2018 ഡിസംബർ 21, വെള്ളിയാഴ്‌ച

മനസ്സിനെ പഠിയ്ക്കുക, മനസ്സിലെ സ്പന്ദനങ്ങളെ കാണുക



മനസ്സാണ്‌ ലോകം അഥവാ ജഗത്‍. ഇന്ദ്രിയങ്ങളെയും പ്രാണനെയും ചലിപ്പിക്കുന്നത്‍ മനസ്സാണ്‌. ബന്ധനത്തിനും ബന്ധമോചനത്തിനും അഥവാ മുക്തിക്കും കാരണക്കാരന്‍ മനസ്സുതന്നെ. മനസ്സിനെ കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും  ഗഹനമായ പഠനം നടത്തിയാല്‍ മാത്രമേ വേദാന്തലോകത്തേക്ക്‌, അധ്യാത്മലോകത്തേക്ക്‌,  പ്രവേശിക്കാന്‍ പറ്റൂ. വേദാന്തത്തിലേക്ക്‌ എന്ന്‌ മാത്രമല്ല, ഏതൊരു കാലഘട്ടത്തിലൂടെയാണോ നാം കടന്നുപോകുന്നത്‍, അതിലെ സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങള്‍, ബഹുവിധത്തിലുള്ള ദു:ഖങ്ങള്‍, ഇതെല്ലാം അറിയാന്‍ മനസ്സിനെ കുറിച്ച്‌ നല്ലപോലെ പഠിക്കേണ്ടിയിരിക്കുന്നു.

മനസ്സിന്റെ ദേവത ചന്ദ്രനാണ്‌, സോമനാണ്‌. ചന്ദ്രന്‍ തണുപ്പാണ്‌. ചന്ദ്രതത്വംതന്നെ ജലമാണ്‌. (ആപ). ജലത്തിന്റെ സ്വഭാവമാണ്‌ താഴേക്ക്‌ ഒഴുകുക എന്നത്‍. അതു തന്നെയാണ്‌ മനസ്സ്‌ എപ്പോഴും താഴ്ന്ന തലങ്ങളിലൂടെ, ഇന്ദ്രിയവിഷയകമായ, അനാത്മകമായ വഴിയേ സഞ്ചരിക്കുന്നത്‌.

ബാഹ്യമായ ചെവി, കണ്ണ്‌ തുടങ്ങിയവ ഒക്കെത്തന്നെ ഉപകരണങ്ങളാണ്‌. ഇന്ദ്രിയങ്ങളെന്ന്‌ പറയുന്നത്‍ കണ്ണുകൊണ്ട്‍ കാണാവുന്ന ചെവിയും കണ്ണും മൂക്കും ഒന്നുമല്ല.  ചെവിയുടെയും മൂക്കിന്റെയും മറ്റുമൊക്കെയുള്ള  ഇന്ദ്രിയങ്ങള്‍  സൂക്ഷ്മങ്ങളാണ്‌, അവ സൂക്ഷ്മ ശരീരത്തിലാണ്‌ കിടക്കുന്നത്‍. ബുദ്ധിയിലിരിക്കുന്ന കേള്‍ക്കാന്‍ സഹായിക്കുന്ന ഞെരമ്പും കാണാന്‍ സഹായിക്കുന്ന സങ്കേതവും,   അല്ലെങ്കില്‍ ഞെരമ്പും, ഏതെങ്കിലും വിധത്തില്‍ ബാധിച്ചിട്ടുണ്ടെങ്കില്‍, കേള്‍ക്കാനോ കാണാനോ സാധ്യമാവില്ല.  ഇതുതന്നെയാണ്‌ മറ്റേ ഓരോ ഇന്ദ്രിയത്തിന്റെയും നില.

ഇന്ദ്രിയങ്ങളുടെ സ്ഥൂലമായ അവയവങ്ങള്‍ ഉണ്ടായിരുന്നിട്ടും,  ഇന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കാന്‍ സൂക്ഷ്മ ഇന്ദ്രിയങ്ങളും, അതിന്റെ അധിഷ്ഠാധ്ര്‌ ദേവതകളും, ബുദ്ധിയും ഒക്കെ ഉണ്ടായിരുന്നിട്ടും, അവയെല്ലാംതന്നെ ഗാഢ സുഷുപ്തിയില്‍ നിശ്ചലമാവുകയും,
എല്ലാ ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തി മനസ്സ്‌ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. അവയവങ്ങളെല്ലാം വെറും ആലംകാരിക  മാംസക്കഷണങ്ങളായി  മാറുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും മനസ്സ്‌ ഏറ്റെടുക്കുന്നു. സത്യത്തില്‍ ജാഗ്രത്തിലും ഇതുതന്നെയാണ്‌ നടക്കുന്നത്‍, കാണലും കേള്‍ക്കലും മണക്കലും എന്ന്‌വേണ്ട ഐന്ദ്രിയപരമായ എല്ലാ ജോലിയും മനസ്സുതന്നെയാണ്‌ ചെയ്യുന്നത്‍. അതുകൊണ്ട്‍ ശരിയായ ഇന്ദ്രിയങ്ങളെല്ലാം അകമേയാണ്‌, കണ്ണിലെ ക്ര്‌ഷ്ണമണി, ബാഹ്യമായ ചെവി, മൂക്ക്‌ കയ്യ്‌ കാല്‌ തുടങ്ങിയ സകലതും ഉപകരണങ്ങള്‍ മാത്രമാണെന്ന്‌ അറിയുക.  അന്ധനായ ഒരു വ്യക്തിയ്ക്ക്‌ പത്ത്‍ രൂപ നോട്ടിന്റെ വലിപ്പത്തിലും കനത്തിലും ഒരു കടലാസ്സ്‍ കൊടുത്താല്‍, ആ അന്ധന്‌ അറിയാം, ഇത്‍ രൂപയല്ല, വെറുമൊരു കടലാസ്സാണെന്ന്‌. അപ്പൊ കാണുന്നത്‍ ബാഹ്യമായ ഈ കണ്ണല്ല. അതുപോലെത്തന്നെ ഓരോ ഇന്ദ്രിയങ്ങളും.

സങ്കല്‍പവികല്‍പ്പങ്ങളാണ്‌ മനസ്സിന്റെ ധര്‍മ്മം.  മനസ്സ്‌ ചിന്തിക്കുന്നു, എനിക്ക്‌ മദിരാശിവരെ ഒന്ന്‌ പോകാനൊക്കുമോ, ഇല്ലയോ..എന്ന്‌.  ബുദ്ധി അതിന്റെ ഇടക്ക്‌ കയറിയിട്ട്‌ പറയും, പോണം, പോയേ തീരൂ. അഹംകാരം അതിനെ ഒന്നുകൂടി പോഷിപ്പിക്കുന്നു. സംസ്കാരാദികളെ മുഴുവന്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്തം മദിരാശിവരെ പോകാനുള്ള ഉത്തരവ്‌ കൊടുക്കും, എനിക്ക്‌ പോണം എന്ന്‌ ഉത്തരവിറക്കും. അത്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ അതിനുള്ള കല്പനകള്‍ കൊടുക്കും. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ പണിയെടുക്കാന്‍ തുടങ്ങും. കണ്ണ്‌ കാണാന്‍ തുടങ്ങും, കാല്‌ നടക്കാന്‍ തുടങ്ങും, ഇത്യാദികളൊക്കെ.

മനസ്സിലുണ്ടാകുന്ന ഓരോ സ്പന്ദനങ്ങളെയും ശ്രദ്ധിക്കുക. ഒരാള്‍ ചീത്ത വിളിച്ചാല്‍ ദു:ഖം തോന്നുന്നു. പുകഴ്ത്തിയാല്‍ എന്തോ ഒരു സുഖവും തോന്നുന്നു. പുകഴ്ത്തുന്ന സമയത്ത്‍ മനസ്സ്‍ വികസിക്കുന്നു. അധിക്ഷേപിക്കുമ്പോള്‍, നിന്ദിയ്ക്കുമ്പോള്‍,  ഇകഴ്ത്തുമ്പോള്‍ ഒക്കെ മനസ്സ്‌ ചുരുങ്ങുന്നു.  മനസ്സിന്റെ ഈ വക ചലനങ്ങളെ, അതിന്റെ സ്പന്ദനങ്ങളെ, സൂക്ഷ്മമായി നിരീക്ഷണം ചെയ്താല്‍ മനസ്സിന്റെ മറ്റ്‍ പ്രവര്‍ത്തികളെല്ലാം മെല്ലെമെല്ലെ അടങ്ങും,  മനസ്സ്‍ നിശ്ചലമാകും,  അതുതന്നെ ഒരു സാധനയായി മാറും, മനസ്സ്‌ ആ ഏകാത്മകത്വമായ അഖണ്ഡമായ നിരുപാധികമായ ആനന്ദത്തിന്റെ അനുഭൂതി കൈവരും.

അഭിപ്രായങ്ങളൊന്നുമില്ല: