെയും ആഗ്രഹം. സത്‍കര്‍മ്മങ്ങളോ ശുഭചിന്തകളോ മനസ്സില്‍ ഉടലെടുത്താല്‍ അത്‍ ആ നിമിഷംതന്നെ പ്രാബല്യത്തില്‍ വരുന്നണം. അടുത്ത ദിവസത്തേക്കോ പിന്നെ ഒരിക്കലോ ആവാമെന്ന്‍ കരുതി നീട്ടിവെച്ചാല്‍ അത്‍ സംഭവിച്ചേക്കണമെന്നില്ല. ആ ചിന്തകള്‍ ഉദിക്കുന്ന സമയംതന്നെയാണ് അതിനുള്ള ശുഭമുഹൂര്‍ത്തവും. ശ്രീരാമനെ രാജാവായി വാഴിയ്ക്കണമെന്ന ചിന്ത ദശരഥന്റെ മനസ്സില്‍ ഉദിച്ചു, അത്‍ നാളെത്തേക്ക്‍ നീട്ടിവെച്ചു. ഈ നീട്ടിയതാണ് രാമരാജ്യം വീണ്ടും പതിനാലു വര്‍ഷത്തേക്ക്‍ നഷ്ടമായത്‍. മനു ഗ്രഹത്യാഗമാണ് ചെയ്തത്‍. ഗ്രഹപ്രവേശനത്തിന് മുഹൂര്‍ത്തമുണ്ടാകും എന്നാല്‍ ഗ്രഹത്യാഗത്തിന് ആരും മുഹൂര്‍ത്തം നോക്കാറില്ല.
മനു-ശതരൂപ വനത്തിലേക്ക്‍ യാത്രയായി. യാജ്ഞവല്‍ക്യന്‍ ഭരദ്വാജനോട്‍ പറയുന്നു, ഹേ മഹര്‍ഷേ, ജ്ഞാനവും ഭക്തിയും ദേഹധാരണം ചെയ്ത്‍ നടന്നുപോകുന്നതുപോലെ തോന്നും മനുവും ശതരൂപയും പോകുന്നതു കണ്ടാല്‍. രണ്ടുപേരും നൈമിഷാരണ്യത്തില്‍ ധേനുമതീ നദിക്കരയിലെത്തി. അനേകം സാധുമഹാത്മാക്കള്‍ ആശ്രമങ്ങള്‍ കെട്ടി അവിടെ തപ്പസ്സ്വാധ്യായാദികളില്‍ മുഴുകിയിരിക്കുന്നു. ധേനുമതിയില്‍ സ്നാനം ചെയ്ത്‍ അക്ഷയവ്ര്‌ക്ഷത്തെ വലംവെച്ച്‍ പൂജാദികള്‍ നിര്‍വ്വഹിച്ചു. ധര്‍മ്മ പരിപാലകനായ രാജര്‍ഷി മനു വന്നിരിക്കുന്നു എന്ന്‍ അറിഞ്ഞ മഹാസിദ്ധന്മാരും ജ്ഞാനികളുമായ മഹര്‍ഷിമാര്‍ മനുവിനെ കാണാന്‍ വന്നു. മഹാത്മാക്കളുടെകൂടെ പലപല പുരാണ വ്ര്‌ത്താന്തങ്ങളും ശ്രവിച്ചുകൊണ്ട്‍, സത്സംഗം ചെയ്തുകൊണ്ട്‍ മനു-ശതരൂപ ജീവിക്കാന്‍ തുടങ്ങി. സിദ്ധരായ മഹര്‍ഷിമാരോട്‍ മനു പറഞ്ഞു, അല്ലയോ യോഗീശ്വരന്മാരെ, ഞങ്ങളുടെ ജീവിതം കഴിയുന്നതിനു മുമ്പെ, ഈ ശരീരത്തില്‍നിന്ന്‍ പ്രാണന്‍ വിട്ടുപോകുന്നതിനു മുമ്പ്‍ ഹരിദര്‍ശനം സിദ്ധിയ്ക്കണം, അതിനായി അനുഗ്രഹിച്ചാലും,. മനുവിന്റെ പ്രാര്‍ത്ഥനയില്‍ സന്തോഷിച്ച മഹര്‍ഷിമാര്‍ മനു-ശതരൂപയ്ക്ക്‍ ദ്വാദശാക്ഷരീമന്ത്രം -ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ഉപദേശിച്ചുകൊണ്ട്‍ പറഞ്ഞു, നിങ്ങളുടെ പ്രാരബ്ധം പൂര്‍ണ്ണമാകുന്നതിനു മുമ്പായി ഭഗവത്‍ദര്‍ശനം സിദ്ധിക്കും, ആശിര്‍വാദവും കൊടുത്തു.
മനുവിന്റെ ദ്ര്‌ഢചിത്തത ഇവിടെ വളരെ പ്രസക്തമാണ്. മനു പറഞ്ഞു, ഈ ജന്മത്തില്‍ത്തന്നെ ഭഗവല്‍പ്രാപ്തി കൈവരണം. മരിക്കുന്നതിനു മുമ്പ്‍തന്നെ ആത്മസാക്ഷാത്‍കാരം നേടണം. മനു പുരുഷാര്‍ത്ഥവാദിയായി ഇവിടെ നമുക്ക്‍ കാണാം. ഒന്നും അദ്ദേഹം പ്രാരബ്ധത്തിന് വിട്ടുകൊടുക്കുന്നില്ല. ശുഭകാര്യങ്ങള്‍ തോന്നിയാല്‍ അപ്പൊത്തന്നെ അതിന് തുടക്കമിടണം. ഇന്ന്‍ കിട്ടിയിരിക്കുന്ന ജന്മമാണ് ശ്രേഷ്ഠം. അടുത്ത ജന്മമെന്ന ഒന്ന്‍ ഉണ്ടെങ്കില്‍ത്തന്നെ, അതില്‍ എന്തായിട്ട്‍ ജനിക്കും, വല്ല ക്ര്‌മി കീടാദികളൊക്കെ ആയിട്ട്‍ ജനിച്ചാല്‍ സത്‍കാര്യങ്ങളൊന്നും നിര്‍വ്വഹിക്കാന്‍ സാധ്യമല്ല. ഈ ജന്മം എന്നത്‍ ഒരു വാസ്തവമാണല്ലൊ. ഇതില്‍ മനുഷ്യനായി ജീവിക്കുക, ഈശ്വര ക്ര്‌പയ്ക്ക്‍ പാത്രമാവുക, അടുത്ത ജന്മം ആര്‌കണ്ടു.. മനു-ശതരൂപ ഹരിസ്മരണയില്‍ മുഴുകി. ഓം നമോ ഭഗവതേ വാസുദേവായ മന്ത്രജപത്തിന്റെ അനുരണങ്ങള്‍ അന്തര്‍ഗ്ഗതത്തില്‍ മുഴങ്ങാന്‍ തുടങ്ങി. കോശകോശാന്തരങ്ങളില്‍ മന്ത്രസ്പന്ദനം സംക്രമിച്ചു. രണ്ടുപേരുടെയും ശരീരം ക്ഷയിയ്ക്കാന്‍ തുടങ്ങി. ഭഗവത്‍ സ്മരണ കൂടുന്തോറും, ഭജനം കൂടുന്തോറും ഭോജനം കുറയും, ശരീരഭാരം കുറയും. ഭജന കൂടിയാല്‍ ഭാരം കുറയും. തടി കുറയ്ക്കാന്‍ വേറെ ഒന്നും ചെയ്യേണ്ട കാര്യമില്ല. ഈശ്വരഭജന കൂട്ടിയാല്‍ മതി. ഭഗവല്‍നാമത്തിന് വിശപ്പിനെ നശിപ്പിക്കാനുള്ള കഴിവുണ്ട്‍.
നാരായണാ എന്ന്‍ സദാ ജപിച്ചാല്‍, പാപം കെടും പശി കെടും വ്യസനങ്ങള്‍ തീരും.... എന്ന്‍ കവിവാക്യം പ്രസിദ്ധം. പശി എന്നാല്‍ വിശപ്പ്‍. വിശപ്പില്ലാതെയാകും. വിശപ്പില്ലെങ്കില്‍ ആഹാരവും ഇല്ലാതാകും. എല്ലാ പാപങ്ങളും നശിക്കും. ഋഷികളുടെ ദ്ര്‌ഷ്ടിയിലൂടെ ഈ ശബ്ദങ്ങളെ കാണണം. ഈശ്വരഭജനം കൊണ്ട്‍ ഐശ്വര്യം വര്‍ദ്ധിക്കും. അപ്പോള്‍ ദാരിദ്ര്യം ഉണ്ടാവില്ല എന്നൊരര്‍ത്ഥമുണ്ട്. ജപം വര്‍ദ്ധിച്ചാല്‍ ഭോജനം കുറയും. ഭോജനം കുറയുക എന്ന്‍ പറഞ്ഞാല്‍ അത്യാവശ്യത്തിന് വേണ്ടുന്ന സാധനസാമഗ്രികളില്‍ മാത്രം ശ്രദ്ധയുണ്ടാവും. അല്ലാതതൊക്കെ ഒഴിവാക്കും. അനാവശ്യ സാധനങ്ങള്‍ ഒഴിവാക്കിയാല്‍ ധനം മിച്ചമുണ്ടാവും. അതുകൊണ്ട്‍ വിശപ്പിനുള്ള സാധനങ്ങള്‍ ശേഖരിക്കല്‍ സുലഭമാവും, ശരീരസന്ധാരണത്തിനുള്ളത്‍ എന്തെങ്കിലും അല്പം ഭക്ഷിക്കാമെന്ന തലത്തിലേക്ക്‍ തനിയെ നീങ്ങും. മനു-ശതരൂപ ബാഹ്യചിന്തകളെല്ലാം അടക്കി ആത്മാവിലേക്ക്‍ തിരിഞ്ഞു. ദിവസങ്ങള്‍ നീങ്ങി. രണ്ടുപേരും ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രത്തിന്റെ ആശ്രയത്തില്‍ തപസ്സുതുടങ്ങി. മനസ്സിന്റെ ഏകാഗ്രത കണ്ട്‍, ചിത്തശുദ്ധികണ്ട്‍, ദ്ര്‌ഢപ്രതിജ്ഞ കണ്ട്‍, യമനിയമാദി പാലനങ്ങള്‍ കണ്ട്‍, ആകാശത്തുനിന്ന്‍ ആകാശവാണി - അശരീരി ഉണ്ടായി. അല്ലയോ മനു! ശതരൂപ! നിങ്ങള്‍ ധന്യരാണ്, ഞാന്‍ പ്രസന്നനാണ്, ചോദിച്ചോളൂ, എന്ത്‍ വരമാണ് വേണ്ടത്‍. അമ്ര്‌തസമാനമായ വാക്കുകള്‍ കേട്ട മനു-ശതരൂപ ആനന്ദത്താല്‍ മതിമറന്നു, ശരീരം പുളകിതമായി. ഭഗവാന്റെ നിരാകാരരൂപത്തെ നമസ്കരിച്ചുകൊണ്ട്‍ മനു പറഞ്ഞു, ഹേ ഭഗവന്‍, ഈ രണ്ടു കണ്ണുകള്‍കൊണ്ട്‍ പ്രത്യക്ഷത്തില്‍ അങ്ങയെ ദര്‍ശിക്കാനാണ് ആഗ്രഹം. അതുകൊണ്ട്‍ അവിടുന്ന്‍ കൈലാസനാഥനായ പരമശിവന്റെ ഹ്ര്‌ദയത്തില്‍ ഏത്‍ രൂപത്തിലാണോ വിളങ്ങുന്നത്‍, ആ രൂപത്തില്‍ പ്രത്യക്ഷ ദര്‍ശനം തരണം. ഈശ്വരന് രൂപം കൊടുക്കുന്നത്‍ മനുഷ്യനാണ്. മനുഷ്യന്റെ ആഗ്രഹത്തിനനുസരിച്ച്‍ ഭഗവാന്‍ രൂപമെടുക്കുന്നു. ഇവിടെ മനുവിന്റെ അഭിപ്രായത്തില്‍, ശരീരമില്ലാതെ, നിരാകാരമായിട്ടോ, അല്ലെങ്കില്‍ സ്വപ്നത്തിലോ ഒക്കെയുള്ള ദര്‍ശനം തനിക്ക്‍ സ്വീകാര്യമല്ല എന്ന്‍ മനുവിന്റെ സിദ്ധാന്തം. മാത്രമല്ല ഈശ്വരനെ ഏത്‍ രൂപത്തില്‍ ദര്‍ശിക്കണം എന്ന്‍ തീരുമാനിക്കുന്നതും ഭക്തനാണ്. മനുവിന്റെ ഇച്ഛയാണ് പരമേശ്വരന്‍ എത്‍ രൂപത്തെയാണോ സദാ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്‍, ആ രൂപത്തില്‍ തനിക്കും ദര്‍ശിക്കണം എന്നത്‍. ഇത്‍ ഭക്തിയുടെ വിജയമാണ്. ഭക്തിക്ക്‍ അത്രക്കും കഴിവുണ്ട്‍. ഏത്‍ രൂപത്തില്‍ വേണ്ടോ, ആ രൂപത്തില്‍ ഭഗവാന്‍ പ്രകടമാകും. ഭക്തന്‍ പറഞ്ഞാല്‍ ഭഗവാന് അതുപോലെ പ്രവര്‍ത്തിക്കേണ്ടി വരും. ശ്രീശങ്കരന്റെ മനസ്സില്‍ മിന്നിത്തിളങ്ങുന്ന രൂപത്തില്‍ വരാനാണ് ആജ്ഞ. ഭഗവാന്‍ ശ്രീരാമന്റെ രൂപത്തില്‍ കയ്യില്‍ അമ്പും വില്ലും ധരിച്ച ശ്രീരാമരൂപത്തില്‍ മനു-ശതരൂപയുടെ മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷമായി. സജല നേത്രത്തോടെ രണ്ടുപേരും സാഷ്ടാംഗം നമസ്കരിച്ചു.
ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രത്തിന്റെ ഫലമായി ശ്രീക്ര്‌ഷ്ണദര്‍ശനം കിട്ടണമായിരുന്നു എന്ന്‍ ചിലപ്പോള്‍ ചിന്തിച്ചേക്കാം. മഹര്‍ഷിമാരുടെ സമന്വയ സിദ്ധാന്തം ഇവിടെ ദര്‍ശനീയമാകുന്നു എന്ന്‍ വേണം കരുതാന്‍. ഏത്‍ മന്ത്രം ജപിച്ചാലും ജപിക്കുന്നവന്റെ ഇച്ഛനുസരണം ദര്‍ശനമുണ്ടാകുന്നു എന്ന്‍ ഈ പ്രക്രിയ ബോധ്യപ്പെടുത്തുന്നു.
ഭഗവാന്‍ ശ്രീരാമന്‍ സീതാസമേതനായി മനു-ശതരൂപയുടെ മുന്നില്‍ പ്രകടമായി. നീലമേഘശ്യാമ വര്‍ണ്ണത്തോട്‍ കൂടിയ ഭഗവാനെ കണ്ട്‍ കണ്ട്‍ മനു-ശതരൂപക്ക്‍ മതിയാവുന്നില്ല. ജലാശയത്തിലെ നീലനീല നിറം പോലെ, നീലമണി പോലെ, നീലമേഘം പോലെ എന്നൊക്കെ വര്‍ണ്ണിക്കുന്നു. ജലാശയം എത്രകണ്ട്‍ ആഴമുണ്ടോ അതിനനുസരിച്ച്‍ ജലത്തിന്റെ നീലനിറത്തിനും ഗാഢത കൂടും. അഗാധത ജ്ഞാനത്തെ, അറിവിനെ സൂചിപ്പിക്കുന്നു. നീല മണി എന്നത്‍ കര്‍മ്മത്തെ സൂചിപ്പിക്കുന്നു. നീലമേഘമെന്ന പ്രയോഗം പ്രേമത്തെ സൂചിപ്പിക്കുന്നു. ആകാശത്ത്‍ നീലമേഘത്തെ കണ്ണിമയ്ക്കാതെ നോക്കി ഇരിക്കുന്ന ചകോരങ്ങള്‍ പ്രേമസൂചകമാണ്. കോടികോടി കാമദേവന്മാരെ വെല്ലുന്ന ശരീരകാന്തിയോടെ ഭഗവാന്‍ പ്രത്യക്ഷമായി എന്നും പറയുന്നു. ഇത്‍ ശരണാഗതിയുടെ സൂചകമാണ്. ഒരു ജലാശയത്തിലെ നീലനിറ സമാനമാണ് ഭഗവാന്റെ രൂപം എന്ന്‍ ജ്ഞാനി പറയും. അങ്ങനെ ഓരോ തലത്തിലും ഉള്ളവര്‍ ഓരോ പ്രകാരത്തില്‍ പറയും.
മനു-ശതരൂപയോട്‍ മനോവാഞ്ചിതം ചോദിച്ചുകൊള്ളാന്‍ ഭഗവാന്‍ പറഞ്ഞു. മനു പറഞ്ഞു, ഭഗവാനേ അങ്ങയുടെ ദര്‍ശനത്താല്‍ തന്നെ എന്റെ മനം നിറഞ്ഞു. എന്നാലും ചില ആഗ്രഹങ്ങളുണ്ട്‍. ഭഗവാനേ, കല്പവ്ര്‌ക്ഷത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ആവശ്യപ്പെടുന്നതെല്ലാം കിട്ടുമെന്ന്‍ അറിയാം, എന്നിരുന്നാലും ദരിദ്രന്‍ കൈനീട്ടുന്നതിന് സങ്കോചം അനുഭവിക്കുന്നതുപോലെ, ഇത്തരത്തിലൊക്കെ ചോദിക്കാമോ എന്ന സങ്കോചം എന്നിലും ഉദിക്കുന്നു. ഭഗവാന്‍ പറഞ്ഞു, അല്ലയോ മനൂ, എന്റെ ഭക്തന്‍ ആവശ്യപ്പെടുന്നതെന്തും കൊടുക്കാന്‍ കഴിവുള്ള ഭണ്ഡാരമാണ് എന്റെ കൈവശം. സങ്കോചമുക്തമായി ചോദിച്ചോളൂ.
ഭഗവാന്‍ പറയുന്നു, ഭക്തന്‍ ചോദിക്കുന്നത്‍ എന്തുതന്നെയായാലും, അതൊക്കെ കൊടുക്കുമെന്ന്‍. ഇതില്‍ നമുക്ക്‍ വിശ്വാസം വരുന്നില്ല. നമ്മുടെ ധര്‍മ്മത്തില്‍ പ്രതിപാദിച്ചിട്ടുള്ളതൊന്നും നമുക്ക്‍ സ്വീകാര്യമല്ല. അതില്‍ നമുക്ക്‍ വിശ്വാസമില്ല. ഇതര ധര്‍മ്മക്കാരുടെ വാക്കുകളില്‍ വിശ്വാസിക്കാന്‍ മടിയുമില്ല. നിങ്ങള്‍ ഇതില്‍ വിശ്വസിക്കൂ, നിങ്ങള്‍ക്ക്‍ സ്വര്‍ഗ്ഗം കിട്ടും, ഇതില്‍ മത്തായി പറഞ്ഞു, ഇതില്‍ ലൂക്കോസ്‍ പറഞ്ഞു, കുത്തനെ സ്വര്‍ഗ്ഗത്തിലെത്തുമെന്ന്‍, അതുകൊണ്ട്‍ ഇതില്‍ വിശ്വസിക്കൂ, ഇങ്ങോട്ട്‍ പോരൂ. ഈ ഭൂമിയില്‍ മനുഷ്യനായി ജനിച്ച്‍ ഇവിടെ സ്വര്‍ഗ്ഗസുഖം അനുഭവിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവിടെ പോയാല്‍ അനുഭവിക്കാന്‍ പറ്റുമെന്ന്‍ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത്‍ പച്ചനുണയാണ്. ഇവിടെ ജീവിക്കുമ്പോള്‍ വീട്ടുകാരെയും നാട്ടുകാരെയും മറ്റ്‍ ജീവജാലങ്ങയുമൊക്കെ ഉപദ്രവിച്ച്‍, വീട്ടിലാണെങ്കില്‍ പരസ്പരം ലഹളയുണ്ടാക്കി, അയല്‍ക്കാരെ ഉപദ്രവിച്ച്‍, ധാര്‍മ്മിക കാര്യങ്ങളൊന്നും ചെയ്യാതെ, ആരോഗ്യം ക്ഷയിച്ച്‍ ശരീരം ഒന്നിനും കൊള്ളാത്തതായി, രോഗിയായി കിടന്ന്‍ വായിലൂടെ ഒരു തുള്ളി വെള്ളംപോലും ഇറക്കാന്‍ പറ്റാതെ വിശന്ന്‍ ദാഹിച്ച്‍ അപ്പോഴും മറ്റുള്ളവരെയൊക്കെ തെറിവിളിച്ചും കുറ്റം പറഞ്ഞും ദിവസങ്ങള്‍ തള്ളിനീക്കി അവസാന നിമിഷങ്ങളില്‍ കാലന്‍ പോത്തിന്‍ പുറത്ത്‍ വന്നുനില്‍ക്കുന്ന ദ്ര്‌ശ്യം ചുമരില്‍ കാണ്ടുകൊണ്ട്‍ കിടക്കുമ്പോള്‍ ഒച്ചവെയ്ക്കുകയും ആര്‍ത്ത്‍ കരയുകയും ദു:ഖിച്ച്‍ തേങ്ങിതേങ്ങി കരയുകയും ഒക്കെ ചെയ്യേണ്ടി വരികയും, അതൊക്കെ അനുഭവിക്കുകയും ചെയ്യുമ്പോള്‍, അവരൊക്കെ സ്വര്‍ഗ്ഗത്തിലേക്കാണോ അതോ വേറെ എവിടെയെങ്കിലേക്കുമായിരിക്കുമോ പോവുക. സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമാണ് മാത്ര്‌ഭൂമി എന്ന്‍ നമ്മുടെ ഗ്രന്ഥങ്ങളില്‍ പലയിടത്തും കാണാം.
മനു വരം ചോദിക്കാന്‍ തയ്യാറായി. മനു ചോദിക്കുന്നു, ഭഗവാനേ, അടുത്ത ജന്മത്തില്‍ ഞങ്ങള്‍ വീണ്ടും പതി-പത്നിമാരായിരിക്കണം. അപ്പോഴത്തെ ഗ്രഹസ്ഥാശ്രമ സമയത്ത്‍ അങ്ങയെപ്പോലത്തെ പുത്രനുണ്ടാവണം. അങ്ങുതന്നെ പുത്രനായി ജനിക്കണം. മനുവിന്റെ ഭഗവല്‍പ്രേമത്തില്‍ പ്രസന്നനായ ഭഗവാന്‍, തഥാസ്തു - അങ്ങിനെത്തനെ ഭവിക്കും, എന്ന്‍ അനുഗ്രഹിച്ചു. കൈകൂപ്പിനിന്ന ശത്‍രൂപയോട് എന്തെങ്കിലും ആവശ്യപ്പെടാനുണ്ടോ, എന്ന്‍ ചോദിച്ചു. ശത്‍രൂപ വിചാരിക്കുന്നു, ഭഗവാന്‍ പുത്രനായി വന്നാല്‍ ഏറ്റവും കൂടുതല്‍ ലാഭം എനിക്കായിരിക്കുമല്ലൊ. പിന്നെ എന്ത്‍ ചോദിക്കാന്‍..!! എന്നാലും ശത്‍രൂപ പറഞ്ഞു, ഭഗവാനേ എന്റെ ഭര്‍ത്താവ്‍ ആവശ്യപ്പെട്ടതുതന്നെയാണ് എനിക്കും ആവശ്യപ്പെടാനുള്ളത്‍. അവിടുത്തെ ഭക്തര്‍ക്ക്‍ എന്തെല്ലാം സുഖമാണ് കിട്ടുന്നത്‍, അതൊക്കെ ഞങ്ങള്‍ക്കും കിട്ടണം. മനു വീണ്ടും ഭഗവാനോട്‍ പറയുന്നു, അല്ലയോ ഭഗവാനേ, അങ്ങ്‍ പുത്രനായി വന്നാല്‍, അങ്ങ്‍ എന്റെ അരികില്‍ ഇല്ലാത്ത അവസ്ഥയുണ്ടായാല്‍, മണി നഷ്ടപ്പെട്ട പാമ്പിനെപോലയോ, ജലത്തില്‍ നിന്ന്‍ കരയിലേക്ക്‍ എടുത്ത മത്സ്യത്തെപോലെ, അങ്ങയെ പ്രാപിക്കാനായി പുത്രവിരഹത്താല്‍ എന്റെ മ്ര്‌ത്യു സംഭവിക്കണം. ഭഗവാന്‍ മനുശതരൂപമാരുടെ ഇംഗിതങ്ങള്‍ക്ക്‍ തഥാസ്തു അരുളിക്കൊണ്ട്‍ പറഞ്ഞു, ഹേ പുണ്യാത്മാക്കളേ, നിങ്ങള്‍ക്ക്‍ ജീവിതം ബാക്കിയുണ്ട്‍, അത്‍ ജീവിച്ച്‍ തീര്‍ക്കുക. നിങ്ങള്‍ വീണ്ടും ഈ ഭൂമിയില്‍ ജനിക്കും, എന്ന്‍ പറഞ്ഞ്‍കൊണ്ട്‍ ഭഗവാന്‍ അപ്രത്യക്ഷമായി. സാധു മഹാത്മാക്കളുടെ കൂടെ മനു-ശതരൂപ ബാക്കിയുള്ള കാലം കഴിച്ചു, ദേഹത്യാഗം ചെയ്തു. മനു-ശതരൂപ ആവശ്യപ്പെട്ടത്‍ ഭഗവത്‍ ഭക്തിയും മ്ര്‌ത്യുവുമാണ്. ജീവിതവും ഭക്തിയും ജ്ഞാനവുമൊക്കെ എല്ലാവരും ഇച്ഛിക്കും, മരണം ആരാണ് ചോദിച്ച്‍ വാങ്ങുക. ഭഗവാന്റെ വിരഹത്തില്‍ മരിക്കണം... ഈശ്വര ഭജനത്തിനായി പുനര്‍ജ്ജന്മം ആഗ്രഹിക്കുന്നു, അതോടൊപ്പം ഈശ്വര വിരഹത്താല്‍ മ്ര്‌ത്യുവിനെയും ആഗ്രഹിക്കുന്നു. വീണ്ടും ഒരു ജനനം വേണമെന്ന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത്‍ ഈശ്വരഭജനത്തിനായിരിക്കണം. അല്ലാത്ത ജീവിതം എന്തിന്.. മനു-ശതരൂപയുടെ അടുത്ത ജന്മം ദശരഥനും കൗസല്യയുമായി അയോധ്യയില്‍, അവരുടെ പുത്രനായി ശ്രീരാമാവതാരം. ഭഗവാന്‍ പരമശിവന്‍ കൈലാസത്തില്‍ ഈ കഥ വിസ്തരിക്കുന്നു എന്ന്‍ യാജ്ഞവല്‍ക്യ മുനി ഭരദ്വാജനോട്‍ പറഞ്ഞുകൊണ്ട്‍ രാമാവതാരത്തിന്റെ നാലാമത്തെ കാരണവും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ