2013 ഡിസംബർ 31, ചൊവ്വാഴ്ച

തിതിക്ഷ - എന്താണ്‌ തിതിക്ഷ

തിതിക്ഷ - എന്താണ്‌ തിതിക്ഷ  

സഹനം സര്‍വ്വദു:ഖാനാം അപ്രതീകാരപൂര്‍വ്വകം
ചിന്താ വിലാപരഹിതം സാ തിതിക്ഷ നി ഗത്യതേ   

അധ്യാത്മ മണ്ഡലത്തില്‍ പ്രവേശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കുള്ള ഉപദേശങ്ങളില്‍ ഒന്നായ തിതിക്ഷ സംജ്ഞയുടെ അര്‍ഥമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്‍. 

അതിനെ മനനം ചെയ്യുമ്പോള്‍ അതിന്റെ വിസ്താരം സാധകന്‌ അനന്തമായി അനുഭവപ്പെടും. ശ്രുതിയ്ക്കും സ്മ്ര്‌തിയ്ക്കും അനുസ്ര്‌തമായി വിവാഹാദികര്‍മങ്ങളെല്ലാം നിര്‍വഹിച്ച്‍ ഗ്രഹസ്ഥാശ്രമത്തിലേയ്ക്ക്‍ പ്രവേശിച്ച്‌ ജീവിയ്ക്കുന്നവന്‌ ദു:ഖത്തിനെ തരണം ചെയ്യാന്‍ വേറൊരു ഗ്രന്ഥത്തിന്റെയോ വേറൊരു പഠനത്തിന്റെയോ മറ്റൊരുത്തന്റെ ഉപദേശത്തിന്റെയോ ആവശ്യമില്ല. ദു:ഖങ്ങള്‍  വന്നാല്‍ത്തന്നെ ഇതെല്ലാം എന്റെ പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമാണ്‌ എന്ന്‍ അറിയും. ഈ ദു:ഖത്തിനെ ഞാന്‍ ധീരനായി അനുഭവിയ്ക്കും, ഇതിന്‌ ഞാന്‍ കരയില്ല. എന്റെ മുന്നില്‍ എത്തുന്ന ഒന്നിനോടും എനിയ്ക്ക്‍ പ്രതികാരമുണ്ടാവില്ല. ഇത്‍ അവനോ അവളോ കാണിച്ചതല്ല. അവന്‌ കാണിയ്ക്കാനുള്ള ശേഷിയോ ശേമൂഷിയോ ഒന്നുമില്ല. എന്നെ ദുഖത്തിലാഴ്‍ത്തുവാനോ എന്നെ പാഠം പഠിപ്പിയ്ക്കുവാനോ എന്നെ വേദനിപ്പിയ്ക്കാനോ എനിയ്ക്കല്ലാതെ വേറൊരുത്തന്‌ കഴിവില്ല. ഈ കാര്യം എനിയ്ക്ക്‍ വേദനിയ്ക്കുമെന്ന്‍ അവന്‍ അറിഞ്ഞിട്ടല്ല ചെയ്തത്‍. ഞാന്‍ പണ്ട്‌ ചെയ്തതിന്റെ പ്രതിബിംബമായി വന്നതുകൊണ്ടാണ്‌ ഞാന്‍ വേദനിച്ചത്‍. അതുകൊണ്ട് എന്റെ വേദനയ്ക്ക്‍ അവനും അവളുമൊന്നുമല്ല ഉത്തരവാദി;എന്റെ പൂര്‍വ്വകര്‍മ്മങ്ങളുടെ സ്മരണകളും വ്ര്‌ത്തികളുമാണ്. അത്‍ ഇങ്ങനെ വേദനിച്ച്‍ വേണം തീരാന്‍.  ഇത്‍ എന്റെ പരിണാമമാണ്‌. എന്നെ വേദനിപ്പിയ്ക്കാനൊന്നും നിന്റെ കര്‍മ്മങ്ങള്‍ പര്യാപ്തങ്ങളല്ല. എന്നെ വേദനിപ്പിയ്ക്കുന്നുവെങ്കില്‍ അത്‍ ഞാനാണ്‌. എന്നെ ഞാന്‍ വേദനിപ്പിയ്ക്കുന്നുവെങ്കില്‍ എന്നെ ഉരുക്കി ശുദ്ധമാക്കാനാണ്‌. അത്‍ തീരുമാനിച്ചിറങ്ങിയ ഞാന്‍ നിന്നാല്‍ വേദനിയ്ക്കപ്പെടുകയില്ല. നിന്നെ ഇതിനായി നിയോഗിച്ചതും നിന്നെ ഈ സമയത്ത്‍ അയച്ചതും ഈശ്വരന്‍ പോലുമല്ല;എന്റെ പൂര്‍വ്വകര്‍മ്മങ്ങള്‍ സമഷ്ടിയില്‍ എത്തിയിട്ടാണ് ആ നിയോഗം പൂര്‍ണ്ണമാക്കുന്നത്‍. അതുകൊണ്ട്‍ ഈ കാര്യത്തില്‍ ഞാന്‍ ഈശ്വരനേയും അഭയം പ്രാപിയ്ക്കില്ല . ഈശ്വരനെ നിന്ദിയ്ക്കില്ല. എന്റെ കര്‍മ്മകലാപങ്ങളില്‍ ഒന്നിനെപോലും നിത്യനും നിരാമയനുമായ ഈശ്വരനെ ഞാന്‍ വലിച്ചിഴയ്ക്കില്ല. അതിനുവേണ്ടി ഞാന്‍ കപ്പം കൊടുക്കില്ല. അതിനുവേണ്ടി ഞാന്‍ നമസ്കരിയ്ക്കില്ല. അതിനുവേണ്ടി ഞാന്‍ സാധനങ്ങള്‍ സ്വരൂപിയ്ക്കില്ല. അതിനായി ഒരു വസ്തുവും ഞാന്‍ ഹോമിയ്ക്കില്ല. അതിനായി ഒരു വിളക്കുപോലും ഞാന്‍ കത്തിയ്ക്കില്ല. കാരണം എന്റെ ഓരോ വാക്കും ഈ പ്രപഞ്ചത്തില്‍ വീഴുമ്പോള്‍ ആകാശം ആ ശബ്ദം സ്വീകരിയ്ക്കുന്നുണ്ട്. ഈ വായുവില്‍ എന്റെ ശരീരം നീങ്ങുമ്പോഴുള്ള ഓരോ സ്പര്‍ശവും അവ്യാക്ര്‌തമായ വായുദേവതയില്‍ എത്തുന്നുണ്ട്‍. എന്റെ രൂപഭാവങ്ങളുടെ അംശങ്ങള്‍ അത്രയും ഈ അഗ്നിയില്‍ വിലയം പ്രാപിയ്ക്കുന്നുണ്ട്‌. നാളെ എന്റെ വാക്ക്‍ മനസ്സിലും എന്റെ മനസ്സ്‍ പ്രാണനിലും എന്റെ പ്രാണന്‍ പരദേവതയിലും വിലയം പ്രാപിയ്ക്കുന്നതുവരെ ഞാനുണ്ടാക്കിയ കര്‍മ്മകലാപങ്ങളത്രയും എന്റെ വിശ്വവേനയില്‍നിന്ന്‍ എന്റെ തൈജസഭാവത്തില്‍ നിന്ന്, എന്റെ പ്രാജ്ഞഭാവത്തിലെത്തി, വിശ്വനില്‍നിന്ന്‍ വിരാട്ടിലൂടെ, തൈജസനില്‍നിന്ന്‍ ഹിരണ്യഗര്‍ഭനിലൂടെ, പ്രാജ്ഞനില്‍നിന്ന്‍ ഈശ്വരനിലൂടെ വിശ്വവിശാലമായി നില്‍ക്കുമ്പോള്‍, അതാണ്‌ എനിയ്ക്കുള്ള അനുഭവങ്ങളായി വരുന്നതത്രയും. ആ അനുഭവങ്ങള്‍ക്കുള്ളത്‍ അത്രയും ഞാന്‍തന്നെ വിട്ടതാണെന്ന്‍ ഞാന്‍ തിരിച്ചറിയുന്നു. അവ തിരിച്ചുവരുമ്പോള്‍ എന്നെ വേദനിപ്പിയ്ക്കുവാനുള്ള എന്റെ കര്‍മ പദ്ധതികളാണെന്ന്‍ ഞാനറിയുന്നു. അതിന്‌ കാരണമായി നിന്ന നീ ഞാനില്‍ അനുഭവിയ്ക്കുന്നപോലെ നാളെ അനുഭവിയ്ക്കുന്നതോര്‍ത്ത്‍ മാത്രം ഞാന്‍ ദു:ഖിയ്ക്കുന്നു. മറ്റൊരു ദു:ഖം എനിയ്ക്കില്ല.  ഒരുത്തന്‍ എന്നെ നോക്കി തെറിവിളിച്ചാല്‍, നീ ക്ര്‌ത്യസമയത്ത്‍തന്നെ എന്നെ തെറിവിളിച്ചിരിയ്ക്കുന്നു. ഞാന്‍ പണ്ട്‍ മുകളിലേയ്ക്കെറിഞ്ഞ ഒരു കട്ട ഇന്ന്‍ നിന്നിലൂടെ എനിയ്ക്ക്‍ അത്‍ തീര്‍ന്നുകിട്ടി. നിനക്ക്‍ സ്നേഹാദരത്തോടെ നമോവാകം.

അധ്യാത്മവിഷയത്തില്‍ രതിയുള്ളവര്‍ ഇത്‌ മനനം ചെയ്യുന്നത്‍ ഉത്തമമായിരിയ്ക്കും. ശീലിയ്ക്കുന്നത്‍ ബ്രഹ്മവിദ്യാനുഭവത്തിലേയ്ക്കുള്ളൊരു  പടിയായി തീരും. 

2013 ഡിസംബർ 24, ചൊവ്വാഴ്ച

മനോഭാവനപോലെ സംഭവിയ്ക്കുന്നു


യം യം ലോകം മനസാ സംവിഭാതി വിശുദ്ധസത്ത്വ: കാമയതേ യാംശ്ച കാമാന്‍
തം തം ലോകം ജയതേ താംശ്ച കാമാം സ്തസ്‍മാദാത്മജ്ഞം ഹ്യര്‍ച്ചയേദ്‍ ഭൂതികാമ:
1.3.10 മുണ്ഡകം

വിശുദ്ധമായ അന്ത:കരണത്തോടു കൂടിയ മനുഷ്യന്‍ ഭോഗങ്ങളില്‍നിന്നും സര്‍വ്വഥാ വിരക്തനായി നിര്‍മ്മലമായ അന്ത:കരണത്തോടെ നിരന്തരമായി പരബ്രഹ്മ പരമേശ്വരനെ ധ്യാനിക്കുന്നുവെങ്കില്‍ അപ്പോള്‍ അദ്ദേഹത്തെ പ്രാപിക്കുവാന്‍ അവനു കഴിയുന്നു. എന്നാല്‍ അവന്‍ സര്‍വ്വഥാ നിഷ്‍ക്കാമനായിരിക്കുന്നില്ലെങ്കില്‍ എന്തെല്ലാം ലോകാഭിലാഷങ്ങളെപ്പറ്റി ചിന്തിയ്ക്കുന്നുവോ അപ്രകാരം ഏതെല്ലാം ഭോഗങ്ങളെ ഇച്ഛിക്കുന്നുവോ അതാതിന്റേതായ ലോകങ്ങളെ ജയിച്ചടക്കുന്നു. ആ ലോകങ്ങളില്‍ പോവുകയും അവിടുള്ള ഭോഗങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യത്തെ അഭിലഷിക്കുന്ന മനുഷ്യന്‍ ശരീരത്തില്‍നിന്നും ഭിന്നമായി ആത്മാവിനെ അറിയുന്ന അന്ത:കരണയുക്തമായ വിവേക പുരുഷനെ സേവിക്കുകയും സല്‌ക്കരിക്കുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ അവന്‍ തനിക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും എന്തെല്ലാം ആഗ്രഹിക്കുന്നുവോ അത്‍ പൂര്‍ണ്ണമായി ഭവിയ്ക്കുന്നു.

മനുഷ്യനില്‍ കുടികൊള്ളുന്ന അപാരശക്തിയെ കുറിച്ച്‍ ഇതില്‍ പ്രതിപാദിയ്ക്കുന്നു. മനസ്സില്‍ ഏതൊന്നിനെയാണോ യം യം ലോകം ഏതേത്‍ വിധം ലോകങ്ങളെയാണോ മനസാ സംവിഭാതി, മനസ്സുകൊണ്ട്‍ വിഭാവനം ചെയ്യുന്നത്‍, തം തം ലോകം ജയതേ എന്ന്‍ പറയുന്നു. ഏതൊന്നിനെയാണോ ധ്യാനിയ്ക്കുന്നത്‍, ഒരു ഉറച്ച തീരുമാനത്തില്‍, അചഞ്ചലമായ തീരുമാനത്തില്‍ ഉറച്ചുനിന്ന്‍, അത്‍ നേടണമെന്ന ഉല്‍ക്കടമായ അഭിലാഷമുണ്ടാക്കിയെടുത്താല്‍, അത്തരത്തിലുള്ള ഭാവനയെ നിര്‍മ്മിയ്ക്കാന്‍ കഴിഞ്ഞാല്‍, തം തം ലോകം ജയതേ, തീര്‍ച്ചയായും ആ ലോകത്തെ, ആ കാര്യത്തെ, ജയിയ്ക്കാം, നേടാം എന്ന്‍ ഘോഷിയ്ക്കുന്നു. ഈ സിദ്ധാന്തം ഭൗതിക കാര്യങ്ങളില്‍ പലര്‍ക്കും അനുഭവവേദ്യമാണ്‌ എന്നത്‍ അവിതര്‍ക്കമാണല്ലൊ. എന്നാല്‍ ഇതേ സിദ്ധാന്തംതന്നെ അലൗകികതയിലേയ്ക്കെത്തുമ്പോള്‍, അവിടെ ഈ വാദം വിലപ്പോവില്ല. ഇതിനോടുകൂടി ഒരു നിബന്ധനകൂടി വെയ്ക്കുന്നുണ്ട്‍. ആ നിബന്ധനയാണ്‌ സംവിഭാതി വിശുദ്ധസത്ത്വ: എന്നത്‍. ഇത്രയേഉള്ളു. വിശുദ്ധ അന്ത:കരണത്താല്‍ വിഭാവനം ചെയ്യുന്നുവെങ്കില്‍ ബ്രഹ്മത്തെ ഗ്രഹിയ്ക്കാം എന്ന്‍ പറയുന്നു.

ഇതര ദേവതോപാസന


കാമൈസ്തൈസ്തൈര്‍ഹ്ര്‌തജ്ഞാനാ: പ്രപദ്യന്തേന്യദേവതാ:
തം തം നിയമമാസ്‍ഥായ പ്രക്ര്‌ത്യാ നിയതാ: സ്വയാ   ഗീത : 7.20

സ്വയാ പ്രക്ര്‌ത്യാ = തങ്ങളുടെ സ്വഭാവത്തിനാല്‍
നിയതാ: = വശിക്ര്‌തന്മാരായി
തൈ: തൈ: കാമൈ: = അതാത്‌ ഇച്ഛകളാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടു കൂടിയവരായി (പുത്രകീര്‍ത്തിശത്രുജയാദി വിഷങ്ങള്‍)
ഹ്ര്‌തജ്ഞാനാ: = അപഹരിക്കപ്പെട്ട ജ്ഞാനത്തോടു കൂടിയവരായി
തം തം നിയമം = അതാതു ദേവന്മാരുടെ ഉപാസനയില്‍, അതാതു നിയമത്തെ
ആസ്ഥായ = ആശ്രയിച്ച്‍, സ്വീകരിച്ച്‍
അന്യദേവതാ:     അന്യദേവന്മാരെ
പ്രപദ്യന്തേ : ഭജിയ്ക്കുന്നു

തങ്ങളുടെ സ്വഭാവത്തിനാല്‍, പൂര്‍വ്വജന്മവാസനകളാല്‍, വശീകരിക്കപ്പെട്ടവരും നാനാവിധ ഇച്ഛകളാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടുകൂടിയവരും ആയ ജനങ്ങള്‍ (അതാതു ദേവന്മാരുടെ ഉപാസനയില്‍ ഉപവാസാദി ലക്ഷണമായിരിക്കുന്ന) അനേകം നിയമങ്ങളെ സ്വീകരിച്ച്‍ ഇതരദേവന്മാരെ ഭജിയ്ക്കുന്നു.

പുത്രപശുസ്വര്‍ഗ്ഗാദി വിഷയങ്ങളിലുള്ള ഇച്ഛ ജനങ്ങളുടെ വിവേക വിജ്ഞാനത്തെ അപഹരിക്കുന്നു. തന്നിമിത്തം അവര്‍ ആത്മാവായ വാസുദേവനില്‍നിന്ന്‍ അന്യന്മാരായ ദേവന്മാരെ പ്രാപിയ്ക്കുന്നു. അവര്‍ തങ്ങളുടെ പ്രക്ര്‌തിക്ക്‍ വശന്മാരായിട്ട് ഈ ദേവന്മാര്‍ക്ക്‍ പ്രത്യേകമായി വിധിക്കപ്പെട്ടിട്ടുള്ള അനേകം ആരാധനകളെ ചെയ്യുന്നു. പ്രക്ര്‌തി എന്നു പറഞ്ഞാല്‍ ജന്മജന്മാന്തരങ്ങളില്‍ സമ്പാദിക്കപ്പെട്ടിട്ടുള്ള സംസ്കാരവിശേഷം, അല്ലെങ്കില്‍ സ്വഭാവം എന്നര്‍ത്ഥം. ആസ്ഥായാ = ആശ്രയിച്ചിട്ട്‍, അതില്‍ വിശ്വസിച്ചിട്ട്‍.

ഇവിടെ ഹ്ര്‌തജ്ഞാനാ: എന്ന വാക്ക്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‍. അപഹരിയ്ക്കപ്പെട്ട ജ്ഞാനത്തോട്‍ കൂടിയവരായി, എന്നാണ്‌ പറയുന്നത്‍. അപഹരിയ്ക്കുക എന്നാല്‍ കളവ്‌ ചെയ്യുക എന്ന ഒരു സാമാന്യ അര്‍ഥം സാധാരണ ജനങ്ങള്‍ ആ വാക്ക്‍ കേള്‍ക്കുമ്പോള്‍ നല്‍കുന്നു. അപഹരിയ്ക്കുക എന്ന വാക്കിന്‌ കളവ്‍ എന്ന അര്‍ഥമില്ല. ജനങ്ങളുടെ മധ്യത്തില്‍നിന്ന്‍‍, എല്ലാവരുടേയും മുന്നില്‍വെച്ച്‍, സമൂഹമധ്യത്തില്‍നിന്ന്‍,  ബലംപ്രയോഗിച്ച്‍ കൊണ്ടുപോകുന്നതിനെയാണ്‌ അപഹരിയ്ക്കുക  എന്ന്‍ പറയുന്നത്‍. കളവിനേക്കാള്‍ ഇതിന്‌ പ്രബലത കൂടും. കക്കുന്നവന്‍ പലതിനേയും ഭയക്കുന്നു. ആരെങ്കിലും കണ്ടാലോ എന്ന ഭയം അവനെ സദാ പിന്‍തുടരുന്നു. എന്നാല്‍ അപഹരിയ്ക്കുന്നവന്‍ സമൂഹമധ്യത്തില്‍നിന്നാണ്‌ കൊണ്ടുപോകുന്നത്‍. അവന്‌ ആര്‌ കണ്ടാലും ഒരു ചുക്കുമില്ല. വേണമെങ്കില്‍ അവരെയൊക്കെ വകവരുത്തിക്കൊള്ളാം എന്ന ഭാവത്തിലാണ്‌ അപഹരിയ്ക്കുന്നവന്റെ വരവ്‍. 

എന്റെ പൂര്‍വ്വജന്മാര്‍ജിത വാസനാപ്രേരിതമായി ചെയ്യുന്ന കര്‍മ്മങ്ങള്‍, എന്റെ നൈമിത്തിക കര്‍മ്മത്തേക്കാള്‍ അത്‍ പ്രബലമായിട്ടായിരിയ്ക്കും ചെയ്യുന്നത്‍.  ആ സമയത്ത്‍ എന്റെ ഞാന്‍ എന്ന ബോധം നഷ്ടപ്പെടുന്നു. അതുകൊണ്ട്‍ ഏത്‍ അറ്റം വരെ പോകാനും ഞാന്‍ തയ്യാറാകുന്നു. എന്റെ ബോധത്തെ (അന്ത:സ്ഥിത പരമാര്‍ത്ഥ തത്ത്വത്തെ) ആ വാസനകള്‍ മറയ്ക്കുന്നു.  അപ്പോള്‍ ആ കര്‍മ്മത്തെ സഫലീകരിയ്ക്കാന്‍ എന്നില്‍നിന്നന്യമായ ശക്തികളെ വിശ്വസിയ്ക്കുകയും അവയെ ആശ്രയിയ്ക്കുകയും ചെയ്യുന്നു. ഇത്‌ അന്യദേവതാ ആശ്രയം . കര്‍മ്മത്തിന്റെ വിവിധ തലങ്ങള്‍ പഠന വിധേയമാക്കുമ്പോഴാണ്‌ ഇതിന്റെ അറിവ്‍ ഉണ്ടാവുന്നത്‍.

2013 ഡിസംബർ 3, ചൊവ്വാഴ്ച

ദേഹാഭാവം മോക്ഷകവാടം

ദേഹാഭാവം മോക്ഷകവാടം

ഉണര്‍ന്നിരിക്കുന്ന അവസ്ഥ - ജാഗരണാവസ്ഥ - സ്വഭാവമായിരിക്കുന്ന ജീവാത്മാവിന്‌  മോക്ഷാവസ്ഥ സാധ്യമല്ല.

ദേഹഭാവം ജാഗരണാവസ്ഥയില്‍ ജീവാത്മാവിന്റെ സ്വഭാവമാണ്‌. ദേഹബോധം ഉള്ളിടത്തോളം ദ്വൈതത്ത്വം നിലനില്‍ക്കുകയും ഏകാത്മകത്ത്വം പ്രകടീഭൂതമാകാതിരിക്കുകയും ചെയ്യുന്നു. ഗാഢസുഷുപ്തിയില്‍ ദേഹബോധം നശിക്കുന്നു. ദേഹാവബോധം സുഷുപ്തിയുടെ സ്വഭാവമാണ്‌. ഇത്‍ രണ്ടും ഒരേ സമയത്ത്‍ ഒരുവനില്‍ ഉണ്ടാവുക സാധ്യവുമല്ല

ദേഹാദി സംസക്തിമതോ ന മുക്തി:
മുക്തസ്യ ദേഹാദുഅഭിമത്യഭാവ:
സുപ്തസ്യ നോ ജാഗരണണ് ന ജാഗ്രത:
സ്വപ്നസ്തയോര്‍ ഭിന്നഗുണാശ്രയത്വാത്‍     വി.ചൂ. 339

ദേഹാദികളില്‍ ആസക്തനായവന്‌ മുക്തിയില്ല. മുക്തന്‌ ദേഹാദികളില്‍ അഭിമാനവുമില്ല. ഉറങ്ങിയവന്‍ ഉണര്‍ന്നിരിക്കുന്നില്ല. ഉണര്‍ന്നിരിക്കുന്നവന്‍ ഉറങ്ങുന്നുമില്ല, കാരണം അവ രണ്ടും വിരുദ്ധ സ്വഭാവത്തോടു കൂടിയതാകുന്നു. ന സ പുനരാവര്‍ത്തതേ, എന്ന്‍ ശ്രുതി അരുളുന്നു. 

ബഹിര്‍നിരോധ: പദവീ വിമുക്തേ 

മനോവ്ര്‌ത്തികള്‍ ബാഹ്യപദാര്‍ത്ഥങ്ങളെ ഗ്രഹിയ്ക്കാതിരിക്കുക എന്നത്‍ മോക്ഷത്തിലേയ്ക്കുള്ള പടിയാണ്‌ . 

സങ്കല്‍പം വര്‍ജ്ജയേത്‍ തസ്മാദ്‍ സര്‍വ്വാനര്‍ത്ഥസ്യ കാരണം. സര്‍വ്വ ദുഖങ്ങള്‍ക്കും, സര്‍വ്വ അനര്‍ത്ഥങ്ങള്‍ക്കും കാരണം സങ്കല്പം തന്നെ.  സങ്കല്പത്തില്‍ നിന്ന്‍ കര്‍മ്മം ഉത്ഭവിക്കുന്നതുകൊണ്ട്‍ ജീവാത്മാവ്‍ കര്‍മ്മനിരതനാകുന്നു. അത്‍ ദു:ഖകാരണമാകുന്നു. ക്രിയാനാശേ ഭചേച്ചിന്താ, നാശോഽസ്മാദ്‍ വാസനക്ഷയ:

സങ്കല്പങ്ങളുടെ മൂര്‍ത്തരൂപമാണ്‌ കര്‍മ്മം. കര്‍മ്മത്തിന്റെ വ്യര്‍ത്ഥത അറിയാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ത്യാജ്യമാണ്‌. കര്‍മ്മത്തിന്റെ വ്യര്‍ത്ഥത അറിയുമ്പോള്‍ കര്‍മ്മങ്ങള്‍ അസ്തമിയ്ക്കുന്നു. സങ്കല്പങ്ങളെ  കര്‍മ്മപഥത്തിലെത്താന്‍ അനുവദിയ്ക്കാഞ്ഞാല്‍ സങ്കല്പങ്ങള്‍ ക്ഷയിക്കും. കര്‍മ്മമാണ്‌ വാസനകളെ ഉല്പന്നമാക്കുന്നത്‍. 

ചിന്താ നാശം കര്‍മനാശം
കര്‍മ്മനാശം വാസനക്ഷയം
വാസനക്ഷയം മോക്ഷപ്രാപ്തി

വാസനാക്ഷയംതന്നെയാണ്‌ മോക്ഷം എന്നിരിയ്ക്കെ, കര്‍മ്മനാശത്തിന്‌ വിവേകികള്‍ ശ്രമിയ്ക്കേണ്ടിയിരിക്കുന്നു.

2013 ഡിസംബർ 2, തിങ്കളാഴ്‌ച

എന്റെ ലോകം എന്റെ സ്ര്‌ഷ്ടി


എന്റെ ലോകം എന്റെ സ്ര്‌ഷ്ടി

യദാ സുഷുപ്തോ ഭവതി യദാ ന കസ്യ ച ന വേദ, ഹിതാനാം നാഡ്യോ ദ്വാസപ്തതി:സഹസ്രാണി ഹ്ര്‌ദയാത്‍ പുരീതതമഭിപ്രതിഷ്ഠന്തേതാഭീ: പ്രത്യവസ്ര്‌പ്യ പുരീതതിശേതേ  - ബ്ര്‌.ഉ. 2/1/19

എപ്പോഴാണോ സുഷുപ്തനായിതീരുന്നത്‍ എപ്പോഴാണോ ഒന്നിനേയും അറിയാതിരിക്കുന്നത്‍ അപ്പോള്‍ ഹിതകള്‍ എന്ന്‍ പറയുന്ന എഴുപത്തീരായിരം നാഡികള്‍ ഋദയത്തില്‍നിന്ന്‍ പുരീതത്തിനെ അഭിമുഖീകരിച്ച്‍ ഗമിക്കുന്നു. അവയില്‍കൂടി പ്രത്യവസര്‍പ്പണം ചെയ്തിട്ട് - പിന്‍വലിഞ്ഞിട്ട്‍ - പുരീതത്തില്‍ ശയിക്കുന്നു. 

കുറിപ്പ്‍ : ശരീരത്തില്‍, ഋദയത്തില്‍ നിന്ന്‍ പുറപ്പെടുന്ന 100 x 101 x 72000 എഴുപത്തിരണ്ട്‍കോടി എഴുപത്തിരണ്ട്‍ ലക്ഷം
നാഡികളിലൂടെ പ്രാണന്‍ ചലിച്ചുകൊണ്ടിരിക്കുന്നു. ഗാഢസുഷുപ്തിയില്‍ ആ പ്രാണന്‍ ഋദയപുണ്ഡരീകത്തില്‍ വസിക്കുന്നു. ജാഗരണത്തില്‍, ഉണര്‍ന്നിരിക്കുമ്പോള്‍ എഴുപത്തീരായിരം നാഡികളും ഉന്മത്തമാവുകയും പ്രാണന്‍ പുരീതത്തില്‍നിന്ന്‍ ഋദയാഭിമുഖമായിതീരുകയും ചെയ്യുന്നു. ഗാഡസുഷുപ്തിയില്‍ ഋദയാന്തര്‍ഭാഗത്തെ അവ്യാക്ര്‌തമായ ആത്മസ്വരുപം എപ്പോള്‍ വ്യാക്ര്‌തമാകുന്നുവോ അപ്പോള്‍  ജാഗ്രത്‍ അനുഭവപ്പെടുന്നു, പ്രപഞ്ചബോധം ഉണ്ടാകുന്നു, ലോകം സ്ര്‌ഷ്ടമാകുന്നു. വീണ്ടും സുഷുപ്തിയില്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്നു. 

യഥോര്‍ണ്ണനാഭിസ്തന്തുനോച്ചരേദ്‍ -  എന്ന്‍ ഋഷി ശിഷ്യനെ ഉപദേശിക്കുന്നു. എട്ടുകാലി തന്നില്‍നിന്നുതന്നെ നൂലുണ്ടാക്കി അതിന്റെ സാമ്രാജ്യം സ്ര്‌ഷ്ടിക്കുന്നു, വലയുണ്ടാക്കുന്നു, പിന്നീട്‍ ആ വലയിലെ നൂല്‌ മുഴുവനും അതിന്റെ ഉദരത്തിലേയ്ക്ക്‍തന്നെ വലിച്ചെടുത്ത്‍ ആ പൂര്‍വ്വസ്ഥിതിയെ പ്രാപിയ്ക്കുന്നു.  എന്റെ ജഗത്ത്‍ എന്നില്‍നിന്ന്‍ ഉല്‍ഭവിച്ച്‍ എന്നില്‍ത്തന്നെ വിലയം പ്രാപിക്കുന്നു. സുഷുപ്തിയില്‍ അവ്യാക്ര്‌തമായിത്തീരുന്ന ആത്മതത്ത്വം ഏത്‍ വിധത്തില്‍ വ്യാകരണമായിത്തീരുന്നു എന്നതിന്‌ ഋഷി വീണ്ടും പറയുന്നു -  യഥാഽഗ്നേക്ഷുദ്രാവിസ്‍ഫുലിംഗാവ്യുച്ചരന്ത്യേവമേ വാസ്‍മാദാത്മന: - എപ്രകാരമാണോ അഗ്നിയില്‍നിന്ന്‍ ക്ഷുദ്രങ്ങളായ - നൈമിഷികങ്ങളായ, തുച്ഛങ്ങളായ - ചെറിയ ചെറിയ വിസ്‍ഫുലിംഗങ്ങള്‍ - തീപ്പൊരികള്‍ - വ്യുച്ചരിക്കുന്നത്‍, വിസര്‍ജ്ജിയ്ക്കുന്നത്‍,  പലവിധത്തില്‍ ഉദ്‍ഗമിയ്ക്കുന്നത്‍, അല്ലെങ്കില്‍ പലതായി ഉദ്‍ഗമിക്കുന്നത്‍, അതേ പ്രകാരംതന്നെ എല്ലാ ലോകങ്ങളും എല്ലാ ദേവതമാരും ( ഇന്ദ്രിയങ്ങളും }  എല്ലാ ഭൂതങ്ങളും വ്യുച്ചരിക്കുന്നു. (വിസര്‍ജ്ജിയ്ക്കുക = വിശേഷേണ സര്‍ജ്ജിയ്ക്കുക)

സത്യത്തില്‍ അകലുന്നു ലോകം


അസത്യത്തില്‍ സമ്മേളിയ്ക്കുകയും സത്യത്തില്‍ വിഘടിയ്ക്കുകയും ചെയ്യുക എന്നതാണ്‌ മാനവ ജീവിതം

ഒരു ഗ്രാമത്തില്‍ താമസ്സിച്ചിരുന്ന ജനങ്ങള്‍ ആരും തമ്മില്‍തമ്മില്‍ ഒരു സഹകരണവും ഉണ്ടായിരുന്നില്ല. എല്ലാവരും അവനവന്റെ കാര്യം നോക്കി നടക്കും.  ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്മാരില്‍ ചില വ്യക്തികള്‍ക്ക്‍ തോന്നി, ഇത്‍ ശരിയല്ല, എന്തെങ്കിലും പരിഹാരം കാണേണ്ടിയിരിക്കുന്നു.  ഗ്രാമത്തിലെ എല്ലാ വീട്ടിലും കയറിയിറങ്ങി, ഒരു സ്ഥലത്ത്‍ കൂടാന്‍ തീരുമാനിച്ചു. ഗ്രാമത്തിലെ എല്ലാവരും അന്ന്‍ ഒത്തുകൂടി.

മുതിര്‍ന്നവരില്‍ ചിലര്‍ പറഞ്ഞു, നമ്മുടെ ഗ്രാമത്തിലെ ജനങ്ങളെല്ലാം സ്വന്തം കാര്യം നോക്കി ജീവിക്കുകയാണ്‌. എല്ലാവരുടെയും ജീവിത നിലവാരം മെച്ചമുള്ളതാണെങ്കില്‍ അത്‍ നമുക്ക്‍ സ്വീകരിക്കാം. എന്നാല്‍ എത്രയോ കുടുംബങ്ങള്‍ രോഗത്താലും ദാരിദ്ര്യത്താലും മറ്റും കഷ്ടപ്പെടുന്നു, ആരും സഹായിക്കാനില്ലാതെ വല്ലാതെ ബുദ്ധിമുട്ടുന്നു. നമ്മുടെ ഗ്രാമത്തില്‍ നടക്കാന്‍ നല്ല പാതകളില്ല, രോഗങ്ങള്‍ക്ക്‍ വിദഗ്ധ ചികിത്സയ്ക്ക്‍ നല്ല ഭിഷഗ്വരനില്ല, ആശുപത്രിയില്ല, ശുദ്ധജലം ആവശ്യത്തിന്‌ ഇല്ല, പ്രാര്‍ത്ഥിയ്ക്കാന്‍ ഒരു ക്ഷേത്രം ഇല്ല.  ഇത്തരം പല കുറവുകളും നാം അഭിമുഖീകരിക്കുന്നു. നാമെല്ലാവരും കൂടി ഒത്തുചേര്‍ന്ന്‍, പരസ്പര സഹായ സഹകരണത്തിലൂടെ നീങ്ങിയാല്‍, ഇതൊക്കെ നമുക്ക്‍ പരിഹരിക്കാവുന്നതേ ഉള്ളു. 

എല്ലാവരും ഇത്‍ അംഗീകരിച്ചു. അതിനായി ഒരു കര്‍മ്മസമിതി ഉണ്ടാക്കി, കുറച്ചുപേരടങ്ങുന്ന ഒരു നല്ല കമ്മറ്റിയും രൂപീകരിച്ചു. നാട്ടുകാര്‍ എല്ലാവരും പറഞ്ഞു, ആദ്യം നമുക്ക്‍ ഒരു അമ്പലം പണിയാം. അമ്പലം പണിതാല്‍ എല്ലാവരും അവിടെ വരുമല്ലൊ. അവിടെ ഒത്തു ചേരാനും സൗകര്യമായിരിക്കും. ഗ്രാമക്കാരുടെ ആവശ്യപ്രകാരം ഒരു അമ്പലം പണിയാന്‍ തീരുമാനമായി. ഒരാള്‌ അമ്പലത്തിനുള്ള സ്ഥലം കൊടുത്തു. വേറെ ചിലര്‍ പണിയെടുക്കാന്‍ തയ്യാറായി. അമ്പലത്തിന്റെ പണി കഴിയാറായി. ഇതില്‍ ഏത്‍ ദേവനെ പ്രതിഷ്ഠിക്കണം എന്ന പ്രശ്നം വന്നു. സഭ ചേര്‍ന്നു. ഗ്രാമക്കാര്‍ പറഞ്ഞു, എല്ലാം കൊണ്ടും എന്തുകൊണ്ടും ആദരണീയനും സ്വീകാര്യനുമൊക്കെയാണ്‌ ശ്രീരാമന്‍. അതുകൊണ്ട്‍ സീതാരാമന്മാരുടെ തന്നെയാവട്ടെ അമ്പലം.  അത്‍ തീരുമാനമായി. വളരെ ആര്‍ഭാടപൂര്‍വ്വം സീതാരാമ വിഗ്രഹം പ്രതിഷ്ഠിച്ചു.

വിഗ്രഹത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞതോടെ പല ദിക്കിലും മുറുമുറുപ്പ്‍ തുടങ്ങി. വൈഷ്ണവര്‍ മാത്രം അമ്പലത്തില്‍ വരാന്‍ തുടങ്ങി. ശൈവര്‍ പറഞ്ഞു, അമ്പലത്തിന്‌വേണ്ടി ഞങ്ങളും ധനം കൊടുത്തിട്ടുണ്ട്‍, എന്നാല്‍ ശിവലിംഗം പ്രതിഷ്ഠിച്ചില്ല. പ്രശ്നം സങ്കീര്‍ണ്ണമായി. ഗ്രാമസഭ വിളിച്ചു ചേര്‍ത്തു.  ശൈവര്‍ ശിവലിംഗത്തിനുവേണ്ടി വാദിച്ചു. വൈഷ്ണവര്‍ അവരുടെ വിഗ്രഹത്തിനുവേണ്ടി വാദിച്ചു. ഒടുവില്‍ വൈഷ്ണവരെ അനുനയിപ്പിച്ചു, ശിവലിംഗം പ്രതിഷ്ഠിക്കാന്‍ തീരുമാനമായി. രാമസീതാ വിഗ്രഹങ്ങളെ വിസര്‍ജ്ജനം ചെയ്തു,  ആദ്യത്തേതിനേക്കാള്‍ ഗംഭീരമായി ശിവലിംഗ പ്രതിഷ്ഠ നടത്തി. അതോടെ വൈഷ്ണവര്‍, രാമ ആരാധകര്‍ അതിന്റെ അരികിലൂടെപോലും വരാതായി. മാത്രമല്ല, തങ്ങളുടെ പ്രതിഷ്ഠിച്ച വിഗ്രഹത്തെ വിസര്‍ജ്ജനം ചെയ്തതില്‍ അതീവ ദു:ഖികളുമായി.  പ്രശ്നം മൂര്‍ച്ഛിച്ചു.  വീണ്ടും ഗ്രാമ സഭ ചേര്‍ന്നു. ദേവിയെ പ്രതിഷ്ഠിക്കാമെന്ന്‍ തീരുമാനമായി.  ദേവീ വിഗ്രഹം പ്രതിഷ്ഠിച്ചു. അപ്പോ ശാക്തേയര്‍ മാത്രം അമ്പലത്തില്‍ വരാന്‍ തുടങ്ങി. മറ്റുള്ളവര്‍ എല്ലാം വിട്ടു നിന്നു. ഗ്രാമമുഖ്യന്മാര്‍ ആകെ വിഷമത്തിലായി.  ഈ നാട്ടുകാരെ മുഴുവനും ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ മുമ്പ്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇപ്പോള്‍ പ്രശ്നം സങ്കീര്‍ണ്ണമാവുകയാണ്‌ ചെയ്തത്‍. ഇവരെ ഒന്നിപ്പിക്കാന്‍ കഴിയുന്നില്ലല്ലൊ. നേതാക്കാള്‍ എല്ലാവരും അമ്പലത്തില്‌ ഇരുന്ന്‍ ചര്‍ച്ച ചെയ്യുകയായിരുന്നു, നമുക്ക്‍ എങ്ങിനെ ഈ വിഷമ ഘട്ടത്തെ തരണം ചെയ്യാം എന്ന്‍. തല പുകഞ്ഞ്‍ ആലോചിച്ചിട്ടും യാതൊരു എത്തും പിടിയും കിട്ടിയില്ല, ആര്‍ക്കും ഒന്നും നിര്‍ദ്ദേശിക്കാനും ഇല്ലായിരുന്നു. എല്ലാം പയറ്റിക്കഴിഞ്ഞിട്ടാണ്‌ എല്ലാവരും ഇരിക്കുന്നത്‍. ആ സമയത്താണ്‌ ഒരു മഹാത്മാവ്‍ ആ വഴിയ്ക്ക്‍ വരുന്നത്‍ കണ്ടത്‍.  കമ്മറ്റിക്കാരെല്ലാവരും കൂടി ആ മഹാത്മാവിനെ സമീപിച്ച്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു നമസ്കരിച്ചുകൊണ്ട്‍ പറഞ്ഞു, ഹേ സ്വാമിന്‍, അങ്ങ്‍ ഞങ്ങളുടെ പ്രശ്നത്തിന്‌ ഒരു പരിഹാരം ഉപദേശിക്കണം. കമ്മറ്റിക്കാര്‍ അവരുടെ പ്രശ്നം അവതരിപ്പിച്ചു.  ക്ഷേത്രം ഉണ്ടാക്കിയതും അതില്‍ പ്രതിഷ്ഠ നടത്തിയതും ആദ്യത്തെ പ്രതിഷ്ഠ വേണ്ടെന്ന്‍ വെച്ച്‍ മറ്റൊരു പ്രതിഷ്ഠ നടത്തിയതും, അങ്ങനെ നാല്‌ പ്രതിഷ്ഠ നടത്തിയതും, അമ്പലം ഉണ്ടാക്കാനുള്ള ചെലവിനേക്കാള്‍ എത്രയോ ഇരട്ടി പ്രതിഷ്ഠ നടത്താനും വിസര്‍ജ്ജനം ചെയ്യാനും വീണ്ടും പ്രതിഷ്ഠ നടത്താനുമൊക്കെയായി ചെലവാക്കി. ഞങ്ങളുടെ ഉദ്ദേശ്യം തന്നെ ഗ്രാമവാസികളെ ഒന്നിപ്പിക്കുക എന്നതായിരുന്നു.  ഇത്രയൊക്കെ ചെയ്തിട്ടും  ഗ്രാമവാസികള്‍ ഒന്നിക്കുന്നതിനു പകരം വിഘടിക്കുകയാണ്‌ ചെയ്യുന്നത്‍. ഇതിനൊരു പരിഹാരം അങ്ങ്‍ നിര്‍ദ്ദേശിക്കണം എന്ന്‍ പറഞ്ഞ്‍ ഗ്രാമവാസികള്‍ അദ്ദേഹത്തെ വണങ്ങി.

മഹാത്മാവ്‍ പറഞ്ഞു, ഗ്രാമവാസികളെ എല്ലാവരെയും ഒന്നിപ്പിയ്ക്കുക എന്നതല്ലേ നിങ്ങളുടെ ഇച്ഛ. അതെ. അത്‍ വളരെ ലളിതമാണ്‌. അമ്പലം വേണ്ടെന്ന്‍ വെച്ച്‍ അത്‍ ഒരു ഹോട്ടല്‍ ആക്കുക.  എല്ലാവരും ഒന്നിയ്ക്കും.

സത്യത്തില്‍ വിഘടിക്കുകയും അസത്യത്തില്‍ സമ്മേളിക്കുകയും ചെയ്യുന്നതാണ്‌ മാനവ ജീവിതം.