2016 ജൂലൈ 9, ശനിയാഴ്‌ച

ഭാഗവതത്തിലെ വ്ര്‌ത്രാസുരന്‍

ഭാഗവതത്തിലെ വ്ര്‌ത്രാസുരന്‍


ഇന്ദ്രനും വ്ര്‌ത്രാസുരനും തമ്മിലുള്ള യുദ്ധത്തില്‍ വ്ര്‌ത്താസുരന്‍ ഭഗവാനെ സ്തുതിയ്ക്കുന്ന ഒരു സ്തുതിയുണ്ട്‍ ഭാഗവതത്തില്‍. യുദ്ധം ചെയ്യാന്‍ തുടങ്ങുന്നതിന്‌ തൊട്ടുമുമ്പ്‍ വ്ര്‌ത്രാസുരന്‍ ഇന്ദ്രനോട്‍ പറയുന്നു, ഹേ ഇന്ദ്രാ, നിനക്ക്‍ യാതൊരു കഴിവുമില്ല എന്നെ വധിയ്ക്കാന്‍. എന്നാല്‍ ഇന്ന്‍ ഞാന്‍ നിന്റെ കൈകളാല്‍ മരിയ്ക്കും കാരണം നീ ആയുധം ഉണ്ടാക്കിക്കൊണ്ടു വന്നിരിക്കുന്നത്‍ ഒരു മഹാത്മാവിന്റെ, ഒരു ഋഷിയുടെ സാധനാസമ്പത്തും കൊണ്ടാണ്‌. [ദധീചി മഹര്‍ഷിയുടെ നട്ടെല്ലുകൊണ്ട്‍ വജ്രായുധം ഉണ്ടാക്കിയിട്ട്‍ അതുമായിട്ടാണ്‌ ഇന്ദ്രന്‍ വ്ര്‌ത്രാസുരനെ നേരിടുന്നത്‍.] അതുകൊണ്ട്‍ എന്റെ മരണം നിശ്ചയമാണ്‌. എന്നാല്‍ ഹേ ഇന്ദ്രാ, ജയവും പരാജയവും ഒന്നും ആത്യന്തികമല്ല എന്ന്‍ നീ അറിയുന്നില്ല, പക്ഷെ ഞാന്‍ അറിയുന്നു.  നിന്റെ ആയുധം കൊണ്ട്‍ നീ എന്നെ വെട്ടിനുറുക്കി കളയുക. ഇന്ദ്രന്‍ അതിശയകരമായി ഭയന്ന്‍ നില്‍ക്കുന്നു. അപ്പോള്‍ വ്ര്‌ത്രന്‍ പറയുന്നു, നീ യുദ്ധം ചെയ്യാന്‍ സമയമെടുക്കുന്നു, ഏതായാലും എന്റെ അവസാന നിമിഷങ്ങളാണ്‌, ഞാന്‍ ഭഗവാനെ ഒന്ന്‍ സ്തുതിച്ചോട്ടെ.. 

വ്ര്‌ത്രാസുരന്‍ ഭഗവാനെ സ്തുതിക്കുന്നു. അത്യന്തം ഹ്ര്‌ദയസ്പര്‍ശിയാണ്‌ ഈ സ്തുതി..  

വ്ര്‌ത്രന്‍ പറയുന്നു, ഹേ ഭഗവാനേ..  

അഹം ഹരേ തവ പാദൈകമൂല ദാസാനുദാസോ ഭവിതാസ്മി ഭൂയ:
മന: സ്മരേതാസുപതേര്‍ഗുണാംസ്തേ ഗ്ര്‌ണീത വാക്‍ കര്മ്മ കരോതു കായ:

ഞാന്‍ അങ്ങയുടെ പാദസേവ ചെയ്യുന്ന ദാസന്റെ ദാസന്റെ ദാസനാണ്‌. ഹേ അസുപതേ - അസു = പ്രാണന്‍, അസുപതേ = ഹേ പ്രാണനാഥാ മനസ്സുകൊണ്ടും വാക്കുകൊണ്ടും കരചരണാദികളെക്കൊണ്ടും ഞാന്‍ നിത്യനിരന്തരമായി അങ്ങയെ ഭജിച്ചുകൊണ്ടേ ഇരിയ്ക്കാന്‍ അനുഗ്രഹിക്കണേ.. 

ഭക്തന്‌ മുന്‍പന്തിയില്‍ സീറ്റ്‍ വേണ്ട. ഏറ്റവും ഒടുവിലത്തെ സീറ്റില്‍ മതി. യാതൊരുവിധത്തിലുള്ള മത്സരത്തിനും ഭക്തന്‍ ഉണ്ടാവില്ല. അതാണ്‌ ഭക്തന്‍.  നിര്‍മ്മത്സരാണാം സദാം വേദ്യം വാസ്തവമത്ര വസ്തു ശിവദം.... എന്ന്‍ ഭാഗവത്തിന്റെ തുടക്കത്തില്‍തന്നെ പറയുന്നു. എളിമയും വിനയവും യാതൊരുവിധ മത്സരഭാവനയും ഇല്ലാതിരിക്കുന്നത്‍ ഭക്തിയുടെ പ്രഭവമാണ്‌. 

ന നാകപ്ര്‌ഷ്ഠം ന ച പാരമേഷ്ഠ്യം ന സാര്‍വഭൗമം ന രസാധിപത്യം

ഹേ ഭഗവാനേ,.. എനിക്ക്‍ സ്വര്‍ഗ്ഗത്തിന്റെ മൂലയില്‍ ഒരു സ്ഥാനവും വേണ്ട, ന ച പാരമേഷ്ഠ്യം, എനിക്ക്‍ ബ്രഹ്മാവിന്റെ സ്ഥാനവും വേണ്ട, ന സാര്‍വ്വഭൗമം... ലോകത്തിന്റെ മുഴുവനും ചക്രവര്‍ത്തിപദം തന്നാലും വേണ്ട, പാതാളത്തിന്റെ അധിപതിസ്ഥാനവും വേണ്ട, ഇതൊന്നും ഞാന്‍ കാംക്ഷിയ്ക്കുന്നില്ല. 

ഈശ്വര ഇച്ഛയ്ക്ക്‍ വിധേയനായി എന്താണോ ജീവിതായോധനത്തില്‍ എതിരെ വരുന്നത്‍, അതിനെയൊക്കെ യാതൊരു പ്രതികാരഭാവനയുമില്ലാതെ സ്വീകരിച്ച്‍ ജീവിതത്തെ അതില്‍ത്തന്നെ സമന്വയിപ്പിച്ച്‍ ജീവിക്കുന്നത്‍ ആനന്ദപ്രദം എന്ന്‍ വ്ര്‌ത്രന്‍. സഹനം സര്‍വ്വദു:ഖാനാം അപ്രതികാരപൂര്‍വ്വകം, എന്ന്‍ യോഗസൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി. മനോ വാക്‍ കര്‍മ്മ കരോതു കായ, വാക്കുകൊണ്ടും ശരീരം കൊണ്ടും മനസ്സുകൊണ്ടും എന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം അതെല്ലാം നിനക്കായിക്കൊണ്ടുള്ളതാവണേ, ആ ഭഗവാനുവേണ്ടിയുള്ളതാവണേ, എന്ന്‍ സാരം. 

ഇതെല്ലാം വേണ്ടെന്ന്‍ വെച്ചാല്‍ പലവിധത്തിലുള്ള യോഗസിദ്ധികളും കൈവരും. അപ്പൊ അതിലൊക്കെ പലവിധ ആശകളും ഉണ്ടാവും. അത്‍ എന്തെങ്കിലും വേണ്ടിവരില്ലേ, എന്ന്‍ ചോദ്യം. 

അപ്പോള്‍ വ്ര്‌ത്രന്‍ പറയുന്നു -

ന യോഗസിദ്ധിര്‍ അപുനര്‍ഭവം വാ സമഞ്ജസ ത്വാ വിരഹയ്യ കാങ്‍ക്ഷേ

എനിക്ക്‌ യോഗസിദ്ധികള്‍ ഒന്നും വേണ്ട.   അഷ്ടൈശ്വര്യ സിദ്ധികളെല്ലാം യോഗഫലപ്രാപ്തിയായി വരിവരിയായി വന്നുനില്‍ക്കും. അതൊന്നും തനിക്ക്‍ വേണ്ട എന്ന്‍.

 പുനര്‍ജ്ജനനം വേണ്ടേ,,,  വേണ്ടാ ഭഗവാനേ, പുനര്‍ജ്ജന്മവും എനിക്ക്‍ വേണ്ട.  

വ്ര്‌ത്രാസുരന്റെ തീവ്രഭക്തിയുടെ ഉദാഹരണത്തിന്‌ കുറിച്ച ഈ വരികളില്‍ നിന്ന്‍ മനസ്സിലാക്കേണ്ടത്‍, തീവ്രഭക്തിയാല്‍ എല്ലാവിധ യോഗസിദ്ധികളും സ്വയമേവാഗതമാകുന്നു എന്നാണ്‌.  യോഗത്താല്‍ നേടാവുന്ന സിദ്ധികളെല്ലാം തന്നെ ഋദയശുദ്ധികൊണ്ട്‍, സകലതും ത്യജിയ്ക്കുന്നതുകൊണ്ട്‍, യാതൊരു വിധ മത്സരാദികളും ഉദയംചെയ്യാതിരിയ്ക്കായ്കകൊണ്ട്‍, പൂര്‍ണ്ണസമര്‍പ്പണത്താല്‍ തനിയെ കിട്ടുന്നു. എല്ലാം ത്യജിയ്ക്കുന്നവന്റെ മുന്നില്‍ ലോകരെല്ലാവരുംകൂടി പലപല വസ്തുക്കളും കൊണ്ട്‍വന്ന്‍ നിറയ്ക്കുന്നു, അവര്‍ വെറുതെ കൊടുക്കുന്നു. ഭക്തനെ എങ്ങിനെയെങ്കിലും സന്തോഷിപ്പിയ്ക്കണം എന്ന്‍ കരുതിയിട്ടാണ്‌ കൊടുക്കുന്നത്‍. പക്ഷെ സാധനങ്ങള്‍ കൊണ്ട്‍ സന്തോഷിയ്ക്കുന്നവനാണെങ്കില്‍, തന്റെ കൈവശം ഉണ്ടായിരുന്നതിനെ എല്ലാം ത്യജിയ്ക്കണമായിരുന്നോ..  ഒന്നും വേണ്ടെന്ന്‍ വെച്ചിട്ടാണല്ലോ ത്യജിച്ചത്‍. എന്നിട്ടും ലോകര്‍ സാധനങ്ങള്‍ കൊണ്ടുവന്ന്‍ നിറയ്ക്കും. ഇത്‍ അറിവില്ലായ്മയാണോ അതോ അറിവില്ലായ്മക്ക്‍ കയ്യും കാലും വെച്ചതാണോ ഇവരൊക്കെ എന്ന്‍ യോഗിക്ക്‍ തോന്നും. യമം നിയമം ധാരണ ധ്യാനം പ്രത്യാഹാരം തുടങ്ങിയവയും പ്രാണന്റെ ആയാമ വിധികളും എല്ലാം ഭക്തനില്‍ തനിയെ കൈവരുന്നു. ഇതൊന്നും മറ്റൊരാളില്‍നിന്ന്‍ പഠിച്ചെടുക്കേണ്ട ആവശ്യം വരില്ലാ എന്ന്‍ പാഠം. 

വിശ്വാമിത്രമഹര്‍ഷി അയോധ്യയിലേക്ക്‍ വന്നപ്പോള്‍ ദശരഥ മഹാരാജാവ്‌ ഗോപുരദ്വാരത്തിലെത്തി മഹര്‍ഷിയെ കൂട്ടിക്കൊണ്ട്‍ പോരുന്ന ഒരു ദ്ര്‌ശ്യം രാമായണത്തിലുണ്ട്‍. വിശ്വാമിത്ര മഹര്‍ഷിയെ കണ്ട മാത്രയില്‍ത്തന്നെ മഹാരാജാവ്‌ സാഷ്ടാംഗപ്രണാമം ചെയ്ത്‍കൊണ്ട്‍ പറയുന്നുണ്ട്‍, ഹേ മഹര്‍ഷീശ്വരാ, അങ്ങയുടെ പാദസ്പര്‍ശത്താല്‍ ഈ അയോധ്യാനഗരി പാവനമായിരിയ്ക്കുന്നു,  ഞാന്‍ ദശരഥന്‍ ഇതാ അങ്ങയെ നമസ്കരിക്കുന്നു. എന്റെ കയ്യിലുള്ള സകലതും, ഈ രാജ്യവും രാജ്യത്തിന്റെ ഖജനാവും മറ്റ്‌ സകല സമ്പത്തും സൈന്യങ്ങളും കൊട്ടാരങ്ങളും എന്റെ പത്നിമാരും മക്കളും എല്ലാമെല്ലാം ഞാന്‍ അങ്ങയുടെ ചരണങ്ങളില്‍ അര്‍പ്പിയ്ക്കുന്നു.  വെറും ഒരു കൗപീനവും തോര്‍ത്തുമുണ്ടും  ഒരു കമണ്ഡലുവും, അതും ധര്‍മ്മസന്ധാരണത്തിനുമാത്രമായി, ഉപയോഗിയ്ക്കുന്ന മഹര്‍ഷിയ്ക്ക്‍ എന്തിനാ അന്യ വൈഭവങ്ങളെല്ലാം. അതെ, ഒന്നും വേണ്ടെന്ന്‍ പറയുന്നവന്‍ എല്ലാത്തിന്റെയും രാജാവാകുന്നു, അല്ല അവനാണ്‌ ചക്രവര്‍ത്തി.

വ്ര്‌ത്രാസുരന്റെ പ്രാര്‍ത്ഥന തുടരുന്നു. ഹേ ജഗദീശ്വരാ, ഞാന്‍ ഇന്ന്‍ ഇന്ദ്രന്റെ ആയുധംകൊണ്ട്‍ മരിക്കും. എന്നാല്‍ എനിയ്ക്ക്‍ അങ്ങയോട്‍ ഒരു പ്രാര്‍ത്ഥനയുണ്ട്‍. എന്റെ ഈ ജന്മം ഏതായാലും ഇത്തരത്തിലുള്ളതൊക്കെ ആയിത്തീര്‍ന്നു. അതുകൊണ്ട്‍ -

അജാതപക്ഷാ ഇവ മാതരം ഖഗാ:
സ്തന്യം യഥാ വത്സതരാ: ക്ഷുധാര്‍ത്താ:
പ്രിയം പ്രിയേവ വ്യുഷിതം വിഷണ്ണാ
മനോഽരവിന്ദാക്ഷ ദിദ്ര്‌ക്ഷതേ ത്വാം

കണ്ണുകള്‍ തുറന്നിട്ടില്ലാത്ത  ചിറകു മുളച്ചിട്ടില്ലാത്ത, പറക്കാന്‍ ആയിട്ടില്ലാത്ത, പക്ഷിക്കുഞ്ഞ്‍ കൂട്ടിലിരിയ്ക്കുന്നു. അമ്മപ്പക്ഷി ആഹാരവും അന്വേഷിച്ച്‍ ദൂരെ എങ്ങോട്ടോ പോയിരിയ്ക്കുന്നു. ഒന്നിനും കഴിയാത്ത ആ പക്ഷിക്കുഞ്ഞുങ്ങള്‍ തലയുയര്‍ത്തിപ്പിടിച്ച്‍ കാകാ കീകീ കാകാ കീകീ ശബ്ദമുണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. പുറമെനിന്നും പലവിധത്തിലുമുള്ള ഉപദ്രവങ്ങളും ഏത്‍ നേരത്തും എപ്പൊവേണമെങ്കിലും സംഭവിയ്ക്കാം. വേടന്‍ പിടിച്ചുകൊണ്ടു പോയേയ്ക്കാം, നല്ല കാറ്റ്‍ വന്ന്‍ മരത്തിന്റെ കൊമ്പുകള്‍ പൊട്ടിപ്പോയേയ്ക്കാം, ശത്രുപക്ഷികള്‍ വന്ന്‍ ഈ കുഞ്ഞുങ്ങളെ കൊന്നേയ്ക്കാം, പാമ്പ്‍ വന്ന്‍ അവയെ കൊന്നുതിന്നേയ്ക്കാം. ഇങ്ങനെ അനേകവിധത്തിലുള്ള ഭയം ആ പക്ഷിക്കുഞ്ഞുങ്ങളുടെ അന്തരംഗത്തില്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്നു. ഈ പ്രായത്തില്‍ ആ പക്ഷിക്കുഞ്ഞുങ്ങളുടെ ഹ്ര്‌ദയത്തില്‍ ആകെ ഒരു ആശ്രയമേ ഉള്ളു, തള്ളപ്പക്ഷി മാത്രം.  അവയുടെ കാകാ കീകീ ശബ്ദം ഒരിക്കലും നിലക്കുന്നില്ല, അന്തര്‍ദ്ര്‌ഷ്ടി തള്ളപ്പക്ഷിയില്‍നിന്ന്‍ വിട്ടുപോരുന്നുമില്ല. തള്ളപ്പക്ഷിയുടെ നിരന്തരധ്യാനത്തിലാണ്‌ നിരാലംബരായിട്ടുള്ള ആ പക്ഷിക്കുട്ടികള്‍. നിരാലംബരായിട്ടുള്ള ആ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക്‍ ഒരേയൊരു ആശ്രയമേ ഉള്ളു, തള്ളപ്പക്ഷി ഇപ്പൊ വരും, ഞങ്ങളെ ശ്രദ്ധിക്കും എന്ന്‍. 

വ്ര്‌ത്രാസുരന്‍ ഭഗവാനോട്‍ പ്രാര്‍ത്ഥിക്കുന്നു, ഹേ ജഗദീശ്വരാ, എന്റെ കര്‍മ്മഫലങ്ങള്‍ക്കനുസരിച്ച്‍ എനിക്ക്‍ ഒരു അടുത്ത ജന്മം ഉണ്ടാകുമല്ലൊ, അത്‍ എന്ത്‍ വേണമെങ്കിലും തന്നു കൊള്ളുക, അതെന്തോതന്നെ ആയിക്കോട്ടെ, അതിനെ ഞാന്‍ പൂര്‍ണ്ണശരണാഗതിയോടെ സ്വീകരിക്കും. എന്നാല്‍ ഹേ ഭഗവാനേ, എന്റെ ഒരു പ്രാര്‍ത്ഥന നീ കേട്ടാലും.  

ഭഗവാന്‍ പറഞ്ഞു, ഓ ശരി, എന്താ അത്‍. 

ഹേ ഭഗവാനെ, അടുത്ത ജന്മം ഏതുതന്നെ ആവട്ടെ, ആ ജന്മത്തില്‍ 

- അജാതപക്ഷാ ഇവ മാതരം ഖഗാ - 

ചിറകുകള്‍ മുളച്ചിട്ടില്ലാത്ത, പറക്കമുറ്റാത്ത ആ പക്ഷിക്കുഞ്ഞുങ്ങള്‍ തങ്ങളുടെ ആശ്രയമായ അമ്മപ്പക്ഷിയെ പ്രാപിക്കാന്‍ വേണ്ടി ഏകാഗ്രചിത്തതയോടെ, ഏത്‍ വിധം ശബ്ദമുണ്ടാക്കിക്കൊണ്ടേയിരിക്കുന്നുവോ, അതേപോലെ  ഞാനും നിന്നെ പ്രാപിയ്ക്കാനായി ഉറക്കെയുറക്കെ നിന്നെത്തന്നെ വിളിച്ചുകൊണ്ടേയിരിയ്ക്കണം, നിന്നെത്തന്നെ ധ്യാനിച്ചുകൊണ്ടേയിരിക്കണം, അതിനായി നിന്നോട്‍ പ്രാര്‍ത്ഥിയ്ക്കുന്നു.

ഭഗവാന്‍ പറഞ്ഞു, ഓ.. ശരി, അങ്ങിനെ ആവട്ടെ, അങ്ങിനെത്തന്നെ ആയിരിക്കും... എന്ന്‍.    

അല്പം കഴിഞ്ഞ്‍, ഒന്ന്‍ നിര്‍ത്തിനിര്‍ത്തി ചിന്തിച്ച വ്ര്‌ത്രന്‍ പറഞ്ഞു, ഹേ ഭഗവാനേ..  

എന്താ, ത്ര്‌പ്തിയായില്ലേ എന്ന്‍ ഭഗവാന്‍..  

അല്ല ഭഗവാനേ, അത്‍ ശരിയല്ല, ആ വരം വേണ്ട. 

അതെന്തേ അങ്ങനെ..   

ഞാന്‍ പ്രാര്‍ത്ഥിച്ചു, അങ്ങ്‍ പ്രസാദിച്ചു, അതൊക്കെ ശരിതന്നെ, എന്നാല്‍ ഈ വരം അത്രയങ്ങ്‍ പോരാ ഭഗവാനേ..  ഇത്‍ മാറ്റി വേറൊന്ന്‍ പ്രാര്‍ത്ഥിച്ചോട്ടേ..?  

അതെന്തിനാ, ഇത്‍ നല്ലതുതന്നെയല്ലേ.. 

ഹേ ഭഗവാനേ, പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ നിന്നെ ധ്യാനിക്കാനും നിന്റെ മഹിമകള്‍ കീര്‍ത്തിക്കാനും ഇടയാവണേ എന്ന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു, നീ അതിനായി പ്രസാദിക്കുകയും ചെയ്തു എന്നത്‍ ശരിതന്നെ, പക്ഷെ ഇത്‍ പുര്‍ണ്ണമായും സ്വീകാര്യമല്ല. കാരണം, പക്ഷിക്കുഞ്ഞുങ്ങള്‍ അവയുടെ അമ്മയെ പ്രാപിക്കാനായി കരഞ്ഞുകൊണ്ടേ ഇരിക്കും, എന്നാല്‍ അമ്മപ്പക്ഷി അവയുടെ അരികില്‍ തിരിച്ചെത്തുമോ ഇല്ലയോ എന്ന്‍ അസന്നിഗ്ദ്ധമായി പറയാന്‍ പറ്റില്ല. മറ്റുവല്ല ശത്രുക്കളോടും ഏറ്റുമുട്ടി അമ്മപ്പക്ഷിയ്ക്ക്‍ എന്തെങ്കിലും സംഭവിച്ചാല്‍ !!!! അത്‍ കുഞ്ഞുപക്ഷികളുടെ അരികിലേക്ക്‍ എത്തില്ല. അതുമല്ല, വല്ല വേടനോ മറ്റാരെങ്കിലുമോ അമ്മപ്പക്ഷിയെ വേട്ടയായി പിടിച്ചുകൊണ്ടുപോയാല്‍, തള്ളക്ക്‍ കുട്ടികളുടെ അരികില്‍ എത്താന്‍ പറ്റില്ല, കുഞ്ഞുങ്ങള്‍ അവിടെ കരഞ്ഞുകൊണ്ടേ ഇരിക്കും. കുഞ്ഞുങ്ങളുടെയും തള്ളപ്പക്ഷിയുടെയും സംയോഗം ഉണ്ടാവില്ല.  അതേപോലെ അടുത്ത ജന്മത്തില്‍ ഞാന്‍ നിനക്കുവേണ്ടി ആര്‍ത്തുവിളിച്ചുകൊണ്ടേ ഇരിക്കും, എപ്പോഴെങ്കിലും എന്നെക്കാള്‍ കഴിവുള്ള മറ്റൊരുത്തനെ വഴിയില്‍ കണ്ടാല്‍ നീ അവന്റെ പുറകെ പോവില്ലേ.. അവന്‍ നിന്നെയും കൂട്ടിക്കൊണ്ട്‍ പോകും. അപ്പൊ എന്റെയും നിന്റെയും സംയോഗം ഉണ്ടാവില്ല. അതുകോണ്ട്‍ ഈ വരം എനിക്ക്‍ വേണ്ട.    

ഓ ശരി ശരി, വേറെ ചോദിച്ചോ... 

അപ്പൊ വ്ര്‌ത്രന്റെ മറ്റൊരു പ്രാര്‍ത്ഥന ഇതാ ഇങ്ങനെ..  

സ്തന്യം യഥാ വത്സതരാ: ക്ഷുധാര്‍ത്താ:

കയറില്‍ കെട്ടിയിട്ടിരിക്കുന്ന പശുക്കുട്ടി, തള്ളപ്പശു പുല്ല്‍ തിന്നാനായി പുറത്ത്‍ പോയിരിക്കുന്നു. തള്ളപ്പശു പോയതുമുതല്‍ ആ പശുക്കുട്ടി പാല്‌ കുടിയ്ക്കാനായി, തനിയ്ക്ക്‍ ഏക ആശ്രയമായിട്ടുള്ള അമ്മയെ പ്രാപിക്കാനായി അലറിക്കൊണ്ടേ ഇരിക്കുന്നു. അതേപോലെ അടുത്ത ജന്മത്തില്‍ ഞാന്‍ നിന്റെ പ്രാപ്തിയ്ക്കായിക്കൊണ്ട്‍ അലറിക്കൊണ്ടേ ഇരിയ്ക്കണം. നിന്റെ നാമങ്ങള്‍ ഉറക്കെ അലറിവിളിച്ചുകൊണ്ടേ ഇരിയ്ക്കണം.   ഓ ശരി, അങ്ങനെത്തന്നെ ആവട്ടെ എന്ന്‍ ഭഗവാന്‍ പ്രസാദിച്ചു.

അല്പം കഴിഞ്ഞ്‍ വ്ര്‌ത്രന്‍ പറഞ്ഞു, ഹേ ഭഗവാനേ, ഈ വരപ്രസാദവും എനിക്ക്‍ വേണ്ട, ഇതും ശരിയല്ല.  
അതെന്താ അങ്ങനെ, എന്ന്‍ ഭഗവാന്‍.  

വ്ര്‌ത്രന്‍ പറഞ്ഞു,  ഭഗവാനേ ഞാന്‍ ചോദിയ്ക്കുകയൊക്കെ ചെയ്തു, പശുക്കുട്ടി പാലിനുവേണ്ടി, അതിന്റെ തള്ളയെ പ്രാപിക്കാനായി, അലറിക്കൊണ്ടേ ഇരിക്കുന്നപോലെ നിന്റെ പ്രാപ്തിയ്ക്കായി ഞാന്‍ നിന്റെ നാമം വിളിച്ചുകോണ്ടേ ഇരിയ്ക്കാറാവട്ടെ, എന്ന്‍. ഇതും ശരിയല്ല, കാരണം,  തള്ളപ്പശു വീട്ടിലേക്ക്‍ വന്നാല്‍ വീട്ടുകാരന്‍ ആ തള്ളപ്പശുവിനെ കുത്തനെ അതിന്റെ കുട്ടിയുടെ അരികിലേക്ക്‍ പോകാന്‍ സമ്മതിക്കില്ല, സമ്മതിച്ചാല്‍ പാല്‌ മുഴുവനും കുട്ടി കുടിച്ച്‍ തീര്‍ക്കും. കുട്ടിയില്‍ നിന്നും അകലെ, അതിനെ  പിടിച്ച്‍ കെട്ടിയിടും. തള്ളപ്പശുവിന്റെയും കുട്ടിയുടെയും സംഗമം ഉണ്ടാവില്ല. അത്‍ മറ്റാരുടെയെങ്കിലുമൊക്കെ കൈകളിലാവും,അധികാരത്തിലാവും. അതേപോലെ മറ്റേതെങ്കിലും സാധനാസമ്പന്നനായ ഒരുവന്‍ എതിരെ വന്നാല്‍ നീ അവനെ പുറകെ പോവും, അല്ലെങ്കില്‍ തപസ്സുചെയ്ത്‍ അവന്‍ നിന്നെ വശത്താക്കും. അപ്പൊ എന്റെയും നിന്റെയും സംഗം ഉണ്ടാവില്ല.  അതുകൊണ്ട്‍ ഇതും ശരിയല്ല ഭഗവാനേ.. അത്‍ വേണ്ട. 

ഭഗവാന്‍ പറഞ്ഞു,  ഹേ വ്ര്‌ത്രാ, ഇതൊരു സദ്‍സംഗ വേദിയിലൊന്നുമല്ല, യുദ്ധഭൂമിയിലാണ്‌,  രണാംഗണത്തിലാണ്‌ നീ നില്‍ക്കുന്നത്‍, വേഗം നിന്റെ പ്രാര്‍ത്ഥന കഴിച്ച്‍ യുദ്ധം ചെയ്യാന്‍ തുടങ്ങൂ..

വ്ര്‌ത്രാസുരന്‍ തന്റെ ഹ്ര്‌ദയം തുറന്ന്‍ ഭഗവാന്റെ മുന്നില്‍വെച്ചു കൊണ്ട്‍ തന്റെ പ്രാര്‍ത്ഥന ഇങ്ങനെ ചൊല്ലി -   

പ്രിയം പ്രിയേവ വ്യുഷിതം വിഷണ്ണാ

പതിവ്രതയായ പത്നി, പതി അന്യദേശത്ത്‍ എന്തോ ആവശ്യത്തിന്‌ പോയിരിക്കുന്നു, പത്നി ഒറ്റയ്ക്ക്‍ വീട്ടില്‍. ഭര്‍ത്താവിന്റെ ഒരു ചിത്രം മേശപ്പുറത്ത്‍ വെച്ച്‍ അതിന്റെ മുന്നില്‍ ഒരു വിളക്കുംവെച്ച്‍, ആ ചിത്രത്തിനെ നമസ്കരിച്ച്‍, ആ ചിത്രത്തിനോട്‍ സംസാരിച്ച്‍, അതിനോട്‍ ചോദിച്ച്‍ അനുവാദം വാങ്ങി, ആ പതിവ്രത പകലന്തിയോളം അവളുടെ ഓരോ പണികളും ചെയ്യുന്നു. ദാഹിച്ച വെള്ളം കുടിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ ചിത്രത്തിനുമുന്നില്‍ വന്ന്‍ അനുവാദം ചോദിച്ച്‍ കുടിക്കും. ആഹാരം കഴിയ്ക്കണമെങ്കില്‍ ചിത്രത്തിന്റെ മുന്നില്‍ വന്ന്‍ അനുവാദം ചോദിച്ച്‍ ഭക്ഷണം കഴിക്കും. അങ്ങനെ ഓരോരോ പണികളും ചെയ്യും. സമയം സന്ധ്യയോടടുക്കുംതോറും അവള്‍ വിഷണ്ണവതിയായിത്തീരുന്നു, ഭര്‍ത്താവ്‍ എത്തിയില്ലല്ലോ, എത്തിയില്ലല്ലോ എന്ന്‍ ചിന്തിച്ച്‍. ഒരു ഇല ഇളകുന്ന ശബ്ദം കേട്ടാല്‍ പുറത്തേക്ക്‍ നോക്കും, തന്റെ പതിയുടെ പദവിന്യാസത്തിന്റെ ശബ്ദമല്ലേ.. എന്ന്‍. അല്ല. കാറ്റ്‍ അടിക്കുന്ന ശബ്ദം കേട്ടാലും അങ്ങിനെത്തന്നെ. ഒരു പട്ടി കുരക്കുന്ന ശബ്ദം കേട്ടാല്‍ ഉടനെ വാതില്‍ തുറന്ന്‍ നാലുപാടും നോക്കും. വിഷണ്ണവതിയായി വീണ്ടും ചിത്രത്തിനരികില്‍ത്തന്നെ പോയി ഇരിക്കും, പതിയെ സ്മരിച്ചുകൊണ്ട്‍ ഭഗവത്‍ നാമങ്ങള്‍ ജപിച്ചുകൊണ്ടിരിക്കും. 

ഇങ്ങനെ കഴിയുന്ന പതിവ്രതയുടെ അന്തരംഗത്തില്‍ തന്റെ പതിദേവനെ പ്രാപിയ്ക്കാനായി അവളിലുണ്ടാകുന്ന അന്തരംഗസ്ഥിതിയോടെ കഴിയുന്ന അവസ്ഥയില്‍, ഹേ ഭഗവാനെ,  ഞാനും ജീവിച്ച്‍ ഒടുവില്‍ നിന്നെ പ്രാപിച്ച്‍ സാലോക്യസാരൂപ്യസായൂജ്യമുക്തിയ്ക്ക്‍ എന്നില്‍ പ്രസാദിയ്ക്കണേ, എന്ന്‍ വ്ര്‌ത്രന്റെ പ്രാര്‍ത്ഥന.  പ്രിയം പ്രിയേവ വ്യുഷിതം വിഷണ്ണാ!!

രാത്രി കുറെ വൈകിയപ്പോള്‍ വാതിലില്‍ മുട്ടുന്ന ഒരു ശബ്ദം കേട്ടു, വാതില്‍ തുറന്നു, തന്റെ പ്രാണനാഥന്‍  എത്തിയിരിക്കുന്നു. അപ്പോള്‍  ആ പതിവ്രതയിലുണ്ടാകുന്ന ആനന്ദാതിരേകം എന്നിലും ഉണ്ടാവണേ എന്ന്‍ പ്രാര്‍ത്ഥന.  ദിവസം മുഴുവനും   തന്റെ വിധിവിഹിതങ്ങളായ കര്‍മ്മനിര്‍വ്വഹണവും ഈശ്വരസ്മരണയും നാമജപവും, ഒടുവില്‍ അതിന്റെ ഫലസ്വരൂപമായ പ്രാപ്തിയും.

ഭാഗവതത്തില്‍ ഒരു ഭക്തന്റെ പ്രാര്‍ത്ഥന അല്ല ഇത്‍, ഒരു ജ്ഞാനിയുടെ ദ്ര്‌ഷ്ടി അല്ല ഇത്‍, ഒരു പണ്ഡിതന്റെ വാക്‍ചാതുരി അല്ല ഇത്‍. ഭാഗവതപുരാണത്തില്‍ ഒരു അസുരന്റെ പ്രാര്‍ത്ഥനയാണിത്‍. അതിന്റെ മര്‍മ്മം ഏതൊരുത്തന്റെയും അന്തരംഗത്തില്‍ ഈശ്വരസ്വരൂപം വളര്‍ത്തി ദു:ഖമുക്തമാക്കാന്‍ പര്യാപ്തമാണ്‌. ഈ ഒരൊറ്റ ശ്ലോകം മതി ഭാഗവതത്തിനെ അറിയാന്‍. 

അതി വിശിഷ്ടമായ മനുഷ്യജന്മം കിട്ടിയിട്ടും, പഠിക്കാനും പഠിപ്പിയ്ക്കാനും ശ്രവിക്കാനും ധ്യാനിക്കാനും മനന നിദിധ്യാസനങ്ങളൊക്കെ ചെയ്യാനും, എല്ലാമുള്ള ശേഷിയും ശേമൂഷിയും ഉണ്ടായിട്ടും, ഈശ്വരനെ മാത്രം സ്മരിക്കാനോ ധ്യാനിക്കാനോ പേര്‌ വിളിയ്ക്കാനോ ഒന്നും പറ്റുന്നില്ലല്ലോ എന്ന ചിന്ത നമ്മെ ആരെയും അലട്ടുന്നില്ലല്ലോ എന്നത്‍ ഖേദകരം തന്നെ.

ഓം നമോ ഭഗവതേ വാസുദേവായ!!

2016 മാർച്ച് 24, വ്യാഴാഴ്‌ച

പുരുഷാര്‍ത്ഥം - അര്‍ത്ഥവും വ്യര്‍ത്ഥവും

പുരുഷാര്‍ത്ഥം എന്നതിന്റെ അര്‍ത്ഥം. 
ഉദ്ദേശ്യം നിറവേറാനായി,  അല്ലെങ്കില്‍ എന്തെങ്കിലും പ്രയോജനത്തിനായി  അതാതിന്റെ പ്രാപ്തിയ്ക്കുവേണ്ടി അല്ലെങ്കില്‍ സിദ്ധിക്കുവേണ്ടി മനുഷ്യപ്രയത്നം അവശ്യകര്‍ത്തവ്യമായി വരുന്നുവോ , അതിനെ പുരുഷാര്‍ത്ഥം എന്ന്‍ പറയുന്നു. 

മനുഷ്യനായി ദേഹധാരണം ചെയ്തതിന്റെ ഉദ്ദേശ്യം ഈശ്വരപ്രാപ്തിയാണ്‌, ആത്മസാക്ഷാത്‍കാരമാണ്‌ അഥവാ മുക്തിയാണ്‌. അവിതര്‍ക്കമായി ഇതിനെ ദര്‍ശിച്ചുകൊണ്ട്‍ പുരുഷാര്‍ത്ഥത്തെ മനനം ചെയ്യണം.  ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം എന്നിവയെയാണ്‌ പുരുഷാര്‍ത്ഥത്തിന്റെ പട്ടികയില്‍ പെടുത്തിയിട്ടുള്ളത്‍. 

ആത്മസാക്ഷാത്‍ക്കാരമാണ്‌ ആത്യന്തികമായി വേണ്ടത്‍ എന്ന തഥ്യയെ മുന്‍നിര്‍ത്തി, പുരുഷാര്‍ത്ഥത്തിന്റെ അര്‍ത്ഥം  മനനവിധേയമാക്കിയാല്‍ പുരുഷാര്‍ത്ഥ ചതുഷ്ടയത്തിലെ ആദ്യത്തെ മൂന്ന്‍ സിദ്ധാന്തങ്ങളും അപ്രസക്തമാണെന്ന്‍ ആദ്യമേ ബോധ്യപ്പെടുന്നു. ആദ്യത്തെ മൂന്നും അപ്രസക്തമാകുന്നതോടെ നാലാമത്തേതിനും അസ്തിത്വമില്ലാതാവുന്നു. അസ്തിത്വമില്ലാതാകുന്നു എന്ന്‍ പറഞ്ഞാല്‍ നാലാമത്തേത്‍ ഇല്ലാ എന്നല്ല അര്‍ത്ഥം, നാലാമത്തേതിന്റെ പ്രാപ്തിയ്ക്കായി ഒന്നും ആവശ്യമായി വരുന്നില്ലാ എന്ന്‍ എടുക്കണം. കാരണം ആദ്യത്തെ മൂന്നും ഇല്ലാത്തവന്‌ നാലാമത്തേത്‌ സിദ്ധമാണെന്ന്‍ ബോധ്യപ്പെടുന്നു. അതുകൊണ്ട്‍ നാലാമത്തേതിനും അസ്തിത്വമില്ലെന്ന്‍ തെളിയും.

ധര്‍മ്മം എന്നത്‍ ശരീരത്തിനെയും മനസ്സിനെയും മാത്രം ബാധിക്കുന്നതായതുകൊണ്ട്‍ പൂര്‍വ്വപക്ഷത്തില്‍ അതിനായിക്കൊണ്ട്‍ വാദങ്ങള്‍ ഉണ്ടെന്നിരിക്കിലും സിദ്ധാന്തപക്ഷത്ത്‍ ധര്‍മ്മത്തിന്‌ സ്ഥാനമില്ല.  ധര്‍മ്മം നിറവേറ്റുന്നതൊക്കെ ശരീരനിര്‍വ്വഹണത്തിനും മനസ്സിന്റെ സംത്ര്‌പ്തിക്കും വേണ്ടിയാണ്‌.   

ഉപനിഷത്തും ഭഗവത്‍ ഗീതയും ഇത്‍ വ്യക്തമാക്കുന്നുണ്ട്‍. സകല ധര്‍മ്മത്തെയും നിഷേധിയ്ക്കാനാണ്‌ വേദാന്തം ഉപദേശിക്കുന്നത്‍. അതോടെ വ്യക്തി ബന്ധനങ്ങളില്‍ നിന്ന്‍ മുക്തനായിത്തീരുന്നു. അര്‍ത്ഥം എന്നത്‍ ധര്‍മ്മ നിര്‍വ്വഹണത്തിനാണ്‌. അര്‍ത്ഥോപാര്‍ജ്ജനം അവശ്യം ചെയ്തിരിക്കണമെന്ന്‍ പൂര്‍വ്വപക്ഷം നിഷ്‍കര്‍ഷിക്കുന്നു. വേദങ്ങളിലും അര്‍ത്ഥോപാര്‍ജ്ജനം സാധുതന്നെയാണ്‌.  വേദത്തിലും ഇതര ശാസ്ത്രഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടില്ലെങ്കിലും വ്യക്തി അര്‍ത്ഥോപാര്‍ജ്ജനം ചെയ്യും എന്നത്‍ അവിതര്‍ക്കമാണ്‌. അതുകൊണ്ടും അര്‍ത്ഥോപാര്‍ജ്ജനം പുരുഷാര്‍ത്ഥത്തില്‍ പെടുത്തേണ്ട ആവശ്യമേ ഇല്ല.  കാമപൂര്‍ത്തീകരണം അഥവാ ആഗ്രഹസഫലീകരണം ധര്‍മ്മത്തിനെ സാര്‍ത്ഥകമാക്കാനുമാണ്‌. നാലാമത്തേതിന്‌ കാമപൂരണം അവശ്യം വേണ്ടുന്നതൊട്ടുമല്ലതാനും. ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ലെങ്കിലും, എവിടെയും സൂചിപ്പിച്ചിട്ടില്ലെങ്കിലും, ആരും പറഞ്ഞിട്ടില്ലെങ്കിലും വ്യക്തി ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാന്‍ പരിശ്രമം ചെയ്യും. ഇതില്‍ അഭിപ്രായഭിന്നത ഇല്ലേഇല്ല. വ്യക്തി മാത്രമല്ല, സകല ജീവികളും വംശവര്‍ദ്ധനവിനും നിലനില്‍പ്പിനും കാമപൂര്‍ത്തിയ്ക്കായി പ്രയത്നിക്കുന്നുണ്ട്‍. മുക്തിയ്ക്ക്‍ കാമപൂരണം അവശ്യം വേണ്ടുന്നതല്ലെന്ന്‍ ശാസ്ത്രം ഘോഷിക്കുകയും ചെയ്യുന്നു. ധര്‍മ്മത്തിന്റെ അഭാവത്തില്‍ ഈ രണ്ടിനും, അര്‍ത്ഥത്തിനും കാമത്തിനും അസ്തിത്വമില്ലാതാകുന്നു.  ഇത്‍ മൂന്നും ഇല്ലെങ്കില്‍  പിന്നീട്‍ അവശേഷിക്കുന്നത്‍ ബ്രഹ്മം മാത്രം, ആത്മാവ്‍ മാത്രം. എന്തൊന്ന്‍ അവശേഷിയ്ക്കുന്നുവോ, അത്‍ മുക്തിമാത്രമാണ്‌, ആത്മസാക്ഷാത്‍കാരമാണ്‌. ആ മുക്തിയ്ക്കായി യാതൊരു ധര്‍മ്മവും, യാതൊരു കര്‍മ്മവും, യാതൊരു അര്‍ത്ഥവും യാതൊരു ആഗ്രഹപൂര്‍ത്തീകരണവും ആവശ്യമില്ലെന്ന്‍ ബോധ്യപ്പെടും. അത്‍ അവിടെ ഉണ്ട്‍, അതവിടെ ഉള്ളതാണ്‌, അത്‍ ഇപ്പൊത്തന്നെ സിദ്ധമാണ്‌. അതിന്‌ വേറിട്ടൊരു ധര്‍മ്മസന്ധാരണമോ, പ്രവര്‍ത്തനമോ ആവശ്യമേ ഇല്ല. ഏതെങ്കിലും വിധത്തില്‍ ഒരു ധര്‍മ്മമോ -കര്‍മ്മമോ, ഒരു അര്‍ത്ഥമോ ഒരു ആഗ്രഹമോ ഒന്നുമില്ലാത്ത ഒന്നാണ്‌ ഇപ്പൊത്തന്നെ സിദ്ധമായിട്ടുള്ളത്‌.  യാതൊരുവിധ പ്രവര്‍ത്തനത്താലും അതിനെ ബോധ്യപ്പെടാന്‍ സാധ്യമല്ലെന്നും ഉപനിഷത്തും ഗീതയും എല്ലാം ഓതുകയും ചെയ്യുന്നു.  ഈ ജന്മത്തിലല്ലെങ്കില്‍ ഇതിന്‌ മുമ്പുള്ള ജന്മങ്ങളിലൊക്കെ ഈ പറഞ്ഞതൊക്കെ നിറവേറ്റിക്കാണില്ലേ എന്ന ഒരു ഭാഷ്യം ഉടലെടുത്തേയ്ക്കാം. അതായിരിക്കാം ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ അനുഷ്ഠിച്ചാലേ നാലാമത്തേത്‍ കൈവരികയുള്ളു എന്ന്‍ ഋഷീശ്വരന്മാര്‍ കണ്ടെത്തിയത്‍. ജന്മനാ അവതരിച്ചിട്ടുള്ള ഭാവാതീതന്മാരായ അല്പം ചില മഹത്‍വ്യക്തികളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍ക്കെല്ലാം പുരുഷാര്‍ത്ഥനിര്‍ദ്ധാരിതമായ സിദ്ധാന്തങ്ങള്‍ ബാധകമാണെന്ന്‍ വരുന്നു. അതിനെ വിധിവിഹിതമായി അനുഷ്ഠിച്ച്‍ അതിന്റെ നിരര്‍ത്ഥകത ബോധ്യപ്പെട്ട്‌ ഓരോ ആശ്രമത്തിലൂടെയും പടിപടിയായി ജീവിതത്തെ ചിട്ടപ്പെടുത്തുന്നവര്‍ക്ക്‍ നാലാമത്തേതായ മോക്ഷാവസ്ഥ സ്വയമേവ സിദ്ധമായിത്തീരുന്നു. അവിടെ എത്തുമ്പോള്‍ ബോധ്യപ്പെടുന്നതാണ്‌ പുരുഷാര്‍ത്ഥ ചതുഷ്ടയത്തിലെ ആദ്യത്തെ മൂന്നുപാദങ്ങളും നാലാമത്തേതെന്ന മോക്ഷാവസ്ഥയിലേക്ക്‍ ഔത്സുക്യം ജനിക്കാന്‍വേണ്ടി രൂപപ്പെടുത്തിയ ഒന്നാണെന്ന്‍. 

2016 ജനുവരി 5, ചൊവ്വാഴ്ച

നിഗമകല്‍പതരോര്‍ഗളിതം ഫലം

വേദസമ്മതമായ ക്ര്‌തികള്‍ക്ക്‍ മാത്രമേ ആധികാരിത്വമുള്ളു. വേദസമ്മതമല്ലാത്ത ക്ര്‌തികള്‍ ഭാരതീയ ഋഷീശ്വരന്മാര്‍ രചിയ്ക്കില്ല. ജീവിതായോധനത്തില്‍ ഏത്‍ കര്‍മ്മവും നിറവേറ്റുന്നതിന്‌ ആ കര്‍മ്മവും അത്‍ നിറവേറ്റുന്നതിനുള്ള പദ്ധതികളും പന്ഥാവും എല്ലാം വേദസമ്മതമായിരിയ്ക്കണം.  ഓരോ ക്ര്‌തിയും വേദസമ്മതമാണെന്ന്‍ അതില്‍ പ്രഖ്യാപിയ്ക്കുകയും ചെയ്യും.  അതേപോലത്തെ ഒരു പ്രഖ്യാപനം ശ്രീമദ്‍ ഭാഗവതത്തില്‍ അതിന്റെ തുടക്കത്തില്‍ത്തന്നെ നമുക്ക്‍ കാണാം.  


നിഗമകല്‍പതരോര്‍ഗളിതം ഫലം ശുകമുഖാദ്‍ അമ്ര്‌തദ്രവസംയുതം, പിബത ഭാഗവതം രസമാലയം മുഹുരഹോ രസികാ ഭുവി ഭാവുകാ:


നഗമകല്‍പതരു - നിഗമം എന്നാല്‍ വേദം. നിഗമകല്‍പതരു എന്നാല്‍ വേദമാകുന്ന കല്‍പവ്ര്‌ക്ഷം എന്നര്‍ത്ഥം. ആ കല്‍പവ്ര്‌ക്ഷത്തില്‍ അനേകം പഴുത്ത പഴങ്ങളുണ്ട്‍. അതില്‍ കര്‍മ്മത്തിന്റെ പഴമുണ്ട്‍, അതിന്മേല്‍ ജ്ഞാനത്തിന്റെ പഴങ്ങളുണ്ട്‍, സാംഖ്യത്തിന്റെ പഴങ്ങളുണ്ട്‍, യോഗത്തിന്റെ പഴങ്ങളുണ്ട്‍, ഭക്തിയുടെ പഴങ്ങളുണ്ട്‍, സംഗീതത്തിന്റെ പഴങ്ങളുണ്ട്‍, ആരോഗ്യശാസ്ത്രത്തിന്റെ പഴങ്ങളുണ്ട്‍, നക്ഷത്രശാസ്ത്രത്തിന്റെ പഴങ്ങളുണ്ട്‍, അങ്ങനെ ഓരോരുത്തരുടെയും ആഗ്രഹത്തിനും ആവശ്യത്തിനും വേണ്ടുന്ന പക്വമായ പഴങ്ങള്‍ എല്ലാം ആ വേദമാതാവായ കല്‍പവ്ര്‌ക്ഷത്തില്‍ പഴുത്തുനില്‍ക്കുന്നുണ്ട്‍. അതിന്റെ ചുവട്ടില്‍ നിന്ന്‍ പ്രാര്‍ത്ഥിച്ച്‍ അവരവര്‍ക്ക്‍ വേണ്ടുന്നത്‍ ചോദിച്ച്‍ വാങ്ങി ഓരോരുത്തരും അതിനെ മനനം ചെയ്ത്‍ പലപല ക്ര്‌തികളാക്കി ലോകത്തിന്‌ സമര്‍പ്പിച്ചു. 


വേദവ്യാസ പുത്രനായ ശ്രീശുകബ്രഹ്മര്‍ഷിയും ഒരിയ്ക്കല്‍ ആ നിഗമകല്‍പവ്ര്‌ക്ഷച്ചുവട്ടിലെത്തി പ്രാര്‍ത്ഥിച്ചു,  ഹേ കല്‍പവ്ര്‌ക്ഷമേ എനിയ്ക്ക്‍ എന്താണ്‌ ആവശ്യമെന്ന്‍ എനിയ്ക്കുതന്നെ അറിയില്ല. എന്റെ യോഗ്യതയ്ക്ക്‍ അനുസരിച്ച്‍ ഏത്‍ പഴമാണോ എനിക്ക്‍ യോജിയ്ക്കുന്നത്‍, അത്‍ തന്ന്‍ എന്നെ അനുഗ്രഹിച്ചാലും, എന്ന്‍ ശ്രീശുകന്‍ ആ നിഗമകല്‍പവ്ര്‌ക്ഷത്തോട്‍  പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആ കല്‍പവ്ര്‌ക്ഷം അമ്ര്‌ത ദ്രവ സംയുക്തമായ, ഭക്തിരസപ്രദാനമായ ഭാഗവതം എന്ന പഴം ശ്രീശുകന്റെ കൈകളിലേക്ക്‍ ഇട്ടുകൊടുത്തു. ആ പഴത്തിനെ ശുകം എന്ന തത്തപ്പക്ഷി  തന്റെ കൊക്കുകൊണ്ട്‍ ഒരു കൊത്തുകൊടുത്തു, അതിന്റെ മാധുര്യം ഇരട്ടിച്ചു. തത്ത കൊത്തിയ പഴത്തിന്‌ മാധുര്യം കൂടും. ശ്രീശുകബ്രഹ്മര്‍ഷി അതിനെ തന്നിലേയ്ക്കാക്കി. പഴമായി വീണ ആ പഴുത്ത പഴം ശുകന്‍ കൊത്തിയപ്പോള്‍ അത്‍ ദ്രവരൂപത്തിലായി, രസമായി (ജ്യൂസ്സ്‍ ആയി) ഭാഗവതമെന്ന അമ്ര്‌തത്തിന്റെ -രസമാലയം- രസത്തിന്റെ സങ്കേതമായി, ആ സങ്കേതത്തില്‍നിന്ന്‍ ആ രസാമ്ര്‌തം ഒഴുകാന്‍ തുടങ്ങി. അങ്ങിനെ ശ്രീശുകബ്രഹ്മര്‍ഷിയില്‍നിന്ന്‍ ആ അമ്ര്‌തദ്രവം ഒഴുകി. ആ അമ്ര്‌തരസം പാനം ചെയ്ത്‍ എത്രയോ എത്രയോ ഭാഗ്യവാന്മാര്‍ ഈ ഭൂമിയില്‍ എല്ലാം മറന്ന്‍ അതില്‍ത്തന്നെ രസിച്ചുകൊണ്ട്‍ ഭാവാതീതന്മാരായി -രസികാ ഭുവി ഭാവുകാഹ...  ഉന്മത്തരായി വിഹരിക്കുന്നു. 


പരമമായ സത്യത്തെ അറിയലാണ്‌ ഭാഗവതത്തിന്റെ ഉദ്ദേശ്യം. പരമമായത്‍ സത്യം മാത്രമാണ്‌ എന്ന്‍ ഉദ്‍ഘോഷിച്ചുകൊണ്ടാണ്‌ ഇതിന്റെ തുടക്കവും ഒടുക്കവും. സത്യം പരം ധീമഹി എന്ന്‍ ആദ്യത്തിലും സത്യം പരം ധീമഹി എന്ന്‍ ഒടുവിലും ഘോഷിയ്ക്കുന്നു. ധാമ്‍നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി എന്ന്‍ തുടക്കത്തിലും ശുദ്ധം വിമലം വിശോകമമ്ര്‌തം സത്യം പരം ധീമഹി എന്ന്‍ ഒടുവിലും ഉദ്‍ഘോഷിച്ചുകൊണ്ട്‍ ഭാഗവതം അവസാനിക്കുകയും ചെയ്യുന്നു. ഓ ആയിക്കോട്ടെ, സത്യം എന്ന ഒന്ന്‍ അവിടെ ഉണ്ട്‍, അവിടെ ഉണ്ടായിക്കോട്ടെ, പക്ഷെ എനിയ്ക്കെന്ത്‍ കാര്യം. അതിനെ എങ്ങിനെ അറിയാം. ആ സത്യത്തിനെ അറിയാന്‍ എങ്ങിനെ കഴിയും.  എനിക്ക്‍ അറിയാന്‍ പറ്റ്വൊ..  എനിയ്ക്ക്‍ അതിനുള്ള കഴിവുണ്ടോ,  ഞാന്‍ അതിനു അധികാരിയാണോ. അതിനെ അറിയാന്‍ എന്റെ ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന്‍ ഞാന്‍ എന്തെങ്കിലും മാറ്റം വരുത്തണോ. ജീവിത രീതിയില്‍ വല്ല ഭേദങ്ങളും വരുത്തണോ, അതോ ശരീരം മുഴുവനും ഭസ്മവും ധരിച്ച്‍ കാഷായവും ഉടുത്ത്‍ നാട്‌ മുഴുവനും ചുറ്റിയാല്‍ കിട്ടുമോ, അതോ വല്ല കാട്ടിലോ ഗുഹയിലോ ഒക്കെ പോയി ഏകാന്തതയില്‍ ഇരുന്ന്‍ കഠിനമായ തപസ്സ്‍ ചെയ്യണോ. വീടും കുടുംബവും ഒക്കെ ഉപേക്ഷിയ്ക്കണോ. കയ്യിലുള്ളതൊക്കെ ദാനം ചെയ്താല്‍ കിട്ട്വോ..  വല്ല ക്ഷേത്രങ്ങളിലും പോയി അവിടെ എന്തെങ്കിലും സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യണോ,  അതോ തീര്‍ത്ഥാടനങ്ങള്‍ നടത്തണോ, വേദങ്ങളും വേദാന്തങ്ങളും ഒക്കെ പഠിച്ചാല്‍ കിട്ടുമോ, അതോ യാഗങ്ങളോ ഹോമങ്ങളോ പൂജാവിധികളോ ഒക്കെ ചെയ്യണോ...  എന്ത്‍ ചെയ്താലാണ്‌ ആ പരമമായ സത്യത്തെ അറിയുക. അത്‍ അവിടെ ഉണ്ട്‍ എന്ന്‍ അറിഞ്ഞതുകൊണ്ട്‍ ആയില്ലല്ലോ.. അതിനെ കിട്ടിയാലല്ലേ ത്ര്‌പ്തി ഉണ്ടാവൂ, ശാന്തി ഉണ്ടാവൂ....   


ആ പരമമായ സത്യത്തെ അറിയാന്‍ സ്വ-ധര്‍മ്മത്തെ അറിയുക എന്ന്‍ ഒറ്റവാക്കില്‍ ഉത്തരം.  ധര്‍മ്മമാണ്‌ ഭാഗവതത്തിലെ പ്രതിപാദ്യ വിഷയം. സ്വ-ധര്‍മ്മത്തെ അറിയുന്നതിലൂടെയാണ്‌ ആ പരമമായ സത്യത്തെ അറിയുന്നത്‍, അതിലൂടെ മാത്രമേ അറിയാന്‍ പറ്റു. 


ധര്‍മ്മ: പ്രോജ്‍ഝിത കൈതവോ അത്ര പരമോ നിര്‍മ്മത്സരാണാം സതാം

വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്മൂലനം

ശ്രീമദ്‍ ഭാഗവതേ മഹാമുനിക്ര്‌തേ അത്ര ക്ര്‌തിഭി: ശുശ്രൂഷുഭിത്‍ തല്‍ക്ഷണാത്‍..


ആ ധര്‍മ്മത്തിന്റെ സ്വരൂപമെന്ത്‍, അത്‍ ധര്‍മ്മമാണോ അധര്‍മ്മമാണോ എന്നൊക്കെ എങ്ങിനെ അറിയാം.  ആ ധര്‍മ്മത്തിന്റെ സ്വരൂപം ഇതാ ഇവിടെ നോക്കൂ..  

 

ധര്‍മ്മ: പ്രോജ്‍ഝിത കൈതവോ -  പ്രോജ്‍ഝിത കൈതവ ധര്‍മ്മം.  കൈതവം എന്നാല്‍ കാപട്യം. പ്രോജ്‍ഝിതകൈതവം എന്നാല്‍ അകൈതവം. കാപട്യമില്ലാത്ത ധര്‍മ്മം. ഭാഗവതത്തില്‍ കാപട്യമില്ല. അതെന്താ ഈ കാപട്യമില്ലാത്ത ധര്‍മ്മം.. കാപട്യമുള്ള ധര്‍മ്മം വേറെ ഉണ്ടോ...   നിര്‍മത്സരാണാം സ്വയം വേദ്യം. യാതൊരു വിധ മത്സരങ്ങളും ഇല്ലാതിരിയ്ക്കുക, യാതൊരുവിധ മാത്സര്യഭാവങ്ങളും ഇല്ലാത്തവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ അകൈതവ ധര്‍മ്മത്തില്‍ പെടുന്നു. ആ വിധത്തിലുള്ള ധര്‍മ്മം മൂന്ന്‍ വിധത്തിലുള്ള ദു:ഖങ്ങളെയും നശിപ്പിയ്ക്കുന്നു. താപത്രയോന്മൂലനം....  സകല ദു:ഖങ്ങളെയും നശിപ്പിയ്ക്കുവാന്‍ ഉതകുന്ന ധര്‍മ്മാചരണ തല്‍പരര്‍ക്ക്‍ ആ സത്യം വേദ്യമാകുന്നു. താപത്രയങ്ങള്‍... മൂന്നു വിധത്തിലുള്ള താപങ്ങള്‍-ദു:ഖങ്ങള്‍.   ഒന്ന്‍ കര്‍മ്മങ്ങള്‍കൊണ്ട്‍ ശരീരത്തിനു വരുന്ന ദു:ഖങ്ങള്‍, മത്സരാദികള്‍ കൊണ്ട്‍ - കാമക്രോധലോഭമോഹമദമത്സരാദികള്‍കൊണ്ട്‍ മനസ്സിന്‌ ഉണ്ടാവുന്ന ദു:ഖങ്ങള്‍, ബാഹ്യകാരണങ്ങളാല്‍ -അതിശൈത്യം അത്യുഷ്ണം അതിവ്ര്‌ഷ്ടി അനാവ്ര്‌ഷ്ടി ഇടിമിന്നല്‍ ഹിംസ്രജന്തുക്കളാല്‍ ഉണ്ടാകുന്നത്‍, ഭരിക്കുന്നവരില്‍നിന്ന്‍ ഉണ്ടാകുന്നത്‍- ഇത്യാദികളെല്ലാം ബാഹ്യകാരണങ്ങളാലുള്ള ദു:ഖം.   ഇത്തരത്തിലുള്ള മൂന്നുവിധം ദു:ഖങ്ങളെയും ഇല്ലാതാക്കുന്ന അവസ്ഥയെ ഉണ്ടാക്കുന്നതാണ്‌ അകൈതവമായ ധര്‍മ്മാചരണം.  താപത്രയ ഉന്മൂലനത്തിന്‌ കാരണമാകുന്നത്‍ ഏതോ അത്‍ പ്രോജ്‍ഝിത ധര്‍മ്മം.  അങ്ങിനെ ആ ധര്‍മ്മത്തെ അറിയുമ്പോള്‍ - സതാം വേദ്യം വാസ്തവം അത്ര വസ്തു ശിവദം -  വാസ്തവമായ വസ്തു - വേദ്യം - അറിയപ്പെടും, വെളിവാകും.. 


വസ്തുവോ, അതെന്താ അതൊരു വസ്തുവാണോ, ഒരു സാധനമാണോ...  സാധനമാണെങ്കില്‍ അത്‌ നശിയ്ക്കില്ലേ... പിന്നെ ഇതൊക്കെ കേട്ടിട്ട്‍ എന്താ കാര്യം...  ഏതൊന്ന്‍ ലഭിച്ച്‍ കഴിഞ്ഞാല്‍ താപത്രയങ്ങളെ ഉന്മൂലനം ചെയ്യണമോ, അതൊരു വസ്തുവായി കയ്യില്‍ കിട്ടിയാല്‍ ഒരു ദു:ഖം കൂടി കൂടുകയല്ലേ ചെയ്യുക... ദു:ഖവിനാശം ഉണ്ടാവില്ലല്ലോ.  


ആ കിട്ടുന്നത്തിനെ ശുകബ്രഹ്മര്‍ഷി  അതൊരു പുരുഷനെന്ന്‍ പറഞ്ഞില്ല, ഒരു സ്ത്രീ എന്ന്‍ പറഞ്ഞില്ല, ദേവനെന്ന്‍ പറഞ്ഞില്ല, ദേവി എന്ന്‍ പറഞ്ഞില്ല, വാസ്തവമായ വസ്തു ശിവദം - ശിവ ദം എന്നാണ്‌ പറഞ്ഞത്‍. ശിവം എന്നാല്‍ മംഗളം. ദം എന്നാല്‍ കിട്ടുന്നത്‍, ലഭ്യമാകുന്നത്‍...   വസ്തു എന്നാല്‍ ഉള്ളത്‍ എന്നര്‍ത്ഥം.  ഉള്ളത്‌ എന്തോ അത്‍ വസ്തു. എന്ത്‍ ഇല്ലയോ അത്‍ അവസ്തു. കിട്ടുക എന്നാല്‍ എന്തെങ്കിലും സാധനം നാമരൂപമുള്ള ഒരു സാധനം കയ്യില്‍ കിട്ടുക എന്നല്ല, വാസ്തവ വസ്തു ശിവദം - സതാം വേദ്യം -  പരമാര്‍ത്ഥമായ സത്യം വെളിവാകുന്നു, എന്നര്‍ത്ഥം.  ശിവമാണ്‌ കിട്ടുന്നത്. പരമമായ ശാന്തി, നിര്‍വ്ര്‌തി എന്നൊക്കെ പറയാം. എന്നും എപ്പോഴും എല്ലായിടത്തും വസ്തുവായിരിക്കുന്നത്‍, "ഉള്ളത്‌" , അത്‍ ശാന്തി ഒന്നുമാത്രമാണ്‌. ശാന്തിയാണ്‌ സത്യത്തിന്റെ സ്വരൂപം, ശാന്തിയാണ്‌ ഭഗവത്‍ സ്വരൂപം. - ശാന്തോയം ആത്മാ - ശാന്തിയാണ്‌ ആത്മാവിന്റെ സ്വരൂപം. 


ഒരു ദു:ഖം വന്ന്‍ പോയാല്‍ ഒരു ശാന്തി ഉണ്ടാവും. ഒരു സുഖം വന്നു പോയാലും ഒരു ശാന്തി ഉണ്ടാവും. ഓരോ ദു:ഖത്തിനു ശേഷവും, ഓരോ സുഖാത്തിനു ശേഷവും ഒരു ശാന്തി നമുക്കുണ്ടാകുന്നു. ആ ശാന്തിയാണ്‌ നമ്മുടെ ശാശ്വതമായ നില. യാതൊരു താപങ്ങളും ഇല്ലാത്ത മണ്ഡലമാണ്‌ ആ ശാന്തിതമായ നില. ഇതാണ്‌ വാസ്തവ വസ്തു അത്ര ശിവദം. 


എന്ത്‍ തന്നെ ചെയ്താലും ശരീരത്തിന്റെ ദു:ഖം മാറ്റാന്‍ പറ്റുമോ.. കര്‍മ്മം ചെയ്താല്‍ ദു:ഖം മാറുമോ, കര്‍മ്മം ചെയ്താല്‍ സുഖമാകുമോ. എന്തെങ്കിലും ചെയ്തിട്ട്‍ കിട്ടുന്നതാണോ സുഖവും ദു:ഖവും. എന്തെങ്കിലും ചെയ്തിട്ട്‍ കിട്ടുന്നതാണ്‌ എന്ന്‍ പറഞ്ഞാല്‍ അത്തരക്കാരെ ക്ര്‌പണന്മാര്‍ എന്ന്‍ പറയും.  ക്ര്‌ എന്നാല്‍ ചെയ്യുക. പ എന്നാല്‍ പ്രാപിയ്ക്കുക, കിട്ടുക.  ചെയ്യുക നേടുക ചെയ്യുക നേടുക ഇത്‌ ക്ര്‌പണത.  എന്തിനുവേണ്ടിയിട്ടാണോ ദേഹധാരിയായി  ഈ ഭൂമിയില്‍ ജനിച്ചിരിയ്ക്കുന്നത്‍ അതിനെ വിട്ട്‍, അതിനെ അറിയാതെ, മറ്റൊന്ന്‌ ചെയ്യുക, മറ്റൊന്നിനെ ആശ്രയിക്കുക, അതിനെയാണ്‌ ക്ര്‌പണത എന്ന്‍ പറയുക.  ക്ര്‌, പ...  ക്ര്‌, പ... ചെയ്യുക നേടുക, ചെയ്യുക നേടുക..   കാര്‍പ്പണ്യ ദോഷോ ഉപഹതസ്വഭാവ എന്ന്‍ ഗീതയിലും പറയും. ഏതൊന്നിനു വേണ്ടിയിട്ടാണോ ഇവിടെ വന്നത്‍ അത് അറിയാതെ മറ്റെന്തെല്ലാമോ ചെയ്ത്‍ ചെയ്ത്‍ അതുതന്നെ സ്വഭാവമാക്കിത്തീര്‍ക്കുക.   ഇതാണ്‌ നമ്മളൊക്കെ ചെയ്യുന്നത്‍.. ക്ര്‌ , പ; ക്ര്‌, പ..   ചെയ്യുന്നതുകൊണ്ട്‍ കിട്ടില്ല. എന്തെങ്കിലും ചെയ്തിട്ട്‍ നേടിയെടുക്കേണ്ടതല്ല ശാന്തി. ഒരു ദു:ഖം വന്ന്‍ അത്‍ പോയിക്കഴിഞ്ഞാല്‍ അനുഭവപ്പെടുന്ന ശാന്തി, എന്തെങ്കിലും ചെയ്തിട്ട്‍ കിട്ടിയതല്ലല്ലൊ. അതവിടെ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്‍, എപ്പോഴും ഉണ്ടാവും.  അത്‍ ആത്മാവിന്റെ സ്വരൂപമാണ്‌.  എന്തെങ്കിലും ചെയ്താല്‍ അശാന്തി, ചെയ്യാതിരുന്നാല്‍ ശാന്തി.  അപ്പൊ എങ്ങനെ ചെയ്യാതിരിയ്ക്കും, വെറുതെ ഇരിയ്ക്കണമെന്നാണോ പറയുന്നത്‍. അല്ല. ചെയ്യുന്നത്‍ ഞാന്‍ അല്ല ചെയ്യുന്നത്‍ എന്ന്‍ അറിഞ്ഞ്‍ ചെയ്താല്‍ കാര്യം വളരെ എളുപ്പം.  എല്ലാവരും ശ്വാസം വലിയ്ക്കുന്നുണ്ടല്ലോ..  അത്‍ ഞാനാണ്‌ ചെയ്യുന്നത്‍ എന്ന്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ,... ഇല്ല. എന്നാല്‍ ഞാന്‍ ശ്വാസം വലിയ്ക്കുന്നു എന്ന ചിലപ്പോഴെങ്കിലും പറയാറുണ്ട്‌. അതിന്റെ സന്ദര്‍ഭം വരുമ്പോള്‍ മാത്രം. അങ്ങിനെ പറയാന്‍ കാരണം, അതല്ലാതെ മറ്റൊന്നും പറയാന്‍ പറ്റില്ല. അതേപോലെ ഈ ശരീരം എന്തെങ്കിലുമൊക്കെ ചെയ്തോട്ടെ, അത്‍ ആരോ ഈ ശരീരത്തിനെക്കൊണ്ട്‍ ചെയ്യിയ്ക്കുന്നു, അതിന്റെ ഫലം ആരോ അനുഭവിയ്ക്കുന്നു. ഒന്നിനും ഞാന്‍ കര്‍ത്താവല്ല, അതിന്റെ ഫലം അനുഭവിയ്ക്കുന്നതും ഞാനല്ല. അകത്തിരുന്നുകൊണ്ട്‍ ആ ആത്മാവ്‍ എന്തൊക്കെയോ ചെയ്യിക്കുന്നു, ഈ ശരീരം അത്‍ ചെയ്യുന്നു. അവിടെ ഞാനില്ല. ഇതറിഞ്ഞു കഴിഞ്ഞാല്‍ ത്രിവിധ താപങ്ങളില്‍നിന്നും മുക്തമായി, താപത്രയോന്മൂലനം.. 


സ്വാമി രാമതീര്‍ത്ഥരോട്‍ ഒരു സായിപ്പ്‍ പറഞ്ഞു, സ്വാമീ, ഈശ്വരനെ സ്വന്തം ഉള്ളില്‍ ദര്‍ശിയ്ക്കുക എന്നത്‍ അത്യന്തം കഠിനമാണല്ലൊ, എന്ന്‍. അതിന്‌ രാമതീര്‍ത്ഥര്‍ പറഞ്ഞു, അതെ, ശരിയാണ്‌, പക്ഷെ വേറെ എവിടെയും നിങ്ങള്‍ക്ക്‍ അതിനെ ദര്‍ശിയ്ക്കാനും പറ്റില്ല. 


എത്രയെത്ര ശാസ്ത്ര ഗന്ഥങ്ങളാണ്‌ നമുക്ക്‍ കിട്ടിയിട്ടുള്ളത്‍. ഭിന്ന ഭിന്ന രുചിക്കാരായ ലോകത്തിലെ ഓരോരുത്തര്‍ക്കും ഉചിതമായ ശാസ്ത്രഗ്രന്ഥങ്ങള്‍ നമുക്കുണ്ട്‍. എത്രയോ മഹാത്മാക്കളുടെ ബോധമണ്ഡലത്തില്‍ സ്ഫുരിച്ച ആത്യന്തിക സത്യത്തെ വെളിപ്പെടുത്തുന്ന ശാസ്ത്രങ്ങള്‍ അതിന്റെ അന്ത:സ്സത്തയ്ക്ക്‍ യാതൊരു കോട്ടവും തട്ടാതെ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നു. എല്ലാ ശാസ്ത്രഗ്രന്ഥങ്ങളുടെയും സത്ത ത്രിവിധ ദു:ഖത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ്‌. ശ്രീമദ്‍ ഭാഗവതം അതീവ ശ്രൈഷ്ഠമുള്ള ഒരു ഗ്രന്ഥമാണ്‌. അതിലെ സരണികള്‍ ഒരു ഭാഗവതോത്തമനില്‍നിന്ന്‍ ശ്രദ്ധയോടെ ശ്രവിച്ചാല്‍, ശ്രവണമാത്രയില്‍ത്തന്നെ... താപത്രയ ഉന്മൂലനം സംഭവിച്ച്‍ ഭാവാതീതാവസ്ഥയെ പ്രാപിക്കുന്നു.  ശുകബ്രഹ്മര്‍ഷിയുടെ മുഖാരവിന്ദത്തില്‍നിന്ന്‍ ദ്രവരൂപത്തില്‍ ഒഴുകിയ ഈ കല്‍പ്പതരുവിന്റെ പഴത്തിന്റെ രസം ജ്യൂസ്‌ ശ്രോത്രങ്ങള്‍കൊണ്ട്‍ പാനം ചെയ്യണം... പിബത ഭാഗവതം രസമാലയം... പിബത എന്നാല്‍ കുടിയ്ക്കൂ എന്നര്‍ത്ഥം. 


താപത്രയങ്ങള്‍ അകലുമ്പോള്‍ ജീവിതം ഉന്മത്തമുള്ളതായി തീരുന്നു, ആനന്ദപ്രദമാകുന്നു. അപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം ആനന്ദത്തെ പ്രദാനം ചെയ്യുന്നു. ഭഗവത്‍ സ്വരൂപവും ഭഗവത്‍ നാമങ്ങളും ഭഗവത്‍ കഥകളും ഭഗവത്‍ ലീലകളും എല്ലാം വര്‍ണ്ണിക്കുന്നത്‍ കേള്‍ക്കാന്‍ തന്നെ പുണ്യം ചെയ്യണം. സുക്ര്‌തികള്‍ക്കേ അതിനുള്ള ഭാഗ്യം ഉണ്ടാവു.  അതാണ്‌ രസികാ ഭുവി ഭാവുകാഹ എന്ന്‍ പറഞ്ഞിട്ടുള്ളത്‍. അവര്‍ അത്‍ ശ്രവണം ചെയ്തുകൊണ്ട്‍ ഭൂമിയില്‍ ഉന്മത്തരായി സഞ്ചരിക്കുന്നു. 


പിബത, പിബത രസമാലയം, ഭാഗവത രസമാലയം, കുടിയ്ക്കൂ, കുടിയ്ക്കൂ, വീണ്ടും വീണ്ടും വീണ്ടും കുടിയ്ക്കൂ..  നേത്രൈ ശ്രോത്രൈശ്ച പീത്വാ പരമരസ സുധാംബോധി പൂരേ രമേരന്‍ - എന്ന്‍ ഭട്ടതിരിപ്പാട്‍ നാരായണീയത്തില്‍ പറയും. രസികാ ഭുവി ഭാവുകാഹ എന്നാണ്‌ പറഞ്ഞിട്ടുള്ളത്‍.   ചകോരപ്പക്ഷി ഒരേ ഇരുപ്പില്‍ ഇരുന്ന്‍ ചന്ദ്രനെത്തന്നെ നോക്കിക്കൊണ്ടിരിയ്ക്കുന്നു, ചന്ദ്രനില്‍നിന്ന്‌ ഒഴുകുന്ന ചന്ദ്രികയെ രാത്രി മുഴുവനും പാനം ചെയ്തുകൊണ്ടിരിക്കുന്നു. ചന്ദ്രന്‍ വിലീനമാകുമ്പോള്‍, പകല്‍ മുഴുവനും ചന്ദ്രനെത്തന്നെ സ്മരിച്ചുകൊണ്ടിരിയ്ക്കും. അപ്പോള്‍ വീണ്ടും ചന്ദ്രന്‍ പ്രത്യക്ഷപ്പെടും. ഇത്‍ അനവരതം തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുന്നു. ചകോരപ്പക്ഷി ഒരിക്കലും തന്റെ തപസ്സില്‍നിന്ന്‍ പുറകോട്ട്‍ പോകുന്നില്ല, ജീവിതം മുഴുവനും ചന്ദ്രനെ സ്മരിച്ചും ചന്ദ്രികയെ പാനം ചെയ്തും തന്റെ ജീവിതം ഉന്മത്തപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്നു. അതേപോലെ എവിടെയാണ്‌ ഭാഗവത പാരായണം നടക്കുന്നത്‍, എവിടെയാണ്‌ ഭഗവാന്റെ കഥകള്‍ പറയുന്നത്‍, ആരാണ്‌ ഭഗവത്‍ ലീലകള്‍ വര്‍ണ്ണിയ്ക്കുന്നത്‍, എന്നൊക്കെ നോക്കി നടക്കുകയാണ്‌ ഭാവുകരായ ഭഗവത്‍ ഭക്തരെല്ലാം. അവര്‍ക്ക്‍ ജീവിതത്തില്‍ വേറെ എന്ത്‍ വേണം. ഒരേ ഇരുപ്പില്‍ ഏഴ്‍ ദിവസം ശ്രീശുകന്റെ മുഖാരവിന്ദത്തില്‍ നിന്ന്‍ -ഗളിതം ഫലം - ഒഴുകിയ ഭഗവത്‍ രസം പരീക്ഷിത്ത്‍ ശ്രദ്ധയോടെ പാനം ചെയ്തു, ത്രിവിധ താപത്തില്‍നിന്നും മുക്തമായി, ജന്മസായൂജ്യം കൈവരിച്ചു, ശുദ്ധോസി ബുദ്ധോസി നിരഞ്ജനോസി ആയിത്തീര്‍ന്നു. 


പരീക്ഷിത്ത്‍ അനുഭവിച്ച ആ നിര്‍വ്ര്‌തി നമുക്കും കൈവന്നിരിയ്ക്കുന്നു. ശ്രദ്ധയോടുകൂടി ഭാഗവതം പാരായണം ചെയ്യുക, ആരെങ്കിലും എവിടെയെങ്കിലും പാരായണം ചെയ്യുന്നുണ്ടെങ്കില്‍ അത്‍ ശ്രദ്ധയോടെ ശ്രവിക്കുക.  


ശുഭം.