ഭോജനാന്തേ വിഷം വാരി.
ഭോജനാന്തേ - ഭോജനശേഷം - ഭക്ഷണശേഷം
വാരി - ജലം, വെള്ളം.
വിഷം - വിഷം.
വൈദ്യശാസ്ത്രത്തില്‍ അഗ്രഗണ്യനായ വാഗ്‍ഭടാചാര്യന്റെ വാക്കുകളാണിത്‍. ആയുര്‍വ്വേദത്തിന് അപാരമായ സംഭാവനകള്‍ നല്‍കിയ ചരക മഹര്‍ഷിയുടെ ശിഷ്യനായിരുന്നു വാഗ്‍ഭടന്‍. തന്റെ ഗുരുനാഥന്റെ ആരോഗ്യ സൂത്രങ്ങളെ കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും, അത്‍ തന്നിലും മറ്റുള്ളവരിലും പ്രയോഗിക്കുകയും, തന്റെ അനുഭവങ്ങളെ ഗ്രന്ഥരൂപത്തിലാക്കി ജനസേവനത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. ചരക സൂത്രങ്ങളെ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വികസിപ്പിച്ച്‍ അതിനെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്‍. ചരക ശിഷ്യനായ വാഗ്‍ഭടന്‍ നൂറ്റിമുപ്പത്‍ വയസ്സുവരെ ജീവിച്ചിരുന്നുവെന്നും, സ്വേച്ഛാമ്ര്‌ത്യു കൈവരിച്ച ഒരു മഹാഋഷിയായിരുന്നു എന്നും പറയുന്നു.
ഭക്ഷണശേഷം വെള്ളം കുടിക്കുന്നത്‍ വിഷമാണെന്ന്‍ ആചാര്യന്‍ പറയുന്നു. ഏഴായിരത്തില്‍പരം സൂത്രങ്ങളാല്‍ അഷ്ടാംഗഹ്ര്‌ദയവും അഷ്ടാംഗസംഹിതയും തീര്‍ത്തിരിക്കുന്ന വാഗ്‍ഭടാചാര്യന്‍ ഭോജനാന്തേ വിഷം വാരി എന്ന ഒരൊറ്റ സൂത്രത്തില്‍ ഏതാണ്ട്‍ എല്ലാ അസുഖങ്ങളുടെയും കാരണവും നിവാരണവും സുവ്യക്തമാക്കി തരുന്നു എന്ന്‍ കരുതാം. വേഗങ്ങളെ ഒരു കാരണവശാലും തടയരുതെന്ന്‍ ആയുര്‍വ്വേദം വ്യക്തമാക്കുന്നു. വിശപ്പ്‍ എന്നത്‍ ശരീരത്തിന്റെ ധര്‍മ്മമാണ്, അത്‍ ഒരു വേഗമാണ്.
കഴിക്കുന്ന അന്നം ആമാശയത്തില്‍ എത്തുന്നു. വായില്‍ അന്നം എത്തുന്നതോടെ ഉമിനീരിന്റെ പ്രവര്‍ത്തം സ്വമേധയാ തുടങ്ങുന്നു. ഉമിനീര് അന്നത്തെ ദഹിപ്പിക്കുന്നതില്‍ മുഖ്യമായ പങ്ക്‍ വഹിക്കുന്നു. അതുകൊണ്ട്‍ ഭക്ഷണം ചവച്ചരച്ച്‍ കഴിക്കണം എന്ന്‍ പറയുന്നു. ഉമിനീര് പുറപ്പെട്ടാല്‍ ഉടന്‍തന്നെ അനൈച്ഛികചേഷ്ടാക്രമത്തില്‍ -reflect action- ആ പദാര്‍ത്ഥത്തെ ദഹിപ്പിക്കാനുള്ള മറ്റ്‍ ദീപനരസങ്ങള്‍ -enzymes- ആമാശയത്തില്‍ ഉണ്ടാകുന്നു. ആഹാരം ആമാശയത്തിലെത്തിയാല്‍ -ജഠരത്തില്‍- അവിടെ അഗ്നി ജ്വലിച്ചുതുടങ്ങും. ഈ അഗ്നിയെ ജഠരാഗ്നി എന്ന്‍ പറയും. ജഠരത്തിലെത്തുന്ന അന്നത്തെ ജഠരാഗ്നി ദഹിപ്പിച്ചുകൊണ്ടിരിക്കും.
ഭഗവത്‍ഗീതയില്‍ ഈ അഗ്നിയെ വൈശ്വാനര അഗ്നി എന്ന്‍ ഭഗവാന്‍ പറയുന്നുണ്ട്‍..
അഹം വൈശ്വാനരോ ഭൂത്വാ, പ്രാണിനാം ദേഹമാശ്രിത,
പ്രാണാപാന സമായുക്താം, പചാമ്യന്നം ചതുര്‍വിധം (ഭ.ഗീ)
ഹേ അര്‍ജ്ജുനാ, സകല പ്രാണികളുടെയും ശരീരത്തെ ആശ്രയിച്ചുകൊണ്ട്‍ വൈശ്വാനരനെന്ന അഗ്നിഭാവത്തില്‍ ഇരുന്നുകൊണ്ട്‍ പ്രാണ അപാന സമാന ഉദാന വ്യാനാദികളെ യുക്താനുസരണം സമ്യക്കാക്കി, ശരീരികള്‍ കഴിക്കുന്ന നാല് വിധത്തിലുള്ള അന്നത്തെയും ഞാനാണ് പചിപ്പിക്കുന്നത്‍, എന്ന്‍ അറിഞ്ഞാലും.
ഭക്ഷണം കഴിഞ്ഞ്‍ വെള്ളം കുടിക്കുന്നതോടെ അവിടെ കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നി ഒന്നുകില്‍ തല്‍ക്കാലത്തേക്ക്‍ കെട്ടുപോകുന്നു, അല്ലെങ്കില്‍ മന്ദീഭവിക്കുന്നു. കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിലേക്ക്‍ വെള്ളം ഒഴിച്ചാല്‍ എങ്ങിനെയുണ്ടാവുമെന്ന്‍ ആലോചിക്കുക. അതും തണുത്ത വെള്ളമാണ് കുടിക്കുന്നതെങ്കില്‍, അഗ്നി കൂടുതല്‍ മന്ദീഭവിക്കും. ചിലര്‍ക്ക്‍ തണുത്ത വെള്ളത്തില്‍ ഐസ്‍കട്ട ഇട്ട്‍ കുടിക്കാനാണ് പ്രിയം. വെള്ളത്തിന്റെ സ്വഭാവം സ്വതേ തണുപ്പാണ്. വെള്ളം കൂടിക്കുന്നതോടെ കഴിച്ച അന്നവും ആമാശയ ഭിത്തികളും എല്ലാം തണുക്കുന്നു, ശരീരത്തിന്റെ ഊഷ്മാവ്‍ കുറയുന്നു. അങ്ങിനെ വെള്ളം കുടിക്കുമ്പോള്‍ ആ അഗ്നിക്ക്‍ സംഭവിക്കുന്നത്‍ എന്തായിരിക്കും എന്ന്‍ ഊഹിയ്ക്കാവുന്നതേ ഉള്ളു. കെട്ടുപോയ ജഠരാഗ്നി, മന്ദീഭവിച്ച ജഠരാഗ്നി വീണ്ടും പതുക്കെപ്പതുക്കെ ജ്വലിച്ചുയര്‍ന്ന്‍ പ്രവര്‍ത്തനസജ്ജമാകുന്നു. ആ സമയത്ത്‍ അത്‍ ആദ്യം ഈ തണുത്ത വെള്ളത്തിനെ ശരീരത്തിന്റെ ഊഷ്മാവിന് സമാനമായി കൊണ്ടുവരാന്‍ കഠിനമായി അധ്വാനിക്കുന്നു. വെള്ളത്തിനെ ശരീര ഊഷ്മാവിന്റെ അളവില്‍ എത്തിച്ചതിനുശേഷം മാത്രമേ അന്നത്തെ ദഹിപ്പിക്കാന്‍ ശ്രമിക്കുകയുള്ളു. ഇവിടെ നാം നമ്മുടെ ജഠരാഗ്നിയെ അത്യന്തം ക്ലേശിപ്പിക്കുന്നു. തണുത്തുപോയ ഭക്ഷണത്തിനെയും ശരീരഊഷ്മാവിലേക്ക്‍ എത്തിച്ച്‍ അതിനെ ദഹിപ്പിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞുകാണും. അപ്പോഴേക്കും ആ അന്നം അഴുകിയിരിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത്‍ മാത്രം മതി വയറിന് കനം തോന്നാനും, വിശപ്പില്ലായ്മക്കും, വായുക്ഷോഭത്തിനും, ഗ്യാസ് ട്രബിളിനും, തലവേദനക്കും, വയറ് വേദനക്കും, ദഹിക്കാതെ വിസര്‍ജ്ജിക്കാനുമൊക്കെ കാരണമാവാന്‍. ഭക്ഷണത്തിന് ഒരു മണിക്കൂര്‍മുമ്പ്‍ വെള്ളം കുടിക്കുക, ഭക്ഷണം കഴിച്ച്‍ ഒന്നര മണിക്കൂര്‍ ശേഷം വെള്ളം കുടിക്കുക. ഈ പദ്ധതി തുടര്‍ന്നാല്‍ പല രോഗങ്ങളെയും സ്വയം നിയന്ത്രിക്കാം. ഭക്ഷണശേഷം വെള്ളം കുടിച്ചേ മതിയാവൂ എന്നുണ്ടെങ്കില്‍ അര ഗ്ലാസ് മോരുവെള്ളം കുടിക്കുന്നത്‍ കാര്യമായ ദോഷം ചെയ്യില്ല. കഞ്ഞിവെള്ളവും ആവാം. ഭക്ഷണം കഴിക്കുമ്പോളും ഇടക്കിടക്ക്‍ വെള്ളം കുടിക്കരുത്‍. ഒന്നോ രണ്ടോ തവണ ഓരോ ഇറക്ക്‍ വെള്ളം അത്യാവശ്യമെങ്കില്‍ കുടിക്കാം. അതിലപ്പുറം വിഷമാണ്.
രാവിലെ എണീറ്റ ഉടനെ -വായ വ്ര്‌ത്തിയാക്കുന്നതിനു മുമ്പെ- ഒരു ഗ്ലാസ്‍ ശുദ്ധമായ വെള്ളം ഓരോ ഇറക്കായി അല്പനേരം വായില്‍വെച്ചശേഷം ഇറക്കുക. ആ സമയത്തെ വായിലെ ഉമിനീര് ഔഷധതുല്യമാണ്. ഉമിനീര് ക്ഷാരഗുണമുള്ളതാണ് -alkalised-. വയറിലെ എല്ലാവിധ അമ്ലത്തെയും --acidic- അത്‍ നശിപ്പിക്കും.
വാതപിത്ത കഫങ്ങളുടെ സമ്യക് അവസ്ഥയാണ് നിരോഗാവസ്ഥ. വെള്ളം കുടിക്കുമ്പോള്‍ ചമ്രംപടിഞ്ഞിരുന്ന്‍ കുടിക്കണം. അല്ലാത്തപക്ഷം നിന്നുകൊണ്ട്‍ വെള്ളം കുടിക്കുന്നവര്‍ക്ക്‍ കാല്‍മുട്ടു വേദന, സന്ധിവേദന ഒക്കെ പെട്ടെന്ന്‍ വരും. വാതം കോപിക്കുന്നതിന് കാരണമാകുന്നതുകൊണ്ടാണ് സന്ധിവേദനകള്‍ ഉണ്ടാകുന്നത്‍. ചമ്രംപടിഞ്ഞിരിക്കാന്‍ പറ്റാത്തവര്‍ കുന്തിച്ചിരുന്ന്‍ (പശുവിനെ കറക്കാന്‍ ഇരിക്കുന്നപോലെ) വെള്ളം കുടിക്കണമെന്ന്‍ ആയുര്‍ഗ്രന്ഥങ്ങളില്‍ കാണുന്നു.
രാവിലെ ആദ്യം വയറിലേക്ക്‍ എത്തുന്നത്‍ ചായയാണ്. ഇതിന്റെയത്ര വിഷമുള്ള മറ്റൊരു പാനീയമില്ല. ചായയിലെ പഞ്ചസാരയ്ക്കാണ് വിഷം കൂടുതല്‍. ആധുനിക ആരോഗ്യശാസ്ത്രത്തിന്റെ ലോകവക്താക്കളായ ലോകാരോഗ്യ സംഘടന -world health organisation- പറയുന്ന അളവില്‍ കാര്‍ബോ ഹൈഡ്രേറ്റ്‍ പ്രോട്ടീന്‍, മിനറല്‍സ്‍ കാല്‍സ്യം പൊട്ടാസ്യം മെഗ്നീഷ്യം സോഡിയം വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി ഇത്യാദികളൊക്കെ ഇത്ര ഇത്ര മാത്രയില്‍ വേണമെന്നും ആഴ്ചയില്‍ ഒരു തവണ മാംസം, ഒരു തവണ മത്സ്യം, ഇലക്കറികള്‍ രണ്ട്‍ പ്രാവശ്യം ഇത്യാദികളൊക്കെ ടൈംടേബ്‍ള്‍ പോലെ ഉണ്ടാക്കിവെച്ച്‍, അതിനനുസരിച്ച്‍ പച്ചക്കറികളും മറ്റ്‍ ഭക്ഷണസാധനങ്ങളും ശേഖരിക്കുകയും, അതൊക്കെ വെച്ച്‍ വിളമ്പുകയും ചെയ്യുന്ന ആധുനികരും വിദ്യാസമ്പന്നരും ഈ വക പോഷകങ്ങളൊന്നും ഇല്ലാത്ത ഭക്ഷണസാധനങ്ങള്‍ ഒന്നും വാങ്ങാതിരിക്കുകയും അവയൊന്നും കഴിക്കില്ലെന്ന്‍ ശഠിക്കുകയും ചെയ്യുമ്പോള്‍, പഞ്ചസാരയില്‍ കാര്‍ബോ ഹൈഡ്രേറ്റ്‍ ഇല്ല, പ്രോട്ടീന്‍ ഇല്ല, മിനറല്‍സ്‍ ഇല്ല, കാല്‍സ്യം ഇല്ല, പൊട്ടാസ്യം ഇല്ല, മെഗ്നീഷ്യം ഇല്ല, യാതൊരു വിറ്റാമിനും ഇല്ല, യാതൊരു ഔഷധമൂല്യവും ഇല്ല, മാത്രമല്ല മാരകമായ വിഷം മാത്രമേ ഉള്ളു എന്ന്‍ അറിയാതെ പോകുന്നുവല്ലോ എന്ന്‍ ഓര്‍ക്കുമ്പോള്‍ ആധുനികന്റെ ആധുനികതയുടെ ആഴം എത്രയുണ്ടെന്ന്‍ ബുദ്ധിയുള്ളവന് ഊഹിക്കാം.. പഞ്ചസാര ചേര്‍ത്ത എല്ലാ ഭക്ഷണസാധനങ്ങളും ത്യജിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്നവനെ രോഗാദികള്‍ ബാധിക്കില്ല. ചായ ഉപയോഗിക്കാത്തവനു നാലോ അഞ്ചോ കിലോമീറ്റര്‍ ഓടിയാലും ക്ഷീണം തോന്നില്ല. അതുകൊണ്ട്‍ വെളുത്തവിഷം എന്ന്‍ മഹാത്മാഗാന്ധി വിശേഷിപ്പിച്ച പഞ്ചസാര കഴിയ്ക്കില്ലെന്നും ചായ കുടിക്കില്ലെന്നും ദ്ര്‌ഢപ്രതിജ്ഞയെടുക്കുക. കുടിയ്ക്കാന്‍ എത്രയോ പേയങ്ങള്‍ നമുക്ക്‍ ലഭ്യമാണ്. അതിന്റെ സദുപയോഗം ചെയ്യുക. ആരോഗ്യം വിലപ്പെട്ടതാണ്, അത്‍ സരളമല്ല. പഞ്ചസാരയുടെയും ചായയുടെയും ത്യാഗം ചുരുങ്ങിയത്‍ ഇരുപത്തഞ്ച്‍ രോഗങ്ങളില്‍നിന്നും മോചിപ്പിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ