2016 മാർച്ച് 24, വ്യാഴാഴ്‌ച

പുരുഷാര്‍ത്ഥം - അര്‍ത്ഥവും വ്യര്‍ത്ഥവും

പുരുഷാര്‍ത്ഥം എന്നതിന്റെ അര്‍ത്ഥം. 
ഉദ്ദേശ്യം നിറവേറാനായി,  അല്ലെങ്കില്‍ എന്തെങ്കിലും പ്രയോജനത്തിനായി  അതാതിന്റെ പ്രാപ്തിയ്ക്കുവേണ്ടി അല്ലെങ്കില്‍ സിദ്ധിക്കുവേണ്ടി മനുഷ്യപ്രയത്നം അവശ്യകര്‍ത്തവ്യമായി വരുന്നുവോ , അതിനെ പുരുഷാര്‍ത്ഥം എന്ന്‍ പറയുന്നു. 

മനുഷ്യനായി ദേഹധാരണം ചെയ്തതിന്റെ ഉദ്ദേശ്യം ഈശ്വരപ്രാപ്തിയാണ്‌, ആത്മസാക്ഷാത്‍കാരമാണ്‌ അഥവാ മുക്തിയാണ്‌. അവിതര്‍ക്കമായി ഇതിനെ ദര്‍ശിച്ചുകൊണ്ട്‍ പുരുഷാര്‍ത്ഥത്തെ മനനം ചെയ്യണം.  ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം എന്നിവയെയാണ്‌ പുരുഷാര്‍ത്ഥത്തിന്റെ പട്ടികയില്‍ പെടുത്തിയിട്ടുള്ളത്‍. 

ആത്മസാക്ഷാത്‍ക്കാരമാണ്‌ ആത്യന്തികമായി വേണ്ടത്‍ എന്ന തഥ്യയെ മുന്‍നിര്‍ത്തി, പുരുഷാര്‍ത്ഥത്തിന്റെ അര്‍ത്ഥം  മനനവിധേയമാക്കിയാല്‍ പുരുഷാര്‍ത്ഥ ചതുഷ്ടയത്തിലെ ആദ്യത്തെ മൂന്ന്‍ സിദ്ധാന്തങ്ങളും അപ്രസക്തമാണെന്ന്‍ ആദ്യമേ ബോധ്യപ്പെടുന്നു. ആദ്യത്തെ മൂന്നും അപ്രസക്തമാകുന്നതോടെ നാലാമത്തേതിനും അസ്തിത്വമില്ലാതാവുന്നു. അസ്തിത്വമില്ലാതാകുന്നു എന്ന്‍ പറഞ്ഞാല്‍ നാലാമത്തേത്‍ ഇല്ലാ എന്നല്ല അര്‍ത്ഥം, നാലാമത്തേതിന്റെ പ്രാപ്തിയ്ക്കായി ഒന്നും ആവശ്യമായി വരുന്നില്ലാ എന്ന്‍ എടുക്കണം. കാരണം ആദ്യത്തെ മൂന്നും ഇല്ലാത്തവന്‌ നാലാമത്തേത്‌ സിദ്ധമാണെന്ന്‍ ബോധ്യപ്പെടുന്നു. അതുകൊണ്ട്‍ നാലാമത്തേതിനും അസ്തിത്വമില്ലെന്ന്‍ തെളിയും.

ധര്‍മ്മം എന്നത്‍ ശരീരത്തിനെയും മനസ്സിനെയും മാത്രം ബാധിക്കുന്നതായതുകൊണ്ട്‍ പൂര്‍വ്വപക്ഷത്തില്‍ അതിനായിക്കൊണ്ട്‍ വാദങ്ങള്‍ ഉണ്ടെന്നിരിക്കിലും സിദ്ധാന്തപക്ഷത്ത്‍ ധര്‍മ്മത്തിന്‌ സ്ഥാനമില്ല.  ധര്‍മ്മം നിറവേറ്റുന്നതൊക്കെ ശരീരനിര്‍വ്വഹണത്തിനും മനസ്സിന്റെ സംത്ര്‌പ്തിക്കും വേണ്ടിയാണ്‌.   

ഉപനിഷത്തും ഭഗവത്‍ ഗീതയും ഇത്‍ വ്യക്തമാക്കുന്നുണ്ട്‍. സകല ധര്‍മ്മത്തെയും നിഷേധിയ്ക്കാനാണ്‌ വേദാന്തം ഉപദേശിക്കുന്നത്‍. അതോടെ വ്യക്തി ബന്ധനങ്ങളില്‍ നിന്ന്‍ മുക്തനായിത്തീരുന്നു. അര്‍ത്ഥം എന്നത്‍ ധര്‍മ്മ നിര്‍വ്വഹണത്തിനാണ്‌. അര്‍ത്ഥോപാര്‍ജ്ജനം അവശ്യം ചെയ്തിരിക്കണമെന്ന്‍ പൂര്‍വ്വപക്ഷം നിഷ്‍കര്‍ഷിക്കുന്നു. വേദങ്ങളിലും അര്‍ത്ഥോപാര്‍ജ്ജനം സാധുതന്നെയാണ്‌.  വേദത്തിലും ഇതര ശാസ്ത്രഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടില്ലെങ്കിലും വ്യക്തി അര്‍ത്ഥോപാര്‍ജ്ജനം ചെയ്യും എന്നത്‍ അവിതര്‍ക്കമാണ്‌. അതുകൊണ്ടും അര്‍ത്ഥോപാര്‍ജ്ജനം പുരുഷാര്‍ത്ഥത്തില്‍ പെടുത്തേണ്ട ആവശ്യമേ ഇല്ല.  കാമപൂര്‍ത്തീകരണം അഥവാ ആഗ്രഹസഫലീകരണം ധര്‍മ്മത്തിനെ സാര്‍ത്ഥകമാക്കാനുമാണ്‌. നാലാമത്തേതിന്‌ കാമപൂരണം അവശ്യം വേണ്ടുന്നതൊട്ടുമല്ലതാനും. ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ലെങ്കിലും, എവിടെയും സൂചിപ്പിച്ചിട്ടില്ലെങ്കിലും, ആരും പറഞ്ഞിട്ടില്ലെങ്കിലും വ്യക്തി ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാന്‍ പരിശ്രമം ചെയ്യും. ഇതില്‍ അഭിപ്രായഭിന്നത ഇല്ലേഇല്ല. വ്യക്തി മാത്രമല്ല, സകല ജീവികളും വംശവര്‍ദ്ധനവിനും നിലനില്‍പ്പിനും കാമപൂര്‍ത്തിയ്ക്കായി പ്രയത്നിക്കുന്നുണ്ട്‍. മുക്തിയ്ക്ക്‍ കാമപൂരണം അവശ്യം വേണ്ടുന്നതല്ലെന്ന്‍ ശാസ്ത്രം ഘോഷിക്കുകയും ചെയ്യുന്നു. ധര്‍മ്മത്തിന്റെ അഭാവത്തില്‍ ഈ രണ്ടിനും, അര്‍ത്ഥത്തിനും കാമത്തിനും അസ്തിത്വമില്ലാതാകുന്നു.  ഇത്‍ മൂന്നും ഇല്ലെങ്കില്‍  പിന്നീട്‍ അവശേഷിക്കുന്നത്‍ ബ്രഹ്മം മാത്രം, ആത്മാവ്‍ മാത്രം. എന്തൊന്ന്‍ അവശേഷിയ്ക്കുന്നുവോ, അത്‍ മുക്തിമാത്രമാണ്‌, ആത്മസാക്ഷാത്‍കാരമാണ്‌. ആ മുക്തിയ്ക്കായി യാതൊരു ധര്‍മ്മവും, യാതൊരു കര്‍മ്മവും, യാതൊരു അര്‍ത്ഥവും യാതൊരു ആഗ്രഹപൂര്‍ത്തീകരണവും ആവശ്യമില്ലെന്ന്‍ ബോധ്യപ്പെടും. അത്‍ അവിടെ ഉണ്ട്‍, അതവിടെ ഉള്ളതാണ്‌, അത്‍ ഇപ്പൊത്തന്നെ സിദ്ധമാണ്‌. അതിന്‌ വേറിട്ടൊരു ധര്‍മ്മസന്ധാരണമോ, പ്രവര്‍ത്തനമോ ആവശ്യമേ ഇല്ല. ഏതെങ്കിലും വിധത്തില്‍ ഒരു ധര്‍മ്മമോ -കര്‍മ്മമോ, ഒരു അര്‍ത്ഥമോ ഒരു ആഗ്രഹമോ ഒന്നുമില്ലാത്ത ഒന്നാണ്‌ ഇപ്പൊത്തന്നെ സിദ്ധമായിട്ടുള്ളത്‌.  യാതൊരുവിധ പ്രവര്‍ത്തനത്താലും അതിനെ ബോധ്യപ്പെടാന്‍ സാധ്യമല്ലെന്നും ഉപനിഷത്തും ഗീതയും എല്ലാം ഓതുകയും ചെയ്യുന്നു.  ഈ ജന്മത്തിലല്ലെങ്കില്‍ ഇതിന്‌ മുമ്പുള്ള ജന്മങ്ങളിലൊക്കെ ഈ പറഞ്ഞതൊക്കെ നിറവേറ്റിക്കാണില്ലേ എന്ന ഒരു ഭാഷ്യം ഉടലെടുത്തേയ്ക്കാം. അതായിരിക്കാം ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ അനുഷ്ഠിച്ചാലേ നാലാമത്തേത്‍ കൈവരികയുള്ളു എന്ന്‍ ഋഷീശ്വരന്മാര്‍ കണ്ടെത്തിയത്‍. ജന്മനാ അവതരിച്ചിട്ടുള്ള ഭാവാതീതന്മാരായ അല്പം ചില മഹത്‍വ്യക്തികളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍ക്കെല്ലാം പുരുഷാര്‍ത്ഥനിര്‍ദ്ധാരിതമായ സിദ്ധാന്തങ്ങള്‍ ബാധകമാണെന്ന്‍ വരുന്നു. അതിനെ വിധിവിഹിതമായി അനുഷ്ഠിച്ച്‍ അതിന്റെ നിരര്‍ത്ഥകത ബോധ്യപ്പെട്ട്‌ ഓരോ ആശ്രമത്തിലൂടെയും പടിപടിയായി ജീവിതത്തെ ചിട്ടപ്പെടുത്തുന്നവര്‍ക്ക്‍ നാലാമത്തേതായ മോക്ഷാവസ്ഥ സ്വയമേവ സിദ്ധമായിത്തീരുന്നു. അവിടെ എത്തുമ്പോള്‍ ബോധ്യപ്പെടുന്നതാണ്‌ പുരുഷാര്‍ത്ഥ ചതുഷ്ടയത്തിലെ ആദ്യത്തെ മൂന്നുപാദങ്ങളും നാലാമത്തേതെന്ന മോക്ഷാവസ്ഥയിലേക്ക്‍ ഔത്സുക്യം ജനിക്കാന്‍വേണ്ടി രൂപപ്പെടുത്തിയ ഒന്നാണെന്ന്‍. 

അഭിപ്രായങ്ങളൊന്നുമില്ല: