2018 ഡിസംബർ 21, വെള്ളിയാഴ്‌ച

അടിക്കുപന്നിപോയി നിന്മുടിക്കൊരന്നവും



അടിക്കുപന്നിപോയി നിന്മുടിക്കൊരന്നവുംപറ-
ന്നടുത്തകണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ

"പലതായിതീരട്ടെ" എന്ന്‌ സദാശിവനുണ്ടായ ആഗ്രഹം മൂലമാണ്‌ വിഷ്ണുവും ബ്രഹ്മാവും ഉണ്ടായത്‍. ഉണ്ടായപ്പോള്‍ മുതല്‍ ബ്രഹ്മനും വിഷ്ണുവും തമ്മില്‍ വിവാദത്തിലായി, ക്ഷീണിയ്ക്കാതെ  യുദ്ധം ചെയ്തുകൊണ്ടുമിരുന്നു. സദാശിവന്‍ ചിന്തിച്ചു, ഇവരെന്തിനാണ്‌ ഇങ്ങനെ ഞാന്‍ സ്ര്‌ഷ്ടിക്കുന്നവന്‍, ഞാന്‍ പാലിക്കുന്നവന്‍ എന്നൊക്കെ പറഞ്ഞ്‍ യുദ്ധം ചെയ്യുന്നത്‍. ഈ യുദ്ധം തടയേണ്ടത്‍ അനിവാര്യമാണ്‌. ഓരോ ജന്തുവും ഞാനാണ്‌ വലിയവന്‍ എന്ന്‌ വിചാരിക്കുന്നു. ഇത്‌ ത്രിഭുവനത്തിനും ഹാനികരമാണ്‌.  സദാശിവന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട്‍, യുദ്ധം ചെയ്തുകൊണ്ടിരുന്ന ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മദ്ധ്യത്തില്‍ ഒരു അഗ്നിസ്തംഭമായി നിലകൊണ്ടൂ. ആദിയും അന്ത്യവുമില്ലാതെ എല്ലാ ലോകങ്ങളിലും വ്യാപിച്ചുനില്‍ക്കുന്ന അഗ്നികണ്ട്‍ ബ്രഹ്മനും വിഷ്ണുവും ആര്‍ത്തന്മാരായി നിലകൊണ്ടു. ആ സമയം ഒരു അശരീരി ശബ്ദം കേള്‍ക്കുകയുണ്ടായി.  "മൂഢന്മാരായ ബാലന്മാരേ, നിങ്ങളെന്തിനാണ്‌ പരസ്പരം യുദ്ധം ചെയ്യുന്നത്‍ ?  നിങ്ങളുടെ ബലാബലങ്ങള്‍ സദാശിവന്‍തന്നെ വിവേചിച്ച്‍തരും. നിങ്ങള്‍ കാണുന്ന ഈ അഗ്നിസ്തംഭം സദാശിവനാണ്‌. ഇതിന്റെ ആദിയും അന്തവും നിങ്ങള്‍ കണ്ട്‍പിടിയ്ക്കുക."  ഇത്രയുമായിരുന്നു ആ അശരീരി.

യുദ്ധമൊക്കെ തല്‍ക്കാലം നിര്‍ത്തി, രണ്ടുപേരും ആ അഗ്നിസ്തംഭത്തിന്റെ ആദിയും അന്തവും കണ്ടുപിടിയ്ക്കാനായി പുറപ്പെട്ടു. ആദിയും അന്തവുമില്ലാത്ത ശിവമയമായ ആ അഗ്നിസ്തംഭത്തിന്റെ ആദ്യന്തങ്ങള്‍ കണ്ടുപിടിക്കാന്‍പോയ ബ്രഹ്മനും വിഷ്ണുവും ജലത്തില്‍ പ്രതിബിംബിക്കുന്ന ചന്ദ്രനെ പിടിക്കാന്‍ പോകുന്ന കുട്ടിയെപ്പോലെയായിത്തീര്‍ന്നു. 

വിഷ്ണു സൂകര വേഷം പൂണ്ട്‍ (പന്നിയുടെ വേഷമെടുത്ത്‍) ആദി കണ്ടുപിടിക്കാന്‍ ഭൂമിയെ തുരന്നുകൊണ്ട്‍ താഴേക്ക്‌ പോയി. ബ്രഹ്മാവ്‌ ശിരസ്സ്‌ കണ്ടുപിടിക്കാന്‍  ഒരു ഹംസത്തിന്റെ രൂപമെടുത്ത്‌ മേലോട്ടും പോയി. ഭൂമി തുരന്ന്‌ തുരന്ന്‌ താഴേക്ക്‌ പോയ വിഷ്ണു അനേകകോടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഗ്നിസ്തംഭത്തിന്റെ മൂലം കണ്ടെത്തിയില്ല. അദ്ദേഹം ദാഹിച്ച്‌ വലഞ്ഞു. ദംഷ്ട്രങ്ങള്‍ വിശീര്‍ണ്ണങ്ങളായി, സന്ധിബന്ധങ്ങളെല്ലാം ഒടിഞ്ഞു, വരാഹരൂപം ധരിച്ചുകൊണ്ട്‍ നടക്കാനും ഉപേക്ഷിക്കാനും വയ്യാത്ത അവസ്ഥയിലായി, ഐശ്വര്യമൊക്കെ നഷ്ടപ്പെട്ടവനായി പരമശിവനെത്തന്നെ ശരണം പ്രാപിച്ചു.  ഹംസരൂപിയായ ബ്രഹ്മാവ്‌ ആകാശത്തേക്ക്‌ പറന്ന്‌ പറന്ന്‌  കോടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഗ്നിസ്തംഭത്തിന്റെ ശിരസ്സ്‌ കണ്ടെത്താനാവാതെ നില്‍ക്കുമ്പോള്‍ ഏതോ ചില സിദ്ധന്മാര്‍ പറയുന്നത്‍ കേട്ടു, നീ ശരിക്കും മൂഢന്‍തന്നെ, ദേഹപാതം ആസന്നമായിട്ടും അഹങ്കാരത്തിന്‌ കുറവൊന്നുമില്ലല്ലൊ, അപാരമായ ഈ തേജസ്സ്‌ കണ്ടുപിടിയ്ക്കാന്‍ വ്ര്‌ഥാ പരിശ്രമിക്കുന്നു. ഈ വിധത്തില്‍ കരുണാരൂപിയായ സദാശിവന്‍തന്നെ, വ്യാകുലചിത്തരായിത്തീര്‍ന്ന രണ്ടുപേരെയും പിന്‍തിരിപ്പിച്ചു.  ഈ കോടിക്കണക്കിന്‌ (മുപ്പത്തിമുക്കോടി)  ദേവന്മാര്‍  സ്ര്‌ഷ്ടിക്കപ്പെട്ടിരിക്കുന്നത്‍ ശിവതേജസ്സിന്റെ ഒരു പരമാണുവില്‍നിന്നാണ്‌. പരസ്പര വിദ്വേഷവും യുദ്ധവും എല്ലാം അവസാനിപ്പിച്ച്‌ പരമശിവനെ ശരണം പ്രാപിച്ചു. 

ബ്രഹ്മനും വിഷ്ണുവും എപ്രകാരമാണോ നിന്നെ ശരണം പ്രാപിച്ചത്‍, അതേപോലെ നിന്നെ ശരണം പ്രാപിയ്ക്കാനായി ഞാനും നിന്റെ അരികിലെത്തി. വിഷ്ണുവിനും ബ്രഹ്മനും നിന്നെ അറിയാനായിക്കൊണ്ട്‍ നീ എത്രയോ വര്‍ഷങ്ങള്‍ തന്നെ കൊടുത്തു. എന്നാല്‍ ഹേ അഗ്നിശൈലമേ, ഹേ അരുണാചലേശ്വരാ, നിന്റെ ആഴമോ ഉയരമോ അറിയുക എന്നത്‍ അവിടെ നില്‍ക്കട്ടെ, നിന്നെ മുഴുവനായി ഒന്ന്‌ നോക്കിക്കാണാനുള്ള സമയവും കൂടി നീ എനിക്ക് തന്നില്ല, അതിനുമുമ്പുതന്നെ,  നമ്മുടെ ആദ്യത്തെ കാഴ്ചയില്‍ത്തന്നെ, എന്നെ എടുത്ത്‌ നീ വിഴുഞ്ഞിക്കളഞ്ഞല്ലൊ, അതും എന്റെ സകല ഇന്ദ്രിയങ്ങളോടും കൂടിത്തന്നെ. ഇപ്പൊ ഞാന്‍ നിരിന്ദ്രിയനാക്കപ്പെട്ടുവല്ലൊ. ഇനി നീ പറയുന്നത്‍പോലെ ഞാന്‍ ചെയ്യും, എന്റെ സകല നടനവും (ചെയ്തികളും) നിനക്കായിട്ടുള്ള നമസ്കാരങ്ങളാവട്ടെ. വീണ്ടും വീണ്ടും നമിക്കുന്നു.

ഒന്നുകില്‍ ശ്രേയസ്സ്‌ അല്ലെങ്കില്‍ പ്രേയസ്സ്‌.  ശ്രേയസ്സാണ്‌ വേണ്ടത്‍ എന്ന്‌ അര്‍ജ്ജുനന്‍ സൂചിപ്പിച്ചു കഴിഞ്ഞു. അതിന്‌ സ്വധര്‍മ്മാനുഷ്ഠാനമാണ്‌ മരുന്ന്‌. സ്വധര്‍മ്മം അനുഷ്ഠിക്കുമ്പോള്‍ മരിച്ചുപോയാലും അത്‍ ശ്രേയസ്സിന്‌ പാത്രമാകുന്നു  - സ്വധര്‍മ്മേ നിധനം ശ്രേയ -  എന്ന്‌ ഭഗവാന്‍ പറയുന്നു.   ശ്രേയസ്സ്‍ എന്നാല്‍ ആത്മദര്‍ശനം, മോക്ഷം, എന്നൊക്കെ ഇവിടെ അര്‍ത്ഥം.

അതുകൊണ്ട് ശ്രേയോ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ഉപദേശിച്ചു.   ഇത്‍ അര്‍ജ്ജുനനുള്ളതല്ല, നമുക്കൊക്കെ ഉള്ളതാണ്‌. സ്വധര്‍മ്മാനുഷ്ഠാനം കൊണ്ടേ ശ്രേയസ്സിനെ പുണരാനൊക്കൂ...

അഭിപ്രായങ്ങളൊന്നുമില്ല: