സമാധിയ്ക്ക് പ്രവര്‍ത്തിയ്ക്കണോ ?
അത്‍ എന്താണ്, ഇതെന്താണ്, അതെങ്ങിനെ നേടാം, അത്‍ കിട്ടാന്‍ എന്ത്‍ ചെയ്യണം, എന്തെങ്കിലും പ്രത്യേക പ്രയോഗം വല്ലതും വേണോ, ഉപവാസം വേണോ, കാട്ടില്‍ പോയി ഇരിയ്ക്കണോ.... എന്ന് തുടങ്ങി ഒരുപാടൊരുപാട് സംശയങ്ങളും കൊണ്ടാണ് പലരും മഹാത്മാക്കളെ സമീപിക്കുന്നത്‍. ഈ സംശയമൊക്കെ തന്റെ അകമെ ഉള്ളതുതന്നെയാണ്. ഒരു സത്യം മാത്രം അറിഞ്ഞിരിക്കുന്നത്‍ നല്ലതാണ്. എന്തെങ്കിലും ചെയ്യുന്നതുകൊണ്ടോ, എന്തെങ്കിലും ചെയ്തതുകൊണ്ടോ സമാധിയൊന്നും കിട്ടില്ല, ഈശ്വരനെയൊന്നും കിട്ടില്ല. ’ചെയ്യുന്നവന്‍’ നിലനില്‍ക്കുന്നിടത്തോളം സമാധിയും വരില്ല, ഈശ്വരനെയും കിട്ടില്ല. ശ്രൂതി വളരെ സ്പഷ്ടമായിത്തന്നെ പറയുന്നുണ്ട്‍, ന ധനേന - ധനംകൊണ്ട് നേടാനൊക്കില്ല, ന കര്‍മ്മണാ, - ഒരു കര്‍മ്മംകൊണ്ടും നേടാനൊക്കില്ല, ന പ്രജയാ - സന്താനങ്ങളെ (ഉല്പാദിപ്പിച്ചതു)കൊണ്ട്‍ നേടാനൊക്കില്ല, എന്നൊക്കെ വേദംതന്നെ പറയുന്നു. ശങ്കരാചാര്യരെപ്പോലത്തെ ആചാര്യന്മാരും അതുതന്നെ ഓതിയിരിക്കുന്നു. ഭഗവത്‍ ഗീതയില്‍ ശ്രീക്ര്‌ഷ്ണ പരമാത്മാവും അതുതന്നെ പറഞ്ഞിരിക്കുന്നു, സകല കര്‍മ്മങ്ങളും മാറ്റിവെയ്ക്കുന്നുവെങ്കില്‍ മാത്രമേ ജ്ഞാനലബ്ധി ഉണ്ടാകൂ എന്ന്. ഈ സംശയങ്ങളും, ഈ കര്‍മ്മകലാപങ്ങളും എല്ലാം എപ്പോള്‍ സംശയിക്കുന്നവനില്‍ത്തന്നെ വിലീനമാകുന്നുവോ, അവനില്‍ത്തന്നെ ഇല്ലാതായിത്തീരുന്നുവോ, അതുതന്നെയാണ് സമാധി. ഈ സംശയങ്ങളെല്ലാം അടങ്ങിക്കിട്ടാനാണ് സദ്‍ഗുരുവിന്റെ ഉപദേശം ഉണ്ടാവണ്ടത്‍.
ഒരു ഏകദേശ ഉദാഹരണം എന്ന നിലക്ക് നമുക്ക് പറയാം, സകല സംശയങ്ങളും, ചോദ്യങ്ങളും ഉറങ്ങാന്‍ കിടന്നാല്‍ അവനവനില്‍ത്തന്നെ വിലീനമാകുന്നു, അതോടെ അവിടെ ഭഗവത്‍ സാന്നിദ്ധ്യം ഉണ്ടാകുന്നു. ചത്തപോലെ കിടക്കുന്നതുകൊണ്ട്‍, ഭഗവാന്‍ നമ്മുടെ അകത്തും പുറത്തും ഉണര്‍ന്നിരിക്കുന്നു. ആ സാന്നിദ്ധ്യം അവിടെ ഉണ്ടാകുന്നതുകൊണ്ടാണ്, ഉറക്കത്തില്‍ അത്യന്തം സുഖമായി ഇരിക്കുന്നത്‍. അതേ അവസ്ഥതന്നെ ഉണര്‍ന്നിരിക്കുന്ന സമയത്ത്‍, ജാഗ്രത്തില്‍ സജ്ജമാക്കണം. അപ്പോള്‍ അതിനെ സമാധി എന്ന് പറയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ