2017 നവംബർ 13, തിങ്കളാഴ്‌ച

വേഗധാരണം രോഗ കാരണം

ആയുര്‍വേദത്തില്‍ ചില വേഗങ്ങളെപ്പറ്റി പറയുന്നുണ്ട്‍. വേഗത്തിന്‌ ഗതി, സ്പീഡ്‍ എന്നൊക്കെ സാധാരണ പറയും. 

ചിരി
അതില്‍ ഒന്നാണ്‌ ചിരി. ചിരിക്കാന്‍ തോന്നുക. മസ്തിഷ്കത്തില്‍ പീനിയല്‍ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഒരു രസായനം ചിരിക്കാന്‍ സഹായിക്കുന്നു. ചിരിക്കാനുള്ള ഒരു സാഹചര്യമുണ്ടായാല്‍ പെട്ടെന്ന്‍ ചിരിവരുന്നതായി നമുക്ക്‍ തോന്നുന്നു, എന്നാല്‍ ആദ്യം പീനിയല്‍ഗ്രന്ഥി ആ രസായനം ഉല്പാദിപ്പിക്കും, എന്നിട്ടേ ചിരിക്കാന്‍ പറ്റു. അതിന്റെ ഉല്പാദനവും ചിരിക്കുക എന്ന പ്രക്രിയയും സെക്കന്റുകൊണ്ട്‍ നടക്കും.  കാരണമില്ലാതെ ചിരി വരും. എന്തെങ്കിലും കാണുമ്പോഴോ കേള്‍ക്കുമ്പോഴോ ഒക്കെ ചിരിവരും.  കാരണം എന്ത്‍തന്നെയായാലും, ചിരി ഒരു വേഗമാണ്‌. ചിരിക്കുമ്പോള്‍ ഒരു ഭാവന ഉടലെടുക്കും, കൂടാതെ ശരീരത്തില്‍ ചില രസങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യും. രസമില്ലാതെ, ഭാവനയില്ലാതെ ചിരി ഉണ്ടാവില്ല. മാത്രമല്ല, ചിരി വരാതെ, വെറുതെ മറ്റുള്ളവരെ കാണിയ്ക്കാന്‍വേണ്ടി ചിരിക്കുകയും അരുത്‍. വെറുതെ ഇളിച്ച്‍ കാണിക്കുമ്പോള്‍ അതും മസ്തിഷ്കത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നു. ചിരിയ്ക്കാനുള്ള രസായനം ഉല്പാദിപ്പിക്കാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ അതിന്റെ ഉല്പാദനം നടക്കൂ. സ്വമേധയാ വരുന്ന ഒന്നായതുകൊണ്ട്‍ അതിനെ തടയാനും പാടില്ല. ചിരിയെ തടഞ്ഞ്‍ ചിരിക്കാതിരിക്കുന്നത്‍ കൂടുതല്‍ മസ്തിഷ്കസംഘര്‍ഷം ഉണ്ടാക്കും. അതുകൊണ്ട്‍ ചിരി വന്നാല്‍ ചിരിക്കുകതന്നെ വേണം.

കരുതിക്കൂട്ടി, അല്ലെങ്കില്‍ നിര്‍ബ്ബന്ധിച്ച്‍ ചിരിക്കുകയുമരുത്‍. കരുതിക്കൂട്ടി ചിരിക്കുന്നത്‍ തീര്‍ത്തും മെക്കാനിക്കല്‍ / യാന്തികമാണ്‌. അങ്ങിനെ ചിരിക്കുമ്പോള്‍ അതില്‍ രസമോ ഭാവനയോ ഇല്ല. ലാഫിങ്ങ്‍ ക്ലബ്ബുകളും മറ്റും ധാരാളം ഉള്ള കാലമാണിപ്പോ. അവിടെ പോയി ചിരിക്കുന്നവരും ഉണ്ട്‍. എന്നാല്‍ എന്തെങ്കിലും തമാശ പറഞ്ഞിട്ടോ എന്തെങ്കിലും ചേഷ്ടകള്‍ കാട്ടിയിട്ടോ ഒക്കെ ചിരിക്കുന്നത്‍ ശരിയാണ്‌. വെറുതെ ഹ ഹ ഹ എന്ന്‍ ചിരിക്കുമ്പോള്‍ അതില്‍ രസവുമില്ല, ഭാവനയുമില്ല. അങ്ങിനെ യാന്തികമായി ചിരിച്ചാല്‍ അത്‍ വയറ്‍ കൊളുത്തുമെന്നല്ലാതെ പ്രയോജനമൊന്നും ഇല്ല. യാന്ത്രികമായുള്ള ചിരി ശരീരത്തെ സംബന്ധിച്ചിടത്തോളം വാമമാര്‍ഗ്ഗീയമാണ്‌. അത്‍ extreme left ആണ്‌. ചിരിയെ നിയന്ത്രിക്കുക എന്നത്‍ extreme right ആണ്‌. ഭാരതത്തില്‍ മധ്യമാര്‍ഗ്ഗീയതയാണ്‌ എല്ലാറ്റിനും വിധിച്ചിട്ടുള്ളത്‍.  ചിരി ഒരു വേഗമായതുകൊണ്ട്‍ അതിനെ തടയരുത്‍ എന്ന്‍ ആയുര്‍വ്വേദം പറയുന്നു.

തുമ്മല്‍
മറ്റൊരു വേഗമാണ്‌ തുമ്മല്‍. തുമ്മല്‍ വന്നാല്‍ അതിനെ തടയാനോ നിയന്ത്രിക്കാനോ പാടില്ല. അത്‍ സ്വച്ഛന്ദം നടക്കണം. കരുതിക്കൂട്ടി, നിര്‍ബ്ബന്ധിച്ച്‍ മൂക്കില്‍ എന്തെങ്കിലും ഇട്ട്‍ തിരിച്ച്‍, തുമ്മാനും പാടില്ല. നിര്‍ബ്ബന്ധിച്ച്‍ തുമ്മിയാല്‍ 14 തരം രോഗങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന്‍ ആയുര്‍വ്വേദ ആചാര്യനായ വാഗ്‍ഭടന്‍ അഷ്ടാംഗഹ്ര്‌ദയത്തില്‍ പറയുന്നുണ്ട്‍. സ്വാഭാവികമായി തുമ്മല്‍ വരുമ്പോള്‍ തുമ്മണം. അതിനെ നിരോധിക്കരുത്‍. ശരീരത്തിന്റെ എന്തോ ഒരു പ്രതികരണഭാവമാണ്‌ തുമ്മല്‍. പലവിധ വഴികളും ഉണ്ടെങ്കിലും
അഴുക്കുകളെ പുറംതള്ളാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്‌ തുമ്മല്‍. വായുവിലൂടെ, വെള്ളത്തിലുടെ ഒക്കെ ശരീരത്തിലേക്ക്‍ കടന്നുവരുന്ന പലതരം പൊടിപടലങ്ങളെ തുമ്മലിലൂടെ പുറത്തേക്ക്‍ തള്ളുന്നതിനാണ്‌ തുമ്മുന്നത്‍. ശരീരത്തിന്റെ ഒരാവശ്യമാണത്‍. അതുകൊണ്ട്‍ തുമ്മാന്‍ തോന്നുമ്പോള്‍ തുമ്മുകതന്നെ ചെയ്യണം.

ദാഹം
ദാഹം ഒരു വേഗമാണ്‌. ദാഹിച്ചാല്‍ വെള്ളം കുടിച്ചിരിക്കണം. അതും സഹിച്ചുകൊണ്ടിരിക്കരുത്‍, ദാഹത്തെ തടയരുത്‍. വെള്ളം കുടിക്കുന്നതിന്‌ വിധി പറഞ്ഞിട്ടുണ്ട്‍. അത്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വെള്ളം ചമ്രംപടിഞ്ഞിരുന്നേ കുടിക്കാവൂ. ഓരോ ഇറക്ക്‍ വെള്ളമെടുത്ത്‍ അത് അല്പനേരം വായില്‍ വെച്ചതിനുശേഷം ഇറക്കുക. മൂന്നോ നാലോ സെക്കന്റ്‌ വായില്‍വെച്ചാല്‍മതി, അത്‍  ഇറക്കിയതിനുശേഷം അടുത്ത വായ്‍ വെള്ളം എടുത്ത്‍ മൂന്നോനാലോ സെക്കന്റിനുശേഷം ഇറക്കിയിട്ട്‍ അടുത്ത ഇറക്ക്‍ എടുക്കുക. ഒരു മ്‍ട്‌ക്ക്‍ എന്ന്‍ നാം സാധാരണ പറയും.   ഒറ്റയടിക്ക്‍ വെള്ളം കുടിക്കരുത്‍. അങ്ങനെ കുടിക്കുന്നതുകൊണ്ട്‍ രണ്ട്‍ തരം രോഗങ്ങള്‍ക്ക്‍ കാരണമാകുമെന്ന്‍ പറയുന്നു. ഒന്ന്‍ ഹര്‍ണിയ. ആന്തത്തിന്റെ ഇറക്കം എന്ന്‍ ആയുര്‍വ്വേദത്തില്‍ ഇതിനെ പറയും. മറ്റൊരു രോഗമാണ്‌ അപ്പന്റിസൈറ്റിസ്‍. അപ്പന്റിസൈറ്റിസ്‍ ഉണ്ടാവാനും ഒറ്റയടിക്കുള്ള വെള്ളംകുടി സഹായകമാകും.  അറുപത്‍ വയസ്സിനു മീതെയുള്ളവര്‍ ഒറ്റയടിക്ക്‍ വെള്ളം കുടിക്കുന്നുവെങ്കില്‍ ഹൈഡ്രോസില്‍ വരാനും പ്രോസ്‍ട്രേറ്റ്‍ രോഗമുണ്ടാവാനും സാധ്യതയുണ്ട്‍. ഇതെല്ലാം ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്‌.  അതുകൊണ്ട്‍ ദാഹം  തോന്നുമ്പോള്‍ വെള്ളം കുടിക്കണം. ദാഹത്തെ നിരോധിച്ചാല്‍ 58 വിധം രോഗങ്ങള്‍ക്ക്‍ സാധ്യതയുണ്ടെന്ന്‍ ആയുര്‍വ്വേദം.  നല്ല ദാഹമുണ്ട്‍, പക്ഷേ ഞാന്‍ വെള്ളം കുടിക്കുന്നില്ല... ഇതാണ്‌ ദാഹത്തിനെ നിരോധിക്കുക എന്ന്‍ പറയുന്നത്‍. ജലപാനം ചെയ്യാന്‍ അനുവദിക്കാത്ത ഏകാദശി നോല്‍മ്പ്‍ പോലത്തെ ചില വ്രതങ്ങളുണ്ട്‍. അതെടുക്കുമ്പോള്‍ എന്ത്‍ ചെയ്യും എന്ന്‍ സംശയം വരും. അഷ്ടാംഗഹ്ര്‌ദയപ്രകാരം, അത്തരം വ്രതങ്ങള്‍ എടുക്കാന്‍ മനസ്സ്‍ പക്വമായാല്‍ മാത്രമേ അതൊക്കെ അനുഷ്ഠിയ്ക്കാവൂ എന്നാണ്‌ പറയുന്നത്‍. അല്ലെങ്കില്‍ വ്രതത്തില്‍നിന്ന്‍ ലഭിക്കുന്ന ഗുണത്തേക്കാളേറെ ആരോഗ്യപരമായ ദോഷങ്ങളായിരിക്കും ലഭിക്കുക.

പക്ഷികള്‍ എല്ലാം സിപ്പ്‍ സിപ്പ്‍ ആയേ വെള്ളം കുടിക്കൂ. പട്ടികളെ നോക്കുക, ആട്‍ പോത്ത്‍ കഴുത കുതിര ഇവയെ ഒക്കെ ശ്രദ്ധിക്കുക. അവയൊക്കെ സിപ്പ്‍ സിപ്പ്‍ ആയിട്ടേ വെള്ളം കുടിക്കുകയുള്ളു. മനുഷ്യനും അതുപോലെത്തന്നെ സിപ്പ്‍സിപ്പ്‍ ആയിട്ടേ വെള്ളം കുടിക്കാവൂ എന്ന്‍ ആയുര്‍വ്വേദം നിഷ്കര്‍ഷിക്കുന്നു.

ദാഹമില്ലാതെ വെള്ളം കുടിക്കാമോ എന്ന സംശയത്തിനും സമാധാനം കൊടുത്തിരിക്കുന്നു. രാവിലെ ഉണര്‍ന്ന ഉടനെ ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കാം. അവിടെയും കുടിക്കാനുള്ള രീതി ആദ്യം പറഞ്ഞതുതന്നെ. ചമ്രംപടിഞ്ഞ്‍ ഇരിക്കുന്നത്‍ നിലത്താണ്‌ വേണ്ടത്‍, കസേരയിലോ സ്റ്റൂളിന്മേലോ രണ്ട്‍ കാലും മടക്കിവെച്ച്‍ (ചമ്രംപോലെ) ഇരിക്കാം. അതിന്‌ പറ്റില്ലേങ്കില്‍ കുന്തിച്ചിരുന്ന്‍ കുടിക്കണം. (പശുവിനെ കറക്കാന്‍ ഇരുക്കുന്നപോലെ ഇരിക്കുക, എന്നിട്ട്‍ കുടിക്കുക). നിന്നുകൊണ്ടോ നടന്നുകൊണ്ടോ ഒക്കെ വെള്ളം കുടിച്ചാല്‍ മുട്ടുവേദന, സന്ധിവേദന തുടങ്ങി പല രോഗങ്ങളും ഉണ്ടാവും. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ -ഉദയത്തിന്‌ ഒന്നരമണിക്കൂര്‍ മുമ്പൊ- ദാഹമില്ലെങ്കിലും വെള്ളം കുടിക്കാമെന്ന്‍ പറഞ്ഞി
രിക്കുന്നു.

ഭക്ഷണശേഷം വെള്ളം കുടിക്കരുത്‍. വെള്ളത്തിന്റെ സ്വഭാവം ശീതളിമയാണ്‌. ആമാശയത്തെയും ആമാശയത്തിലെത്തിയിട്ടുള്ള ഭക്ഷണത്തെയും അത്‍ തണുപ്പിക്കും. മാത്രമല്ല ജഠരാഗ്നിയെ കെടുത്തുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യും. ഭക്ഷണശേഷം വെള്ളം വേണമെന്ന്‍ നിര്‍ബ്ബന്ധമുണ്ടെങ്കില്‍ തൈര്‌ വെള്ളംചേര്‍ത്ത്‍ നേര്‍പ്പിച്ചതോ നേര്‍പ്പിച്ച മോരോ കഞ്ഞിവെള്ളമോ പഴച്ചാറോ -ഫ്രൂട്ട്‍ ജ്യൂസ്‍- കുടിക്കാം. രാവിലെ ജ്യൂസ്‍,  മോര്‌ ഉച്ചക്ക്‍  വൈകുന്നേരം പാല്‌ ഇതാണ്‌ ശരിയായ ക്രമം.

വിശപ്പ്‍
വിശപ്പിനെ തടയാന്‍ പാടില്ല. വിശപ്പിനെ നിരോധിച്ചാല്‍ 103 വിധത്തിലുള്ള രോഗങ്ങള്‍ക്ക്‍ സാധ്യയയുണ്ടെന്ന്‍ ആയുര്‍വ്വേദം പറയുന്നു. ആദ്യം അസിഡിറ്റി ഉണ്ടാകും, അതില്‍നിന്ന്‍ അനവധി രോഗങ്ങളുണ്ടാവും, ഒടുവില്‍ ചെറുകുടലിലെ അര്‍ബ്ബുദം - intestinal cancer- ആയിത്തീരും. 

ഇവിടെ സംശയങ്ങള്‍ ധാരാളം ഉണ്ടാവാം. ഏകാദശി പോലത്തെ വ്രതം, ഉപവാസം ഇതൊക്കെ വിശപ്പിനെ നിരോധിക്കലല്ലേ എന്ന്‍. ഇതിനുള്ള സമാധാനം ആയുര്‍വ്വേദത്തില്‍തന്നെ പറയുന്നുണ്ട്‍. ഉപവാസം ശരീരത്തിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ്‌. ശരീരശുദ്ധി വരുമ്പോള്‍ മനസ്സും ചിത്തവും ശുദ്ധമാകുന്നു. ശരീരശുദ്ധി മനശ്ശുദ്ധി ചിത്തശുദ്ധി ഇത്‍ മൂന്നിനും ഉള്ള ഒരു പ്രക്രിയയാണ്‌ ഉപവാസം. സാധാരണയില്‍ കവിഞ്ഞ്‍ എന്തെങ്കിലും അമിതമായി ഭക്ഷിച്ചു എന്ന്‍ തോന്നിയാല്‍ ഉപവാസം അനുഷ്ഠിക്കാം. ആഴ്ചയില്‍ ഒരു ദിവസം ഉപവാസമാവാം. എന്നാല്‍ ഇടക്കിടക്ക്‍ വെള്ളം കുടിച്ചിരിക്കണം.   ദഹനത്തിനു അമ്ലമാണ്‌ -acid- ആണ്‌ സഹായിക്കുന്നത്‍. ഇത്‍ ഹൈഡ്രോക്ലോറിക്‍ ആസിഡ്‍ ആണ്‌. തീവ്രശക്തിയുള്ളതാണ്‌ ഈ ആസിഡ്‍. ഉപവാസ ദിവസങ്ങളിലും ഈ ആസിഡ്‍  ഉല്പാദിപ്പിച്ചുകൊണ്ടിരിക്കും. അതിനെ നിയന്ത്രിക്കാന്‍ നമുക്ക്‍ സാധ്യമല്ല, അത്‍ പ്രക്ര്‌തിയുടെ ധര്‍മ്മമാണ്‌, ഈശ്വരനുമാത്രമേ അതിനെ നിയന്ത്രിക്കാന്‍ പറ്റു.  ഈ ആസിഡ്‍ ദോഷം ചെയ്യാതിരിക്കാന്‍ ഇടക്കിടക്ക്‍ വെള്ളം കുടിച്ചുകൊള്ളണം. അപ്പോള്‍ ശരീരം ഈ ആസിഡിനെ അതിന്റെ വീര്യത്തെ കുറച്ച്‍, അതിനെ നേര്‍ത്തതാക്കി, മൂത്രത്തിലൂടെ പുറത്തുകളഞ്ഞുകൊള്ളും.
അതില്ലെങ്കില്‍ വയറില്‍ അമ്ലം അധികം ഉല്പാദിപ്പിക്കപ്പെടുകയും അത്‍ ചെറുകുടലിനെ ദ്രവിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യും. സസ്യാഹാരികള്‍ക്ക്‍ ഉപവാസം നല്ലതല്ല എന്ന്‍ ആയുര്‍വ്വേദം പറയുന്നു. സസ്യാഹാരം മാത്രം കഴിക്കുന്ന പശു പോത്ത്‍ ആട്‍ കഴുത കുതിര ചിലപക്ഷികള്‍ ഇവയൊന്നും പ്രക്ര്‌ത്യാ ഉപവാസമനുഷ്ടിക്കുന്നില്ല. എന്നാല്‍ കടുവ പുലി പൂച്ച പട്ടി  എന്നിവയൊക്കെ രണ്ടും കഴിക്കും. ചിലവ മാംസം മാത്രമേ ഭക്ഷിക്കൂ. ഒരു പാമ്പിനെ ശ്രദ്ധിച്ചാല്‍,  അത്‍ മാംസം മാത്രമേ ഭക്ഷിക്കുന്നുള്ളു എന്ന്‍ മനസ്സിലാകും. ഒരിക്കല്‍ ഒരു ഇര പിടിച്ചാല്‍ പിന്നെ കുറെ ദിവസത്തേക്ക്‍ ഒന്നും കഴിക്കില്ല. പെരുമ്പാമ്പ്‍ ഒരു പ്രാവശ്യം അതിന്റെ ഭക്ഷണം കഴിച്ചാല്‍ പതിനഞ്ച്‍ ദിവസത്തേക്ക്‍ ഉപവാസം അനുഷ്ഠിക്കുന്നു.  ദേഹാധ്വാനം ചെയ്യുന്നവര്‍ക്ക്‍ - പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍ക്ക്‍ ഉപവാസം പാടില്ല എന്ന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്‍. അവര്‍ വിശപ്പ്‍ വരുമ്പോള്‍ ഭക്ഷിച്ചിരിക്കണം.  വിശപ്പ്‍ ഒരു വേഗമായതുകൊണ്ട്‍ വിശപ്പിനെ നിര്‍ബ്ബന്ധിച്ച്‍ തടയരുത്‍.

കോട്ടുവായ്
കോട്ടുവായിടുന്നത്‍ ഒരു വേഗമാണ്‌. അതിനെ തടയരുത്‍. രക്തത്തില്‍ ശുദ്ധവായുവിന്റെ, -ഓക്‍സിജന്റെ- അളവ്‍ കുറയുമ്പോഴാണ്‌ കോട്ടുവായിടുന്നത്‍. അതിനെ തടഞ്ഞാല്‍, രക്തത്തിലെ ഓക്‍സിജന്റെ അളവിനെ വീണ്ടും കുറക്കുകയാണു ചെയ്യുന്നത്‍. കോട്ടുവാ ഇടുമ്പോള്‍ വായ്‍ക്കു മീതെ കൈവെക്കുന്നത്‍ കാണാം. അത്‍ പാടില്ല. നല്ല പോലെ വായ തുറന്ന്‍ മുഴുവന്‍ ശ്വാസവും വലിച്ചെടുക്കണം. കൂടുതല്‍ ഓക്‍സിജന്‍ ശരീരത്തിന്‌ ആവശ്യമുള്ളപ്പോഴാണ്‌ കോട്ടുവാ വരുന്നത്‍, അതുകൊണ്ട് നല്ലപോലെ കോട്ടുവാ ചെയ്തുകൊള്ളണം. അതിനെ തടയാന്‍ പാടില്ല.

മൂത്രം
മൂത്രം ഒരു വേഗമാണ്‌. മൂത്രശങ്ക ഉണ്ടായാല്‍ ഉടന്‍ മൂത്രമൊഴിക്കണം. മൂത്രത്തെ നിരോധിച്ചാല്‍ ശരീരത്തിലെ രക്തത്തിന്‌ വികാരമുണ്ടാകും, രക്തം ചൂടാവും, രക്തം വികസിക്കും.  കുറെനേരം മൂത്രത്തെ നിരോധിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ സമയത്തെ രക്തസമ്മര്‍ദ്ധം -ബ്ലഡ്‍ പ്രഷര്‍- അളന്നു നോക്കുക. അത്‍ വര്‍ദ്ധിച്ചതായി കാണാം. നല്ലപോലെ മൂത്രശങ്കയുള്ള സമയത്ത്‍ രക്തത്തിന്റെ ഗതി -blood pressure- കൂടിയിരിക്കും. അങ്ങിനെ അളന്ന്‍ കിട്ടുന്ന pressureനെ BPയ്ക്ക്‍ ആധാരമായി എടുക്കരുത്‍.   മൂത്രത്തെ നിരോധിച്ചുകൊണ്ടിരിക്കുന്ന സമയത്ത്‍ ശരീരത്തിലെ പല ഗ്രന്ഥികളും പ്രവര്‍ത്തിക്കില്ല. അതാണ്‌ രക്തസമ്മര്‍ദ്ധം കൂട്ടുന്നത്‍. മാനസികവും ശാരീരികവുമായ സംഘര്‍ഷവും ഉണ്ടാവും.

മലം
മല വിസര്‍ജ്ജനവും ഒരു വേഗമാണ്‌. അതിനെയും തടഞ്ഞുകൊണ്ട്‍ ഇരിക്കരുത്‍. ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മല വിസര്‍ജ്ജനമാവാം. രാവിലെത്തന്നെ രണ്ട്‍ പ്രാവശ്യം മലവിസര്‍ജ്ജനം ചെയ്യുന്നവരുണ്ട്‍. ചിലര്‍ രാവിലെയും വൈകുന്നേരവും മലവിസര്‍ജ്ജനം ചെയ്യുന്നു കാണാം. ദിവസത്തില്‍ മൂന്ന്‍ പ്രാവശ്യം മല വിസര്‍ജ്ജനം ചെയ്യുന്നവരും ഉണ്ട്‍. എന്നാല്‍ അത്തരക്കാരില്‍ എന്തോ ചില അപാകതകള്‍ ഉണ്ടെന്നാണ്‌ ആയുര്‍വ്വേദം പറയുക. മൂന്നില്‍ കൂടുതല്‍ തവണ മലവിസര്‍ജ്ജനം ചെയ്യുന്നുവെങ്കില്‍, അത്‍ രോഗമാണ്‌, ഒരു വൈദ്യനെ കാണണമെന്ന്‍ ആചാര്യന്‍ പറയുന്നു.

തുമ്മലും തികട്ടലും കോട്ടുവായും ചിരിയും കരച്ചിലും കൂര്‍ക്കംവലിയും കീഴ്‍ശ്വാസം ദാഹം വിശപ്പ്‍ മൂത്രം മലം കാമം ഉറക്കം ഛര്‍ദ്ദി  എല്ലാം വേഗങ്ങളാണ്‌. അതിനെ ഒന്നും തടയരുതെന്ന്‍ ആയുര്‍വ്വേദം.

അഭിപ്രായങ്ങളൊന്നുമില്ല: