വിദേഹ രാജ്യത്തിലെ ആദ്യത്തെ രാജാവായിരുന്നു നിമി ചക്രവര്‍ത്തി. നിമി രാജവംശം എന്നായിരുന്നു വിദേഹരാജ്യത്തിന്റെ ആദ്യത്തെ പേര്. നിമി രാജാവിന് ശേഷം മിഥി എന്ന രാജാവാണ് വിദേഹ രാജ്യം ഭരിച്ചത്. മിഥി രാജാവിന്റെ പേരില്‍നിന്നാവണം വിദേഹനഗരത്തിന് മിഥില എന്ന പേര് വന്നത്‍. മിഥിയുടെ പുത്രനാണ് ആദ്യത്തെ ജനക രാജാവ്. ജനക എന്നത് ഒരു രാജവംശത്തിന്റെ പേരാണ്. മൂന്ന് ജനക രാജാക്കന്മാര്‍ക്ക് ശേഷം ദേവരാതന്‍ എന്ന രാജാവാണ് മിഥില വാണിരുന്നത്. ദേവരാതനില്‍ നിന്ന് തുടങ്ങി പതിനഞ്ചാമത്തെ രാജാവായിരുന്നു പ്രോഷോറാമ എന്ന രാജാവ്. ഹ്രോഷോറാമ എന്നും പറയും. ഈ രാജാവിന്റെ പുത്രനായിരുന്നു സീരധ്വജന്‍ എന്ന ജനകരാജാവ്. ഇദ്ദേഹമാണ് രാമായണഗ്രന്ഥത്തില്‍ പറയുന്ന ജനകനെന്ന മഹാരാജാവ്‍. സുനയന എന്ന് ജനകന്റെ പത്നിയുടെ പേര്. സീരധ്വജന്റെ പുത്രിയുടെ പേരാണ് ഉര്‍മ്മിള. സീരധ്വജന്‍ നിലം ഉഴുന്ന സമയത്ത്‍, ഉഴവുചാലില്‍ നിന്ന് ഒരു ബാലികയെ ലഭിക്കുകയും ആ കുട്ടിയെ വളര്‍ത്തി വലുതാക്കുകയും ചെയ്തു. ആ ബാലികയുടെ പേരാണ് സീത. സിത എന്നാല്‍ ഉഴവുചാല് എന്നര്‍ത്ഥം. ഉഴവുചാലില്‍നിന്ന് -സിതയില്‍ നിന്ന്- കിട്ടിയതുകൊണ്ട് സീത എന്ന പേര് സിദ്ധമായി. അങ്ങിനെ സീരധ്വജനെന്ന ജനകന് രണ്ട് പുത്രിമാരുണ്ടായി, സീതയും ഉര്‌മ്മിളയും. സീത മൂത്ത പുത്രിയും ഉര്‍മ്മിള ഇളയതും. സീരധ്വജന്റെ ഇളയ സഹോദരനാണ് കുശധ്വജന്‍. കുശധ്വജന്റെ പത്നിയാണ് ചന്ദ്രപ്രഭ. കുശധ്വജ-ചന്ദ്രപ്രഭ ദമ്പതികളുടെ പുത്രിമാരാണ് മാണ്ഡവിയും ശ്രുതകീര്‍ത്തിയും.
ത്രൈയംബകം : ആകാശത്ത് മൂന്ന് നഗരങ്ങള്‍ നിര്‍മ്മിച്ച മായാവിയായ ഒരു അസുരനാണ് ത്രിപുരാസുരന്‍. ഈ മൂന്ന് നഗരങ്ങളിലും മാറി മാറി നിന്നുകൊണ്ട് ദേവന്മാരുമായി യുദ്ധം ചെയ്തിരുന്ന അസുരനാണ് ഇത്‍. ഒരു നഗരത്തെ പ്രഹരിച്ചാല്‍ അസുരന്‍ അടുത്ത നഗരത്തിലേക്ക് പോകും. അങ്ങിനെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറി മാറി പോകുന്നതുകൊണ്ട് ദേവന്മാര്‍ക്ക് ആ അസുരനെ ഇല്ലായ്‍മ ചെയ്യാന്‍ പ്രയാസമായി. മൂന്ന് പുരങ്ങളിലും ഒരേസമയം പ്രഹരിച്ചാലേ ഈ അസുരന്റെ നാശം വരികയുള്ളു എന്ന് ത്രിപുരാസുരന് വരദാനം കിട്ടിയിട്ടുണ്ട്‍. ദേവന്മാരുടെ സാഹസങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍, ഒടുവില്‍ അസുരനെ വധിക്കുന്ന കര്‍ത്തവ്യം ശ്രീപരമശിവനില്‍ നിക്ഷിപ്തമായി. പരമശിവന്‍ തന്റെ ത്രൈയ്യംബകം എന്ന വില്ലെടുത്ത് ത്രിപുരാസുരനെ വധിച്ചു. അതിനുശേഷം ശ്രീ ശങ്കരന്‍ ത്രിപുരാരി എന്ന പേരിലും അറിയപ്പെട്ടു. ത്രിപുരാസുരന്റെ വധത്തിനുശേഷം ഈ വില്ല് എന്ത് ചെയ്യണമെന്ന് ചിന്തിച്ച പരമശിവന്, അതിനെ വേണ്ടതുപോലെ പരിപാലിക്കുന്ന ഒരു വ്യക്തിയെ ഏല്‍പ്പിക്കണമെന്ന് നിശ്ചയിക്കുകയും അത്‌പ്രകാരം വില്ല് ജനക മഹാരാജാവിന് കൊടുക്കാന്‍ തീരുമാനിക്കുകയും ചൈതു. വില്ല് കുറെ ആനകള്‍ കൂടി വലിച്ചിട്ടാണ് ജനക്‌പുരിയില്‍ എത്തിച്ചത്. ഭഗവാന്‍ ശങ്കരന്റെ പ്രസാദമായതുകൊണ്ട്‍, ആ വില്ലിനെ ജനകന്‍ എന്നും വഴിപോലെ പൂജിച്ചുപോന്നു. പൂജക്ക് മുന്നോടിയായി, വില്ല് തുടച്ച് വ്ര്‌ത്തിയാക്കുന്ന ജോലി പുത്രിയായ സീതയെയാണ് രാജാവ് ഏല്പിച്ചിരുന്നത്‍. ഒരു ദിവസം രാവിലെ വില്ലിന്റെ പൂജയ്ക്കായി വന്ന സമയത്ത്, വില്ല് ഇരുന്നിരുന്ന സ്ഥലം, വില്ലിന്റെ അടിയിലുള്ള നിലം, വ്ര്‌ത്തിയാക്കിയിരിക്കുന്നതായി ജനകന്‍ കണ്ടു. എത്രയോ ഭാരമുള്ള ഈ വില്ല് പൊക്കാതെ ഈ സ്ഥലം വ്ര്‌ത്തിയാക്കാന്‍ സാധ്യമല്ല. ഉടന്‍് തന്നെ സീതയെ വിളിച്ച് ജനകന്‍ ചോദിച്ചു, പുത്രീ, ഈ വില്ലിന്റെ താഴെ, ഈ നിലം ആരാണ് വ്ര്‌ത്തിയാകിയത്‍, എന്ന്. ഞാന്‍ തന്നെ, എന്ന് സീത ഉത്തരവും നല്‍കി. ജനകന്‍ പറഞ്ഞു, പുത്രീ, നീ എന്താണ് ഈ പറയുന്നത്‍. എത്രയോ ആള്‍ക്കാരും കുറെ ആനകളും ഒക്കെ പിടിച്ച്‍ വലിച്ചിട്ടാണ് ഈ വില്ല് ഇവിടെ കൊണ്ടുവന്ന് വെച്ചിട്ടുള്ളത്‍. എന്റെ പുത്രീ, അതിനെ നീ എങ്ങിനെ പൊക്കി. സീത ഉടനെത്തന്നെ ഒരു കൈകൊണ്ട്‍ ആ വില്ല് പൊക്കിയിട്ട്‍ പറഞ്ഞു, പിതാവേ, ഇതാ ഇതുപോലെ ആണ് ഞാന്‍ ഇതിനെ പൊക്കിയത്‍. രാജാവിന് അത്ഭുതവും അതോടൊപ്പം സീതയോട് ആദരവും തോന്നി. വില്ല് പൊക്കിയത് സീതയാണെന്ന് അവളില്‍നിന്നുതന്നെ അറിഞ്ഞ ജനകന്‍ ശക്തിയുടെ പ്രാകട്യം ഉണ്ടായിരിക്കുന്നു എന്നും അതുകൊണ്ട്‍ ഈ ശക്തിയെ അതിന്റെതന്നെ ഉത്തമ അധികാരിയെ ഏല്‍പ്പിക്കണമെന്നും ഒരു പ്രതിജ്ഞ എടുത്തു. അതുകൊണ്ടാണ് പ്രസ്‍തുത വില്ല് കയ്യിലെടുത്ത് കുലയേറ്റുന്ന വ്യക്തിയ്ക്ക് സീതയെ വിവാഹം ചെയ്യാമെന്ന് ജനകന്‍ തീരുമാനിച്ചതും അത് വിളംബരം ചെയ്തതും.
സീതയ്ക്ക് പ്രായമായപ്പോള്‍, സ്വയംവരത്തെ കുറിച്ച്‍ സഹോദരനായ കുശധ്വജനുമായി ചര്‍ച്ച നടക്കുന്നതിനിടയില്‍ കുശധ്വജന്‍ പറഞ്ഞു, എല്ലാ രാജാക്കന്മാരെയും സ്വയംവരത്തിന് ക്ഷണിക്കണം. എന്നാല്‍ അയോധ്യാപതിയായ ദശരഥ ചക്രവര്‍ത്തിയെ പ്രത്യേകിച്ച് ക്ഷണിക്കണം, കാരണം, അയോധ്യാ ചക്രവര്‍ത്തിയോട് മിഥിലയ്ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് ഉള്ളത്‍.
ജനകന്‍ പറഞ്ഞു, ഇല്ല, സീതാസ്വയംവരത്തിന്റെ ക്ഷണം അയോധ്യയിലേക്ക് കൊടുത്തയക്കില്ല, ദശരഥനെ ക്ഷണിക്കാന്‍ പറ്റില്ല, എന്ന്. കാരണം, മുമ്പ് ഒരിക്കല്‍ നടന്ന ഒരു സംഭവം ജനകന്‍ കുശധ്വജനെ വര്‍ണ്ണിച്ച് കേള്‍പ്പിച്ചു.
ഒരിക്കല്‍ മനുഷ്യരെ ഉപദ്രവിക്കുന്ന ഒരു ദുഷ്ടമ്ര്‌ഗം കാട്ടില്‍ നിന്ന് ഇറങ്ങി മിഥിലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ വന്നു. അതിനെ വധിക്കാനായി ജനകന്‍ അമ്പും വില്ലുമെടുത്ത്‍ അതിന്റെ പുറകെ ഓടി. കുറെ ദൂരം പോയപ്പോള്‍ ഒരു ആ മ്ര്‌ഗത്തിനെ കണ്ടു, അതിനെ ദൂരെനിന്ന് ഒരു അമ്പ് തൊടുത്തു, അത് ആ മ്ര്‌ഗത്തിന് കൊണ്ടു. കൂടെ ഉണ്ടായിരുന്നവരും ഞാനും ഓടിച്ചെന്ന് നോക്കിയപ്പോള്‍ ആ അമ്പ് ചെന്ന് കൊണ്ടത് അവിടെ പുല്ല് തിന്നുകൊണ്ട്‍ നിന്നുരുന്ന ഒരു പശുവിനായിരുന്നു. അത് മാത്രമല്ല, ആ പ്രദേശം അയോധ്യയുടെ പരിധിയില്‍ വരുന്നതുമായിരുന്നു. അങ്ങിനെ ഗോഹത്യാപാപം ജനകനില്‍ വന്നു ചേരുകയും ചെയ്‍തു. ഇനി എന്ത് ചെയ്യുമെന്ന് കൂടെയുള്ളവരോട് ആരാഞ്ഞപ്പോള്‍, ആ പ്രദേശത്തെ മുതിര്‍ന്നവര്‍ പറഞ്ഞു, ഹേ ജനക മഹാരാജാവേ, അയോധ്യയുടെ പരിധിയില്‍ വരുന്നതുകൊണ്ട് ദശരഥചക്രവര്‍ത്തിയെ അറിയിക്കുകയാണ് വേണ്ടത്, മാത്രമല്ല, ദശരഥന്‍ അതീവ പുണ്യാത്മാവുമാണ്. അദ്ദേഹം വന്ന് ജലപ്രോക്ഷണം ചെയ്താല്‍ പശു വീണ്ടും ജീവിക്കുകയും, അങ്ങയുടെ ഗോഹത്യാപാപം നശിക്കുകയും ചെയ്യും. ഇത് നല്ലൊരു ഉപദേശമായി ജനകന്‍ അംഗീകരിച്ചു. ഉടനെ ദശരഥചക്രവര്‍ത്തിയെ കാര്യം അറിയിക്കാനും അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരുന്നതിനുമായി ദൂതന്മാരെ അയച്ചു. ദൂതന്മാര്‍ അയോധ്യയില്‍ എത്തിയ സമയം, ചക്രവര്‍ത്തി, തന്റെ ഗുരുവിനെ പൂജിയ്ക്കാനായി വസിഷ്ഠാശ്രമത്തിലേക്ക് പോവുകയായിരുന്നു. വഴിയില്‍ വെച്ച് കണ്ടുമുട്ടി. ചക്രവര്‍ത്തിയെ ദൂതന്മാര്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് നമസ്കാര വചനങ്ങള്‍ പറഞ്ഞു. നിങ്ങള്‍ ആരാണ്, എന്താണ് ആഗമനോദ്ദേശ്യം, എന്ന് ദശരഥന്‍ ചോദിച്ചപ്പോള്‍ ദൂതന്മാര്‍ പറഞ്ഞു. ഞങ്ങള്‍ മിഥിലാപതി ജനകമഹാരാജാവിന്റെ ദൂതന്മാരാണെന്നും, മഹാരാജാവ് ഒരു ദുഷ്ടമ്ര്‌ഗത്തിനെ അമ്പ് എയ്‍തപ്പോള്‍ അബദ്ധത്തില്‍ അത്‍ അയോധ്യയുടെ പരിധിയില്‍ പുല്ല് മേഞ്ഞിരുന്ന ഒരു പശുവിന് ചെന്ന് കൊണ്ടു എന്നും, ആ പശു ചത്തുപോയെന്നും, ആ കാരണത്താല്‍ ജനകമഹാരാജാവ് ദു:ഖിതനാണെന്നും, അങ്ങ് ക്ര്‌പയാ അവിടെ വന്ന് ജലപ്രോക്ഷണം ചെയ്ത് ആ പശുവിനെ വീണ്ടും ജീവിപ്പിക്കണമെന്നും, അങ്ങിനെ ഞങ്ങളുടെ രാജാവിനെ ഗോഹത്യാപാപത്തില്‍നിന്നും മുക്തനാക്കണമെന്നും അങ്ങയോട് അഭ്യര്‍ത്ഥിക്കാനാണ് വന്നതെന്നും ദശരഥനെ അറിയിച്ചു. ദശരഥന്‍ പറഞ്ഞു, അല്ലയോ രാജദൂതന്മാരേ, നിങ്ങളുടെ ചിന്തകള്‍ അത്യന്തം ശുഭം തന്നെ. എന്നാല്‍ ഇപ്പോള്‍ എനിക്ക് ഗുരുപൂജക്കുള്ള സമയമാണ് ; അതുകൊണ്ട് വരാന്‍ നിര്‍വ്വാഹമില്ല. ദൂതന്മാര്‍ പറഞ്ഞു, അല്ലയോ അയോധ്യാപതി ചക്രവര്‍ത്തീ, മിഥില മുഴുവനും ദു:ഖിതരാണ്, അങ്ങ് എന്തെങ്കിലും പരിഹാരം ചെയ്ത് തരണം. ദശരഥ ചക്രവര്‍ത്തി നാലുപുറവും നോക്കി, നടവഴികളും, തെരുവുകളുമൊക്കെ അടിച്ചുവാരി വ്ര്‌ത്തിയാക്കുന്ന ഒരു വ്യക്തി അവിടെ വ്ര്‌ത്തിയാക്കുന്നുണ്ടായിരുന്നു. ആ വ്യക്തിയെ മാടി വിളിച്ചു. അയാള്‍ വന്ന് രാജാവിനെ നമിച്ചുകൊണ്ട്‍ നിന്നു. ദശരഥന്‍ പറഞ്ഞു, അല്ലയോ എന്റെ മിത്രമേ !! ആ സരയൂനദിയില്‍ നിന്ന് കുറച്ച് ജലമെടുത്ത് ഈ ദൂതന്മാരുടെ കൂടെ പോവുക, ഒരു പശു അവിടെ ജീവനറ്റ്‍ കിടക്കുന്നുണ്ട്, "സരയൂനദിയിലെ ജലവുംകൊണ്ട്‍ പോയി, ജീവനറ്റ്‍ കിടക്കുന്ന പശുവിന്റെ ശരീരത്തില്‍ തളിച്ച് അതിനെ ജീവനുള്ളതാക്കിതീര്‍ത്ത് തിരിച്ച് വരിക." രാജാവ് കല്പിച്ചപോലെ ആ തൂത്തുവാരുന്ന വ്യക്തി സരയുവിലെ ജലവുമെടുത്ത് ദൂതന്മാരുടെ കൂടെ പോയി, ജീവനറ്റ പശുവിന്റെ അരികിലെത്തി, "അയോധ്യാപതി മാന്യദേഹം ശ്രീദശരഥന്‍ പുണ്യശ്ലോകനാണെങ്കില്‍, അദ്ദേഹത്തിന്റെ കഴിവുകൊണ്ട്‍, ഈ പശുവിന് ജീവന്‍ തിരിച്ച്‍ കിട്ടട്ടെ" എന്ന് പ്രാര്‍ത്ഥിച്ച് ജലപ്രോക്ഷണം ചെയ്തു, പശു ജീവിച്ച് നടന്നുപോയി. അങ്ങിനെ ജനകമഹാരാജാവ് ഗോഹത്യാപാപത്തില്‍ നിന്നും മുക്തനായി എന്ന് കഥ.
സീതയുടെ സ്വയംവരത്തിന്റെ ക്ഷണപത്രിക അയോധ്യയിലേക്ക് പ്രത്യേക ദൂതന്‍ വശം തന്നെ അയയ്ക്കണം എന്ന് കുശധ്വജന്‍ പറഞ്ഞപ്പോള്‍ അത്‍ പറ്റില്ലാ എന്ന് ജനകമഹാരാജാവ്‍ പറഞ്ഞപ്പോള്‍ കുശധ്വജന്‍ ചോദിച്ചു, എന്താണ് ഈ പറയുന്നത്, എന്തുകൊണ്ട്‍ പ്രത്യേകം ക്ഷണിക്കില്ലാ... എന്ന് ചോദിച്ചപ്പോള്‍ ജനകന്‍ മുമ്പൊരിക്കല്‍ സംഭവിച്ച ആ പശുവിന്റെ കഥ കുശധ്വജനോട് പറഞ്ഞു, എന്നിട്ട് ജനകന്‍ പറഞ്ഞു, ഇവിടുന്ന് ക്ഷണവുമായി പ്രത്യേക ദൂതനെയൊക്കെ വിട്ട്, വിശേഷിച്ച് ക്ഷണമൊക്കെ ചെയ്ത്, സ്വയംവരദിവസം അദ്ദേഹം ഒഴിവാക്കാന്‍ പറ്റാത്ത ഏതെങ്കിലും കാര്യത്തില്‍ വ്യാപ്ര്‌തനായിരിക്കയാണെങ്കില്‍, അങ്ങാടി അടിച്ചുവാരുന്ന ഏതെങ്കിലും ഒരുത്തനെ വിളിച്ച് എടോ !! നീ പോയിട്ട് ആ വില്ല് പൊട്ടിച്ചിട്ട്‍ തിരിച്ചു വാ എന്ന് പറഞ്ഞ്‍ അരെയെങ്കിലും പറഞ്ഞയച്ചാല്‍, അത്‍ എന്റെ പുത്രിയുടെ ജീവിതത്തെ തുലാസ്സില്‍ വെക്കുന്നപോലെയാവും., അതുകൊണ്ട് അയോധ്യയിലേക്ക് എന്റെ പുത്രിയുടെ സ്വയംവരത്തിന് ക്ഷണിക്കാന്‍ ആരെയും പറഞ്ഞയക്കില്ല.
അതെ !! അത് തീര്‍ത്തും ശരി തന്നെ. അയോധ്യാവാസികള്‍ എന്തെല്ലാം ചെയ്യില്ല, അവരെക്കൊണ്ട്‍ എന്തും ചെയ്യാന്‍ പറ്റും. ആ സ്ഥലത്തിന്റെ മഹിമതന്നെ അത്രയുമുണ്ട്‍. അയോധ്യയുടെ മഹത്വം സാക്ഷാല്‍ അനന്തനുപോലും പറയാന്‍ പറ്റില്ലെന്ന് പറയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ