2014 ജനുവരി 31, വെള്ളിയാഴ്‌ച

പിത്ര്‌നിഷേധത്തിന്റെ ബാലപാഠം


അവനവന്റെ പാരമ്പര്യത്തെ നിഷേധിയ്ക്കുക എന്നത്‍ ഒരു ഫാഷനാണിന്ന്‍. പാശ്ചാത്യ സംസ്കാരം തലയ്ക്കുപിടിച്ച ഒരു തലമുറയുടെ വികലമായ ചിന്തകളുടെ പ്രതിഫലനമാണത്‍. ഈ നാടിന്റെ സകലതിനേയും തള്ളിപ്പറയുക, ചവിട്ടിമെതിയ്ക്കുക, അതിലൂടെ പ്രസിദ്ധനാവുക.

പാരമ്പര്യ നിഷേധം പ്രശസ്തിയുടെ കൊടുമുടികളിലേയ്ക്ക്‍ വ്യക്തികളെ കൊണ്ടുപോകുമെന്ന്‍ തെറ്റിദ്ധരിയ്ക്കുമ്പോള്‍, നാം ഇന്ന്‍ നിഷേധിച്ച്‍ സ്ഥാപിയ്ക്കുന്ന പാരമ്പര്യനിഷേധത്തിന്റെ സ്ഥാപനകള്‍ നാളെ നമ്മളെ നിഷേധിയ്ക്കാതെ ഒരുത്തന്‌ പേര്‌ കിട്ടില്ല എന്ന്‍ മറന്നുപോകരുത്‍.  പാരമ്പര്യം നിഷേധിച്ച്‍ നാം ഇന്ന്‍ സ്ഥാപിയ്ക്കുന്നതിന്‌ അല്പകാലത്തെ നിലനില്പേ ഉള്ളു. പാരമ്പര്യത്തിന്റെ രജതരേഖകള്‍ അപ്പോഴും പുനരുജ്ജീവനത്തിന്റെ തോറ്റംപാട്ടുകളുമായി നിലനില്‍ക്കുന്നുണ്ടാവും. പക്ഷെ നമ്മള്‍ ഉപാസിച്ച്‍ ഉദ്ദ്വസിച്ച്‍ കൊണ്ടുവന്നവയെല്ലാം നമ്മള്‍തന്നെ തമ്മിലടിച്ച്‍ തീര്‍ക്കുന്ന കാഴ്ചയും ലോകം കാണുന്നുണ്ട്. അച്ഛനേയും അമ്മയേയും നിഷേധിച്ച്‍ കരുത്തനായി തീര്‍ന്നവന്‍ മക്കളെകുറിച്ചുള്ള സങ്കല്‍പങ്ങളോടെ കെട്ടിപ്പൊക്കിയത്‍ അവന്‍ പൊക്കാനെടുത്തതിനേക്കാള്‍ വേഗതയില്‍ അവന്റെ മക്കള്‍ അവന്റെ മുമ്പില്‍വെച്ചുതന്നെ അതിനേയും അവനേയും തല്ലിതകര്‍ക്കുമ്പോള്‍ അവന്റെ അച്ഛനനുഭവിയ്ക്കാത്തൊരു വേദന അവന്‍ അനുഭവിയ്ക്കുന്നു. അച്ഛന്‍ ഇരുത്തംവന്ന മനുഷ്യനായിരുന്നതുകൊണ്ട്‍, തകര്‍ന്നപ്പോളും വേദനിച്ചിട്ടുണ്ടാവില്ല. അച്ഛന്റെ കയ്യില്‍നിന്ന്‍ പിടിച്ചെടുത്ത്‍ അച്ഛനെ രണ്ട്‍ ചവിട്ടും കൊടുത്ത്‍  അച്ഛനില്‍നിന്ന്‍ നേടിയെന്ന്‍ വിചാരിയ്ക്കുന്ന സാധനം നമ്മള്‍ അധികംകാലം കൊണ്ടുപോകുന്നുണ്ടോ? പിത്ര്‌നിഷേധിയായ ഒരച്ഛന്‍ ആദ്യം മകന്‌ കാണിച്ചുകൊടുത്തത്‍ പിത്ര്‌നിഷേധത്തിന്റെ ബാലപാഠങ്ങളാണെങ്കില്‍, ഒരു 35 കഴിഞ്ഞാണ്‌  അയാള്‍ നിഷേധിയ്ക്കാന്‍ തുടങ്ങിയതെങ്കില്‍, മകന്‍ 5 വയസ്സില്‍ത്തന്നെ നിഷേധിച്ച്‍ തുടങ്ങിയില്ലേ ഇന്ന്‍. ഇവന്‍ അച്ഛനെ പോടാ എന്ന്‍ വിളിച്ച്‍ കാണില്ല, ഭയം കാരണം. പക്ഷെ ഇന്ന്‍ 5 വയസ്സായവന്‍ അച്ഛനെ പോടാ എന്നും നീ എന്നുമൊക്കെ വിളിയ്ക്കുന്നില്ലേ, ഒരു ഭയവുമില്ലാതെ. അതിനെ മകന്റെ തന്റേടമായിട്ടാണ്‌ ഇന്ന്‍ പലരും കാണുന്നത്‍, അതിനെ പ്രോത്സാഹിപ്പിക്കുന്നതായും കാണുന്നു.

ആത്മാ വൈ പുത്രനാമോസി - ഞാന്‍ തന്നെ പുത്രനായി ജനിയ്ക്കുന്നു എന്ന്‍ ഭാരതീയശാസ്ത്രം. നിന്റെ ജനനത്തിലെന്നപോലെ നിന്റെ വളര്‍ച്ചയിലും നിന്റെ മ്ര്‌ത്യുവിലും മ്ര്‌ത്യുകഴിഞ്ഞുള്ള തുടര്‍നാടകങ്ങളിലും എല്ലാം ഒരു ചരടായി ഞാനുണ്ടവും, എന്നെ മാറ്റിനിര്‍ത്തി നീ ഇല്ല.  എനിക്കെതിരെയുള്ള നിന്റെ ഓരോ നിഷേധത്തിലും നിന്റെ കോശത്തിലിരുന്ന്‍ നിന്നെ തപിപ്പിയ്ക്കാന്‍, നിന്റെ ചൂടായി, നിന്റെ ചൂരായി, ഞാന്‍ അതിനകത്ത്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്‍ നീ മറന്നുപോകുന്നു.

നീ ഒരിയ്ക്കലും സ്വതന്ത്രനല്ല. രാഷ്ട്രം സ്വതന്ത്രമാവും,  മനുഷ്യന്‍ സ്വതന്ത്രനല്ല, സ്വതന്ത്രനാവില്ല, സ്വതന്ത്രനാവാന്‍ സാധ്യമല്ല.  നിന്റെ കോശങ്ങള്‍ സ്വതന്ത്രമല്ല.  ഗ്രന്ഥങ്ങള്‍ എത്രതന്നെ പഠിച്ചാലും നിന്റെ  കോശങ്ങള്‍ എന്നില്‍നിന്നും സ്വതന്ത്രമാവില്ല എന്ന്‍ ഭാരതീയ പഠനം.

ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസം മാതാപിതാക്കളില്‍നിന്ന്‍ കിട്ടണം. ആ കുട്ടി വളര്‍ന്ന്‍ എത്രതന്നെ വലിയവനായാലും, പിത്ര്‌നിഷേധിയാവില്ല, ആവാന്‍ പറ്റില്ല. അവനെ ഭരിയ്ക്കുന്നത്‍ അവന്റെ പിതാവിന്റെ  കോശഭാഗഅവയവങ്ങളാണ്‌. (ജീന്‍സ്). കോശം, കോശഭാഗം, കോശഭാഗയവയവം.