2018 ഡിസംബർ 21, വെള്ളിയാഴ്‌ച

അടിക്കുപന്നിപോയി നിന്മുടിക്കൊരന്നവും



അടിക്കുപന്നിപോയി നിന്മുടിക്കൊരന്നവുംപറ-
ന്നടുത്തകണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ

"പലതായിതീരട്ടെ" എന്ന്‌ സദാശിവനുണ്ടായ ആഗ്രഹം മൂലമാണ്‌ വിഷ്ണുവും ബ്രഹ്മാവും ഉണ്ടായത്‍. ഉണ്ടായപ്പോള്‍ മുതല്‍ ബ്രഹ്മനും വിഷ്ണുവും തമ്മില്‍ വിവാദത്തിലായി, ക്ഷീണിയ്ക്കാതെ  യുദ്ധം ചെയ്തുകൊണ്ടുമിരുന്നു. സദാശിവന്‍ ചിന്തിച്ചു, ഇവരെന്തിനാണ്‌ ഇങ്ങനെ ഞാന്‍ സ്ര്‌ഷ്ടിക്കുന്നവന്‍, ഞാന്‍ പാലിക്കുന്നവന്‍ എന്നൊക്കെ പറഞ്ഞ്‍ യുദ്ധം ചെയ്യുന്നത്‍. ഈ യുദ്ധം തടയേണ്ടത്‍ അനിവാര്യമാണ്‌. ഓരോ ജന്തുവും ഞാനാണ്‌ വലിയവന്‍ എന്ന്‌ വിചാരിക്കുന്നു. ഇത്‌ ത്രിഭുവനത്തിനും ഹാനികരമാണ്‌.  സദാശിവന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട്‍, യുദ്ധം ചെയ്തുകൊണ്ടിരുന്ന ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മദ്ധ്യത്തില്‍ ഒരു അഗ്നിസ്തംഭമായി നിലകൊണ്ടൂ. ആദിയും അന്ത്യവുമില്ലാതെ എല്ലാ ലോകങ്ങളിലും വ്യാപിച്ചുനില്‍ക്കുന്ന അഗ്നികണ്ട്‍ ബ്രഹ്മനും വിഷ്ണുവും ആര്‍ത്തന്മാരായി നിലകൊണ്ടു. ആ സമയം ഒരു അശരീരി ശബ്ദം കേള്‍ക്കുകയുണ്ടായി.  "മൂഢന്മാരായ ബാലന്മാരേ, നിങ്ങളെന്തിനാണ്‌ പരസ്പരം യുദ്ധം ചെയ്യുന്നത്‍ ?  നിങ്ങളുടെ ബലാബലങ്ങള്‍ സദാശിവന്‍തന്നെ വിവേചിച്ച്‍തരും. നിങ്ങള്‍ കാണുന്ന ഈ അഗ്നിസ്തംഭം സദാശിവനാണ്‌. ഇതിന്റെ ആദിയും അന്തവും നിങ്ങള്‍ കണ്ട്‍പിടിയ്ക്കുക."  ഇത്രയുമായിരുന്നു ആ അശരീരി.

യുദ്ധമൊക്കെ തല്‍ക്കാലം നിര്‍ത്തി, രണ്ടുപേരും ആ അഗ്നിസ്തംഭത്തിന്റെ ആദിയും അന്തവും കണ്ടുപിടിയ്ക്കാനായി പുറപ്പെട്ടു. ആദിയും അന്തവുമില്ലാത്ത ശിവമയമായ ആ അഗ്നിസ്തംഭത്തിന്റെ ആദ്യന്തങ്ങള്‍ കണ്ടുപിടിക്കാന്‍പോയ ബ്രഹ്മനും വിഷ്ണുവും ജലത്തില്‍ പ്രതിബിംബിക്കുന്ന ചന്ദ്രനെ പിടിക്കാന്‍ പോകുന്ന കുട്ടിയെപ്പോലെയായിത്തീര്‍ന്നു. 

വിഷ്ണു സൂകര വേഷം പൂണ്ട്‍ (പന്നിയുടെ വേഷമെടുത്ത്‍) ആദി കണ്ടുപിടിക്കാന്‍ ഭൂമിയെ തുരന്നുകൊണ്ട്‍ താഴേക്ക്‌ പോയി. ബ്രഹ്മാവ്‌ ശിരസ്സ്‌ കണ്ടുപിടിക്കാന്‍  ഒരു ഹംസത്തിന്റെ രൂപമെടുത്ത്‌ മേലോട്ടും പോയി. ഭൂമി തുരന്ന്‌ തുരന്ന്‌ താഴേക്ക്‌ പോയ വിഷ്ണു അനേകകോടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഗ്നിസ്തംഭത്തിന്റെ മൂലം കണ്ടെത്തിയില്ല. അദ്ദേഹം ദാഹിച്ച്‌ വലഞ്ഞു. ദംഷ്ട്രങ്ങള്‍ വിശീര്‍ണ്ണങ്ങളായി, സന്ധിബന്ധങ്ങളെല്ലാം ഒടിഞ്ഞു, വരാഹരൂപം ധരിച്ചുകൊണ്ട്‍ നടക്കാനും ഉപേക്ഷിക്കാനും വയ്യാത്ത അവസ്ഥയിലായി, ഐശ്വര്യമൊക്കെ നഷ്ടപ്പെട്ടവനായി പരമശിവനെത്തന്നെ ശരണം പ്രാപിച്ചു.  ഹംസരൂപിയായ ബ്രഹ്മാവ്‌ ആകാശത്തേക്ക്‌ പറന്ന്‌ പറന്ന്‌  കോടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഗ്നിസ്തംഭത്തിന്റെ ശിരസ്സ്‌ കണ്ടെത്താനാവാതെ നില്‍ക്കുമ്പോള്‍ ഏതോ ചില സിദ്ധന്മാര്‍ പറയുന്നത്‍ കേട്ടു, നീ ശരിക്കും മൂഢന്‍തന്നെ, ദേഹപാതം ആസന്നമായിട്ടും അഹങ്കാരത്തിന്‌ കുറവൊന്നുമില്ലല്ലൊ, അപാരമായ ഈ തേജസ്സ്‌ കണ്ടുപിടിയ്ക്കാന്‍ വ്ര്‌ഥാ പരിശ്രമിക്കുന്നു. ഈ വിധത്തില്‍ കരുണാരൂപിയായ സദാശിവന്‍തന്നെ, വ്യാകുലചിത്തരായിത്തീര്‍ന്ന രണ്ടുപേരെയും പിന്‍തിരിപ്പിച്ചു.  ഈ കോടിക്കണക്കിന്‌ (മുപ്പത്തിമുക്കോടി)  ദേവന്മാര്‍  സ്ര്‌ഷ്ടിക്കപ്പെട്ടിരിക്കുന്നത്‍ ശിവതേജസ്സിന്റെ ഒരു പരമാണുവില്‍നിന്നാണ്‌. പരസ്പര വിദ്വേഷവും യുദ്ധവും എല്ലാം അവസാനിപ്പിച്ച്‌ പരമശിവനെ ശരണം പ്രാപിച്ചു. 

ബ്രഹ്മനും വിഷ്ണുവും എപ്രകാരമാണോ നിന്നെ ശരണം പ്രാപിച്ചത്‍, അതേപോലെ നിന്നെ ശരണം പ്രാപിയ്ക്കാനായി ഞാനും നിന്റെ അരികിലെത്തി. വിഷ്ണുവിനും ബ്രഹ്മനും നിന്നെ അറിയാനായിക്കൊണ്ട്‍ നീ എത്രയോ വര്‍ഷങ്ങള്‍ തന്നെ കൊടുത്തു. എന്നാല്‍ ഹേ അഗ്നിശൈലമേ, ഹേ അരുണാചലേശ്വരാ, നിന്റെ ആഴമോ ഉയരമോ അറിയുക എന്നത്‍ അവിടെ നില്‍ക്കട്ടെ, നിന്നെ മുഴുവനായി ഒന്ന്‌ നോക്കിക്കാണാനുള്ള സമയവും കൂടി നീ എനിക്ക് തന്നില്ല, അതിനുമുമ്പുതന്നെ,  നമ്മുടെ ആദ്യത്തെ കാഴ്ചയില്‍ത്തന്നെ, എന്നെ എടുത്ത്‌ നീ വിഴുഞ്ഞിക്കളഞ്ഞല്ലൊ, അതും എന്റെ സകല ഇന്ദ്രിയങ്ങളോടും കൂടിത്തന്നെ. ഇപ്പൊ ഞാന്‍ നിരിന്ദ്രിയനാക്കപ്പെട്ടുവല്ലൊ. ഇനി നീ പറയുന്നത്‍പോലെ ഞാന്‍ ചെയ്യും, എന്റെ സകല നടനവും (ചെയ്തികളും) നിനക്കായിട്ടുള്ള നമസ്കാരങ്ങളാവട്ടെ. വീണ്ടും വീണ്ടും നമിക്കുന്നു.

ഒന്നുകില്‍ ശ്രേയസ്സ്‌ അല്ലെങ്കില്‍ പ്രേയസ്സ്‌.  ശ്രേയസ്സാണ്‌ വേണ്ടത്‍ എന്ന്‌ അര്‍ജ്ജുനന്‍ സൂചിപ്പിച്ചു കഴിഞ്ഞു. അതിന്‌ സ്വധര്‍മ്മാനുഷ്ഠാനമാണ്‌ മരുന്ന്‌. സ്വധര്‍മ്മം അനുഷ്ഠിക്കുമ്പോള്‍ മരിച്ചുപോയാലും അത്‍ ശ്രേയസ്സിന്‌ പാത്രമാകുന്നു  - സ്വധര്‍മ്മേ നിധനം ശ്രേയ -  എന്ന്‌ ഭഗവാന്‍ പറയുന്നു.   ശ്രേയസ്സ്‍ എന്നാല്‍ ആത്മദര്‍ശനം, മോക്ഷം, എന്നൊക്കെ ഇവിടെ അര്‍ത്ഥം.

അതുകൊണ്ട് ശ്രേയോ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ഉപദേശിച്ചു.   ഇത്‍ അര്‍ജ്ജുനനുള്ളതല്ല, നമുക്കൊക്കെ ഉള്ളതാണ്‌. സ്വധര്‍മ്മാനുഷ്ഠാനം കൊണ്ടേ ശ്രേയസ്സിനെ പുണരാനൊക്കൂ...

മനസ്സിനെ പഠിയ്ക്കുക, മനസ്സിലെ സ്പന്ദനങ്ങളെ കാണുക



മനസ്സാണ്‌ ലോകം അഥവാ ജഗത്‍. ഇന്ദ്രിയങ്ങളെയും പ്രാണനെയും ചലിപ്പിക്കുന്നത്‍ മനസ്സാണ്‌. ബന്ധനത്തിനും ബന്ധമോചനത്തിനും അഥവാ മുക്തിക്കും കാരണക്കാരന്‍ മനസ്സുതന്നെ. മനസ്സിനെ കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും  ഗഹനമായ പഠനം നടത്തിയാല്‍ മാത്രമേ വേദാന്തലോകത്തേക്ക്‌, അധ്യാത്മലോകത്തേക്ക്‌,  പ്രവേശിക്കാന്‍ പറ്റൂ. വേദാന്തത്തിലേക്ക്‌ എന്ന്‌ മാത്രമല്ല, ഏതൊരു കാലഘട്ടത്തിലൂടെയാണോ നാം കടന്നുപോകുന്നത്‍, അതിലെ സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങള്‍, ബഹുവിധത്തിലുള്ള ദു:ഖങ്ങള്‍, ഇതെല്ലാം അറിയാന്‍ മനസ്സിനെ കുറിച്ച്‌ നല്ലപോലെ പഠിക്കേണ്ടിയിരിക്കുന്നു.

മനസ്സിന്റെ ദേവത ചന്ദ്രനാണ്‌, സോമനാണ്‌. ചന്ദ്രന്‍ തണുപ്പാണ്‌. ചന്ദ്രതത്വംതന്നെ ജലമാണ്‌. (ആപ). ജലത്തിന്റെ സ്വഭാവമാണ്‌ താഴേക്ക്‌ ഒഴുകുക എന്നത്‍. അതു തന്നെയാണ്‌ മനസ്സ്‌ എപ്പോഴും താഴ്ന്ന തലങ്ങളിലൂടെ, ഇന്ദ്രിയവിഷയകമായ, അനാത്മകമായ വഴിയേ സഞ്ചരിക്കുന്നത്‌.

ബാഹ്യമായ ചെവി, കണ്ണ്‌ തുടങ്ങിയവ ഒക്കെത്തന്നെ ഉപകരണങ്ങളാണ്‌. ഇന്ദ്രിയങ്ങളെന്ന്‌ പറയുന്നത്‍ കണ്ണുകൊണ്ട്‍ കാണാവുന്ന ചെവിയും കണ്ണും മൂക്കും ഒന്നുമല്ല.  ചെവിയുടെയും മൂക്കിന്റെയും മറ്റുമൊക്കെയുള്ള  ഇന്ദ്രിയങ്ങള്‍  സൂക്ഷ്മങ്ങളാണ്‌, അവ സൂക്ഷ്മ ശരീരത്തിലാണ്‌ കിടക്കുന്നത്‍. ബുദ്ധിയിലിരിക്കുന്ന കേള്‍ക്കാന്‍ സഹായിക്കുന്ന ഞെരമ്പും കാണാന്‍ സഹായിക്കുന്ന സങ്കേതവും,   അല്ലെങ്കില്‍ ഞെരമ്പും, ഏതെങ്കിലും വിധത്തില്‍ ബാധിച്ചിട്ടുണ്ടെങ്കില്‍, കേള്‍ക്കാനോ കാണാനോ സാധ്യമാവില്ല.  ഇതുതന്നെയാണ്‌ മറ്റേ ഓരോ ഇന്ദ്രിയത്തിന്റെയും നില.

ഇന്ദ്രിയങ്ങളുടെ സ്ഥൂലമായ അവയവങ്ങള്‍ ഉണ്ടായിരുന്നിട്ടും,  ഇന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കാന്‍ സൂക്ഷ്മ ഇന്ദ്രിയങ്ങളും, അതിന്റെ അധിഷ്ഠാധ്ര്‌ ദേവതകളും, ബുദ്ധിയും ഒക്കെ ഉണ്ടായിരുന്നിട്ടും, അവയെല്ലാംതന്നെ ഗാഢ സുഷുപ്തിയില്‍ നിശ്ചലമാവുകയും,
എല്ലാ ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തി മനസ്സ്‌ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. അവയവങ്ങളെല്ലാം വെറും ആലംകാരിക  മാംസക്കഷണങ്ങളായി  മാറുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും മനസ്സ്‌ ഏറ്റെടുക്കുന്നു. സത്യത്തില്‍ ജാഗ്രത്തിലും ഇതുതന്നെയാണ്‌ നടക്കുന്നത്‍, കാണലും കേള്‍ക്കലും മണക്കലും എന്ന്‌വേണ്ട ഐന്ദ്രിയപരമായ എല്ലാ ജോലിയും മനസ്സുതന്നെയാണ്‌ ചെയ്യുന്നത്‍. അതുകൊണ്ട്‍ ശരിയായ ഇന്ദ്രിയങ്ങളെല്ലാം അകമേയാണ്‌, കണ്ണിലെ ക്ര്‌ഷ്ണമണി, ബാഹ്യമായ ചെവി, മൂക്ക്‌ കയ്യ്‌ കാല്‌ തുടങ്ങിയ സകലതും ഉപകരണങ്ങള്‍ മാത്രമാണെന്ന്‌ അറിയുക.  അന്ധനായ ഒരു വ്യക്തിയ്ക്ക്‌ പത്ത്‍ രൂപ നോട്ടിന്റെ വലിപ്പത്തിലും കനത്തിലും ഒരു കടലാസ്സ്‍ കൊടുത്താല്‍, ആ അന്ധന്‌ അറിയാം, ഇത്‍ രൂപയല്ല, വെറുമൊരു കടലാസ്സാണെന്ന്‌. അപ്പൊ കാണുന്നത്‍ ബാഹ്യമായ ഈ കണ്ണല്ല. അതുപോലെത്തന്നെ ഓരോ ഇന്ദ്രിയങ്ങളും.

സങ്കല്‍പവികല്‍പ്പങ്ങളാണ്‌ മനസ്സിന്റെ ധര്‍മ്മം.  മനസ്സ്‌ ചിന്തിക്കുന്നു, എനിക്ക്‌ മദിരാശിവരെ ഒന്ന്‌ പോകാനൊക്കുമോ, ഇല്ലയോ..എന്ന്‌.  ബുദ്ധി അതിന്റെ ഇടക്ക്‌ കയറിയിട്ട്‌ പറയും, പോണം, പോയേ തീരൂ. അഹംകാരം അതിനെ ഒന്നുകൂടി പോഷിപ്പിക്കുന്നു. സംസ്കാരാദികളെ മുഴുവന്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്തം മദിരാശിവരെ പോകാനുള്ള ഉത്തരവ്‌ കൊടുക്കും, എനിക്ക്‌ പോണം എന്ന്‌ ഉത്തരവിറക്കും. അത്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ അതിനുള്ള കല്പനകള്‍ കൊടുക്കും. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ പണിയെടുക്കാന്‍ തുടങ്ങും. കണ്ണ്‌ കാണാന്‍ തുടങ്ങും, കാല്‌ നടക്കാന്‍ തുടങ്ങും, ഇത്യാദികളൊക്കെ.

മനസ്സിലുണ്ടാകുന്ന ഓരോ സ്പന്ദനങ്ങളെയും ശ്രദ്ധിക്കുക. ഒരാള്‍ ചീത്ത വിളിച്ചാല്‍ ദു:ഖം തോന്നുന്നു. പുകഴ്ത്തിയാല്‍ എന്തോ ഒരു സുഖവും തോന്നുന്നു. പുകഴ്ത്തുന്ന സമയത്ത്‍ മനസ്സ്‍ വികസിക്കുന്നു. അധിക്ഷേപിക്കുമ്പോള്‍, നിന്ദിയ്ക്കുമ്പോള്‍,  ഇകഴ്ത്തുമ്പോള്‍ ഒക്കെ മനസ്സ്‌ ചുരുങ്ങുന്നു.  മനസ്സിന്റെ ഈ വക ചലനങ്ങളെ, അതിന്റെ സ്പന്ദനങ്ങളെ, സൂക്ഷ്മമായി നിരീക്ഷണം ചെയ്താല്‍ മനസ്സിന്റെ മറ്റ്‍ പ്രവര്‍ത്തികളെല്ലാം മെല്ലെമെല്ലെ അടങ്ങും,  മനസ്സ്‍ നിശ്ചലമാകും,  അതുതന്നെ ഒരു സാധനയായി മാറും, മനസ്സ്‌ ആ ഏകാത്മകത്വമായ അഖണ്ഡമായ നിരുപാധികമായ ആനന്ദത്തിന്റെ അനുഭൂതി കൈവരും.

2018 ഡിസംബർ 12, ബുധനാഴ്‌ച

ഓരോ ജീവന്റെയും ജീവന്‍ ഓരോ വിധം




ഓരോ ജീവനും ഓരോ വിധത്തിലാണ്‌ ഈ ഭൂമിയിലേക്ക്‌ വരുന്നത്. ഓരോരുത്തരും ഓരോ രീതിയിലാണ്‌ ഈശ്വരനുമായി സംവദിക്കുന്നത്. ചിലര്ജ്ഞാനമാര്ഗ്ഗത്തിലൂടെ സഞ്ചരിച്ച്‌ ഈശ്വരന്റെ അനിര്വ്വചനീയങ്ങളായ മഹത്വത്തെ അറിഞ്ഞ്അതില്ത്തന്നെ രമിക്കുന്നു. ഈശ്വരന്റെ അത്യന്ത ക്ര്‌പാസാഗരത്തിന്റെ മാഹാത്മ്യം അറിഞ്ഞ്അതില്ത്തന്നെ രമിക്കുന്നു മറ്റു ചിലര്. ഇക്കാണുന്നതൊക്കെയും ഭഗവല് മാഹാത്മ്യംതന്നെ എന്നറിഞ്ഞ് അതിനെ ചിലര് പദേപദേ നമിച്ചുകൊണ്ടിരിക്കുന്നു. ചിലര് ആ മാഹാത്മ്യത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. ഇനി വേറെ ചിലര്കുന്തീദേവിയെപ്പോലെയും ശബരിയെപ്പോലെയും ഈശ്വരനുവേണ്ടി കണ്ണീരൊഴുക്കിക്കൊണ്ടിരിക്കുന്നു. വീണ്ടും എത്രയോ പേര് നല്ലഭാവനയോടെത്തന്നെ ഭഗവാനെ ചീത്തപറഞ്ഞുകൊണ്ടും, അസഭ്യം വിളിച്ചുകൊണ്ടും ഇരിക്കുന്നു. ഇതൊക്കെ എന്താ ഭഗവാനേ ഇങ്ങനെ എന്ന്‌ ഭഗവാനോട്തന്നെ ചോദിച്ചാല്ഭഗവാന് പറയും, ആരൊക്കെ എന്തൊക്കെ ഏതെല്ലാം വിധത്തില് എന്നെ സ്മരിക്കണമെന്ന്‌ ഞാന്തന്നെ വിധിച്ചിട്ടുള്ളതാണ്‌. ഇക്കാണുന്ന ജഗത്ത്‌ ഒരുപോലെയല്ല വിധാനം ചെയ്തിട്ടുള്ളത്. ഓരോ ജീവജാലത്തിനും, ജീവനുള്ളതിനും ജീവനില്ലാത്തതിനും, ഏതേത് വിധം ഇവിടെ നിലനില്ക്കേണ്ട കാലത്തോളം നിലനില്ക്കണോ, അതിനായിട്ടാണ്‌ ഈ രചന. ഇതൊക്കെ എന്റെതെന്നെ നാടകമാണ്‌, കേളിയാണ്‌. അതുകൊണ്ട് നിനക്ക്‌ തന്നിട്ടുള്ള രംഗം നീ ഭംഗിയാക്കി ആടി തീര്ക്കുക. അതില് ഞാന്സന്തുഷ്ടനായിരിക്കും.

2018 ഡിസംബർ 11, ചൊവ്വാഴ്ച

സമാധിയ്ക്ക്‌ പ്രവര്‍ത്തിയ്ക്കണോ ?



സമാധിയ്ക്ക്‌ പ്രവര്‍ത്തിയ്ക്കണോ ?

അത്‍ എന്താണ്‌, ഇതെന്താണ്‌, അതെങ്ങിനെ നേടാം, അത്‍ കിട്ടാന്‍ എന്ത്‍ ചെയ്യണം, എന്തെങ്കിലും പ്രത്യേക പ്രയോഗം വല്ലതും വേണോ, ഉപവാസം വേണോ, കാട്ടില്‍ പോയി ഇരിയ്ക്കണോ....   എന്ന്‌ തുടങ്ങി ഒരുപാടൊരുപാട്‌ സംശയങ്ങളും കൊണ്ടാണ്‌ പലരും മഹാത്മാക്കളെ സമീപിക്കുന്നത്‍.  ഈ സംശയമൊക്കെ തന്റെ അകമെ ഉള്ളതുതന്നെയാണ്‌.   ഒരു സത്യം മാത്രം അറിഞ്ഞിരിക്കുന്നത്‍ നല്ലതാണ്‌.  എന്തെങ്കിലും ചെയ്യുന്നതുകൊണ്ടോ, എന്തെങ്കിലും ചെയ്തതുകൊണ്ടോ സമാധിയൊന്നും കിട്ടില്ല, ഈശ്വരനെയൊന്നും കിട്ടില്ല.  ’ചെയ്യുന്നവന്‍’ നിലനില്‍ക്കുന്നിടത്തോളം സമാധിയും വരില്ല, ഈശ്വരനെയും കിട്ടില്ല.  ശ്രൂതി വളരെ സ്പഷ്ടമായിത്തന്നെ പറയുന്നുണ്ട്‍, ന ധനേന - ധനംകൊണ്ട്‌ നേടാനൊക്കില്ല,  ന കര്‍മ്മണാ,  - ഒരു കര്‍മ്മംകൊണ്ടും നേടാനൊക്കില്ല,  ന പ്രജയാ  -  സന്താനങ്ങളെ (ഉല്പാദിപ്പിച്ചതു)കൊണ്ട്‍ നേടാനൊക്കില്ല, എന്നൊക്കെ വേദംതന്നെ പറയുന്നു.   ശങ്കരാചാര്യരെപ്പോലത്തെ ആചാര്യന്മാരും അതുതന്നെ ഓതിയിരിക്കുന്നു.  ഭഗവത്‍ ഗീതയില്‍ ശ്രീക്ര്‌ഷ്ണ പരമാത്മാവും അതുതന്നെ പറഞ്ഞിരിക്കുന്നു, സകല കര്‍മ്മങ്ങളും മാറ്റിവെയ്ക്കുന്നുവെങ്കില്‍ മാത്രമേ ജ്ഞാനലബ്ധി ഉണ്ടാകൂ എന്ന്‌.  ഈ സംശയങ്ങളും, ഈ കര്‍മ്മകലാപങ്ങളും എല്ലാം എപ്പോള്‍  സംശയിക്കുന്നവനില്‍ത്തന്നെ വിലീനമാകുന്നുവോ, അവനില്‍ത്തന്നെ  ഇല്ലാതായിത്തീരുന്നുവോ, അതുതന്നെയാണ്‌ സമാധി.  ഈ സംശയങ്ങളെല്ലാം അടങ്ങിക്കിട്ടാനാണ്‌ സദ്‍ഗുരുവിന്റെ ഉപദേശം ഉണ്ടാവണ്ടത്‍.
 ഒരു ഏകദേശ ഉദാഹരണം എന്ന നിലക്ക്‌ നമുക്ക്‌ പറയാം,  സകല സംശയങ്ങളും, ചോദ്യങ്ങളും ഉറങ്ങാന്‍ കിടന്നാല്‍ അവനവനില്‍ത്തന്നെ വിലീനമാകുന്നു, അതോടെ അവിടെ ഭഗവത്‍ സാന്നിദ്ധ്യം ഉണ്ടാകുന്നു. ചത്തപോലെ കിടക്കുന്നതുകൊണ്ട്‍, ഭഗവാന്‍ നമ്മുടെ അകത്തും പുറത്തും ഉണര്‍ന്നിരിക്കുന്നു. ആ സാന്നിദ്ധ്യം  അവിടെ ഉണ്ടാകുന്നതുകൊണ്ടാണ്‌,  ഉറക്കത്തില്‍ അത്യന്തം സുഖമായി ഇരിക്കുന്നത്‍.  അതേ അവസ്ഥതന്നെ ഉണര്‍ന്നിരിക്കുന്ന സമയത്ത്‍, ജാഗ്രത്തില്‍ സജ്ജമാക്കണം. അപ്പോള്‍ അതിനെ സമാധി എന്ന്‌ പറയും.