വിദുരരുടെ പൂര്‍വ്വവ്ര്‌ത്താന്തം
ഒരു മഹാമുനി ആരണ്യത്തിലൊരാശ്രമം വെച്ച്‍ അതിന്റെ മുന്നില്‍ ഒറ്റക്കാലില്‍ നിന്നുകൊണ്ട്‍ രണ്ട്‍ കൈകളുംകൂപ്പി തലയ്ക്കുമീതെ ഉയര്‍ത്തിപിടിച്ച്‍ തപസ്സുചെയ്യുന്നു. രാജ്യത്ത്‍ വലിയൊരു കളവ്‍ നടന്നു. കുറെ സ്വര്‍ണ്ണവും മറ്റും കളവുപോയി. നാട്ടുകാര്‍ ഓടിക്കൂടി, കള്ളന്മാര്‍ ഓടി കാട്ടിലെത്തി, തപസ്വിയുടെ ആശ്രമത്തിന്റെ അകത്ത്‍ കടന്ന് ചോരവസ്തുക്കളൊക്കെ ആശ്രമത്തിലൊളിപ്പിച്ച്‍ പുറത്ത്‍ കാട്ടില്‍ ഒളിച്ചു. അല്പസമയം കഴിഞ്ഞപ്പോള്‍ നാട്ടുകാരും സുരക്ഷാഭടന്മാരുമെല്ലാം തെരഞ്ഞുകൊണ്ട്‍ ആ വഴിയേ വന്നു. തപസ്വിയോട്‍ കാര്യങ്ങള്‍ ചോദിച്ചു, അദ്ദേഹം സമാധിസ്ഥനായതുകൊണ്ട്‍ ഒന്നും മിണ്ടിയില്ല. ഭടന്മാര്‍ ആശ്രമത്തിനുള്ളില്‍ കയറി പരിശോധിച്ചു, മോഷ്ടിച്ച ധനം കിട്ടി, പക്ഷെ മോഷ്ടാക്കളെ കിട്ടിയില്ല. കാട്ടില്‍ തിരഞ്ഞു, നാലുപേരെ പിടികിട്ടി. ഈ തപസ്വി ഒരു തട്ടിപ്പുകാരനാണെന്ന്‍ തീരുമാനിച്ച്‍ അദ്ദേഹത്തെയും കൂട്ടി അഞ്ചുപേരെയും പിടിച്ചുകൊണ്ടുപോയി. മോഷണക്കാര്യവും മോഷ്ടാക്കളെ പിടികൂടിയ കാര്യവും രാജാവിനെ അറിയിച്ചു. അവര്‍ക്കെല്ലാം വധ ശിക്ഷ കൊടുക്കാന്‍ രാജാവിന്റെ കല്പനയുമായി.
ശൂലത്തില്‍ കയറ്റി നിര്‍ത്തുക എന്നതായിരുന്നു ശിക്ഷ. അഞ്ചുപേരെയും ശൂലത്തില്‍ തറച്ചു. നാലുപേരും മരിച്ചുപോയി എന്നാല്‍ തപസ്വി മരിച്ചില്ല. ദിവസങ്ങളോളം ശൂലത്തില്‍ കിടന്നു. ഒരു ദിവസം തപസ്വി മറ്റ്‍ ചില മഹര്‍ഷിമാരെ മനസാ സ്മരിച്ചു. ആ മഹര്‍ഷിമാരെല്ലാം പക്ഷികളുടെ രൂപത്തില്‍ അരികിലെത്തി. അവരൊക്കെ ദു:ഖം അറിയിച്ചു. എനിയ്ക്ക്‍ യാതൊരു ദു:ഖവുമില്ലെന്നും നിങ്ങള്‍ക്കെല്ലാം സുഖംതന്നെയല്ലേ എന്ന്‍ അന്വേഷിയ്ക്കാനുമാണ് സ്മരിച്ചത്‍ എന്ന്‍ പറഞ്ഞു. ഈ സംവാദം തപസ്വിയെ കാണാന്‍ വന്നിരുന്ന നാട്ടുകാരില്‍ ചിലര്‍ കേട്ടു. വിവരം രാജാവിനെ ധരിപ്പിച്ചു. ഉടന്‍ രാജാവ്‍ ശൂലത്തിലേറ്റിയിട്ടുള്ള തപസ്വിയുടെ സമീപത്തെത്തി, കാല്‍ക്കല്‍ വീണ്, ഞാന്‍ അജ്ഞാനത്തില്‍ ചെയ്ത്‍ പോയ തെറ്റാണ്, അങ്ങ്‍ എന്നില്‍ പ്രീതികാട്ടണം, മാപ്പ്‍ തരണം, എന്നൊക്കെ വിനീതമായി അപേക്ഷിച്ചു. തപസ്വിയെ താഴെ ഇറക്കി, രാജാവ്‍ ശൂലം വലിച്ചെടുക്കാന്‍ പറഞ്ഞു. എത്ര പരിശ്രമിച്ചിട്ടും തപസ്വിയെ ശരീരത്തില്‍നിന്ന്‍ ശൂലം പുറത്തേയ്ക്ക്‍ വരുന്നില്ല. ഒടുവില്‍ ആ ശൂലം രാവി മുറിച്ചു, എന്നിട്ട്‍ തപസ്വിയെ മുക്തമാക്കി. അന്നുമുതല്‍ ആ താപസന്‍ അണിമാണ്ഡവ്യന്‍ എന്നപേരില്‍ പ്രസിദ്ധനായി. അണിമാണ്ഡവ്യമഹര്‍ഷി നടന്നകന്നു. എന്താണ് ഇത്തരത്തിലൊരു ശിക്ഷയ്ക്ക്‍ തനിയ്ക്ക്‍ വിധേയനാകണ്ടി വന്നത്‍ എന്ന്‍ മുനി ചിന്തിച്ചു. ഓര്‍മ്മയില്‍ യാതൊരു ഹിംസയും ചെയ്തതായി കാണുന്നില്ല. ഏതായാലും ധര്‍മ്മരാജാവിന്റെ കൊട്ടാരത്തിലെത്തി, അദ്ദേഹത്തൊട്‍ ചോദിച്ചു, ഇത്തരത്തിലൊരു ശിക്ഷയ്ക്ക്‍ താന്‍ വിധേയനാവാന്‍ എന്താണ് കാരണമെന്ന്‍. ധര്‍മ്മദേവന്‍ പറഞ്ഞു, താങ്കള്‍ ബാല്യത്തില്‍ ഒരു പ്രത്യേകയിനം പക്ഷികളെ കൂര്‍ത്ത പുല്ലുകൊണ്ട്‍ അവയുടെ പുറകില്‍ ഇത്തരത്തില്‍ കുത്തിക്കയറ്റിയിട്ടുണ്ട്‍. അതിന്റെ ശിക്ഷയാണ് ഇപ്പോള്‍ അനുഭവിച്ചത്‍ എന്ന്‍. മുനി ചോദിച്ചു, ധര്‍മ്മദേവാ, ആ സംഭവം എപ്പോഴാണ് നടന്നത്‍, അന്ന്‍ എനിയ്ക്ക്‍ എത്ര പ്രായമായിരുന്നു. ധര്‍മ്മദേവന്‍ പറഞ്ഞു, താങ്കള്‍ക്ക്‍ ചെറുപ്പമായിരുന്നു, പന്ത്രണ്ട്‍ വയസ്സ്‍ പ്രായം. മുനി പറഞ്ഞു, അല്ലയോ ധര്‍മ്മദേവാ.. ആ പ്രായം വളരെ ചെറിയ പ്രായമാണല്ലൊ. ആ സമയത്ത്‍ സത്യാസത്യങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ലല്ലൊ. ഈ നിയമം ശരിയല്ല. പതിനാല് വയസ്സ് വരെ മനുഷ്യന്‍ ചെയ്യുന്ന പാപങ്ങളൊന്നും ഏല്‍ക്കാന്‍ പാടില്ല. അതുകൊണ്ട്‍ ഇന്നുമുതല്‍ ആ നിയമത്തില്‍ ഞാന്‍ മാറ്റം വരുത്തുന്നു. താങ്കള്‍ എനിയ്ക്ക്‍ ഏല്‍പ്പിച്ച ശിക്ഷ ഉചിതമല്ലാത്തതുകൊണ്ട്‍ താങ്കള്‍ ഒരു ശൂദ്രയോനിയില്‍ മനുഷ്യനായി മ്ര്‌ത്യുലോകത്ത്‍ ജനിക്കും. ലോകത്തിന് നീതിശാസ്ത്രം മുഴുവനും ഉപദേശിയ്ക്കുന്നവനായി തീരും. അവിടെ ഈശ്വരദര്‍ശനത്താല്‍ താങ്ങള്‍ ത്ര്‌പ്തനായി സകല പാപങ്ങളില്‍നിന്നും മുക്തനാകും. മഹാഭാരതത്തില്‍ വിദുരര്‍ എന്ന പ്രഗത്ഭനായ നീതിജ്ഞന്‍ ധര്‍മ്മദേവന്റെ മനുഷ്യജന്മമാണെന്ന്‍ കഥ.
പൊരുള്‍:
ഏതൊരു ഹിംസ ചെയ്താലും അതിനുള്ളത്‍ അതേ വ്യക്തിതന്നെ സഹിയ്ക്കണ്ടിവരും. അബോധത്തില്‍ ചെയ്ത ഹിംസയില്‍ പാപമില്ല. ആരെയും ദ്വേഷിയ്ക്കാതിരുന്നാല്‍ അറിവ്‍ പ്രകാശിക്കും. അഹിംസാപ്രതിഷ്ഠിതമായ ജീവിതമാണ് നയിയ്ക്കുന്നതെങ്കില്‍, ആര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലത്തും എത്താം, ഈശ്വരങ്കലിയ്ക്കുള്ള എളുപ്പവഴിയാണെന്ന്‍ താല്പര്യം. സാക്ഷാത്‍ ധര്‍മ്മരാജന്‍ തന്നെയായാലും ബ്രാഹ്മണശാപം ഫലിയ്ക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ