2020 മേയ് 22, വെള്ളിയാഴ്‌ച

രാമായണത്തിലൂടെ - വിശ്വാമിത്രന്റെ യാഗരക്ഷ


രാമായണത്തിലൂടെ - വിശ്വാമിത്രന്റെ യാഗരക്ഷ

ജഗതപിതരൗ വന്ദേ പാര്‍വ്വതീ പരമേശ്വര:
ഓം ശ്രീ ഹനുമന്തായ നമ: 

ഓം കാളാംബോധരകാന്തികാന്തമനിശം വീരാസനാധ്യാസിനം
മുദ്രാം ജ്ഞാനമയിം ദധാനമപരം ഹസ്താംബുജം ജാനുനി
സീതാം പാര്‍ശ്വഗതാം സരോരുഹകരാം വിദ്യുന്നിഭാം രാഘവം
പശ്യന്തം മുകുടാംഗദാദി വിവിധാകല്‌പോജ്ജ്വലാംഗം ഭജേ 

ജീവിതത്തിലെ  ഓരോ ശ്വാസവും, ഓരോ നിമിഷവും, ഓരോ നിമിഷാര്‍ദ്ധവും,  പ്ര്‌ഥ്വിയിലെ ജീവജാലങ്ങളുടെ കല്യാണാര്‍ത്ഥം  വനാന്തരങ്ങളില്‍ യാഗയജ്ഞാദികള്‍ ചെയ്ത്‌, തപസ്വാദ്ധ്യായ നിരതരായി  ഋഷീശ്വരന്മാര്‍ ജീവിക്കുന്നു. ഗ്രഹസ്ഥാശ്രമികളായിരുന്ന ഒട്ടേറെ പേര്‍ വാനപ്രസ്ഥ-സന്യാശ്രമങ്ങളുമായി വനാന്തരങ്ങളില്‍ വസിക്കുന്നു. മനുഷ്യര്‍ ഉള്‍പ്പെടെ സകല ജീവജാലങ്ങള്‍ക്കും ഈ പ്ര്‌ഥ്വിക്കും മംഗളം ഭവിക്കുമാറാകട്ടെ, എന്ന പ്രാര്‍ത്ഥനയാല്‍ ജീവിതം നയിക്കുന്നവരാണ്‌ അവരെല്ലാം. സകലവിധ വിരാഗാദികളും കൈവന്നിട്ടുള്ള മഹാത്മാക്കള്‍ തങ്ങളുടെ ഓരോ ശ്വാസോച്ഛ്വാസവും പ്ര്‌ഥ്വിവിയുടെ ക്ഷേമഐശ്വര്യങ്ങള്‍ക്കായി  മാത്രം ഉപയോഗിക്കുന്നു. മഹര്‍ഷി വിശ്വാമിത്രന്‍ തന്റെ സഹവ്ര്‌ന്ദങ്ങളോടൊത്ത്‌ ചരിത്രവനം എന്ന വനത്തിലെ സിദ്ധാശ്രമം എന്ന സ്ഥലത്ത്‌ കഴിഞ്ഞുവരുന്നു.  

വിശ്വസ്യ ജഗതോ മിത്ര വിശ്വാമിത്ര എന്നാണ്‌ പദത്തിന്റെ നിരുക്തി. വിശ്വത്തിന്റെ ലോകത്തിന്റെ/ലോകരുടെ മിത്രം, സകല ചരാചര ജീവജാലങ്ങളുടെയും,  എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചുവരുന്നു. ലോകം എന്നാല്‍ ഭൂലോകം എന്ന്‌ മാത്രമല്ല, മൂന്ന്‌ ലോകങ്ങളും എന്ന്‌ അര്‍ത്ഥമെടുക്കണം. പ്ര്‌ഥ്വിയില്‍ പ്രസിദ്ധമായി രണ്ട്‍ രാജവംശ പരമ്പരകളാണുണ്ടായിരുന്നത്‍.  ഒന്ന്‌ സൂര്യവംശം, മറ്റത്‍ ചന്ദ്രവംശം.  അതില്‍ ചന്ദ്രവംശ രാജപരമ്പരയിലെ കുശനാഭനെന്ന രാജാവിന്റെ പുത്രനായി ഗാഥി എന്ന രാജാവുണ്ടായി. ഗാഥി രാജാവിന്‌ രണ്ട്‍ മക്കള്‍ ഉണ്ടായിരുന്നു. ഒന്ന്‌ കൗശികന്‍, രണ്ട്‍ സത്യവതി.  ഗാഥിരാജാവ്‌ കൗശികനെ രാജഭാരം ഏല്‍പിച്ചു. അങ്ങിനെ കൗശികന്‍ രാജാവായി. സത്യവതിയെ ഭ്ര്‌ഗുപരമ്പരയിലെ റിചിക എന്ന ഒരു ബ്രാഹ്മണന്‌ വിവാഹം കഴിച്ചുകൊടുത്തു. റിചിക എന്ന ബ്രാഹ്മണന്‍ പിന്നീട്‍ ജമദഗ്നി എന്ന പേരില്‍ അറിയപ്പെട്ടു.  ബ്രഹ്മാവിന്റെ മാനസപുത്ര സ്ര്‌ഷ്ടിയില്‍ ഒരാളാണ്‌ ഭ്ര്‌ഗു. ഭ്ര്‌ഗുഋഷി സപ്തര്‍ഷികളില്‍ ഒരാളാണ്‌. ഭൂഗോളശാസ്ത്രത്തിലും ജ്യോതിഷത്തിലും അത്യന്ത പ്രാഗത്ഭ്യമുള്ളവരാണ്‌ ഭ്ര്‌ഗു പരമ്പര. ഭ്ര്‌ഗുവില്‍ നിന്നാണ്‌ ഭാര്‍ഗ്ഗവ പരമ്പരയും ഉണ്ടായത്‍. ജമദഗ്നി മഹര്‍ഷി ഭ്ര്‌ഗു പരമ്പരയിലുണ്ടായിരുന്ന ഋഷിയാണ്‌. മനു ചക്രവര്‍ത്തിയും ഭ്ര്‌ഗുമഹര്‍ഷിയും സമകാലികരാണെന്ന്‌ പറയുന്നു. അമരാവതിയിലാണ്‌ ഭ്ര്‌ഗു ജീവിച്ചിരുന്നതെന്ന്‌ അറിയുന്നു. ഖ്യാതി, പുലോമ, കാവ്യമായ എന്നീ മൂന്ന്‌ പത്നിമാര്‍ ഭ്ര്‌ഗുവിനുണ്ടായിരുന്നു. ധാത, വിധത, ശുക്രന്‍, ച്യവനന്‍ എന്ന മൂന്ന്‌ പുത്രന്മാരും ഭാര്‍ഗവി എന്ന പുത്രിയും ഭ്ര്‌ഗുവിനുണ്ടായിരുന്നു. വിധതന്‍ അയതിയെ വിവാഹം കഴിച്ചു, അവരുടെ പുത്രനാണ്‌ മ്ര്‌കണ്ഡു.   മ്ര്‌കണ്ഡുവിന്റെ പുത്രനാണ്‌ മാര്‍ക്കണ്ഡേയന്‍ എന്ന പ്രസിദ്ധനായ ഋഷി. ബ്രഹ്മാവര്‍ത്തത്തിലെ ദ്ര്‌ഷാവതി നദിയുടെ പോഷകനദിയായ വദുഷര്‍ (രാജസ്ഥാന്‍) എന്ന നദിയുടെ തീരത്തായിരുന്നു ഭ്രുഗുവിന്റെ ആശ്രമം എന്ന്‌ പറഞ്ഞുവരുന്നു. സത്യവതിയെ കൂടാതെ ജമദഗ്നി മഹര്‍ഷി സൂര്യവംശരാജാവായ പ്രസേനജിത്തിന്റെ മകളായ രേണുകയെയും വിവാഹം ചെയ്തു. ജമദഗ്നി-രേണുക ദമ്പതികളുടെ പുത്രരാണ്‌  വസുവും, ഭദ്രരാമനെന്ന പരശുരാമനും. സത്യവതി-ജമദഗ്നി ദമ്പതികളുടെ് പുത്രരാണ്‌ വിശ്വവസു, ബ്ര്‌ഹുദ്യനു, ബ്ര്‌ത്വകണ്വ എന്നിവര്‍. അങ്ങിനെ,  ജമദഗ്നി മഹര്‍ഷിക്ക്‌ അഞ്ച്‌ പുത്രരുണ്ടായിരുന്നു.  ഭദ്രരാമനാണ്‌ പിന്നീട്‍ പരശുരാമനായി അറിയപ്പെട്ടത്‍. വിശ്വാമിത്രന്‍ അനേകായിരം വര്‍ഷം രാജ്യം ഭരിച്ചു എന്ന്‌ പുരാണങ്ങളില്‍ കാണുന്നു.  ക്രമേണ തന്റെ തപോവ്ര്‌ത്തിയുടെ കാഠിന്യത്താല്‍ വിശ്വാമിത്രന്‍ രാജര്‍ഷിയില്‍ നിന്ന്‌  ബ്രഹ്മര്‍ഷിയായി. 

ദുഷ്യന്തപത്നിയായ ശകുന്തള വിശ്വാമിത്ര പുത്രിയാണ്‌. വേദങ്ങളിലെ മധുഛന്ദസ്സുകളുള്ള മന്ത്രങ്ങളെ ദര്‍ശിച്ചത്‍, മധുഛന്ദസ്സ്‌ എന്ന പേരുള്ള ഋഷി, വിശ്വാമിത്രന്റെ പുത്രനാണ്‌.  രാജര്‍ഷിയായിരുന്ന അഷ്‍ടകന്‍ വിശ്വാമിത്ര പുത്രനാണ്‌.  ആയുര്‍വേദ ആചാര്യനായ സുശ്രുതന്‍ വിശ്വാമിത്ര പുത്രനാണ്‌.  സുനശേഭന്‍ എന്ന ഒരു ദത്തുപുത്രനും വിശ്വാമിത്രനുണ്ടായിരുന്നു.  നരബലിക്കുവേണ്ടി ഒരു പൂര്‍ണ്ണമനുഷ്യനെ തിരഞ്ഞുപിടിച്ച്‍ കൊണ്ടുവന്നത്‍ സുനശേഭനെയായിരുന്നുവെന്നും, അദ്ദേഹം ഋക്‌ വേദത്തിലെ മന്ത്രങ്ങളുരുവിട്ട്‌ പ്രാര്‍ത്ഥിച്ചകാരണം, അദ്ദേഹത്തിന്‌ മരണം സംഭവിച്ചില്ലെന്നും കഥ.  ഋക്‌വേദത്തിന്റെ ഐതരേയബ്രാഹ്മണത്തിലും വാത്മീകീരാമായണം ബാലകാണ്ഡത്തിലും അല്പവ്യതിയാനത്തോടെ  സുനശേണന്റെ ഉല്ലേഖനമുണ്ട്‍. ബൗദ്ധായന ശ്രൗതസൂത്രത്തിലും പുരാണങ്ങളിലും കഥകള്‍ ഉണ്ട്‍. 

വിശ്വാമിത്രന്‍ സിദ്ധാശ്രമത്തില്‍ യാഗാദികളെല്ലാം ചെയ്ത്‍ വരുന്ന സമയത്താണ്‌ , രാക്ഷസിയായ താടകയുടെ പുത്രന്മാരായ രാക്ഷസന്മാര്‍ മാരീചനും സുബാഹുവും അശുദ്ധ പദാര്‍ത്ഥങ്ങളായ മാംസം രക്തം എന്നിവ ആകാശത്ത്‌ നിന്ന്‌ അഗ്നികുണ്ഡത്തിലേക്ക്‌ വലിച്ചെറിഞ്ഞ്‌  ഋഷിമാരുടെ യജ്ഞം തകര്‍ക്കുകയും മറ്റ്‍ പല വിധേനയും ഉപദ്രവിക്കുകയും ചെയ്യുന്നത്‍ പതിവാക്കിയിരുന്നത്‍.  അഗ്നിയുടെ പുക കണ്ടാല്‍ ഉടന്‍ രാക്ഷസന്മാര്‍ ഓടി എത്തും. പലതരം അശുദ്ധ ദ്രവ്യങ്ങള്‍ ആകാശത്ത്‌നിന്ന്‌ അഗ്നികുണ്ഡത്തിലേക്ക്‌ എറിയും.  മഹര്‍ഷിമാര്‍ നിരാശയോടെ യാഗം നിര്‍ത്തും.  തന്റെ ഈ യാഗത്തിന്‌ വരുന്ന വിഘ്‍നങ്ങളെകുറിച്ച്‌   വിശ്വാമിത്രമഹര്‍ഷി ചിന്തിച്ചിരിക്കുമ്പോള്‍,  അയോധ്യാ ചക്രവര്‍ത്തിയായ ദശരഥന്റെ പുത്രനായി ഭഗവാന്‍ വിഷ്ണുവിന്റെ അവതാരം നടന്നിട്ടുണ്ടെന്നും, അതോടൊപ്പം ഭഗവാന്റെ തല്പമായ അനന്തശേഷന്റെ അവതാരവും നടന്നിട്ടുണ്ടെന്നും ഉടന്‍തന്നെ അയോധ്യയിലേക്ക്‌ പുറപ്പെടണമെന്നും ഋഷിയുടെ അന്തരംഗത്തില്‍ തെളിഞ്ഞു. ഉടനെ മറ്റ്‍ മഹര്‍ഷിമാരോട്‍  വിശ്വാമിത്രന്‍ പറഞ്ഞു, എന്റെ കൂട്ടുകാരേ,  ഞാന്‍ മറ്റെന്തെല്ലാമോ ദര്‍ശിക്കുന്നു, മംഗളകാര്യങ്ങള്‍ പലതും നമ്മുടെ ചക്രവര്‍ത്തിയായ ദശരഥന്റെ രാജധാനിയില്‍ നടന്നിരിക്കുന്നു.  യാഗത്തെ സമാധാനമാക്കി വെയ്ക്കുക, ഞാന്‍  ദശരഥമഹാരാജാവിനെ കണ്ടിട്ട്‌ വരാം.  എന്ന്‌ പറഞ്ഞ്‌ മഹര്‍ഷി വിശ്വാമിത്രന്‍ അയോധ്യയെ ലക്ഷ്യമാക്കി നടന്നു. 

വിശ്വാമിത്രന്റെ ആ സമയത്തെ മനോമയനായ രാമനെ തുഞ്ചത്ത്‌ എഴുത്തച്ഛന്റെ കണ്ണിലൂടെ ഒന്ന്‌ കാണാന്‍ ശ്രമിയ്ക്കൂ.....

രാമനായവനിയില്‍ മായയാ ജനിച്ചൊരു 
കോമളമായ രൂപം പൂണ്ടൊരു പരാത്മാനം
സത്യജ്ഞാനാനന്താനന്ദാമ്ര്‌തം കണ്ടുകൊള്‍വാന്‍ 
ചിത്തത്തില്‍ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ.....

സത്യം ജ്ഞാനം അന്തമായ ആനന്ദമാകുന്ന അമ്ര്‌ത്‌ എതെല്ലാംകൂടി ഘനീഭവിച്ച ഒരു സ്വരൂപത്തെയാണ്‌ മഹര്‍ഷി  തന്റെ അന്തരംഗത്തില്‍ ശ്രീരാമനായി കണ്ടത്‍.   കുഞ്ചന്റെ രാമന്‍ അത്യന്തം സുന്ദരന്‍തന്നെയാണ്‌. 

രാജധാനിയുടെ കവാടത്തിലെത്തിയ വിശ്വാമിത്രന്‍ തന്റെ ആഗമന വിവരം രാജാവിനെ അറിയിക്കാന്‍ കാവല്‍ക്കാരോട്‍ അപേക്ഷിച്ചു. വിവരം അറിഞ്ഞ ചക്രവര്‍ത്തി കുലഗുരുവായ വസിഷ്ഠമുനിയുമൊത്ത്‌ വി|ശ്വാമിത്രനെ സ്വീകരിക്കാന്‍ എത്തി.  

കൗശികന്‍തന്നെക്കണ്ടു ഭൂപതി ദശരഥ-
നാശു സംഭമത്തോടും പ്രത്യുത്ഥാനവും ചെയ്‍തു
വിധിനന്ദനനോടും ചെന്നെതിരേറ്റൂ യഥാ-
വിധി പൂജയും ചെയ്ത്‍ വന്ദിച്ചുനിന്നു ഭക്ത്യാ..

വിശ്വാമിത്രമഹര്‍ഷിയുടെ കാല്‍ക്കല്‍ വീണ്‌,  ഞാനും എന്റെ പത്നിമാരും, മക്കളും, പരിവാരങ്ങളും സേനയും രാജസമ്പത്തും എന്നുവേണ്ട എല്ലാ ഐശ്വര്യവും, അങ്ങയുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചുകൊണ്ട്‍, അല്ലയോ മഹര്‍ഷേ !! അയോധ്യയിലെ രാജാവായ ദശരഥന്‍ ഇതാ അങ്ങയെ വീണ്ടും വീണ്ടും നമസ്‍കരിക്കുന്നു എന്ന്‌ പറഞ്ഞു. അങ്ങയ്ക്ക്‌ ഈ അയോധ്യ സ്വാഗതം വിരചിക്കുന്നു.   ദശരഥന്‍,  വിശ്വാമിത്രനെ രാജധാനിയിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നു. 

ഇക്ഷ്വാകുവംശം, രഘുവംശം, സൂര്യവംശം, എന്നൊക്കെ പേരുകേട്ട രാജവംശത്തിലെ രാജാവാണ്‌ ദശരഥന്‍. കോസലരാജ്യമാണ്‌  ദശരഥന്‍ വാണിരുന്നത്‍. അയോധ്യയാണ്‌ കോസലത്തിന്റെ തലസ്ഥാനം.  രഘുവംശത്തിന്റെ‍ രഘുവിന്റെ പുത്രനായിരുന്നു അജന്‍. രഘുവിന്റെ മരണശേഷം അജന്‍ രാജാവായി. അജന്‍ രാജാവായിരിക്കുമ്പോള്‍, മഥുരയിലെ (വിദര്‍ഭ) രാജാവിന്റെ പുത്രി ഇന്ദുമതിയുടെ സ്വയംവരം തീരുമാനിച്ചിരുന്നു.  സ്വയംവരത്തിന്‌ അജന്‍ എന്ന രാജാവും എത്തിച്ചേര്‍ന്നു. സ്വയംവര മണ്ഡപത്തില്‍ ഏറ്റവും കൂടുതല്‍ സൗന്ദര്യമുള്ള രാജകുമാരനായിരുന്നു അജന്‍. സുന്ദരിയായ ഇന്ദുമതി വരണമാല്യവുമേന്തി സ്വയംവര മണ്ഡപത്തിലൂടെ രാജകുമാരന്മാരെയും കണ്ട്‍ നടന്ന്‌ അജന്‍ എന്ന രാജകുമാരനെ വരണമാല്യമണിയിച്ചു. സ്വയംവരത്തിന്‌ വന്നിരുന്ന കുറച്ച്‌ രാജകുമാരന്മാര്‍ ഒന്നിച്ച്‌ചേര്‍ന്ന്‌ ഇന്ദുമതിയെ കൊണ്ടുപോകാനുള്ള പദ്ധതികള്‍ ഉണ്ടാക്കുകയും,  അജനും ഇന്ദുമതിയും നടന്നുപോകുമ്പോള്‍, അവരെ തടഞ്ഞുനിര്‍ത്തുകയും ബഹളം വെയ്ക്കുകയും, ഉപദ്രവിക്കുകയും ചെയ്തു. അപ്പോള്‍ അജന്‍ തന്റെ വില്ലെടുത്ത്‌ ഒരു അമ്പ്‍ തൊടുത്തു. ആ അമ്പ്‌ ഒരു ഗന്ധര്‍വ്വനായി പരിണമിക്കുകയും ഗന്ധര്‍വ്വന്‍ രണ്ടായി പിളരുകയും, ഓരോ ഗന്ധര്‍വ്വന്മാരും വീണ്ടും വീണ്ടും പിളരുകയും അവരെല്ലാവരുംകൂടി രാജാക്കന്മാരെ നേരിടുകയും വധിക്കുകയും ചെയ്തു. --ലോഹനിര്‍മ്മിതമായ അമ്പ്‌, അതിലേയ്ക്ക്‌ മന്ത്രജപം ചെയ്യുമ്പോള്‍ ഒരു ഗന്ധര്‍വ്വന്‍ രൂപമെടുക്കുക. ആ ഗന്ധര്‍വന്‍ രണ്ടായി പിളരുക. ആ രണ്ട്‌ ഗന്ധര്‍വ്വന്മാരും വീണ്ടും രണ്ട്‍ രണ്ടായി പിളരുക. അങ്ങിനെ യുദ്ധത്തിനുള്ള ഒരു സേനതന്നെ രൂപം കൊള്ളുക. ആ മന്ത്രം ഒന്ന്‌ കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്നൊക്കെ നമുക്ക്‌ തോന്നും.-- ആധുനിക ശാസ്ത്രത്തിലെ ക്ലോണിങ്ങും മറ്റ്‍ ഉല്‍പാദന വിദ്യകളെല്ലാം ഇവിടെ പൂര്‍ണ്ണമായി പരാജയപ്പെടും വിധത്തില്‍ അജന്‍ എന്ന രാജാവ്‍ തന്റെ കഴിവ്‌ പ്രകടിപ്പിക്കുന്നു. നമ്മുടെ ബുദ്ധി ഇതൊക്കെ സ്വീകരിക്കാന്‍ പര്യാപ്തമായ അവസ്ഥയിലൊന്നുമല്ല.  അജന്‍ ഇന്ദുമതിയേയും കൂട്ടി അയോധ്യയിലേക്ക്‌ മടങ്ങി എന്നും കഥ.  കാലാന്തരത്തില്‍ അജപത്നി ഇന്ദുമതി ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു.  ആ കുട്ടിയുടെ പേരാണ്‌ നിമി.  നിമി പിന്നീട്‌ അറിയപ്പെട്ടത്‌ ദശരഥന്‍ എന്ന നാമത്തിലാണ്. നിമിയ്ക്ക്‌  ഒരു വയസ്സ്‌‍ പ്രായമായിരിയ്ക്കെ, പാരിജാതത്തിന്റെ പൂക്കള്‍കൊണ്ട്‍ ഉണ്ടാക്കിയ കുറെ മാലകളാല്‍ അലംകരിച്ച വീണയുമെടുത്ത്‌  നാരദമുനി സ്വര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. വീണയില്‍നിന്ന്‌ ഒരു മാല അഴിഞ്ഞ്‌ താഴെ ഇന്ദുമതിയുടെ ദേഹത്ത്‍ വീണു. ഇന്ദുമതി ഉടന്‍ മരിച്ചു. ഈ വാര്‍ത്ത അറിഞ്ഞ രാജാവ്‌ അജന്‍ ഋദയാഘാതത്താല്‍ അവിടെത്തന്നെ മരിച്ചു. ബി.പിയും, ബ്ലോക്കും, അറ്റാക്കും ഒക്കെ ആ കാലത്തും ഉണ്ടായിരുന്നു എന്നതിന്‌ ഒരു ഉദാഹരണം.  സ്വര്‍ഗ്ഗത്തിലെ ഇന്ദ്രസദസ്സിലെ നര്‍ത്തകിമാരില്‍ രണ്ട്‌ പേര്‍ക്ക്‌ ഭൂമിയിലെ അജനെന്ന രാജാവും ഇന്ദുമതി എന്ന രാജ്ഞിയുമായി ജീവിക്കാനുള്ള ശാപം കിട്ടിയിരുന്നു.  ഇവരുടെ രണ്ട്‍പേരുടെയും മരണത്തോടെ, ആ നര്‍ത്തകിമാര്‍ രണ്ടുപേരും വീണ്ടും സ്വര്‍ഗ്ഗത്തില്‍ തിരിച്ചെത്തി,.... എന്ന്‌ കഥ.   കേവലം ഒരു വയസ്സ് മാത്രം പ്രായമായ നിമിയുടെ അവസ്ഥ കണ്ട രഘുവംശത്തിന്റെ കുലഗുരുവായ വസിഷ്ഠനും പത്നി അരുന്ധതിയും  നിമിയെ വളര്‍ത്തി വലുതാക്കി, രഘുവംശത്തിന്റെ രാജാവായി വാഴിച്ചു.  നിമി എന്ന രാജാവാണ്‌ പിന്നീട്‌ ദശരഥനായി അറിയപ്പെട്ടത്‍.  സൂര്യവംശ രാജാവായ രഘുവിന്റെ പൗത്രനായ ദശരഥനു,   കൗസല്യ  കൈകേയി സുമിത്ര എന്ന മൂന്നു ഭാര്യമാരാണ്‌ ഉണ്ടായിരുന്നത്‍.  

കോസലരാജാവായ സുകൗശലന്റെയും ഭാര്യ അമ്ര്‌തപ്രഭയുടെയും പുത്രിയായിരുന്നു കൗസല്യ.  ഭാനുമന്ത എന്ന ഒരു സഹോദരനും കൗസല്യയ്ക്ക്‌ ഉണ്ട്‍. കാശിരാജാവിന്റെ പുത്രി സുമിത്രയും കേകയ രാജവംശത്തില്‍നിന്ന്‌ കൈകേയിയും ദശരഥ പത്നിമാരായി ഉണ്ടായി. കൗസല്യയിലും സുമിത്രയിലും പുത്രന്മാര്‍ ഉണ്ടാകാതിരുന്നപ്പോള്‍, പുത്രഭാഗ്യത്തിനുവേണ്ടിയാണ്‌ കേകയ രാജാവിന്റെ പുത്രിയായ കൈകേയിയെ ദശരഥന്‍ വിവാഹം ചെയ്തത്‌. വിവാഹശേഷം ദശരഥന്‌ കൈകേയിയില്‍ പുത്രപ്രാപ്തി ഉണ്ടാവുകയാണെങ്കില്‍, കോസലരാജ്യത്തിന്റെ ഉത്തരാധികാരിയായി ആ കുട്ടിയെ രാജാവായി വാഴിക്കാമെന്ന വാഗ്ദാനം കൈകേയിക്കും, കൈകേയിയുടെ പിതാവായ അശ്വപതിക്കും, കൈകേയിയുടെ സഹോദരങ്ങള്‍ക്കും നിമി/ദശരഥന്‍ വാക്ക്‌ കൊടുത്തിരുന്നു.  ദശരഥന്റെ ഈ വാഗ്ദാനം അന്ന്‌ കൈകേയി കേട്ടിരുന്നു. തോഴിയായ മന്ഥരയും ഈ വാഗ്ദാനം കേട്ടിരുന്നു.    കൈകേയി തന്റെ പുത്രനായ ഭരതനെ അയോധ്യയിലെ രാജാവാക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നില്‍ ഇതായിരുന്നു കാരണം.  ദശരഥന്‍ കൈകേയിക്ക്‌  മൂന്ന്‌ വരം കൊടുത്തിരുന്നു എന്നത്‍ ശരിയാണെങ്കിലും, തന്റെ പുത്രനെ രാജാവാക്കണമെന്ന ആവശ്യം വരദാനത്തേക്കാള്‍ പ്രാധാന്യം മുകളില്‍ സൂചിപ്പിച്ച വാഗ്ദാനമായിരുന്നു. ശാന്ത എന്ന ഒരു ദത്ത്‌പുത്രിയും ദശരഥന്‌ ഉണ്ടായിരുന്നു.  ശാന്തയെ ഋഷ്യശ്ര്‌ങ്‍ഗന്‍ എന്ന മഹര്‍ഷിയ്ക്ക്‌ വിവാഹം കഴിച്ചു കൊടുത്തു. മാനിന്റെ കൊമ്പ്‌ പോലെ രണ്ട്‍ കൊമ്പുകളുണ്ടായിരുന്നതുകൊണ്ടാണ്‌ ഋഷ്യശ്ര്‌ങ്‍ഗന്‍ എന്ന പേര്‌ വന്നത്‌. എപ്പോള്‍ എവിടെ വേണമെങ്കിലും മഴ പെയ്യിക്കാനുള്ള കഴിവുണ്ടായിരുന്നു ഋഷ്യശ്ര്‌ങ്‍ഗ മഹര്‍ഷിയ്ക്ക്.  ദശരഥന്റെ ആവശ്യപ്രകാരം പുത്രകാമേഷ്ഠി  യാഗം നിറവേറ്റുന്നത്‌  ഋഷ്യശ്ര്‌ങ്‍ഗനാണ്‌. 

ദശരഥമഹാരാജാവ്‌ വിശ്വാമിത്ര മഹര്‍ഷിയുടെ പാദപ്രക്ഷാളനം ചെയ്ത്‌, വിധിയാംവണ്ണം അര്‍ഘ്യപാദ്യാദികളാല്‍ പൂജിച്ച് സല്‍ക്കരിച്ചു. വിശിഷ്ഠ വിഭവങ്ങളോടുകൂടിയ ഭോജനവും ഉണ്ടായി.  മഹര്‍ഷി അത്യന്തം സന്തോഷവാനായി.  ദശരഥന്‍ വിശ്വാമിത്രനെ തന്റെ സിംഹാസനത്തില്‍ ഇരുത്തി എന്ന്‌ തുളസീദാസ്‌ തന്റെ രാമചരിത മാനസത്തില്‍ പറയുന്നു. രാജാവിന്റെ സിംഹാസനത്തില്‍ മറ്റ്‍ ആരെയും ഇരുത്താന്‍ പാടില്ലെന്ന്‌ നിയമമുണ്ട്‍. എന്നാല്‍ തന്നെക്കാള്‍ പ്രഗത്ഭരായ വ്യക്തികളാണ്‌ വരുന്നതെങ്കില്‍, സിംഹാസനം നല്‍കാമെന്ന അവ്യക്തമായ ഒരു നിയമം നിലനില്‍ക്കുന്നുണ്ട്‍. ദശരഥന്‍ ലോകത്ത്‍ ഒരിടത്തും ഒരു അതിഥിയായി പോകാറില്ലെന്ന്‌ പറയുന്നു. കാരണം അദ്ദേഹത്തിന്‌ ആഥിത്യമരുളാന്‍ തക്ക രാജാവ്‍ പ്ര്‌ഥ്‍വിയില്‍ ഉണ്ടായിരുന്നില്ലെന്ന്‌ പറയുന്നു. എന്നെങ്കിലും എവിടെയെങ്കിലും പോകണമെന്ന്‌ തോന്നിയാല്‍, ദശരഥന്‍ ദേവലോകത്ത്‌, ദേവേന്ദ്രന്റെ അതിഥിയായി പോകുമായിരുന്നു. അവിടെ ചെന്നാല്‍ ദേവേന്ദ്രന്‌ സങ്കോചമുണ്ടാകുമായിരുന്നു, ദശരഥന്‌ ഏത്‍ ഇരിപ്പിടം നല്‍കും എന്ന്‌ ചിന്തിച്ച്‌. മറ്റൊരു ഇരിപ്പിടം ദശരഥന്‌ കൊടുക്കാന്‍ പറ്റില്ല, ഇന്ദ്രാസനം കൈമാറാനും പാടില്ല.  ആ സമയത്ത്‍ ദേവേന്ദ്രന്റെ സിംഹാസനത്തില്‍ ദശരഥനെയും കൂടി ഇരുത്തുമായിരുന്നു എന്ന്‌ കഥ.  ദശരഥന്‍ തന്റെ നാല്‌  പുത്രന്മാരെയും വിളിച്ച്‌  മഹര്‍ഷി വിശ്വാമിത്രനെ നമസ്‍കരിപ്പിച്ചു.  വിശ്വാമിത്രന്‍ രാമനെ കണ്ടു, രാമന്‍ വിശ്വാമിത്രനെയും കണ്ടു.  തുളസീദാസ്‌ പറയുന്നു, പൂര്‍ണ്ണചന്ദ്രനെ കണ്ട ചകോരം പോലെ വിശ്വാമിത്രന്റെ മനസ്സിനെ രാമചന്ദ്രന്‍ തന്നിലേക്ക്‌ ആകര്‍ഷിച്ചു. 

ഭയേ മഗന്‌ ദേഖത്‌ മുഖ്‌ ശോഭാ.. ജനു ചകോര്‍ പൂരണ്‌ ശശി ലോഭാ -  ശോഭായമാനമായ ശ്രീരാമന്റെ മുഖ കാന്തി കണ്ടിട്ട്‌, പൂര്‍ണ്ണചന്ദ്രന്റെ ചന്ദ്രികയില്‍ സകലതും മറന്ന്‌ ആനന്ദിക്കുന്ന ചകോരത്തെപ്പോലെ, വിശ്വാമിത്രന്‍ രാമനെത്തന്നെ നോക്കിക്കൊണ്ടിരുന്നു,....  എന്ന്‌. 

രണ്ട്‍ മഹാസാഗരങ്ങളെന്നോ, രണ്ട്‍ മഹാമേരുക്കളെന്നോ ഒക്കെ വിശേഷിപ്പിയ്ക്കാവുന്നതും, ദര്‍ശനമാത്രേണ എല്ലാ  വാണികളും  വിലീനമായിപ്പോവുകയും ചെയ്യുന്ന രണ്ട്‍ മഹദ്‍ വ്യക്തിത്വങ്ങള്‍, മഹര്‍ഷി വിശ്വാമിത്രനും വസിഷ്ഠനും. എന്ത്‌ പറയാനാണ്‌ ഈ രണ്ട്‍ വ്യക്തിത്വങ്ങളെ കുറിച്ച്‌.  ഭാരതീയന്റെ മസ്തിഷ്കത്തിന്‌ മുകുടം ചാര്‍ത്തിത്തരുന്ന, ഗൗരവമേറുന്ന  ഈ രണ്ട്‍ മഹര്‍ഷിമാരെ കുറിച്ച്‌. എന്ത്‌ പറയാനാ....   ഭാരതത്തിന്റെ ഗംഭീരമായ പൗരാണിക പാരമ്പര്യത്തിന്‌  മകുടംചാര്‍ത്തിയ വിശിഷ്ഠ ഋഷീശ്വരന്മാര്‍ എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല.  വസിഷ്ഠനും വിശ്വാമിത്രനും കൂടി ഒരേ സ്ഥലത്ത്‌ ഒത്തുചേര്‍ന്നപ്പോള്‍  രണ്ട്‌ മഹാമേരുക്കള്‍ ഒരു ദിക്കില്‍ സംഗമിച്ച പ്രതീതി അയോധ്യയിലെ രാജധാനിയില്‍ തെളിഞ്ഞു വിളങ്ങി. വസിഷ്ഠമഹര്‍ഷിയും വിശ്വാമിത്രമഹര്‍ഷിയും ഒരേ വേദിയില്‍ സാധാരണ പ്രത്യക്ഷപ്പെടാറില്ല. അരുചി ഉളവാക്കുന്ന ചില പൂര്‍വ്വ സംഭവങ്ങള്‍ ഇതിനുപോല്‍ബലകമായി പുരാണങ്ങളില്‍ കാണാം.  ഗാഥിരാജാവിന്റെ പുത്രനും ക്ഷത്രിയനുമായിരുന്ന വിശ്വാമിത്രന്‍  രാജര്‍ഷിയായതും, അതില്‍നിന്നും ബ്രഹ്മര്‍ഷിയായതും, അദ്ദേഹത്തിന്റെ പരമ്പരയുടെ ചരിത്രവുമെല്ലാം പഠനീയമാണ്‌.  പുരാണങ്ങളില്‍ പലയിടത്തും വിശ്വാമിത്രന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‍. ഋ‌ഗ്‍വേദത്തിലെ മൂന്നാം മണ്ഡലത്തിലെ മിക്ക ഋക്കുകളും വിശ്വാമിത്ര മഹര്‍ഷി ദര്‍ശിച്ചതാണ്‌.  പ്രസിദ്ധമായ ഗായത്രീമന്ത്രത്തിന്റെ ദര്‍ശിതാവും/ഋഷിയും വിശ്വാമിത്രന്‍ തന്നെ. വസിഷ്ഠന്റെ ആശ്രമത്തിലെ കാമധേനുവിനെ  ബലംപ്രയോഗിച്ച്‌  കൊണ്ട്‍പോയ ചരിത്രമൊക്കെ അത്യന്തം ഹ്ര്‌ദ്യമാണ്‌, പഠിക്കേണ്ടതാണ്‌. അത്യന്തം ചാരുവായ രചനാശൈലികൊണ്ടും സാഹിത്യസാരള്യംകൊണ്ടും പാഠകനെ പുളകംകൊള്ളിക്കുന്നതാണ്‌ വിശ്വാമിത്ര-വസിഷ്ഠ ചരിത്രങ്ങള്‍ എല്ലാം. 

ദശരഥചക്രവര്‍ത്തി വിശ്വാമിത്ര മഹര്‍ഷിയോട്‍ സുഖസൗകര്യാദികളൊക്കെ അന്വേഷിച്ചു. പിന്നീട്‍; അങ്ങയുടെ ആഗമനോദ്ദേശ്യമെന്താണെന്ന്‌ വ്യക്തമാക്കിയാലും, എന്ന്‌ ദശരഥന്‍ പറഞ്ഞു.   അതിന്‌ ഉത്തരമായി വിശ്വാമിത്ര മഹര്‍ഷി പറഞ്ഞു.!! 

തുളസീദാസിന്റെ ശബ്ദത്തില്‍ -  വിശ്വാമിത്രന്‍ പറഞ്ഞു, അല്ലയോ മഹാരാജാവേ -  

- അസുര്‍ സമൂഹ്‌ സതാവഹി മോഹീ,  മേ യാചന്‌ ആയ‍ഉ ന്ര്‌പ്‌ തോഹീ....    അനുജ സമേത്‍  ദേഹു രഘുനാഥാ, നിശിചര്‌ വധ മേ ഹോവ്‌ സനാഥാ... 

അല്ലയോ രാജന്‍ -  അസുരസമൂഹം  ഞങ്ങളെ ഉപദ്രവിക്കുന്നു,  ഞാന്‍ അങ്ങയോട്‌ ഒരു യാചനയുംകൊണ്ടാണ്‌ വന്നിരിക്കുന്നത്‍.   അനുജസഹിതം രാമനെ തന്നാലും, രാത്രിചാരികളായ അസുരന്മാരെ വധിച്ച്‌ ഞങ്ങള്‍ സനാഥരാവട്ടെ !! 

വീണ്ടും എഴുത്തച്ഛന്റെ വരികള്‍ കാണാം :.....

എന്തൊന്നു ചിന്തിച്ചെഴുന്നള്ളിയതെന്നുമിപ്പോള്‍, നിന്തിരുവടിയരുള്‍ചെയ്യണം ദയാനിധേ !!

അപ്പോള്‍ അത്യന്തം പ്രീതിയോടും അതീവ സന്തോഷത്തോടും കൂടി 

വിശ്വാമിത്രനും പ്രീതനായരുള്‍ചെയ്‍തീടിനാന്‍
വിശ്വാസത്തോടു ദശരഥനോടതുനേരം :

അല്ലയോ ദശരഥരാജാവേ, ഞങ്ങള്‍ മഹര്‍ഷിമാര്‍ ശിഷ്യരുമൊത്ത്‌ ലോകഹിതാര്‍ത്ഥം യാഗയജ്ഞാദികള്‍ ചെയ്ത്‌ വേദേതിഹാസങ്ങളെല്ലാം പഠിച്ചും പഠിപ്പിച്ചും ഭഗവല്‍സ്മരണയില്‍ ആരണ്യത്തില്‍ ജീവിച്ചുപോകുന്നു.  ഓരോ അമാവാസിതോറും പിത്ര്‌ദേവാദികളെ ധ്യാനിച്ച്‌ ചെയ്യുന്ന ഹോമം മാരീചനും സുബാഹുവുമെന്ന രാക്ഷസരും അവരുടെ അനുചരന്മാരും കൂടി മുടക്കുന്നു.  യജ്ഞസംഭാരങ്ങളെല്ലാം അശുദ്ധമാക്കുകയും, സല്‍ക്കാര്യങ്ങള്‍ക്കെല്ലാം ഭംഗം വരുത്തുകയും ചെയ്യുന്നു, അഥര്‍മ്മം കൂടുന്നു,  എന്നൊക്കെ വിശ്വാമിത്രന്‍ പറഞ്ഞു.  ഈ രാക്ഷസാദികളുടെ ഉപദ്രവം ഇല്ലാതാക്കി സാധുമഹാത്മക്കളുടെ ദു:ഖം പരിഹരിച്ചു കിട്ടുന്നതിനുവേണ്ടിയാണ്‌ ഞാന്‍ ഇവിടേക്ക്‌ വന്നത്‍.  

അല്ലയോ മഹാരാജാവേ ,,!!..   

അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ-
യവനീപതേ ! രാമദേവനെയയയ്ക്കേണം
ലക്ഷ്മണനെയും കൂടെ നല്‍കണം മടിയാതെ
നല്ലതു വന്നീടുക നിനക്കു മഹീപതേ !
കല്യാണമതേ !  കരുണാനിധേ !  നരപതേ !!

അങ്ങയുടെ രണ്ട്‌ പുത്രന്മാരെ, രാമനേയും ലക്ഷ്‍മണനേയും കൂട്ടിക്കൊണ്ട്‍ പോകാനാണ്‌ ഞാന്‍ വന്നത്‍ എന്ന്‌ വളച്ചുകെട്ടൊന്നുമില്ലാതെ സ്പഷ്‍ടമായി വിശ്വാമിത്രന്‍ പറഞ്ഞു. 

മഹര്‍ഷി വിശ്വാമിത്രന്റെ വാക്കുകള്‍ കേട്ട്‌ ദശരഥന്റെ ശിരസ്സ്‌ കുനിഞ്ഞുപോയി.  എന്തായിരിക്കും ചക്രവര്‍ത്തിയുടെ ശിരസ്സ്‌ കുനിഞ്ഞുപോകാന്‍ കാരണം.   വിശ്വാമിത്ര മഹര്‍ഷിയോടുള്ള ആദരസൂചകമായിട്ടായിരിക്കുമോ അത്‍...   അതോ, വിശ്വാമിത്രന്‍  വ്യംഗ്യമായി പറയുന്നുവോ -   മഹാരാജാവേ !!  അങ്ങേയ്ക്ക്‌ ചെയ്യാന്‍ പറ്റാത്ത പണി അങ്ങയുടെ രണ്ട്‌ മക്കള്‍ ചെയ്ത്‌ കാണിക്കും, എന്ന്‌ വിശ്വാമിത്രന്‍ പറയാതെ പറയുകയാണോ... അതുകൊണ്ടാണോ തല കുനിഞ്ഞുപോയത്‍... !! അതോ വിശ്വാമിത്രന്‍ സൂചിപ്പിക്കുകയായിരുന്നു .... അല്ലയോ രാജാവേ !!  ലോകഹിതാര്‍ത്ഥം തപസ്സനുഷ്ഠിക്കുന്ന ഋഷിവ്ര്‌ന്ദത്തിന്റെ സംരക്ഷണം,  പ്രജാസംരക്ഷണം രാജാവിന്റെ കര്‍ത്തവ്യമാണ്‌, അത്‍ നിറവേറ്റുന്നതില്‍ പത്ത്‍ ദിശകളിലേക്കും ഒരേസമയം രഥം നടത്താനും യുദ്ധം ചെയ്യാനും കഴിവുള്ള ഒരു ക്ഷത്രിയരാജാവെന്ന നിലക്ക്‌,  താങ്കള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന്‌ വിശ്വാമിത്രന്‍ പറയാതെ പറയുകയായിരുന്നുവോ.... അതോ, രാജ്യസുരക്ഷയുടെ കാര്യത്തില്‍ താന്‍ വീഴ്‍ച വരുത്തി എന്ന്‌ മഹാരാജാവ്‍ തിരിച്ചറിയുകയായിരുന്നുവോ, ? അതുകൊണ്ട്‍ വിശ്വാമിത്രന്റെ മുന്നില്‍ തല കുനിഞ്ഞുപോയതാണോ.. 

ദശരഥന്‍   -- അല്പനേരത്തേക്ക്‌ മൗനം പാലിച്ചു

ദശരഥന്‍ എന്തിനാണ്‌ മൗനം പാലിച്ചത്‍ .. ?  എന്തായിരിക്കും ആ മൗനത്തിന്റെ വാചാലകത.. ? 

രാക്ഷസന്മാര്‌ ഉപദ്രവിക്കുന്നതിന്‌ ഞാനെന്ത്‌ ചെയ്യാനാ... !!!!  എന്ന സന്ദേശം മഹര്‍ഷിക്ക്‌ കൊടുക്കുകയായിരിക്കുമോ...?...   ഇതൊന്നും ചക്രവര്‍ത്തിയുടെ കടമയല്ല എന്ന്‌ പറഞ്ഞ്‌  കൈകഴുകുന്ന പണിയാണോ. അതോ, നിങ്ങളൊക്കെ നല്ല പഠിപ്പും വിവരവുമൊക്കെ ഉള്ളവരാണല്ലോ, സ്വയം പരിഹാരവും കണ്ടെത്താമല്ലോ എന്ന സൂചനയായിരിക്കുമോ..  ആധുനിക ഭരണകര്‍ത്താക്കളെപോലെ,  ഇത്തരം കാര്യങ്ങളൊക്കെ പ്രതിപക്ഷത്തിന്റെ അപവാദ പ്രചരണങ്ങളാണ്‌,  ഇതൊക്കെ, ഭൂരിപക്ഷത്തിന്റെ കാര്യമാണ്‌,  വല്ല ന്യൂനപക്ഷത്തിന്റെയൊക്കെ കാര്യമായിരുന്നുവെങ്കില്‍ ഈ നിമിഷംതന്നെ പരിഹരിച്ചേനെ, അതുകൊണ്ട്‍ ഹേ മഹര്‍ഷേ, എന്റെ സമയം കളയണ്ട, വന്നവഴിയേതന്നെ വേഗം വിട്ടോ, എന്ന്‌ പറയാതെ പറഞ്ഞതാണൊ...  

ഒരു രാഷ്‍ട്രത്തിലെ പ്രജകളുടെ പരിപാലനം, അവരുടെ സുഖദു:ഖാദികളുടെ അന്വേഷണം, ഇവയെല്ലാം രാജാവിന്റെ കര്‍ത്തവ്യമാണ്‌. ഭരണത്തിലിരിക്കുന്ന പ്രസിഡന്റ്‍ ഗവര്‍ണര്‍, പ്രധാനമന്ത്രി, മുഖ്യമന്ത്രി, സഹമന്ത്രിമാര്‍, പോലീസ്‌, പട്ടാളം, ഇതര ഉദ്യോഗസ്ഥവ്ര്‌ന്ദം ഇത്യാദി ബന്ധപ്പെട്ടവരുടെ ചുമതലയാണ്‌.  അല്ലാതെ എന്തിലും ഏതിലും സാമ്പത്തികദ്ര്‌ഷ്ടി മാത്രം വെച്ചുപുലര്‍ത്തുന്ന ആധുനിക ഭരണകര്‍ത്താക്കളെപ്പോലെ,  എനിക്ക്‌ എത്ര കോടി തരും എന്ന്‌ ദശരഥന്‍ വിശ്വാമിത്രനോട്‌ ചോദിക്കാതെ ചോദിച്ചതാണോ..  

പ്രജകളുടെ സുഖദു:ഖാദികള്‍ അന്വേഷിക്കുന്നതും, അതിലെ പാകപ്പിഴവുകള്‍ ദൂരീകരിക്കേണ്ടുന്നതും തന്റെ ചുമതലയാണെന്നും, അതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ തനിക്ക്‌ വീഴ്‍ച പറ്റിയല്ലോ എന്റെ ജഗദീശ്വരാ !! എന്ന്‌ മനസ്സിലാക്കി, തനിക്കും തന്റെ ഭരണത്തിനും നാണക്കേടായല്ലോ എന്ന്‌ വിചാരിച്ച്‌ ദശരഥന്റെ മസ്തകം കുനിഞ്ഞുപോയി, എന്ന്‌ കവി  പറയാതെ പറയുന്നു. തന്റെ പ്രജകളുടെ ജീവിതം ദു:ഖപൂര്‍ണ്ണമായത്‌ താന്‍ അറിഞ്ഞില്ലല്ലോ എന്ന വ്യാധികൊണ്ട്‌ ദശരഥന്റെ തല കുനിഞ്ഞുപോയതാണോ... ?  ദേവാസുര യുദ്ധത്തില്‍ അസുരന്മാരെ മുഴുവനും നിലം പരിശാക്കിയ എനിക്ക്‌, പത്ത്‌ ദിക്കിലേക്കും ഒരേ സമയം രഥം പായിച്ച്‌, അതിലിരുന്ന്‌ യുദ്ധം ചെയ്യാന്‍ കഴിവുണ്ടെന്ന്‌ അഭിമാനിക്കുന്ന എനിക്ക്‌, എന്റെ പ്രജകളെ ദു:ഖിപ്പിക്കുന്ന തുഛമായ ചില ദുഷ്ട ശക്തികളെ ഇല്ലാതാക്കുക എന്ന ഇത്രയും ചെറിയ ഒരു കാര്യം, തക്ക സമയത്ത്‌ എന്നെക്കൊണ്ട്‍ ചെയ്യാന്‍ പറ്റിയില്ലല്ലോ, അതിന്‌ മഹാനായ വിശ്വാമിത്രനില്‍നിന്ന്‌  ഞാന്‍ പഴി കേള്‍ക്കേണ്ടി വരുന്നുവല്ലോ, എന്ന്‌ ചിന്തിച്ചിട്ട്‌ ദശരഥന്‌ നാണക്കേട്‌ ഉണ്ടായതുകൊണ്ട്‍ ദശരഥരാജാവിന്റെ തല കുനിഞ്ഞുപോയി എന്ന്‌ കവി പറയാതെ പറയുന്നു.

കുലഗുരു വസിഷ്ഠമഹര്‍ഷിയുമായി, രണ്ടുപേരും എന്തോ ഏകാന്തതയില്‍ പറഞ്ഞു എന്ന്‌ എഴുത്തച്ഛന്‍ പറയുന്നു. 

ചിന്താചഞ്ചലനായ പങ്‍ക്തിസ്യന്ദനന്ര്‌പന്‍, 
മന്ത്രിച്ചു ഗുരുവിനോടേകാന്തേ ചൊല്ലീടിനാന്‍ :-  

മന്ത്രിച്ചിട്ട്‌ ചൊല്ലി,  പരസ്പരം മന്ത്രിച്ചശേഷം പറഞ്ഞു എന്നാണ്‌ പ്രയോഗം. സ്വകാര്യമായി പറഞ്ഞു, ഗോപ്യമായി പറഞ്ഞു,  എന്തായിരിക്കും വസിഷ്ഠനും ദശരഥനും തമ്മില്‍ മന്ത്രിച്ചത്‍........  എന്തോ സ്വകാര്യം പറയുകയായിരുന്നു. അല്ലയോ വസിഷ്ഠ മഹര്‍ഷയേ..  ഈ വിശ്വാമിത്രനെ എങ്ങിനെയെങ്കിലും ഒന്ന്‌ തിരിച്ചയയ്ക്കൂ, എന്ന്‌ സ്വകാര്യം പറയുകയായിരുന്നുവോ.... 

അല്ലയോ ഗുരുനാഥാ ,  ഞാനിനി എന്ത്‌ ചെയ്യണം എന്നറിയുന്നില്ല.  വയസ്സുകാലത്ത്‌ എനിക്കുണ്ടായ മക്കളാണ്‌, അവരെ എങ്ങനെ വിശ്വാമിത്രന്റെകൂടെ പറഞ്ഞയക്കും.  ഒരു നിമിഷത്തേക്കുപോലും എനിക്ക്‌ അവരെ പിരിഞ്ഞിരിക്കാന്‍ പറ്റുന്നില്ല. രാമനെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല, ആ നിമിഷം ഞാന്‍ മരിച്ചുപോകും. രാമനും ലക്ഷ്‍മണനും എന്റെ രണ്ട്‍ കണ്ണുകളാണ്‌, രാമനെ പറഞ്ഞയച്ചില്ലെങ്കില്‍ വിശ്വാമിത്രന്‍ എന്റെ കുലംതന്നെ മുടിഞ്ഞുപോകട്ടെ, എന്ന്‌ ശപിക്കുകയും ചെയ്യും. അതുകൊണ്ട്‍, ഹേ മഹര്‍ഷേ, അങ്ങുതന്നെ ഒരു പരിഹാരം പറഞ്ഞുതരണം, എന്ന്‌ ദശരഥന്‍ കുലഗുരുവിനോട്‌, വസിഷ്ഠനോടഭ്യര്‍ത്ഥിച്ചു. 

വിശ്വാമിത്രന്‌ മറ്റാരുടെയും സഹായമില്ലാതെത്തനെ രാക്ഷസന്മാരെ നശിപ്പിയ്ക്കാന്‍ കഴിയുമായിരുന്നു. എന്ത്‍ കൊണ്ട്‍ വിശ്വാമിത്രന്‍ അതിന്‌ തുനിഞ്ഞില്ല എന്ന സംശയം വരാം. അത്‌ ശരിയാണ്‌. എന്നാല്‍ തന്റെ യാഗാദി കര്‍മ്മങ്ങള്‍ കഴിയുന്നതുവരെ ആയുധം കയ്യിലെടുക്കില്ലെന്നും, ഹിംസകളൊന്നും ചെയ്യില്ലെന്നും വിശ്വാമിത്രന്റെ വ്രതമാണ്‌.  ആയുധമില്ലാതെത്തന്നെ ശപിച്ച്‌ ഭസ്മമാക്കാമായിരുന്നുവല്ലോ എന്നാണെങ്കില്‍, അതും ഹിംസതന്നെയാണല്ലൊ. അതുകൊണ്ടാണ്‌ സഹായത്തിന്‌ ഭരണനേത്ര്‌ത്വത്തെ സമീപിച്ചത്‍.  

തുളസീദാസിന്റെ വരികളിലൂടെ നോക്കിയാല്‍ -  വിശ്വാമിത്രന്‍ പറയുന്നു -
  
!!!! മേ യാചന്‌ ആയ‍ഉ ന്ര്‌പ്‌ തോഹീ....    അനുജ സമേത്‍  ദേഹു രഘുനാഥാ, 

അല്ലയോ മഹാരാജാവേ, ഞാന്‍ ഒരു യാചനയുമായിട്ടാണ്‌ അങ്ങയുടെ മുന്നില്‍ വന്നിരിക്കുന്നത്‍.   ദശരഥനും വസിഷ്ഠനും  ആശ്ചര്യപ്പെട്ടുപോയി. എന്ത്‌...  യാചനയോ... അതും വിശ്വാമിത്രനെപ്പോലത്തെ ഒരു ബ്രഹ്മര്‍ഷി.  ഇതൊരത്ഭുതം തന്നെ.  പിന്നീട്‍ വിശ്വാമിത്രന്‍ പറയുന്നു,   അനുജസഹിതം രാമനെ എനിക്ക്‌ തരൂ...  അവര്‍ അസുരന്മാരെ നശിപ്പിച്ചുകൊള്ളും. 

വിശ്വാമിത്രന്‍ പറഞ്ഞു, അല്ലയോ രാജാവേ... !!  അങ്ങയുടെ പുത്രന്മാരായ രാമനേയും ലക്ഷ്മണനേയും കൂട്ടിക്കൊണ്ട്‍ പോകാനാണ്‌ ഞാന്‍ വന്നത്‍.   ദശരഥ മഹാരാജാവിനെക്കൊണ്ട്‍ ചെയ്യാന്‍ പറ്റാത്തത്‍ രാജാവിന്റെ പുത്രന്മാര്‍ക്ക്‌ ചെയ്യാന്‍ സാധിക്കും എന്ന്‌ വിശ്വാമിത്രന്റെ വ്യംഗ്യം. രാമനെയും ലക്ഷ്മണനെയും കൂട്ടിക്കൊണ്ട്‍ പോവുക....... എന്ന്‌ കേട്ടപ്പോഴേക്കും,  ദശരഥ മഹാരാജാവ്‌ ബോധംകെട്ടു വീണു. മന്ത്രിമാരും സേവകരും എല്ലാം പരിഭ്രമിച്ചു,  മന്ത്രിയായ സുമന്ത്രരും മറ്റും രാജാവിനെ പിടിച്ച്‌ ഇരിപ്പിടത്തിലിരുത്തി, മുഖത്ത്‌ വെള്ളം തളിച്ച്‌ വിശറികൊണ്ട്‌ വീശി. രാജകൊട്ടാരത്തിലെ എല്ലാവരും സ്‍തബ്ധരായി. എല്ലാം നിശ്ചലം. കൊട്ടാരവൈദ്യന്മാരും മറ്റ്‍ ഭിഷഗ്വരന്മാരുമൊക്കെ ഓടിയെത്തി. എല്ലാവരുടെയും പരിശ്രമത്താല്‍, രാജാവ്‌ സാമാന്യതയിലേക്ക്‌ തിരിച്ചുവന്നു. 

ഒരാള്‍ എത്ര വലിയവനായാലും, നമ്മോട്‌ എന്തെങ്കിലും യാചിച്ചാല്‍, എന്തെങ്കിലും ആവശ്യപ്പെട്ടാല്‍, അയാളുടെ വില ഇടിയും. നമ്മുടെ ഭാവനയില്‍ അയാളുടെ വ്യക്തിപ്രഭാവത്തിന്‌ കോട്ടംതട്ടും.  അതുതന്നെ ഇവിടെയും സംഭവിച്ചു.  ദശരഥന്റെ വാക്കുകള്‍ നോക്കൂ.  ദശരഥന്‍  വിശ്വാമിത്രനോട്‌ അല്‍പം നീരസത്തോടെ പറഞ്ഞു, ഹേ മഹര്‍ഷേ...!!  "അങ്ങ്‌ തീരെ ആലോചിച്ചിട്ടല്ല പറഞ്ഞത്‌" !!  ഇവിടെ ദശരഥന്‍ വിശ്വാമിത്രനോട്‍ നീരസം പ്രകടിപ്പിക്കുന്ന രംഗം സരളമായി നമുക്ക്‌ കാണാം.  നമ്മുടെ ചിത്രം ഈ കണ്ണാടിയില്‍ കാണുന്നില്ലേ...  വസിഷ്ഠമുനിയുടെ ആശ്രമത്തില്‍ എല്ലാ വിദ്യകളും കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ദശരഥന്‍ പറയുന്നു, രാമലക്ഷണന്മാര്‍ എന്റെ രണ്ട്‍ കണ്ണുകളാണ്‌, അവര്‍ വളരെ ചെറിയ കുട്ടികളാണ്‌, അവര്‍ക്ക്‌ യുദ്ധത്തിനുള്ള പ്രായമൊന്നും ആയിട്ടില്ല.,  പരാക്രമശാലികളും, ദുഷ്ടരുമായ രാക്ഷസന്മാരെ നേരിടാന്‍ ഈ പിഞ്ചു ബാലകര്‍ക്ക്‌ കഴിയില്ല എന്ന്‌. 

ഏഷണാത്രയത്തിലെ, പുത്രേഷണ, മനുഷ്യനെ എവിടെ കൊണ്ടെത്തിക്കുന്നു എന്നതിന്‌ സുലളിതവും സുവ്യക്തവുമായ ഒരു ഉദാഹരണം; ഈ സംഭവത്തെ മനനം ചെയ്താല്‍ ബോധ്യപ്പെടും.  പേരും പെരുമയും വിദ്യാഭ്യാസവും സമ്പത്തും അറിവും ഒന്നും ഇതിനെ ബാധിക്കുന്നില്ല, അറിവില്ലാത്തപോലെ മാത്രമേ പെരുമാറൂ എന്നതിന്‌ ഒരു പ്രത്യക്ഷ ഉദാഹരണം.  ഇവിടെയും  ദശരഥന്റെ സ്ഥാനത്ത്‍ നാം നമ്മളെ പ്രതിഷ്ഠിക്കണം.  നമുക്കൊക്കെ മനനം ചെയ്യുന്നതിനും നമ്മുടെ കുറവുകളും തെറ്റുകളും തിരുത്തുന്നതിനുമാണ്‌ പൗരാണിക കഥകളെല്ലാം. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള കഥകളുടെ ആന്തരിക മര്‍മ്മം അറിഞ്ഞ്‌ പഠിയ്ക്കണം.  ഈ അന്ത:സ്സത്ത അറിയാതെ പോവരുത്‍.  അല്ലാതെ ഏതെങ്കിലും ഒരു കാലത്ത്‌ ഏതെങ്കിലും ഒരു മഹര്‍ഷിയോ ഒരു രാജാവോ ഉണ്ടായിരുന്നതിന്റെ കഥകള്‍ ഇന്ന്‌ പറഞ്ഞിട്ടെന്ത്‌ കാര്യം. ഇത്തരം ഗ്രന്ഥങ്ങളിലെ ഓരോ വരിയും നമ്മുടെ നിത്യജീവിതത്തില്‍ അത്യന്തം പ്രസക്തമാണ്‌....  

രാജാവ്‌ പറഞ്ഞു, ഹേ മഹര്‍ഷേ,  എന്റെ ഈ കുട്ടികളെക്കൊണ്ട്‍ യുദ്ധമൊന്നും ചെയ്യാന്‍ പറ്റില്ല, അങ്ങയുടെ കൂടെ ഇവരെ അയക്കുന്ന കാര്യം ചിന്തനീയമേ അല്ല. അതുകൊണ്ട്‍ ഞാന്‍ തന്നെ സേനയുമായി വരാം.  നമുക്ക്‌ ഇപ്പൊത്തന്നെ പുറപ്പെടാം.  

മഹര്‍ഷി രാജധാനിയിലേക്ക്‌  വന്നപ്പോള്‍ -എന്റെ പത്നിമാരും കുടുംബവും എല്ലാ ഐശ്വര്യവും, സകല സമ്പത്തും എന്നുവേണ്ട ഈ രാജ്യംതന്നെ അങ്ങയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു, അങ്ങയുടെ എന്ത്‌ ആവശ്യവും ഞാന്‍ ഉടന്‍ നിറവേറ്റിത്തരുന്നതായിരിക്കും,  എന്ന്‌ പറഞ്ഞ്‍ വളരെ വിനയാന്വിതനായി മഹര്‍ഷിയെ സ്വീകരിക്കുകയുമൊക്കെ ചെയ്ത രാജാവാണ്‌  - രാമലക്ഷ്‍മണന്‍മാരെ തന്റെ കൂടെ അയക്കണമെന്ന്‌ പറഞ്ഞത്‌ കേട്ടപ്പോള്‍,  നീരസം പ്രകടിപ്പിച്ചുകൊണ്ടുതന്നെ മഹര്‍ഷിയോട്‍ അസ്വീകാര്യത വെളിപ്പെടുത്തുന്നത്‍.  ദശരഥന്റെ ഈ കണ്ണാടിയില്‍ നമ്മെ ഒന്ന്‌ നോക്കിക്കാണുന്നത്‍ നന്നായിരിക്കും.  ദശരഥന്റെ ഈ വാക്കുകള്‍ നാമൊക്കെ ജീവിതത്തില്‍ പ്രയോഗിക്കാറുണ്ടോ  .............. ?

വിശ്വാമിത്രന്‍ പറഞ്ഞു,  മഹാരാജാവേ, അത്‌ വേണ്ട.  രാമനെയും ലക്ഷ്‍മണനെയും എന്റെ കൂടെ അയയ്ക്കൂ, അങ്ങയ്ക്ക്‌ കീര്‍ത്തിയും കുട്ടികള്‍ക്ക്‌ പ്രാപ്തിയും ഉണ്ടാവും.   വീണ്ടും ദശരഥന്‍ കുട്ടികളെ പറഞ്ഞയയ്ക്കാന്‍ പറ്റില്ല, എന്ന്‌ തീര്‍ത്തും പറഞ്ഞു,  എന്നാല്‍ രാമലക്ഷ്‍മണന്മാരെതന്നെ തന്റെ കൂടെ അയയ്ക്കണം എന്ന്‌ വിശ്വാമിത്രനും പറഞ്ഞു.  വേണമെന്ന്‌ വിശ്വാമിത്രനും പറ്റില്ലെന്ന്‌ ദശരഥനും. രംഗം വീക്ഷിച്ചുകൊണ്ടിരുന്ന വസിഷ്ഠന്‌ തോന്നി, ഇത്‌ നേര്‍ ദിശയിലേക്കല്ല നീങ്ങുന്നത്‍, ക്ഷിപ്രകോപിയായ വിശ്വാമിത്രന്‍ എന്തെങ്കിലും കടുംകൈ പ്രവര്‍ത്തിച്ചെങ്കിലോ എന്ന്‌ കരുതി, തന്റെ ശിഷ്യനായ ദശരഥനോട്‌ പറഞ്ഞു, അല്ലയോ രാജന്‍ -  വിശ്വാമിത്രമഹര്‍ഷി പറയുന്നത്‍ പോലെ പ്രവര്‍ത്തിയ്ക്കുക, അത്‍ അങ്ങയുടെ യശസ്സ്‌ വര്‍ദ്ധിപ്പിക്കും.  കുലഗുരുവായ വസിഷ്ഠന്റെ ഒരേയൊരു വാക്ക്‌, പിന്നീട്‍ ഒരക്ഷരം ഉരിയാടാതെ, ദശരഥന്‍ രാമലക്ഷ്മണന്മാരുടെ കൈ പിടിച്ച്‌ വിശ്വാമിത്രന്റെ കൈകളില്‍ ഏല്‍പ്പിച്ചു.   മഹാരാജാവ്‌ ദശരഥന്‌ ഗുരുവിലുള്ള ശ്രദ്ധ,  ഒരേയൊരു തവണ വസിഷ്ഠന്‍ പറഞ്ഞപ്പോഴേക്കും, ഒന്നും ചിന്തിക്കാതെ, ഒരക്ഷരം ഉരിയാടാതെ,  കുട്ടികളുടെ കൈകള്‍ വിശ്വാമിത്രന്റെ കൈകളില്‍ വെച്ച്‌കൊടുത്തു. രാജാവിന്റെ കര്‍ത്തവ്യമെന്നോ, ഋഷിയുടെ ആവശ്യമെന്നോ, ഗുരുആദേശത്തിന്റെ സ്വീകാര്യതയെന്നോ എന്ത്‍ തന്നെ വിശേഷം ചാര്‍ത്തിക്കൊടുത്താലും, ഗുരുവിലുള്ള അചഞ്ചല ശ്രദ്ധ ; ഗുരു പറഞ്ഞാല്‍ പിന്നെ അതിനെ ശിരസ്സാ വഹിച്ചുകൊള്ളുക, എന്ന സിദ്ധാന്തം, അത്‍ അത്യന്തം ശ്ലാഘനീയമാണ്‌. വസിഷ്ഠന്‍ പറഞ്ഞതോടെ എല്ലാ ആശങ്കകളും അറ്റു, എല്ലാ സംശയങ്ങളും നശിച്ചു,  ഇതാണ്‌ ഗുരുവിലുള്ള ശ്രദ്ധ, ഗുരുവിനോടുള്ള ആദരം.  

ഇന്ന്‌ നമുക്കെല്ലാവര്‍ക്കും ഗുരുവേണമെന്നൊക്കെ ഉണ്ട്‍. പക്ഷെ ഏങ്ങിനത്തെ ഗുരു. നാം ആഗ്രഹിക്കുന്നപോലെ, നാം പറയുന്നത്‍പോലെ പ്രവര്‍ത്തിക്കുന്ന, നമ്മുടെ എല്ലാ ദു:ഖങ്ങളും നശിപ്പിക്കാനുതകുന്ന ഒരു ഗുരു വേണം.  അതൊന്നും ഗുരുവാകില്ല. വെറും കുരു(കര്‍മ്മം)ആവും. 

രഘുവംശത്തിന്റെ കുലഗുരുവായ വസിഷ്ഠ മഹര്‍ഷി  ബ്രഹ്മാവിന്റെ മാനസപുത്രരില്‍ ഒരാളാണ്‌. എന്ത്‍ ചോദിച്ചാലും തരുന്ന കാമധേനു എന്ന പശുവും അതിന്റെ കുട്ടിയായ നന്ദിനിയും വസിഷ്ഠന്റെ സ്വന്തമായിരുന്നു. അരുന്ധതിയാണ്‌ വസിഷ്ഠ പത്നി.  ഋഗ്വേദത്തിന്റെ ഏഴാം മണ്ഡലത്തിലെ എല്ലാ മന്ത്രങ്ങളുടെയും ദര്‍ശിതാവ്‌ വസിഷ്ഠനാണ്‌.  യോഗവാസിഷ്ഠം, വാസിഷ്ഠ രാമായണം എന്നീ ക്ര്‌തികള്‍ വസിഷ്ഠഋഷി രചിച്ചതാണെന്ന്‌ കഥ.  ശക്തിമഹര്‍ഷി വസിഷ്ഠ-അരുന്ധതി ദമ്പതിമാരുടെ നൂറ്‍ പുത്രന്മാരില്‍ മൂത്ത പുത്രനാണെന്ന്‌ പറയപ്പെടുന്നു. പരാശര മഹര്‍ഷി വസിഷ്ഠന്റെ പൗത്രനും,  വ്യാസഋഷി പൗത്രന്റെ പുത്രനുമാണ്‌. ആയിരക്കണക്കിന്‌ ശിഷ്യസമ്പത്തുള്ള മഹര്‍ഷിയാണ്‌ വസിഷ്ഠന്‍. സരസ്വതീനദിയുടെ തീരത്താണ്‌ വസിഷ്ഠാശ്രമം.   ദേവേന്ദ്രന്‍ സമ്മാനമായി വസിഷ്ഠന്‌ കൊടുത്തതാണ്‌ കാമധേനു എന്ന പശു. 

മഹര്‍ഷി വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരെയും കൊണ്ട്‍  തന്റെ ആശ്രമത്തിലേക്ക്‌ നടന്നു. വഴിയിലെ രഞ്ജനാത്മകങ്ങളായ പലതും കണ്ട്‍കൊണ്ട്‍ രാമനും ലക്ഷ്‍മണനും വിശ്വാമിത്രനെ അനുഗമിച്ചു. ചെറിയ കുട്ടികളാണ്‌ രാമനും ലക്ഷ്‍മണനെന്നും അവര്‍ക്ക്‌ വിശക്കുമെന്നും അറിയുന്ന മഹര്‍ഷി, ബല അതിബല  മന്ത്രങ്ങള്‍ ഉപദേശിച്ചു.  വിശപ്പിനെ തടഞ്ഞുനിര്‍ത്താന്‍ കഴിവുള്ള മന്ത്രമാണിത്‌ എന്ന്‌ കുട്ടികളെ ധരിപ്പിച്ചു. വളരെ ഗൗരമായി പെരുമാറിയിരുന്ന വിശ്വാമിത്രന്‍, സ്നേഹനിധിയായ ഒരു പിതാവിനെപ്പോലെയായി മാറി.  പലതരം രസാത്മകമായ കഥകളും തമാശകളും കുട്ടികള്‍ക്ക്‌ പറഞ്ഞകൊടുത്തുകൊണ്ട്‍ യാത്ര തുടര്‍ന്നു.

നടന്നുപോകുന്ന വഴിയ്ക്ക്‌ വിശ്വാമിത്രന്‍ പറഞ്ഞു,  രാമാ.... ഇതാ, ഇവിടെ, ഈ കാട്ടിലാണ്‌ താടക എന്ന രാക്ഷസി കഴിയുന്നത്‍. നരഭോജിയാണവള്‍.  വിശ്വാമിത്രന്‍ താടകയുടെ ചരിത്രം പറയാന്‍ തുടങ്ങി.

സുരക്ഷ എന്ന യക്ഷന്റെ പുത്രനായി സുകേതു എന്ന സുപ്രസിദ്ധ യക്ഷനുണ്ടായിരുന്നു. പുത്രനില്ലാത്ത ദു:ഖം സുകേതുവിനെ വല്ലാതെ അലട്ടി.  തന്റെ തപോബലംകൊണ്ട്‍ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, തനിക്ക്‌  പുത്രപ്രാപ്തി ഉണ്ടാവണമെന്ന്‌ അപേക്ഷിച്ചു.  ബ്രഹ്മാവ്‌ പറഞ്ഞു, ഈ ജന്മത്തില്‍ പുത്രപ്രാപ്തിക്കുള്ള യോഗമില്ല, എന്നാല്‍ ഒരു പുത്രിയെ ലഭിക്കും. ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ സുകേതുവിന്‌ ഒരു പുത്രിയുടെ ഭാഗ്യമുണ്ടായി.  താടക എന്നായിരുന്നു പേര്‌. പുത്രനില്ലാത്ത ദു:ഖത്തെ മറികടക്കാനെന്നവണ്ണം,  ഇവള്‍ക്ക്‌ ആയിരം ആനകളുടെ ശക്കിയുണ്ടാകുമെന്ന്‌ ബ്രഹ്മാവ്‌ അനുഗ്രഹിച്ചു. ചെറുപ്പം മുതല്‍ക്കുതന്നെ ക്രൂരമായ കര്‍മ്മങ്ങളോടായിരുന്നു  താടകയ്ക്ക്‌ താല്‍പര്യം. താടകയ്ക്ക്‌ വിവാഹപ്രായമായി. സുന്ദന്‍ എന്ന ഒരു യക്ഷനുമായി താടകയുടെ വിവാഹം നടന്നു. താടകക്ക്‌ രണ്ട്‌ മക്കളുണ്ടായി. ഭര്‍ത്താവ്‌ സുന്ദന്‍ മദ്യലഹരിയില്‍ ഒരിക്കല്‍ അഗസ്‍ത്യമഹര്‍ഷിയുടെ ആശ്രമം അക്രമിച്ചു.  കോപാകുലനായ അഗസ്ത്യന്‍ തന്റെ തപശ്ശക്തിയാല്‍ സുന്ദനെ ഭസ്‍മമാക്കി. വിവരമറിഞ്ഞ താടക തന്റെ രണ്ട്‍ മക്കളുടെയും സഹായത്താല്‍ അഗസ്‍ത്യന്റെ ആശ്രമം ആക്രമിച്ചു.  താടക ഒരു രാക്ഷസിയായിപോകട്ടെ എന്നും,  നിങ്ങള്‍ രണ്ട്‍ പേരും രാക്ഷസരായി പോകട്ടെ എന്നും വസിഷ്ഠന്‍ താടകയെയും രണ്ട്‍ മക്കളെയും ശപിച്ചു.  പിന്നീട്‍ രാക്ഷസരാജാവായ രാവണന്റെ സഹായത്തോടെ താടകയും മക്കളും ഈ വനത്തില്‍ താമസമാക്കി. 

വിശ്വാമിത്രന്‍ പറഞ്ഞു, ഹേ രാമാ...  താടക എന്ന രാക്ഷസി ഇവിടെയാണ്‌ താമസം. അവളെ ഭയന്ന്‌ ആരും ഇതിലെ വഴി നടക്കാറില്ല. രാമനും ലക്ഷ്മണനും താടകയെ ഒന്ന്‌ കണ്ടാല്‍ കൊള്ളാമായിരുന്നു എന്ന്‌ തോന്നി. അത്‍ മഹര്‍ഷിയോട്‌ സൂചിപ്പിയ്ക്കുകയും ചെയ്തു. വിശ്വാമിത്രന്‍ രാമനോടായിക്കൊണ്ട്‍ പറഞ്ഞു, ആ വില്ലിന്റെ ഞാണ്‌ ഒന്ന്‌ വെറുതെ വലിച്ച്‌ വിട്ട്‌ ശബ്ദമുണ്ടാക്കിയാല്‍ മതി, താടക ഓടിയെത്തും. രാമന്‍ വില്ലിന്റെ ഞാണൊന്ന്‌ വലിച്ച്‌ വിട്ടു. ഭൂമണ്ഡലം വിറയ്ക്കുമാറ്‍ ഞാണിന്റെ ശബ്ദം ദിക്കുകളില്‍ അലയടിച്ചു. ശബ്ദം കേട്ട ഉടനെ, താടക അലറിക്കൊണ്ട്‌ ഓടിയടുത്തു. ഒരൊറ്റ ബാണംകൊണ്ട്‍ ഒരു മലപോലെ താടക വീണു. ശ്രീരാമന്‍ താടകയ്ക്ക്‌ മുക്തികൊടുത്തു. ഈ ഒരു രംഗം കണ്ടപ്പോള്‍ വിശ്വാമിത്രന്‌ പൂര്‍ണ്ണമായും ബോധ്യപ്പെട്ടു, ഭഗവാന്‍തന്നെ മാനവരൂപത്തില്‍ അവതരിച്ചിരിക്കുകയാണെന്ന്‌. വിശ്വാമിത്രനും താടകയെ വധിക്കാമായിരുന്നു. എല്ലാ രാക്ഷസന്മാരെയും ഇല്ലാതാക്കാമായിരുന്നു. പക്ഷെ അത്‌ മഹര്‍ഷിയുടെ ഈശ്വരോപാസനക്ക്‌ വിരുദ്ധമാണ്‌. ഗുരുനിന്ദയാണ്‌, വേദനിന്ദയാണ്‌.   വിശ്വാമിത്രന്‍ താടകയെ വധിച്ചാലും, താടകക്ക്‌ മുക്തി കൊടുക്കാന്‍ വിശ്വാമിത്രനെക്കൊണ്ട്‍ കഴിയില്ല. ഈ ദ്ര്‌ശ്യമാണ്‌ വിശ്വാമിത്രന്‌ കൂടുതല്‍ വിശ്വാസം ജനിപ്പിച്ചത്‍.  രാമലക്ഷ്മണന്മാരുടെ ആഗമനത്തോടെ സിദ്ധാശ്രമം വലിയതോതില്‍ സമ്പത്സമ്ര്‌ദ്ധമ്മായി. ഋഷിഗണങ്ങള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ കാണപ്പെട്ടു. 

ആശ്രമത്തിലെത്തി. അടുത്ത ദിവസംതന്നെ ഹോമാദികള്‍ തുടങ്ങി. മാരീച സുബാഹുമാര്‍ ഓടിയണഞ്ഞു. സുബാഹു എന്ന രാക്ഷസനെ ഒരൊറ്റ അമ്പുകൊണ്ട്‍ കാലപുരിക്ക്‌ അയച്ചു. മാരീചനെ മുനയില്ലാത്ത അമ്പൈത്‌ നാനൂറ്‌ യോജന ദൂരെ കാട്ടിലേക്ക്‌ എറിഞ്ഞു.  ഒരു പക്ഷെ രാമന്‌ അറിയാമായിരുന്നിരിക്കണം, മാരീചനെ തന്റെ  അലൗകിക നാടകത്തില്‍ വീണ്ടും ആവശ്യമുണ്ട്‍, അതുകൊണ്ട്‍ അവനെ വധിക്കാന്‍ പറ്റില്ല എന്ന്‌.   രാമ ചരിത്രത്തില്‍ ഈ നാനൂറ്‌ യോജനയുടെ കണക്ക്‌ പലയിടത്തും കാണുന്നുണ്ട്‍. മാരീചനെ എറിഞ്ഞത്‍ നാനൂറ്‍ യോജന ദൂരത്തേക്ക്‌, ഹനുമാന്‍ കടല്‍ ചാടിയത്‍ നാനൂറ്‌ യോജന,  പാലം പണിതത്‌ നാനൂറ്‍ യോജന...  അങ്ങിനെ പലയിടത്തും.  മായയ്ക്ക്‌ ബാധിക്കാനുള്ള അളവ്‍ നാനൂറ്‌ യോജനയാണ്‌ എന്ന്‌ മറ്റ്‍ പല ഗ്രന്ഥങ്ങളിലും കാണുന്നുണ്ട്‍.  രാമായണ കര്‍ത്താക്കളുടെ മനസ്സില്‍ ഈ നാനൂറിന്റെ അളവ്‍ അങ്ങിനെ കയറിക്കൂടിയതാവാം. രാമാനുഗ്രഹത്താല്‍ അവരും മായാക്ഷേത്രത്തില്‍നിന്ന്‌ മുക്തരായിത്തീര്‍ന്നു എന്ന്‌ എടുക്കുന്നതില്‍ സാംഗത്യമുണ്ട്.  സുബാഹുവിനെ പാവകാസ്ത്രം എന്ന ഒരൊറ്റ അസ്ത്രത്താല്‍ ആകാശത്ത്‍തന്നെ കത്തിച്ചുകളഞ്ഞു. മാരീചനെ മുനയില്ലാത്ത  മറ്റൊരു അമ്പ്‍കൊണ്ട്‍ നാനൂറ്‍ യോജന ദൂരത്തേക്ക്‌ എറിഞ്ഞു.  രാവണന്റെ അമ്മാവനാണ്‌ മാരീചന്‍.  കാലനേമി എന്ന രാക്ഷസന്‍ മാരീചന്റെ പുത്രനാണ്‌. കാലനേമിയെ ഹനുമാനാണ്‌ വധിക്കുന്നത്‍;. 

അടുത്ത ദിവസം വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരോട്‍ പറഞ്ഞു,  ഹേ കുട്ടികളേ,  എന്റെ യജ്ഞം നിങ്ങള്‍ മംഗളമാക്കി തീര്‍ത്തു.  ജനകമഹാരാജാവിന്റെ മിഥിലയില്‍ ഒരു യജ്ഞം അപൂര്‍ണ്ണമായി നില്‍ക്കുന്നുണ്ട്‍, അത്‍ ഒരു ചാപയജ്ഞമാണ്‌.  നമുക്ക്‌ അവിടേക്ക്‌ പോകാം.  ചാപയജ്ഞം എന്ന്‌ കേട്ടമാത്രയില്‍ത്തന്നെ രാമനും ലക്ഷ്മണനും അത് കാണണമെന്ന്‌ ആഗ്രഹമുണ്ടായി. എന്തായാലും ക്ഷത്രിയരല്ലേ, അമ്പ്‌ വില്ല്‌ ചാപം യുദ്ധം എന്നൊക്കെയുള്ള വാക്കുകള്‍ കേള്‍ക്കുമ്പോഴേക്കും അത്‌ കാണാനും പങ്കെടുക്കാനുമൊക്കെയുള്ള ഉത്സാഹം കാണാതിരിക്കില്ല.  പിറ്റെ ദിവസം തന്നെ വിശ്വാമിത്രന്റെ രക്ഷണത്തില്‍ അവര്‍ മിഥിലയിലേക്ക്‌ യാത്രയായി. 



അഭിപ്രായങ്ങളൊന്നുമില്ല: